സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വീട്ടമ്മവത്കരണംഃസ്ത്രീയുടെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞു വരുന്നു

ജയലക്ഷ്മി എസ്



കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചുവരുന്നെങ്കിലും സ്ത്രീയുടെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്.കേരളത്തിലെ സ്ത്രീജിവിതത്തിന്‍റെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

15 മുതല്‍ 59 വയസ്സുവരെയുള്ള സ്ത്രീകളില്‍ പഠനം നടത്തിയപ്പോള്‍ 43.7 ശതമാനം വീട്ടമ്മമാരാണെന്ന് കണ്ടെത്തി.സാന്പത്തികമായ ഘടകം ഈ വിട്ടമ്മവത്കരണത്തെ യാതൊരുവിധത്തിലും ബാധിക്കുന്നില്ല.തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറവ് മുസ്ലീം സ്ത്രീകളിലാണ്.55.4 ശതമാനം വീട്ടമ്മമാരാണ് ഉള്ളത്.നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് വീട്ടമ്മമാരുടെ തോത് കൂടുതല്‍.
വീട്,വീട്ടമ്മ എന്നീ സങ്കല്‍പ്പങ്ങള്‍ പ്രാകൃത സമൂഹത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ വീട്ടമ്മ വര്‍ഗ സമൂഹത്തിന്‍റെ മുഖ്യ ഘടകമായി മാറുന്നത് സ്ത്രീകള്‍ വേതനം ലഭിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ്.ഇതോടെ തൊഴിലാളി, സ്ത്രീ, വീട്ടമ്മ എന്ന വിവേചനം പ്രകടമാവുകയാണ് ചെയ്തത്.ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പോലും വീട്ടമ്മയാകുന്നതാണ് നല്ലതെന്നുള്ള അനുമാനത്തിലാണ് സമൂഹം അവരെ നയിക്കുന്നത്.

പരന്പരാഗത സമൂഹത്തില്‍ സ്ത്രീകള്‍ക്കായിരുന്നു ഗാര്‍ഹിക ചുമതല.എന്നാല്‍ ഇന്ന് സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും പുരുഷനൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ ഉപരി ഒരു സ്ത്രീക്ക് ശോഭിക്കാന്‍ കഴിയുന്നു.എങ്കിലും ഗാര്‍ഹിക ചുമതലകള്‍ പരസ്പരം പങ്കുവയ്ക്കാന്‍ പുരുഷന്മാര്‍ മിക്കവാറും തയ്യാറാകുന്നില്ല.കന്പോളത്തിന് പുറത്തായതുകൊണ്ട് തന്നെ സ്ത്രീകള്‍ വീട്ടില്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് മൂല്യമില്ലാതാകുന്നു.

വീട്ടമ്മവത്കരണം എന്ന പ്രതിഭാസം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുക്കിടക്കുന്നു.കേവല വിദ്യാഭ്യാസം അല്ലെങ്കില്‍ പ്രൈമറി സെക്കന്‍ററി തലം വരെയുള്ള വിദ്യാഭ്യാസമോ ലഭിച്ചിട്ടുള്ളവരിലാണ് വീട്ടമ്മയുടെ തോത് കൂടുതല്‍.ഇവരില്‍ തന്നെയാണ് തൊഴിലന്വേഷകര്‍ കുറവും.പ്രൈമറി വിദ്യാഭ്യാസം നേടിയവരില്‍ 55.4 ശതമാനവും സെക്കന്‍ററി വിദ്യാഭ്യാസം നേടിയവരില്‍ 49 ശതമാനവും ഹയര്‍ സെക്കന്‍ററി തലത്തില്‍ 41.8 ശതമാനവും വീട്ടമ്മയെന്ന് സ്വയം വിശേഷിപ്പിക്കുന്നു.15-59 വരെ പ്രായമുള്ള വീട്ടമ്മമാരില്‍ 28.4 ശതമാനം പേര്‍ മുന്‍പ്  ഏതെങ്കിലും തൊഴില്‍ ചെയ്തവര്‍ ആണ്.എന്നാല്‍ അസുഖം,പ്രസവം,ശിശുപരിപാലനം എന്നീ ഗാര്‍ഹിക സമ്മര്‍ദ്ദങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്നു.

വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികള്‍ക്ക് വിപണിമൂല്യമില്ലാത്തതിനാല്‍ അവയുടെ സാന്പത്തിക പ്രാധാന്യം കുറച്ച് കാണുകയാണിവിടെ.വൈകാരികമായ കാര്യങ്ങളില്‍ സ്ത്രീ പുരുഷനേക്കാള്‍ മുന്നില്‍ ആയത് കൊണ്ടാവും കുടുംബത്തിന്‍റെ നിലനില്‍പ്പിനായി തങ്ങളുടെ ഇഷ്ടങ്ങളെ മനപ്പൂര്‍വ്വം മറക്കുന്നത്.ഒരു സ്ത്രീ വളര്‍ന്ന് വരുന്ന സാഹചര്യം അതായത് അവളെ വാര്‍ത്തെടുക്കുന്ന സാഹചര്യം തൊഴില്‍ എടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനല്ല ; മറിച്ച് സ്ത്രീയുടെ സ്ത്രൈണതയ്ക്ക് അതിഭാവുകത്വം നല്‍കി ഒരു വീട് ഒറ്റയ്ക്ക് ഭരിക്കാന്‍ ശേഷിയുള്ള 'മിടുക്കി' യാക്കി മാറ്റുവാനുള്ള ശ്രമമാണ് നടത്തുന്നത്.ഇതില്‍നിന്ന് ഒരു വേറിട്ട അല്ലെങ്കില്‍ വിശാലമായ ചിന്താഗതി ഉണ്ടെങ്കില്‍ മാത്രമേ വീട്ടമ്മവത്കരണം എന്ന പ്രതിഭാസത്തിന് അല്പമെങ്കിലും മാറ്റമുണ്ടാകൂ.


 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും