മാദ്ധ്യമങ്ങളിൽ സ്ത്രീകളെ മോശമായി അവതരിപ്പിക്കുന്നു എന്ന പരാതി ഇന്നു സാർവ്വത്രികമാണ്. എന്നാൽ ഇതിനെതിരെ ആരും ശരിയായ വഴിയിൽ പ്രതികരിക്കുന്നതായോ പരാതിപ്പെടുന്നതായോ കാണുന്നില്ല. എങ്കിൽ അറിയുക: ആരുടെയും സഹായം കൂടാതെതന്നെ നമ്മൾക്കോരോരുത്തർക്കും ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാനാകും. എവിടെ എങ്ങനെ പരാതി നൽകാം എന്നു വായിക്കുക. വാരികയ്ക്കും മാസികയ്ക്കും മുഖചിത്രം പെണ്ണു്. സിഗററ്റിന്റെയും മദ്യത്തിന്റെയും കഷണ്ടിമരുന്നിന്റെയും പുരുഷന്റെ അടിവസ്ത്രങ്ങളുടെയും വരെ പരസ്യത്തിൽ പെണ്ണ്. റോഡരികിലെ ഹോർഡിങ്ങുകളിലെല്ലാം പെണ്ണ്. വിമാനം പറത്തുന്ന കമ്പനികൾ പോലും പരസ്യം ചെയ്യുന്നത് അവർ നൽകുന്ന സേവങ്ങളിലും സൗകര്യങ്ങളിലും ഊന്നിയല്ല, എയർഹോസ്റ്റസുമാരുടെ സൗന്ദര്യത്തിൽ ഊന്നിയാണ്. സ്ത്രീയ്ക്ക് ഇത്രയേറെ പ്രാമുഖ്യം വന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല എന്നു തോന്നും ഇതൊക്കെ കാണുമ്പോൾ. വേണമെങ്കിൽ അങ്ങനെ വാദിക്കുകയും ചെയ്യാം. എന്നാൽ ഇതിലെല്ലാം സ്ത്രീയെ കാണിക്കുന്നതിന്റെ ഉദ്ദേശ്യവും തത്വശാസ്ത്രവും പരിശോധിക്കുമ്പോഴാണു പ്രശ്നം. ഓരോ മുതലാളിയും സ്വന്തം ഉല്പന്നം വിറ്റഴിക്കാനുള്ള ഉപാധിയായി പെണ്ണിനെ കാണുകയാണ്. മതിയായ പ്രതിഫലം കൊടുത്താണു സ്ത്രീകളെ പരസ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് എന്നതു പരിഗണികുമ്പോൾ ധാരാളം സ്ത്രീകൾക്കു വരുമാനവും ഉപജീവനവും പ്രദാനം ചെയ്യുന്ന ഒരു തൊഴിൽ മേഖലയാണിതെന്നു കാണാം. ആ നിലയ്ക്കു നീതിമത്ക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ട ഒന്ന്. എന്നാൽ, ഇവയിൽ പലതിലും സ്ത്രീയെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതു പിന്നെയും പ്രശ്നമാകുന്നു. പലപ്പോഴും സ്ത്രീ മോശമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണു പൊതുവെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽനിന്നെല്ലാം ഉയരുന്ന ആക്ഷേപം. അങ്ങിനെവരുമ്പോൾ അതു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആവശ്യവും ഉത്തരവാദിത്തവുമായി മാറുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അങ്ങിനെയാണ് സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നതു തടയാനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സ്ഥാപനങ്ങളും ഒക്കെ ഉണ്ടായത്. ഈ നിയമം പ്രയോഗിക്കൂ! ‘സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമം, 1986’ എന്ന നിയമമാണ് സ്ത്രീയുടെ അന്തസ്സിന്റെ കാവൽ. ഇതു പത്രമാദ്ധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളെ മാത്രമല്ല, മറ്റു പരസ്യങ്ങൾ, ലഘുലേഖകൾ, ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റുകൾ, ബ്രോഷറുകൾ, ലേബൽ, നോട്ടീസ്, സർക്കുലർ, മറ്റു രേഖകൾ, എന്തിന്, പ്രകാശമോ ശബ്ദമോ പുകയോ വാതകമോ ഉപയോഗിച്ചു കാണത്തക്കവിധം നടത്തുന്ന ഏതു പ്രചാരണത്തെയും പരസ്യം എന്ന നിലയിൽ കണ്ടു നിയന്ത്രണത്തിനു വ്യവസ്ഥ ചെയ്യുന്നു. ഇവയിൽ സ്ത്രീയുടെ ആകാരമോ ശരീരമോ ശരീരഭാഗമോ അവൾക്ക് അവമാനമോ അപകീർത്തിയോ ഉണ്ടാകുമാറോ നിന്ദ്യമോ അശ്ലീലമോ ആയോ പൊതുമൂല്യങ്ങൾക്കു ഹാനിവരത്തക്ക തരത്തിലോ സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നത് ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള സാമഗ്രികൾ വിലയ്ക്കോ സൗജന്യമായോ ആളുകൾക്കു ലഭ്യമാക്കുന്നതും ഫിലിമോ സ്ലൈഡോ അടക്കം ഏതുരൂപത്തിലും അവ തപാലിലൂടെയും മറ്റും അയയ്ക്കുന്നതും ഒക്കെ നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം സാമഗ്രികൾ ഉണ്ടാക്കുന്നതും അതിനു സഹായിക്കുന്നതും അതിൽ ഏതെങ്കിലും തരത്തിൽ പങ്കാളിയാകുന്നതും ശിക്ഷാർഹമാണ്. രണ്ടു വർഷം വരെ തടവും രണ്ടായിരം രൂപ വരെ പിഴയും ആണു ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയിലും ഏറെയാണ് – ആറുമസം തൊട്ട് അഞ്ചു വർഷം വരെ തടവും പതിനായിരം മുതൽ ഒരു ലക്ഷം വരെ രൂപ പിഴയും. ശിക്ഷ ഗണ്യമായി ഉയർത്താനുള്ള നിയമഭേദഗതി ഇപ്പോൾ പരിഗണനയിലണ്.ഈ നിയമം നിലവിൽവന്നിട്ടു കാൽ നൂറ്റാണ്ടു കഴിഞ്ഞു. എന്നിട്ടെന്തായി? ഇത്തരം പ്രവണതകൾ പലമടങ്ങു വളരുകയാണുണ്ടായത്. എന്തുകൊണ്ട്? ആരാണ് ഉത്തരവാദി? ഉത്തരവാദികൾ മറ്റാരുമല്ല. നമ്മളോരോരുത്തരും തന്നെ. ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ നമ്മളിലാരെല്ലാം തയ്യാറായി? എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ ഇത്തരം ഏതെങ്കിലും വിഷയം വിവാദമായാൽ അതിനെച്ചൊല്ലി അല്പമൊരു ഒച്ചയും ബഹളവും ഉണ്ടാകുന്നതൊഴിച്ചാൽ കാര്യമായ ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽനിന്ന് ഉണ്ടായിട്ടില്ല. നാമെല്ലാം കുറെയേറെ കണ്ണടയ്ക്കുകയും അശ്ലീലവും ആഭാസവുമായ അവതരണങ്ങൾ സ്വാഭാവികമെന്നവണ്ണം തുടരുകയുമാണ്. പരസ്യം, വിനോദം, സർവ്വം വ്യവസായം പൊള്ളുന്ന വെയിലിൽ പകലന്തിയോളം അറഞ്ഞുപിടിച്ച് ഓടുകയും പന്തെറിയുകയും അടിക്കുകയും പിടിക്കുകയും ഒക്കെ ചെയ്യുന്ന ക്രിക്കറ്റുകളിക്കാർ ഇടുന്നതു പാന്റ്സും റ്റീ ഷർട്ടും. ഹോക്കിയും ടെന്നീസും ബാസ്ക്കറ്റ് ബോളും വോളി ബോളും ഒക്കെ കളിക്കുന്ന പുരുഷന്മാർ ഇടുന്നതു ഷോർട്സും റ്റീ ഷർട്ടും. ഈ കളികൾ സ്ത്രീകൾ കളിക്കുമ്പോൾ ഇളം കാറ്റിൽ പറിപ്പോകുന്ന, ഒന്നു ചാടിയാൽ ഉയർന്നുപോകുന്ന കാൽപ്പാവാട. സ്ത്രീകളുടെ ബീച്ചുവോളി ആകുമ്പോൾ പിന്നെയും മാറി; നഗ്നതയോട് അടുത്തുനിൽക്കുന്ന വേഷം. ഒരു വ്യക്തി, സ്ത്രീയോ പുരുഷനോ ആകട്ടെ, ഏതു വേഷം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിയുടേതാണ്. പക്ഷേ, കച്ചവടതാല്പര്യങ്ങൾ ഒരാളുടെമേൽ പ്രത്യേക വേഷം അടിച്ചേല്പിക്കുമ്പോൾ അതിനു മറ്റൊരു തലം കൈവരുന്നു. ഇന്നു സ്പോൺസർമാരാണു വേഷം തീരുമാനിക്കുന്നത്! ആകർഷകമായ പ്രതിഫലം കിട്ടുമെന്നതിനാൽ ഒരാൾ അതിനു വഴങ്ങാൻ സന്നദ്ധമാകുന്നത് വാസ്തവത്തിൽ മനുഷ്യാവകാശപ്രശ്നം അല്ലേ? അതതുകാലത്തെ സമൂഹത്തിന്റെ മൂല്യബോധവുമായി ബന്ധപ്പെടുത്തിക്കൂടി ചർച്ചചെയ്യേണ്ട കാര്യവുമാണ്. വേഷത്തിന്റെ കാര്യം മാത്രമല്ല ഉള്ളത്. ഒരു കമ്പനിയുടെ സുഗന്ധലേപമോ പൗഡറോ അടിവസ്ത്രമോ ഉപയോഗിക്കുന്ന ആളുടെ പിന്നാലെ പോകുന്നവരും ആ ആളുടെ ദേഹത്തുടനീളം ചുംബിക്കുന്നവരും ഒരു പ്രത്യേക സ്കൂട്ടറിലോ മോട്ടോർ സൈക്കിളിലോ വരുന്നയാളുടെ കൂടെപ്പോകുന്നവരും ഒക്കെയായി സ്ത്രീയെ അവതരിപ്പിക്കുന്ന പരസ്യങ്ങൾ സ്ത്രീയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുകയല്ലേ ചെയ്യുന്നത്? വിലകൂടിയ ആഭരണം വാങ്ങിക്കൊടുത്താൽ, മുന്തിയ ഹോട്ടലിൽ ആഹാരം ഏർപ്പാടാക്കിയെന്നു കേട്ടാൽ പാട്ടിലാകുന്നവളാണു സ്ത്രീയെന്ന പരസ്യക്കാരുടെ അവതരണം അവളുടെ അന്തസ്സുയർത്തുകയാണോ? ആർഭാടഭ്രമമണു സ്ത്രീയുടെ മുഖമുദ്ര എന്നു പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു സമൂഹത്തിന്റെ ഉത്തമതാല്പര്യത്തിനും മൂല്യബോധത്തിനും നിരക്കുന്നതാണോ? ബ്രീഫ് കേയ്സിന്റെ പരസ്യത്തിൽ സ്ത്രീയുടെ നഗ്നമായ കാലുകൾ മാത്രമായി കാണിക്കുന്നത് അവഹേളനമല്ലേ? ബ്രീഫ് കേയ്സിന്റെ വലിപ്പം സൂചിപ്പിക്കാനാണെങ്കിൽ ആ കാലുകളിൽ വസ്ത്രം ഉണ്ടായിക്കൂടാ എന്നു വാശിപിടിക്കുന്നത് എന്തിനാണ്? സംഗതി ഇത്രേയുള്ളൂ. പുരുഷകേന്ദ്രിതസമൂഹത്തിൽ ഒട്ടുമിക്ക ഉല്പന്നവും വിൽക്കാനുള്ള എളുപ്പവഴി ആ ഉല്പന്നത്തിലേക്ക് അവന്റെ ശ്രദ്ധ ആകർഷിക്കുകയും ആ ഉല്പന്നം വാങ്ങുകയോ വാങ്ങി ഭാര്യയ്ക്കോ മറ്റേതെങ്കിലും സ്ത്രീയ്ക്കോ കൊടുക്കുകയോ ചെയ്താൽ അയാൾക്ക് ഇന്നതരത്തിൽ പ്രയോജനമുണ്ട് എന്നു ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയാണ്. മിക്ക കുടുംബത്തിലും പണത്തിന്റെ കാര്യകർത്താവും തീരുമാനങ്ങൾ എടുക്കുന്നയാളും പുരുഷനാണെന്നതാണ് ഇത്തരമൊരു സമീപനം പരസ്യവ്യവസായം (ഉല്പന്ന-സേവനവ്യവസായവും) കൈക്കൊള്ളാൻ കാരണം. പുരുഷാധിപത്യവ്യവസ്ഥ മാറിയാൽ ഈ സ്ഥിതിക്കെല്ലാം മാറ്റം വന്നേക്കും. അന്ന് ഒരുപക്ഷേ, പുരുഷനെയും ഇതുപോലെയൊക്കെ ചിത്രീകരിച്ചേക്കാം. അതിന്റെ തുടക്കവും ഇന്നുതന്നെ ദൃശ്യമാണല്ലോ. കാറും മൊബൈൽ ഫോണുമൊക്കെ വിപണിയിലിറക്കുന്ന ചടങ്ങിനു കാന്തി കൂട്ടാനും വിവിധപ്രസ്ഥാനങ്ങളുടെ പ്രകടനങ്ങളുടെ മുന്നിൽ ബാനർ പിടിക്കാനും ഉദ്ഘാടനച്ചടങ്ങിൽ വിളക്കെടുത്തുകൊടുക്കാനും പരിപാടികളുടെ അവതാരകരാകാനും ഒക്കെ സ്ത്രീ വേണമെന്ന ചിന്തയും ഇതേ പുരുഷാധിപത്യസമൂഹത്തിന്റെ ഉല്പന്നമാണ്. അതു സ്ത്രീയ്ക്കുള്ള അംഗീകാരമയിപ്പോലും പലരും വ്യാഖ്യാനിക്കുന്നതു കേട്ടിട്ടുണ്ട്! വിനോദം വ്യവസായമായി മാറിയപ്പോൾ ആ രംഗത്തും ഇതുതന്നെ വന്നുഭവിച്ചു. അച്ചടി-ഇലക്ട്രോണിക് മാദ്ധ്യമങ്ങളെല്ലാം ജനങ്ങളെ വിവരങ്ങൾ അറിയിക്കുക എന്ന അടിസ്ഥാനധർമ്മത്തിൽനിന്നു പണമുണ്ടാക്കുക എന്നതിലേക്കും തങ്ങളുടെ അന്നദാതാക്കളായ പരസ്യക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിലേക്കും മാറിയതോടെ ഉള്ളടക്കിൽ വിവരം കുറയുകയും വിനോദം കൂടുകയും അതുതന്നെ ഇക്കിളിയായി മാറുകയും ഒക്കെ ചെയ്തു. വിനോദവ്യവസായം എന്ന പുതിയമേഖലതന്നെ ഉദയംചെയ്തു. കൂടുതൽപേരെ ആകർഷിച്ചാലേ കമ്പനികൾ പരസ്യം തരൂ എന്നതിനാൽ അതിനായി ഏതറ്റംവരെ പോകാനും മാദ്ധ്യമങ്ങൾ ഇന്നു തയ്യാറായിരിക്കുന്നു. സ്ത്രീതന്നെ അതിന്റെയും ഇര. ഓരോ മാദ്ധ്യമവും ഉദയംചെയ്യുന്നതോടെ ഈ രംഗം എല്ലാ നിയന്ത്രണവും വിട്ടുപോകുകയാണ്. റ്റെലിവിഷൻ വന്നതോടെ അശ്ലീലച്ചുവയുള്ള നൃത്തങ്ങളും ഫലിതങ്ങളും മുതൽ ശരീരപ്രദർശനവും കിടപ്പറരംഗങ്ങളും ഒക്കെ നമ്മുടെ സ്വീകരണമുറിയിലെ സ്വാഭാവികക്കാഴ്ചകളായിരിക്കുന്നു. അടുത്ത അവതാരമായ ഇന്റർനെറ്റാകട്ടെ അതിനുമപ്പുറമുള്ള അശ്ലീലതയുടെ (pornography) കൂത്തരങ്ങാണ്. ഓരോ രംഗവും അതിരുവിടുമ്പോൾ അതിനു മൂക്കുകയറിടാൻ സമൂഹത്തിന്റെ ജാഗ്രതയും ഉണ്ടാകും. അപ്പോൾ നിയമങ്ങൾ ഉണ്ടാകും. നിയന്ത്രണസംവിധാനങ്ങൾ ഉണ്ടാകും. ഇക്കാര്യങ്ങളിലും ഇവയൊക്കെ രൂപപ്പെട്ടും വികസിച്ചും വരുന്നുണ്ട്. പക്ഷെ, ഇക്കൂട്ടരുടെ വ്യവസായതാല്പരങ്ങൾക്കും സ്വാധീനത്തിനും മീതേകൂടി ഇവ നടപ്പാക്കപ്പെടണമെങ്കിൽ സമൂഹത്തിന്റെ നിതാന്തജാഗ്രതയും നിശ്ചയദാർഢ്യത്തോടുള്ള ഇടപെടലും അനിവാര്യമാണ്. സമൂഹത്തിന്റെ ബോധവത്ക്കരണമാണ് ഇവിടെ പ്രധാനം - നിയമങ്ങളെയും ഇടപെടൽരീതികളെയും ഒക്കെപ്പറ്റിയുള്ള ബോധവത്ക്കരണം. അച്ചടിരംഗത്തെ മൂക്കുകയർ അച്ചടിമാദ്ധ്യമങ്ങളിൽ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ് കൗൺസിൽ ഓഫ് ഇൻഡ്യയ്ക്കാണു പരാതി അയയ്ക്കേണ്ടത്. പരസഹായമൊന്നും ആവശ്യമില്ല. ഏതൊരാൾക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ. The Secretary, Press Council of India, Soochna Bhavan, 8-C.G.O. Complex, Lodhi Road, New Delhi-110003 എന്ന വിലാസത്തിൽ തപാലിലോ pcibppcomplaint@gmail.com എന്ന വിലാസത്തിൽ ഇ-മെയിലായോ പരാതി അയയ്ക്കാം. പത്രമാദ്ധ്യമത്തിന്റെ എഡിറ്റർക്കോ അതിലെ ഏതെങ്കിലും പത്രപ്രവർത്തകർക്കോ ആർക്കെതിരെയാണോ പരാതി ആ ആളുടെ പേരും പൂർണ്ണവിലാസവും പരാതിയിൽ ഉണ്ടായിരിക്കണം. പരാതിക്കു നിദാനമായ വാർത്തയുടെയോ ചിത്രത്തിന്റെയോ ഫോട്ടോയുടെയോ കാർട്ടൂണിന്റെയോ പരസ്യത്തിന്റെയോ മറ്റേതെങ്കിലും വിഭവമാണെങ്കിൽ അതിന്റെയോ ഒറിജിനൽ ക്ലിപ്പിങ്, അതെങ്ങനെയാണു പരാതിക്കു കാരണമാകുന്നത് എന്നു മതിയായ വിശദാംശങ്ങളോടെ വ്യക്തമാക്കുന്ന വിവരണം എന്നിവയും നിർബ്ബന്ധമായും ഉണ്ടാകണം. വാർത്തായേജൻസി വിതരണം ചെയ്ത എന്തിനെയെങ്കിലും പറ്റിയാണെങ്കിലും പ്രസ് കൗൺസിലിൽ പരാതിപ്പെടാം. പരാതിയിൽ നിർബ്ബന്ധമായും ഉണ്ടാകണമെന്നു വ്യവസ്ഥചെയ്യുന്ന രണ്ടു പ്രസ്താവനകൾകൂടിയുണ്ട്. “എന്റെ ഉത്തമബോദ്ധ്യത്തിലും അറിവിലും പെട്ടിടത്തോളം പ്രസക്തമായ എല്ലാ വിവരങ്ങളും കൗൺസിൽ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും ഈ പരാതിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും നിയമനടപടികൾ നിലവിലില്ലെന്നും” (“ to the best of my knowledge and belief has placed all the relevant facts before the Council and that no proceedings are pending in any court of law in respect of any matter alleged in the complaint”) എന്നതും “കൗൺസിൽ മുമ്പാകെ അന്വേഷണത്തിലിരിക്കെ ഈ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കാര്യം ഏതെങ്കിലും കോടതിയിൽ നടപടിക്രമത്തിനു വിഷയമാകുകയാണെങ്കിൽ ഉടനടി കൗൺസിലിനെ അറിയിച്ചുകൊള്ളാമെന്നും” (“I shall notify the Council forthwith if during the pendency of the inquiry before the Council any matter alleged in the complaint becomes the subject matter of any proceedings in a court of law”) എന്നതുമാണവ. പത്രവാരികകളുടെയും വാർത്തായേജൻസികളുടെയും കാര്യത്തിൽ, പരാതിക്കു കാരണമായ സംഗതി പ്രസിദ്ധീകരിച്ചു രണ്ടുമാസത്തിനകം പരാതി നൽകിയിരിക്കണം എന്നു വ്യവസ്ഥയുണ്ട്. അമാന്തം പാടില്ല എന്നർത്ഥം. മറ്റു പരാതികൾക്കു നാലുമാസം വരെയാണു സമയപരിധി. ഒരു കാര്യം ശ്രദ്ധിക്കണം. പരാതി പ്രസ് കൗൺസിലിന് അയയ്ക്കുന്നതിനു മുമ്പ് ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുടെ ശ്രദ്ധയിൽ അതു കൊണ്ടുവന്നിരിക്കണം എന്നതാണ്. അത് എപ്രകാരമാണു പൊതുസമൂഹത്തിന്റെ ഉത്തമതാല്പര്യത്തിന് എതിരാകുന്നതെന്നു ചൂണ്ടിക്കാട്ടിയാകണം ഇത്. മറുപടി ആവശ്യപ്പെടുകയും വേണം. പ്രസ് കൗൺസിലിന്റെ വെബ്സൈറ്റ്: http://presscouncil.nic.in/ വിഡ്ഢിപ്പെട്ടി പൂട്ടാൻ റ്റെലിവിഷൻ ജനപ്രിയമാദ്ധ്യമമായി വളർന്നുപടരുകയും സാമൂഹികധർമ്മങ്ങളിൽനിന്നകന്നു വിനോവ്യവസായമായും കോർപ്പറേറ്റുകൾക്കു ലാഭം കൊയ്യാനുള്ള ഉപാധിയായും മാറുകയും ചെയ്തതോടെ അതു സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു വിരുദ്ധമായി മാറുന്നുവെന്ന മുറവിളി എമ്പാടും ഉയരുകയാണ്. മറ്റേതു ലാഭതാല്പര്യത്തിന്റെയും എന്നപോലെ ഇവിടെയും മുഖ്യയിര സ്ത്രീയാണ്. പരസ്യത്തിലും പരസ്യക്കാരെ ആകർഷിക്കാനും തൃപ്തിപ്പെടുത്താനും വേണ്ടി പരിപാടികളിലും അവർ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നു; ദുരുപയോഗിക്കുന്നു.ഇതു നിയന്ത്രിക്കാനും ഒന്നാന്തരം നിയമം ഉണ്ടാക്കിയിട്ടുണ്ട് - കേബ്ൾ റ്റി റ്റ്വർക്ക് (റെഗുലേഷൻ) ആക്റ്റ്. അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്ന, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന, സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു നിരക്കാത്ത പരിപാടികളും പരസ്യങ്ങളും സംപ്രേഷണം ചെയ്യുന്നത് ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. തുടക്കത്തിൽ പരാമർശിച്ച ‘സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമം, 1986’ നിർവ്വചിക്കുന്ന കുറ്റങ്ങളൊക്കെ റ്റെലിവിഷനിലൂടെ ചെയ്താൽ ആ ചാനലിന്റെ സംപ്രേഷണം തടയുന്നതും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. നാട്ടിലെ കേബിൾ റ്റിവിക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇതൊക്കെ ചെയ്യാൻ സംസ്ഥനസർക്കാരിനും ഈ നിയമം അധികാരം നൽകുന്നു. ഈ നിയമം ജനകീയ ഇടപെടലിനു വിപുലമായ അവസരം നൽകുന്ന വികേന്ദ്രീകൃതസ്വഭാവമുള്ള ഒന്നാണ്. പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന കേബിൾ റ്റിവി ചാനലുകളെവരെ നിരീക്ഷിക്കുവാനും സാറ്റലൈറ്റ് ചാനലുകൾ അടക്കമുള്ളവയിലെ ഉള്ളടക്കത്തെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഉള്ളവർക്കുപോലും പരാതി നൽകാൻ സൗകര്യം ഒരുക്കാനുമായി ജില്ലാതലത്തിൽവരെ സമിതികൾ രൂപവത്ക്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണീ നിയമം. കളക്ടർ അദ്ധ്യക്ഷനും ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു വനിതാകോളെജ് പ്രിൻസിപ്പൽ, സ്ത്രീകൾക്കായും കുട്ടികൾക്കായും പ്രവർത്തിക്കുന്ന ഓരോ പ്രമുഖസന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, അക്കാദമീഷ്യൻ, സോഷ്യോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ അംഗങ്ങളും ആയ സമിതിയാണു നിയമം അനുശാസിക്കുന്നത്. കേരളത്തിൽ ഈ സമിതികൾ ഏതാനും വർഷം മുമ്പുതന്നെ രൂപവത്ക്കരിക്കുകയുണ്ടായി. എന്നാൽ ഇതുവരെ ഏതെങ്കിലും പരാതി ഈ സമിതികളിൽ ആരെങ്കിലും നൽകിയതായി അറിവില്ല! ഈ സമിതിക്കു പരാതി നൽകിയാൽ പ്രാദേശിക കേബിൾ റ്റിവിക്ക് എതിരെ ആണെങ്കിൽ അതു പരിശോധിച്ചു നിയമലംഘനം കണ്ടെത്തിയാൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്യുന്നതടക്കം കുറ്റകൃത്യത്തിനനുസൃതമായ നടപടി എടുക്കണം. ഉപഗ്രഹചാനലുകൾക്കെതിരെ ആണെങ്കിൽ ഉടൻതന്നെ അതു നടപടിക്കായി സംസ്ഥാനതലസമിതിക്കും ആ സമിതി നടപടിശുപാർശയോടെ വാർത്താവിതരണ-പ്രക്ഷേപണമന്ത്രാലയത്തിനും അയയ്ക്കണം. സൗജന്യചാനലുകൾ മുഴുവൻ ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നു