സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സമൂഹത്തെ വെളുപ്പിക്കാന്‍ ജയ
കറുത്ത ചായം പൂശി നിരത്തിലിറങ്ങിയ ജയ.സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജാതി, മത, വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെ തന്റെ പ്രവര്‍ത്തന മേഖലയായ കലയിലൂടെ തന്നെ പ്രതികരിച്ച പെണ്‍കുട്ടി. ദേഹം മുഴുവന്‍ കറുപ്പ് ചായം തേച്ച്, കാഴ്ചയില്‍ വ്യത്യസ്തയായ പെണ്‍കുട്ടി ചിലപ്പോഴെങ്കിലും നിങ്ങളുടെ കണ്ണുകളിലൂടെ മിന്നിമാഞ്ഞിട്ടുണ്ടാകാം. തന്റെ ആര്‍ട്ട് പെര്‍ഫോമന്‍സിന്റെ ഭാഗമായിട്ടായിരുന്നു ഈ പെണ്‍കുട്ടി ‘കറുത്ത കുപ്പായം’ ഇഷ്ടത്തോടെ അണിഞ്ഞത്. ഇതിന് ഒരു പ്രതിഷേധ സ്വഭാവം കൂടിയുണ്ടായിരുന്നു. സമകാലികാന്തരീക്ഷത്തില്‍ ദലിതര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളായിരുന്നു ഇത്തരത്തിലൊരു ആര്‍ട്ട്‌പെര്‍ഫോമന്‍സ് അവതരിപ്പിക്കാന്‍ ജയയെ പ്രേരിപ്പിച്ചത്. ഇതിന് ജയക്ക് പ്രേരണയായത് ജാതി വ്യവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയും.

ദലിതര്‍ക്കു വേണ്ടി പോരാടിയ ബാബ സാഹേബ് അംബേദ്കറുടെ 125-ാം ജന്മദിനത്തില്‍ ആരംഭിച്ച ജയയുടെ പ്രതിഷേധ സ്വഭാവമുള്ള ആര്‍ട് പെര്‍ഫോമന്‍സിന് സമാപനമാകുകയാണ്. 125 ദിവങ്ങള്‍ക്ക് ശേഷം ഈ വരുന്ന മുപ്പതിന് ജയ തന്റെ കറുത്ത കുപ്പായത്തില്‍ നിന്നും പുറത്തിറങ്ങും. എന്നാല്‍ ദലിതര്‍ക്കു വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഈ പെണ്‍കുട്ടി വ്യക്തമാക്കുന്നു. ‘താങ്കളുടെ പ്രതിഷേധം എത്രത്തോളം വിജയം കണ്ടു’
എന്ന ചോദ്യത്തിന് വിജയം പരാജയം എന്നതിലുപരി താന്‍ മുന്നോട്ടുവെയ്ക്കുന്ന വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു ജയയുടെ പ്രതികരണം. ഒരു മനുഷ്യനേയെങ്കിലും ‘തന്റെ കറുത്ത നിറത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അതില്‍ താന്‍ തൃപ്തയാണെന്നും ജയ പറഞ്ഞു.

നിലവില്‍ ചെന്നൈയിലുള്ള ജയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഞായറാഴ്ച കൊച്ചിയില്‍ എത്തും. തിങ്കളാഴ്ച എറണാകുളം കമ്മട്ടിപ്പാടത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള നിരവധിയാളുകള്‍ പങ്കെടുക്കും. ‘പ്രതിരോധ കലയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഡോ.സാംകുട്ടി പട്ടങ്കരി പ്രഭാഷണം നടത്തും. ഇതിന് പിന്നാലെ ജൂണ്‍ ആറിന് മറ്റൊരു പരിപാടിയും ജയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്ത് നടക്കുന്ന പരിപാടിയില്‍ ദലിതരേയും ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്. രാഷ്ട്രീയ, സമകാലിക വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ട് പാട്ടുകളും നാടകങ്ങളും കഥകളും പറയുന്ന ഊരാളി ബാന്‍ഡും ഈ പരിപാടിയില്‍ ഉണ്ടാകും. കൂടാതെ വയനാട്ടിലെ ആദിവാസി കോളനിയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളുടെ നാടകവും ഇവിടുത്തെ തന്നെ മ്യൂസിക്കല്‍ ബാന്‍ഡിന്റെ പരിപാടിയും ഉണ്ടാകും. എറണാകുളം ഗിരിനഗറിലെ ദലിത് കോളനിയില്‍ നിന്നുമുള്ള കുട്ടികളുടെ പരിപാടി ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

പെരുമ്പാവൂര്‍ സ്വദേശിനിയായ ജയ ആര്‍എല്‍വി കോളേജില്‍ നിന്നും ആര്‍ട്ട്‌സില്‍ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. ഇതിന് ശേഷം സഹോദരിയും കലാകാരിയുമായ പിഎസ് ജലജയ്‌ക്കൊപ്പം ഉദയംപേരൂരില്‍ ആര്‍ട്ട് സ്റ്റുഡിയോ പ്രാക്ടീസ് ചെയ്തു വരികയാണ്. ഇത് കൂടാതെ കൊച്ചിയില്‍ വിവിധ ഭാഗങ്ങളില്‍ ചെറിയകുട്ടികള്‍ക്ക് ഡ്രോയിംഗ് ക്ലാസ് എടുക്കുന്നുമുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും