പൊതു ഇടങ്ങള്‍ സ്ത്രീകള്‍ ഭയക്കുന്നു. ചുറ്റിനും പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ അവളെ നിരന്തരം പരിഭ്രമിപ്പിക്കുന്നു. താമസ സ്ഥലത്തുനിന്നു പുറത്തിറങ്ങിയ നിമിഷം മുതല്‍ ഭയം മനസ്സിലേക്കരിച്ചിറങ്ങുന്നു. പൊതു ഇടങ്ങള്‍ തന്‍റെതല്ലന്നും അവിടെ ഒരു അന്യയോ അപരിചിതയോ ആയ താന്‍ ഏതുനിമിഷവും ഏതെങ്കെലും അപകടത്തില്‍പ്പെട്ടേക്കുമെന്നും ഉളള ദുരന്ത ഭീതി അവളെ വേട്ടയാടുന്നു. വീടിനു തൊട്ടടുത്ത കവലയില്‍ വെടിപറഞ്ഞ് നില്‍ക്കുന്നവരുടെ തുറിച്ച് നോട്ടം, ബസില്‍ ടിക്കറ്റെടുക്കുമ്പോള്‍ അശ്ലീലചിരിയോടെ വിരലുകള്‍ തൊടുന്ന കണ്ടക്ടര്‍, ബസിലെ തിരക്കിനിടയില്‍ തിക്കിതിരക്കിവരുന്ന വിവിധതരം പുരുഷഅവയവങ്ങള്‍, തീവണ്ടിയില്‍ അരികില്‍ ഇരിക്കുന്നവന്‍റെ ഒരു കൈമുട്ട് നീണ്ട് നീണ്ട് വയറ്റില്‍ വിശ്രമിക്കുമ്പോള്‍. ബോധപൂര്‍വ്വം സ്ഥാനം തെറ്റി അടുക്കുന്ന ഓട്ടോ ഡ്രൈവര്‍ ഇടവഴികളിലില്‍ പതുങ്ങി നില്‍ക്കുന്ന ആഭാസത്തരം അരികിലൂടെ പോകുന്ന മാന്യന്‍റെ വായില്‍ നിന്നും വീഴുന്ന അറപ്പാക്കുന്ന ശബ്ദം, തോണ്ടല്‍, ഉരസില്‍, കയറിപിടിക്കല്‍, പിടിച്ചുപറിക്കല്‍, തട്ടല്‍, മുട്ടല്‍, കടന്നാക്രമണങ്ങള്‍, തട്ടികൊണ്ടുപോകുക, മറ്റുചിലപ്പോള്‍ സദാചാരപോലീസ് കുപ്പായമിട്ടവരുടെ പേടിപ്പിക്കല്‍. ഏങ്ങും തലയോട്ടി ചിഹ്നം ഭീമാകാരം പൂണ്ട് നില്‍ക്കുമ്പോള്‍ അവള്‍ മനസ്സിലാക്കുന്നു ഈ പുറംലോകം തന്‍റേതല്ലെന്ന്. പകലും രാത്രിയും തമ്മില്‍ ഈ അവസ്ഥക്ക് വലിയമാറ്റം ഇല്ലെങ്കിലും സൂര്യന്‍റെ നോട്ടം ഇല്ലാതാകുന്നതോടെ പൊതു ഇടം ആണിടം മാത്രമായി മാറുന്നു. അവസരത്തില്‍ രാത്രിയില്‍ പുറത്തിറങ്ങേണ്ടി വന്നാല്‍ കൂട്ടിനുവേണം ഒരു പത്തുവയസ്സുകാരനെങ്കിലും. ചിലപ്പോള്‍ സദാചാര പോലീസിന് അതും അസ്വസ്ഥത സൃഷ്ടിക്കും. ജനിച്ചുവളര്‍ന്ന സ്വന്തം വീടിന്‍റെ ചുറ്റുപാടുപോലും രാത്രികളില്‍ മറ്റാരുടെയോ ആയിതീരുന്നു. പഠിച്ചു വളര്‍ന്ന പട്ടണം എന്നും പേടിപ്പിക്കുന്നതുതന്നെ അവിടത്തെ പൂന്തോട്ടങ്ങളും ബസ് സ്റ്റോപ്പുകളും പാര്‍ക്കും, കടല്‍ത്തീരവും ഒരു പെണ്ണിന്‍റെ ഇടമല്ല. പുറത്തിറങ്ങിയാല്‍ എത്രയും പെട്ടെന്ന് ഏതെങ്കെലും അകം പൂക്കുക എന്നതാണ് സ്വാഭാവികം. വെറുതെ അലഞ്ഞുതിരിയാനോ അലക്ഷ്യമായി നടക്കുവാനോ സ്ത്രീക്ക് പുറം ഇടങ്ങളില്‍ കഴിയില്ല. ഒരു ലക്ഷ്യവുമില്ലാതെ സായാഹ്നങ്ങള്‍ ആസ്വദിച്ചു നടക്കുമ്പോഴും പെണ്ണ് അഭിനയിക്കുന്നു എന്തോ അത്യാവശ്യത്തിന് തിരക്കിട്ട് നടക്കുകയാണെന്ന് പുറത്തേക്കിറങ്ങുന്ന നിമിഷത്തില്‍ മനസ്സ് ജാഗ്രതയാകുന്നു. മനസ്സ് സ്വയം ആയുധം ധരിക്കുന്നു. കവജകുണ്ഡലങ്ങളും മാര്‍ച്ചട്ടയുമണിഞ്ഞ് പെണ്‍മനസ്സ് ഒരു യുദ്ധത്തിന് തയാറാകുന്നു. (പിന്നും മുളകുപൊടിയും കരുതാന്‍ ചിലരെങ്കിലും ഓര്‍ക്കുന്നു). തുറുച്ചുനോട്ടം മുതല്‍ ഏതുതരം ആക്രമണവും നേരിടാന്‍, അതിജീവിക്കാന്‍, മറികടക്കാനുളള മാര്‍ഗ്ഗങ്ങള്‍ തേടിതേടി മനസ്സ് കനക്കുന്നു. അസ്തമനത്തിന്‍റെ ശോണിമയോ നഗരത്തിന്‍റെ വര്‍ണ്ണ ഭംഗിയോ അതുകൊണ്ടുതന്നെ കാണാനാകുന്നില്ല. കണ്ണൊന്നു തെറ്റിയാല്‍, മനസ്സൊന്നു പാളിയാല്‍, കാലൊന്നുടറിയാല്‍, എന്തു സംഭവിക്കാം. കണ്ണും കാതും കൂര്‍പ്പിച്ച് മനസ്സ് ജാഗരൂകമാക്കി പെണ്ണ് ഓടുന്നു. പൊതു ഇടങ്ങള്‍ മറ്റാരുടെയോ ആണ്. അവള്‍ക്ക് രക്ഷപ്പെടണം എല്ലാ യുദ്ധങ്ങളും കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ അവള്‍ സ്വപ്നം കാണുന്നു. ആശ്വാസത്തോടെ, അഭിമാനത്തോടെ, സന്തോഷത്തോടെ, പട്ടണത്തിലെ തെരുവുകളില്‍ പൂന്തോട്ടങ്ങളില്‍ കടല്‍ത്തീരങ്ങളില്‍ അവള്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുന്നത്.അ്വ