എന്നതുമുതൽ ക്രമസമാധാനപ്രശ്നമോ സാമൂഹികാസ്വാസ്ഥ്യമോ ഉണ്ടാക്കാനിടയുള്ള പരിപടികൾ വരുന്നുണ്ടോ എന്നു നിരീക്ഷിച്ചു കേന്ദ്ര-സംസ്ഥാനസർക്കാരുകളെ അപ്പപ്പോൾ അറിയിക്കുന്നതുവരെ വിപുലമായ ഉത്തരവാദിത്തങ്ങളുള്ള സമിതിയാണു ജില്ലാസമിതി. ഉപഗ്രഹറ്റിവി പരിപാടികളെക്കുറിച്ചു ജില്ലാ-സംസ്ഥാനസമിതികൾക്കു പരാതി നൽകിയാൽ അതു കേന്ദ്രത്തിനു കൈമാറാനേ സംസ്ഥാനത്തിനു കഴിയൂ. അതുകൊണ്ട്, പരാതി നേരിട്ടു കേന്ദ്രത്തിന് അയയ്ക്കുന്നതാകും കാലതാമസം ഒഴിവാക്കാനും വേഗം നടപടി ഉണ്ടാകാനും നല്ലത്. ദില്ലിയിലുള്ള ഇലക്ട്രോണിക് മീഡിയ മോനിട്ടറിങ് സെന്ററിലേക്കു പരാതി അയയ്ക്കാം. അവരുടെ വിലാസം: Electronic Media Monitoring Center, 14-B, Ring Road, IP Estate, New Delhi-110002. ഫോൺ: 011-23379298. ഫാക്സ്: 011-2337830, 23378050. ഇന്റർനെറ്റുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാനപൊലീസിലെ സൈബർ സെല്ലിൽ നൽകുന്നതാണ് ഏറ്റവും ഉചിതം. പരാതിക്കാർക്കു പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ അന്വേഷിച്ചറിയുവാനും അന്വേഷണവുമായി സഹകരിക്കാനുമെല്ലം ഇതാണു നല്ലത്. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളിൽ സൈബർ സെല്ലുതന്നെ വേണ്ടതു ചെയ്യുകയും ചെയ്യും. പാർലമെന്റ് 2000-ൽ അംഗീകരിക്കുകയും 2008-ൽ ഭേദഗതി ചെയ്യുകയും ചെയ്ത ‘വിവരസാങ്കേതികവിദ്യാനിയമ’ത്തിന് ഉപോത്ബലകമായി 2011-ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ (lnformation Technology (Intermediaries guidelines) Rules, 2011) പ്രകാരം ഇത്തരം ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നതു കുറ്റമാണ്. ഈ നിയമങ്ങളെല്ലാം തന്നെ സ്ത്രീകളെ എന്നപോലെ കുട്ടികളെയും മോശമായി അവതരിപ്പിക്കുന്നതും അവഹേളിക്കുന്നതുമെല്ലാം ശിക്ഷാർഹമാക്കിയിട്ടുണ്ട്. കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണിക്കുന്നതും ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. മദ്യം, പുകയില, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ പരസ്യങ്ങൾ അടക്കം അവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾക്കെതിരെയും നമുക്കു പരാതിപ്പെടാം. അത്യാർത്തി പൂണ്ട മൂലധനശക്തികൾ കുഞ്ഞുങ്ങളെപ്പോലും സ്വന്തം ലാഭത്തിനായി എങ്ങനെയും അവതരിപ്പിക്കാനും ചൂഷണത്തിനിരയാക്കാനും തയ്യാറാകുന്ന ഇക്കാലത്ത് അതിനെതിരായ ജാഗ്രതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓർക്കുക, അതു നിങ്ങളുടെ സുപ്രധാനമായ ഉത്തരവാദിത്തം തന്നെയാണ്. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും പ്രസ്ഥാനങ്ങളിലൂടെയും ജാഗ്രതാസമിതികൾ വഴിയുമൊക്കെ ഈ ദുഷ്ടത്തരത്തിനെതിരെ അപ്പപ്പോൾ ശക്തിയായി പ്രതികരിക്കണം. മറ്റുള്ളവരെ പ്രതികരിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം. കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ്, പ്രാരംഭഘട്ടത്തിൽത്തന്നെ, ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുക. ഇക്കാര്യത്തിലെ അമാന്തം നാം നമ്മോടുതന്നെയും വരും തലമുറകളോടും ചെയ്യുന്ന അപരാധമാകും. കറുപ്പു തന്നു മയക്കിയ കറുത്തശക്തികൾ ഒരു സമൂഹത്തിനു സുഭിക്ഷമായി മയക്കുമരുന്നു ലഭ്യമാക്കിക്കൊണ്ടിരുന്നാൽ എന്തുണ്ടാകും? അതിൽ നല്ലൊരു വിഭാഗം അതിന് അടിമയായി മാറും. അവരതു നിരന്തരം ആവശ്യപ്പെട്ടു തുടങ്ങും. പിന്നെപ്പിന്നെ ആഹാരം കിട്ടിയില്ലെങ്കിലും വേണ്ടില്ല മയക്കുമരുന്നു കിട്ടിയാൽ മതി എന്ന നിലയിലാകും. അപ്പോൾ ഒരു സർവ്വേ നടത്തിയാൽ ആ സമൂഹത്തിലെ ഭൂരിപക്ഷവും ആഹാരത്തെക്കാൾ മയക്കുമരുന്നാണ് ആവശ്യം എന്ന് അഭിപ്രായപ്പെടും. ഈ സർവ്വേയുടെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ ആ സമൂഹത്തിന്റെ ചെലവാക്കാൽ പ്രവണതയുടെ അടിസ്ഥാനത്തിൽ, അവർക്കു മുൻഗണനയോടെ മയക്കുമരുന്നു ൽഭ്യമാക്കണം എന്നു തീരുമാനിച്ചാൽ എങ്ങിനെ ഇരിക്കും? ഇതാണു നമ്മുടെ മാദ്ധ്യമവിഭവങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്. നല്ല കഥകളും കവിതകളും നോവലുകളും നാടൻ-ക്ലാസിക്കൽ കലാരൂപങ്ങളും നാടകങ്ങളും കഥാപ്രസംഗങ്ങളും സിനിമകളും ഒക്കെക്കൊണ്ടു സന്തോഷമായും സന്മനസ്സോടും കഴിഞ്ഞിരുന്ന ഒരു സമൂഹം. അവർക്ക് അക്രമവും സംഘട്ടനവും പ്രതികാരവും ക്രൂരതയും അശ്ലീലതയും ഇക്കിളിയും കോമാളിത്തരവും അസാന്മാർഗ്ഗികതയുമെല്ലാം കുത്തിനിറച്ചു സിനിമയും സീരിയലും പുസ്തകങ്ങളും ധാരാളമായി ഉണ്ടാക്കിക്കൊടുത്ത് അവരെ അടിമകളാക്കി. എന്നിട്ട്, അവർ ഇഷ്ടപ്പെടുന്നത് അതൊക്കെയാണ്, അതുകൊണ്ടാണു ഞങ്ങൾ അവ നൽകുന്നത് എന്നു പറയുക. എല്ലാവരും അതങ്ങു സമ്മതിച്ചുകൊടുക്കുക. ഇതെവിടുത്തെ ന്യായം എന്ന് ആരും ചോദിക്കാതിരിക്കുക. ഇതാണവസ്ഥ. മാദ്ധ്യമവ്യവസായികൾ പറയുന്ന ഈ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടി ഗുണമേന്മയുള്ള, സാമൂഹികോത്തരവാദിത്തമുള്ള പരിപാടികളാണു നമുക്കാവശ്യം എന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കാൻ നാം അടിയന്തരമായി തയ്യാറാകണം. അതിനെതിരായ നീക്കങ്ങൾക്കെതിരെ നിതാന്തജാഗ്രതയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവുമാണ് ഉത്തമസമൂഹം കെട്ടിപ്പടുക്കാൻ ആവശ്യം. കാലഘട്ടത്തിന്റെ ആവശ്യമാണത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓരോരുത്തരും മുന്നോട്ടുവരണം. അതിനായി കൂട്ടായ്മകൾ രൂപപ്പെടുത്തണം. കർമ്മപരിപാടികൾ ആവിഷ്ക്കരിക്കണം. ഓരോ നാട്ടിലും ഇതിനുള്ള ഉദ്യമങ്ങൾ ഉണ്ടകട്ടെ!