സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഭക്തി വ്യവസായം ഇന്ത്യയില്‍

ആര്‍ പാര്‍വതിദേവി



ഇന്ത്യയില്‍ 15000 കോടി രൂപയുടെ ഭക്തി / അന്ധവിശ്വാസ കച്ചവടമാണു നടന്നുവരുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ആത്മീയ കമ്പോളം. ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ആത്മീയത വിറ്റഴിക്കുന്നതിനു വേണ്ടി വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു. 

ഓണ്‍ ലൈന്‍ വഴി പ്രാര്‍ത്ഥിയ്ക്കുവാനും വഴിപാടുകളും പൂജകളും നടത്തുവാനും എന്തിന് തേങ്ങയടിക്കുവാനും ഇപ്പോള്‍ സൗകര്യമുണ്ട്. ഏതു ക്ഷേത്രത്തിലേയും പ്രസാദം നിങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വഴി ബുക്കു ചെയ്തു വരുത്താം. ബെയിന്‍ ആന്‍റ് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഗുഞ്ചന്‍മാള്‍ തന്‍റെ ജോലി രാജി വച്ച് തുടങ്ങിയിട്ടുള്ള ഓണ്‍ലൈന്‍ പ്രസാദ കമ്പനി ഇപ്പോള്‍ വന്‍വിജയത്തിലാണ്. ഇന്ത്യയിലെ പ്രധാന 50 ക്ഷേത്രങ്ങളിലെ പ്രസാദങ്ങള്‍ ഭക്തര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം എന്ന് ഗുഞ്ചന്‍മാള്‍ പറയുന്നു. പ്രസാദത്തിനായി നീണ്ട ക്യൂവില്‍ കാത്തുനിന്ന് ഭക്തര്‍ വിഷമിക്കുന്നതു കണ്ടപ്പോഴാണത്രേ ഗുഞ്ചന്‍മാളിനീ ആശയം ഉദിച്ചത്. 

'പ്രൗഡ് ഉമ്മ' () എന്ന സൈറ്റ് തുടങ്ങിയിരിക്കുന്ന ആബിദ്ഖാന്‍ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചാണ് ആത്മീയ വിപണിയുടെ ഭാഗമായതു. ഹജ്ജിനു പോകേണ്ടവര്‍ക്കുള്ള 24 സാധനങ്ങളുടെ കിറ്റാണ് ആബിദ്ഖാന്‍ നല്‍കുന്നത്. 3000-4500 രൂപ വിലവരുന്ന കിറ്റുകള്‍ക്ക് വന്‍ ഡിമാന്‍റാണ്. കോടികണക്കിനു രൂപയുടെ ജപമാല വ്യാപാരമാണ് ഇന്ത്യയില്‍ നടന്നുവരുന്നത്.  ഏതു മതവിഭാഗത്തിനും ആവശ്യമായ ജപമാലകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്ന വന്‍ കമ്പനികളുണ്ട്.  ജപമാലയ്ക്കു പുറമേ ശംഖ്, ഏലസ്, പല നിറങ്ങളില്‍ പല പ്രശ്നങ്ങള്‍ക്കുള്ള ചരടുകള്‍, രുദ്രാക്ഷങ്ങള്‍, അതു ഭൂതശക്കിയുള്ള ലോക്കറ്റുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയുടെ കച്ചവടം തകൃതിയായി നടക്കുന്നു. എത്രലക്ഷം കോടിയുടെ തട്ടിപ്പാണ് ആത്മീയതയുടെ പേരില്‍ ഇത്തരത്തില്‍ നടക്കുന്നതെന്നു കൃത്യമായി ആരും തിട്ടപ്പെടുത്തിയിട്ടില്ല.
ആഗോളവല്‍കൃത കാലഘട്ടത്തിലെ ദുരിതങ്ങള്‍ക്കുള്ള പരിഹാരവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആള്‍ ദൈവങ്ങളും ജ്യോത്സ്യന്മാരും മന്ത്രവാദികളും സിദ്ധന്മാരും വാസ്തു വിദഗ്ധരും ആസൂത്രീതമായ പ്രവര്‍ത്തനങ്ങളിലൂടെ ജനത്തെ ആത്മീയക്കെണിയില്‍ വീഴ്ത്തുന്നു. മക്കളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭര്‍ത്താവിന്‍റെ ഉദ്യോഗകയറ്റം, പെണ്‍ മക്കളുടെ വിവാഹം, മക്കളുടെയും ഭര്‍ത്താവിന്‍റെയും മദ്യപാനാസക്തി. അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കം, ഭര്‍ത്താവിന്‍റെ/ഭാര്യയുടെ അവിഹിതബന്ധം, മാരകരോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം 'ആത്മീയവൈദ്യന്മാര്‍' ഒറ്റമൂലികള്‍ കുറിച്ചുകൊടുക്കുന്നു. റെയികി, ഭൗസിംഗ്, പാകള്‍, വിക്കാന്‍, ചക്ര, വാസ്തു, ഫെങ്ങ്ഷ്ഠയി തുടങ്ങി വ്യത്യസ്ത പേരുകളിലാണീ തട്ടിപ്പ് അരങ്ങേറുന്നതു. ഏതു പ്രശ്നത്തനും പരിഹാരം വീട് പുതുക്കി പണിയലാണെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ലക്ഷക്കണക്കിനു രൂപ ബാങ്കു വായ്പയെടുത്തു നിര്‍മ്മിച്ച വീട് പൊളിച്ചു പണിതതിനുശേഷം എത്രപേര്‍ക്കു മനഃശാന്തി തിട്ടിയെന്ന് ആരും തിരക്കുന്നില്ല.  ലൗകികജീവിതം ആനന്ദപ്രദമാക്കുന്നതിനുള്ള ഉപായങ്ങളാണ് സിദ്ധന്മാരും ജ്യോതിഷികളും മന്ത്രവാദികളും ഉപദേശിക്കുന്നതു. ദിവ്യാല്‍ഭുതങ്ങളുടെ മറവില്‍ കടുത്ത സാമ്പത്തിക ചുഷണത്തിനൊപ്പം ലൈംഗിക ചൂഷണവും നടന്നു വരുന്നു. 'കഴിഞ്ഞ ജന്മത്തിലെ ഭര്‍ത്താവായി' പല സിദ്ധന്മാരും പുനരവതരിക്കുന്നു. ആത്മീയന്തരീക്ഷത്തില്‍ ബോധം മറയുന്ന സ്ത്രീകള്‍ സ്വയം അറിയാതെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. അത്മീയസ്വയം സംരംഭങ്ങളിലെ ഏറ്റവും പ്രധാന ഉപഭോക്താക്കള്‍ സ്ത്രീകളാകുന്നതാണ് ആത്മീയ വ്യാപാരികള്‍ക്ക് സൗകര്യം. അപസ്മാരവും മനോരോഗവും സ്ത്രീകള്‍ക്കുണ്ടാകുമ്പോള്‍ അതു ബാധകയറിയതാകുകയും പുരുഷന്മാര്‍ക്കാകുമ്പോള്‍ രോഗവും ആണെന്നാണ് പൊതുധാരണ. ഹിസ്റ്റീരിയ എന്ന വാക്കു തന്നെ 'ഗര്‍ഭപാത്രം' എന്നതില്‍ നിന്നുണ്ടായതാണ്. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ കടുത്ത സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നതിനാലാകാം സ്ത്രീകള്‍ക്കിത്തരം രോഗങ്ങള്‍ കൂടുതലായി ഉണ്ടാകൂന്നതെന്ന് ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ തന്‍റെ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അപസ്മാരത്തിന് 21-ാം നൂറ്റാണ്ടിലും മന്ത്രത്തേയും തന്ത്രത്തേയും ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍.  കരുനാഗപള്ളിയില്‍ സിറാജദ്ദീന്‍ എന്ന സിദ്ധന്‍റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫാത്തിമയ്ക്കും മനോരോഗമായിരുന്നുവെന്നു പറയപ്പെടുന്നു. 

കേരളത്തില്‍ പത്തു ശതമാനം പേര്‍ക്കു മനോരോഗം ഉണ്ടെന്നാണ് ഔദ്യോഗിക കണക്കെന്നിരിക്കെ കൂടുതല്‍ മനോരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ആരംഭിക്കുന്നുതിനു തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ഫാത്തിമമാര്‍ സൃഷ്ടിക്കപ്പെടുകയായിരിക്കും ഫലം.  സംഘപരിവാരത്തിന്‍റെ എല്ലാ പിന്തുണയോടും കൂടി കോര്‍പ്പറേറ്റു സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളാണ് ആത്മീയ കമ്പോളത്തിലെ ബില്‍ഗേറ്റ്സുമാര്‍. സന്യാസിവേഷത്തിലുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരാണ് ശ്രീശ്രീ രവിശങ്കറും അമൃതാനന്ദമയീ ദേവീയും ആശാറാം ബാപ്പുവും രാംദേവും ഉള്‍പ്പെടെയുള്ളവര്‍. ഇന്ത്യയിലെ പുരാതനകാലത്തെ ഋഷിമാര്‍ കാട്ടില്‍ തപസ്സു ചെയ്യുന്ന ലൗകികവിരക്തി നേടിയവരാണെന്നാണല്ലോ സങ്കല്പം. പഴ മൂലാദികള്‍ ഭക്ഷിച്ച് കഠിനതപസ്സ് അനുഷ്ഠിച്ച സന്യാസിമാരുടെ കഥകള്‍ നാം വായിച്ചിട്ടുണ്ട്. ശ്രീബുദ്ധനെപോലെ രാജ്യാധികാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ആള്‍ ദൈവങ്ങള്‍ സുഖലോലുപതയിലും ആര്‍ഭാടത്തിലും ആഢംബരത്തിലും അഭിരമിക്കുന്നവരാണ്. കോടികള്‍ വിലവരുന്ന എയല്‍കണ്ടീഷന്‍ ചെയ്ത ചലിക്കുന്ന കൊട്ടാരങ്ങളില്‍ വന്നിറങ്ങി ഭക്തരെ ഉദ്ബോധിപ്പിക്കുന്നവരാണീ ആള്‍ദൈവങ്ങള്‍. ടി വി ചാനലും ആശുപത്രികളും വിദ്യാലയങ്ങളും സ്ഥാപിച്ച് കോടികളുടെ ലാഭം ഉണ്ടാക്കുന്നവര്‍. റോള്‍സ് റോയിസ് കാറുകള്‍ സ്വന്തമായുണ്ടായിരുന്ന ഓഷോ രജനീഷിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ആശ്രമം സന്ദര്‍ശിക്കുന്നതിന് 500 രൂപയുടെ പാസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ശ്രീ.ശ്രീ.രവിശങ്കര്‍ സ്വയം ഉണ്ടാക്കിയെടുത്ത സുദര്‍ശനക്രിയയെന്ന ഗുളികരൂപത്തിലുള്ള യോഗാഭ്യാസം ഇന്ന് കോര്‍പ്പറേറ്റ് ഐ ടി സ്ഥാപങ്ങളിലെ ജീവനക്കാരുടെ ശാരീരിക മാനസിക സംഘര്‍ഷം കുറക്കുന്നതിനുള്ള മാര്‍ഗമായി കുറിച്ചുകൊടുക്കുന്നു. ഐ.ടി മേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണം ജീവനക്കാരെ കടുത്ത അസംതൃപ്തിയിലേക്കും നിരാശയിലേക്കും നയിക്കുമ്പോള്‍ കോര്‍പ്പറേറ്റു മുതലാളിമാര്‍ സുദര്‍ശനക്രിയയുടെ കുറിപ്പടി എഴുതിക്കൊടുക്കുന്നു.  ഒരാള്‍ക്കിതിന്‍റെ ഫീസ് ശരാശരി 5000 രൂപയാണ്. ഓരോ ആള്‍ ദൈവത്തിനും ഉണ്ട് ഇത്തരത്തില്‍ തനതു വിപണന തന്ത്രം അഥവാ യു ശിസ് പി. ശ്രിശ്രീയ്ക്ക് സുദര്‍ശനക്രിയയാണെങ്കില്‍ അമൃതാനന്ദമയിക്കത് ആലിംഗനം ആയിരിക്കും. ഇതുവരെയുള്ള എല്ലാ ആള്‍ദൈവങ്ങളും ഉയര്‍ന്ന പീഠനത്തില്‍ ഭക്തരില്‍ നിന്നും അകലെ ഇരിക്കുമ്പോള്‍ അമൃതാനന്ദമയി തികച്ചും "ജനകീയ"മായി ഭക്തരെ ആശ്ലേഷിച്ചുകൊണ്ടാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സായിബാബ ആദ്യഘട്ടങ്ങളില്‍ ഭസ്മവും സ്വിസ് വാച്ചും വിരലനക്കത്തിലൂടെ സൃഷ്ടിച്ചെടുത്ത് ജനത്തെ അല്‍ഭുതപരതന്ത്രരാക്കി. യുക്തിവാദികളായ ഇടമറുകും മറ്റും ഇതേ വിദ്യ കാണിച്ചപ്പോഴാണ് ബാബയ്ക്ക് വിലയിടിഞ്ഞത്. ഈ ആള്‍ദൈവങ്ങള്‍ക്ക് വിദേശത്തു നിന്നും ഒഴുകുന്ന പണത്തിന്‍റെ കണക്ക് ആര്‍ക്കും പരിശോധിക്കാവുന്നതാണഅ. കേരളത്തില്‍ കെ പി യോഹന്നാന്‍റെ ബിലീവേഴ്സ് ചര്‍ച്ചണ് ഏറ്റവും അധികം വിദേശപണം ഉപയോഗിക്കുന്നത്. 200304ല്‍ 2.06 കോടി രൂപയായിരന്നെങ്കില്‍ 201112ല്‍ ഈ തുക 190.05 കോടിയായാണ് ഉയര്‍ന്നത്. അമൃതാനന്ദമയി മഠത്തിലേക്ക് വരുന്നത് 98.64 കോടി രൂപയാണ്. ഇതെല്ലാം ഔദ്യോഗിക കണക്കു മാത്രമാണെന്നോര്‍ക്കണം.

"വിശുദ്ധനരകം" എന്ന ഗ്രന്ഥത്തിലൂടെ ഗെയില്‍ ട്രെഡവെല്‍ എന്ന ഗായത്രി അമൃതാനന്ദമയിയെന്ന സുധാമണിയുടെ ആശ്രമത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കേരളീയ സമൂഹം ഞെട്ടിത്തെറിച്ചു. ആശാറാം ബാപ്പുവും രാംദേവും പോലെയുള്ളവര്‍ അഴിക്കകത്തായപ്പോഴാണ് ഭക്തര്‍ വിശ്വസിച്ചത്. സായിബാബയുടെ ആശ്രമത്തില്‍ യുവാക്കള്‍ വെടിയേറ്റു മരിച്ചപ്പോള്‍ ചിലരെങ്കിലും സംശയാലുക്കളായി. ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവാവിനെ അടുത്ത സായിബാബയാക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
  ആത്മീയ കമ്പോളത്തിന്‍റെ രണ്ടര പതിറ്റാണ്ടുകാലത്തെ വളര്‍ച്ചയുടെ പിന്നിലെ രാഷ്ട്രീയം വളരെ വ്യക്തമാണ്. ഇന്ത്യയില്‍ വര്‍ഗീയതയും ആത്മീയ കമ്പോളവും ആഗോളവല്‍ക്കരണത്തിനൊപ്പം വളര്‍ന്നു വന്ന പ്രതിഭാസമാണ്. ആഗോളവല്‍ക്കരണം ശാസ്ത്രീയപുരോഗതിയ്ക്കും മതേതരത്വത്തിനും ആധുനികതയ്ക്കും ഇടയാക്കുമെന്ന പ്രതീക്ഷ ഇന്ത്യയില്‍ അസ്ഥാനത്തായി. നവഉദാരവല്‍ക്കരണവും ഹൈന്ദവവര്‍ഗീയതയും കെട്ടുപിണഞ്ഞു വളര്‍ന്നതിനെക്കുറിച്ച് മീരാനന്ദ തന്‍റെ "ഈശ്വരവിപണി" എന്ന പുസ്തകത്തില്‍ പറയുന്നു. 

വിശ്വാസം -ആള്‍ദൈവം-വര്‍ഗീയത-ഫാസിസം എന്ന രീതിയില്‍ നരേന്ദ്രമോഡിയ്ക്ക് ഇന്ത്യയില്‍ ഭരണം നടത്തുവാന്‍ അവസരം ഉണ്ടാക്കികൊടുത്തിതില്‍ ആത്മീയകമ്പോളത്തിനു പങ്കുണ്ട്. വസ്തു നിഷ്ഠ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തികൊണ്ട് കപട  ആത്മീയതയുടെ മായാലോകത്തിലേക്കു കൂട്ടി കൊണ്ടു പോകുന്നതില്‍ ആത്മീയ കോര്‍പ്പറേറ്റുകള്‍ വിജയിച്ചു.

ആഗോള വല്‍ക്കരണ കാലഘട്ടത്തിലെ ആഗോള മാധ്യമത്തിന്‍റെ ലാഭ കേന്ദ്രീകൃത പ്രവര്‍ത്തനം ഈ സാഹചര്യത്തില്‍ ഏറ്റവും പ്രതിലോമകരമായി. ആത്മീയ ചാനലുകള്‍ക്കു പുറമേ ആത്മീയ കമ്പോളത്തിലെ ദിവ്വാല്‍ഭുത ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഒഴിച്ചു കൂടാനാകാത്തതായി തീര്‍ന്നു. മല്‍സരം കഠിനമായതോടെ ചെറുകിട മാധ്യമങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുന്നതിന് ഐശ്വര്യലപ്തിശംഖും ആകര്‍ഷണ ഭൈരവയന്ത്രവും ശത്രു സംഹാര ഏലസ്സുകളും  രോഗശാന്തിചരടുകളും കൂടിയേ തീരു. കേബിള്‍ ടി വി നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് 2002, ഡ്രഗ്സ് ആന്‍റ് മാജിക്കല്‍ റെമഡീസ് ആക്ട് 1954 എന്നിവ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ്. 
  സ്ത്രീകളും കുട്ടികളും ഇഷ്ടപ്പെടുന്ന പരമ്പരകള്‍ അന്ധവിശ്വാസ പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇപ്പോള്‍ ഏറ്റവും ജനപ്രിയമാണെന്ന് കൊട്ടിഘോഷിക്കുന്ന ബാലഗണപതി ഇതിന്‍റെ നല്ല ഉദാഹരണമാണ്. നിയമങ്ങള്‍ നഗ്നമായി ലംഘിച്ചു കൊണ്ടാണീ പരമ്പരകളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്‍, അഡ്വര്‍ടൈസിങ്ങ് സ്റ്റാന്‍ ഡേ ഡൈസേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്കിത്തരം പരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ പരാതി നല്‍കാവുന്നതാണ്. ഐശ്വര്യലപ്തിവലംപിരിശംഖിന്‍റെ പരസ്യത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് ജണ്ടര്‍ വിഷയ സഹതി പരാതി നല്‍കിയിട്ടുണ്ട്.

ആത്മീയ വ്യാപാരവും അതിനോടനുബന്ധിച്ചു നടക്കുന്ന പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാരമ്പര്യത്തിന്‍റെയും ഈശ്വരവിശ്വാസത്തിന്‍റെയും ആര്‍ഷഭാരത സംസ്ക്കാരത്തിന്‍റെയും പേരിലായതുകൊണ്ടു തന്നെ ഇവക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എളുപ്പമല്ല. എന്നാല്‍ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഉയര്‍ത്തിപിടിക്കുന്ന ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് നിലവിലുള്ള നിയമങ്ങളെ ആയുധമാക്കിയാല്‍ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും വേണ്ടിയുള്ള പ്രചരണം ഫലപ്രദമാക്കുവാന്‍ കഴിയും. മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോളല്‍ക്കര്‍ തന്‍റെ ജീവന്‍ ബലിഅര്‍പ്പിച്ചത് അന്ധവിശ്വാസചുഷണത്തിനെതിരെയുള്ള നിയമനിര്‍മ്മാണത്തിനായിട്ടായിരുന്നു. കേരളവും അത്തരമൊരു നിയമത്തിനായി കാത്തിരിക്കുന്നു. ശാസ്ത്ര സാഹിത്യപരിഷത്ത് ഇതിനായി ശ്രമം തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും