സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാര്‍വതി നെന്മിനിമംഗലം




1932ല്‍ തളിപ്പറമ്പില്‍ നമ്പൂതിരി യുവജന സംഘത്തിന്റെ സമ്മേളനം വേദി. അധ്യക്ഷ പദവിയില്‍ മെലിഞ്ഞ ഒരു യുവതി. ദുരാചാരങ്ങളുടെ നെടുങ്കോട്ടകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍ കൊളുത്തി, ഇടിമുഴക്കംപോലെ അവരുടെ പ്രസംഗം കത്തികയറുന്നു. പ്രസംഗത്തിനിടെ കടുത്ത വെല്ലുവിളിയുടെ സ്വരത്തില്‍ ആ ഇരുപത്തിയൊന്നുകാരി ഒരു ചോദ്യമെറിഞ്ഞു: 'വിധവയെ വിവാഹം ചെയ്യാനാരുണ്ട്?' ഒരുവേള നിശ്ശബ്ദമായ സദസ്സില്‍നിന്ന് പൊടുന്നനെ മറുപടി വന്നു. 'ഞാനുണ്ട്'. ആ ശബ്ദം എം ആര്‍ ബിയുടേതായിരുന്നു. മുല്ലമംഗലത്തെ രാമന്‍ ഭട്ടതിരിപ്പാട്. വാക്കും കര്‍മവും ഒന്നുതന്നെയെന്ന് സ്വജീവിതംകൊണ്ട് മാതൃക കാട്ടിയ വിപ്ലവകാരി.
1935ല്‍ വി ടി ഭട്ടതിരിപ്പാടിന്റെ രസികസദനത്തില്‍ വെച്ച് പരേതനായ ഇ വി നാരായണന്‍ നമ്പൂതിരിയുടെ വിധവയായ ഉമാ അന്തര്‍ജനത്തെ മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് വീണ്ടും മന്ത്രകോടിയുടുപ്പിച്ചു. നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം. കേരളത്തിന്റെ നവോത്ഥാന നായകരാകെ സാക്ഷ്യം വഹിച്ച വി ടി യുടെ നേതൃത്വത്തില്‍ നടന്ന വിധവാ വിവാഹം തളിപ്പറമ്പില്‍ നിന്നുയര്‍ന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.
ആരായിരുന്നു ആ യുവതി?. പോരാട്ടത്തിന്റെ അഗ്നിശോഭയില്‍ നമ്മുടെ നവോത്ഥാന ചരിത്രത്തില്‍ മായാമുദ്ര പതിപ്പിച്ച പാര്‍വതി നെന്മിനിമംഗലമായിരുന്നു അത്. വി ടി യുടെയും ആര്യാ പള്ളത്തിന്റെയും എം ആര്‍ ബിയുടെയും പ്രേംജിയുടെയുമെല്ലാം സഹപ്രവര്‍ത്തക. 1911 മുതല്‍ 1947 വരെ കേവലം 36 വര്‍ഷം മാത്രം ജീവിച്ച ഇവരുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. അനാചാരങ്ങളുടെ കരിങ്കല്‍ കോട്ടകള്‍ തകര്‍ത്ത് നാലുകെട്ടുകളുടെ അകത്തളങ്ങളിലേക്ക് വെളിച്ചമെത്തിക്കാന്‍ പാര്‍വതി നെന്മിനിമംഗലം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു.
പാര്‍വതി നെന്മിനിമംഗലമടക്കമുള്ള സ്ത്രീകള്‍ ബ്രാഹ്മണ്യത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടമാണ് നമ്പൂതിരി സ്ത്രീകള്‍ക്ക് മറ്റു സമുദായങ്ങളിലെ സ്ത്രീകളെപോലെ ജീവിക്കാനുള്ള അവസരം സൃഷ്ടിച്ചത്. പാരമ്പര്യാനുസൃതമായ ബ്രാഹ്മണ്യത്തെ കടപുഴക്കിയെറിയുന്ന തരത്തിലുള്ള പോരാട്ടമാണ് ആര്യാ പള്ളവും പാര്‍വതി നെന്മിനിമംഗലവും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്.
ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പില്‍ നല്ലൂരില്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകളാണ് പാര്‍വതി. യാഥാസ്ഥിതികമായ കുടുംബചുറ്റുപാടിലായിരുന്നു കുട്ടിക്കാലം. കഷ്ടി എഴുത്തും വായനയും മാത്രമാണ് ലഭിച്ച വിദ്യാഭ്യാസം. ചെറുപ്പത്തിലെ ആ മനസ്സില്‍ രോഷത്തിന്റെ അഗ്നി പുകയുന്നുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ ഇരുട്ടറകളില്‍ അബലയും ദീനയുമായി ജീവിക്കുന്ന അന്തര്‍ജന യുവതികള്‍ക്ക് നാവും സ്വരവും നല്‍കി വി ടിയും ഇ എം എസുമൊക്കെ രംഗത്തു വന്ന കാലമായിരുന്നു അത്. ജീവിതനരകത്തിന്റെ മറക്കുട തല്ലിതകര്‍ക്കാന്‍ എം ആര്‍ ബി, പ്രേംജി, മുത്തിരിങ്ങോടന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം അണിനിരന്നു. മറക്കുടയ്ക്കുള്ളില്‍ സാപത്‌ന്യത്താല്‍ ഇരുണ്ടുരുകുന്ന ജ്യേഷ്ഠത്തിമാരുടെയും അനുജത്തിമാരുടെയും തേങ്ങലുകള്‍ ഇവരിലൂടെ പാര്‍വതി കേട്ടുതുടങ്ങി. ഇതോടൊപ്പം സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും അലയൊലികള്‍ നാടെങ്ങും മുഴങ്ങിയിരുന്നു. ഇതിനിടെയാണ് 14-ാം വയസ്സില്‍ തൃശൂരിനടുത്ത് ചേറ്റുപുഴയില്‍ നെന്മിനിമംഗലം ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയും പാര്‍വതിയും വിവാഹിതരായത്. അങ്ങനെ പേര് പാര്‍വതി നെന്മിനിമംഗലം എന്നായി.
വിവാഹശേഷം നെന്മിനിമംഗലം ഇല്ലത്ത് എത്തിയതോടെ പാര്‍വതിക്ക് നാലുകെട്ടിനു പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു കിട്ടി. കാലത്തിന്റെ വിളികളെ സശ്രദ്ധം വീക്ഷിച്ചിരുന്ന ഭര്‍ത്താവ് നെന്മിനിമംഗലം വാസുദേവന്‍ നമ്പൂതിരിയും സഹോദരന്മാരും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ തല്‍പ്പരരായിരുന്നു. ഇവരുടെ പിന്തുണ പാര്‍വതിയുടെ പോരാട്ടത്തിന് കരുത്ത് പകര്‍ന്നു. പിന്നെ നമ്പൂതിരി സമുദായത്തെ മാത്രമല്ല, സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവ പരമ്പരകളുടെ തുടക്കമായി. പാര്‍വതി ആദ്യമായി ചെയ്തത് ഓലക്കുട ഉപേക്ഷിക്കുകയായിരുന്നു. ബ്ലൗസിട്ട് മാറുമറക്കാനും തുടങ്ങി. കാതുമുറിച്ച് കമ്മലിട്ടു. തുടര്‍ന്ന് ദുരാചാരങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ അഗ്നി തെളിയിച്ച് ഇല്ലങ്ങളിലേക്ക് വെളിച്ചം കടത്തിവിട്ടു. പ്രസംഗവേദികളില്‍ അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ തീപ്പൊരി ചിതറി. 1107 ധനു 13ന് (1932) ഘോഷ ബഹിഷ്‌കരിച്ച് അവര്‍ പൊതുവേദിയില്‍ പ്രസംഗിച്ചു. പര്‍വതി മനേഴിയാണ് 1930ല്‍ ആദ്യമായി ഘോഷ ബഹിഷ്‌കരിച്ച് ഇല്ലങ്ങളില്‍നിന്ന് പുറത്തിറങ്ങിയത്.
ആചാര പരിവര്‍ത്തനം, വൈവാഹിക പരിവര്‍ത്തനം, വിദ്യാഭ്യാസ പരിവര്‍ത്തനം, സാമ്പത്തിക പരിവര്‍ത്തനം - ഇങ്ങനെ നാലു സമുദായിക മാറ്റമായിരുന്നു അന്ന് നമ്പൂതിരി യുവജനസംഘത്തിന്റെ ഉദ്ദേശം. അന്തഃപുരവിപ്ലവത്തെ ഉന്നംവെച്ചുള്ളതായിരുന്നു അത്. ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും കുട്ടന്‍നമ്പൂതിരിപാടുമായിരുന്നു അതിന്റെ ജീവനും തലയും മൂത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട് അതിന്റെ നാവും. വി ടി രാമന്‍ ഭട്ടതിരിപ്പാട് അതിന്റെ കൈയും. ഇവരുടെ ലേഖനങ്ങളിലുടെയും പ്രവര്‍ത്തനങ്ങളിലുടെയും നടന്ന പ്രചരണം സമുദായത്തെ മുഴുവന്‍ പിടിച്ചുലച്ചു. അന്തര്‍ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കി.
ഇത് സമുദായ പരിഷ്‌കാരികളായ നമ്പൂതിരി യുവഗൃഹസ്ഥന്മാരുടെ, അന്തര്‍ജനങ്ങളുടെ കണ്ണുതുറപ്പിച്ചു. തങ്ങളുടെ അപരിഷ്‌കൃതവും അസ്വതന്ത്രവുമായ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാനും പരിഹാരത്തെകുറിച്ച് ചിന്തിക്കാനും തുടങ്ങി. പാര്‍വതി നെന്മനിമംഗലത്തിന്റെ നേതൃത്വത്തില്‍ അവരുടെ ഇല്ലത്ത് ഒരന്തര്‍ജന സമാജം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കേണ്ടതിനെപറ്റി അന്തര്‍ജനങ്ങള്‍ ആദ്യമായി ആലോചിച്ചു. 12 പേരായിരുന്നു സംഘത്തിയലുണ്ടായിരുന്നത്. അന്തര്‍ജനസമാജം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ നേതൃത്വവും സഹായവും അഭ്യര്‍ഥിച്ച് പാര്‍വതി നെന്മിനിമംഗലവും മറ്റുള്ളവരും ഒപ്പിട്ട ഒരു ഹര്‍ജി ഗുരുവായൂരില്‍ ചേര്‍ന്ന യുവജനസംഘം വാര്‍ഷിക യോഗത്തിന്റെ അധ്യക്ഷന് നല്‍കി. കത്ത് യോഗത്തില്‍വച്ചപ്പോഴാണ് പാര്‍വതി നെന്മിനിമംഗലത്തിന്റെ പേര് സമുദായം ആദ്യമായി കേട്ടത്.
തുടര്‍ന്ന് നമ്പൂതിരി യുവജനസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് പാര്‍വതി നെന്മനിമംഗലത്തിന്റെ നേതൃത്വത്തില്‍ പല നമ്പൂതിരി ഗൃഹങ്ങളുടെ അടുക്കളയിലും അന്തര്‍ജനങ്ങളുടെ ചെറുചെറു യോഗങ്ങള്‍ നടന്നു. അന്തര്‍ജനങ്ങളുടെ വേഷപരിഷ്‌കാത്തെക്കുറിച്ചും അവര്‍ മറക്കുട ഉപേക്ഷിച്ച് പുറത്തിറങ്ങി നടക്കേണ്ടതിനെപറ്റിയും അകത്തും പുറത്തും നിരന്തരമായ പ്രചരണം തുടങ്ങി. പലവിധത്തിലുള്ള പ്രതികൂല സാഹചര്യമുണ്ടായിട്ടും ആദ്യമായി ഇല്ലങ്ങളില്‍നിന്ന് പുറത്തുവന്ന അന്തര്‍ജനങ്ങള്‍ അധികം പേരും പിന്നീട് അടുക്കളയിലേക്ക് മടങ്ങിയില്ല. എല്ലാ വിഷമങ്ങളേയും അതിജീവിച്ച് പാര്‍വതി നെന്മിനിമംഗലത്തിന്റെ നേതൃത്വത്തില്‍ അവര്‍ പിന്നേയും ധൈര്യത്തോടെ പ്രവര്‍ത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പാര്‍വതി നെന്മിനിമംഗലം അന്തര്‍ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഉണര്‍വും ഉല്‍ബുദ്ധതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. അവരുടെ കഴിവുകളെ കണ്ടറിഞ്ഞ യുവജനസംഘം അക്കൊല്ലത്തെ അധ്യക്ഷയായി അവരെ തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍വച്ച് അവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘം വര്‍ഷിക യോഗത്തില്‍ കൈയ്യിലെണ്ണാവുന്ന അന്തര്‍ജനങ്ങളെ പങ്കെടുത്തുള്ളൂ. പിന്നീട് അവരുടെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്തിന്റെ ഫലമായി ഓരോ വാര്‍ഷിക യോഗത്തിലും അന്തര്‍ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചു. കാറല്‍മണ്ണയില്‍വച്ച് ആഘോഷിച്ച യോഗക്ഷേമസഭയുടെ രജതജൂബിലിയായപ്പോഴേയ്ക്കും അത് നൂറില്‍ കൂടുതലായി. അന്തര്‍ജനങ്ങള്‍ ഒന്നൊഴിയാതെ ഈ പ്രക്ഷോഭത്തില്‍ അണിനിരന്നത് പാര്‍വതി നെന്മനിമംഗലത്തെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ തെളിവാണ്. ഇത് കണ്ടറിഞ്ഞ മിതവാദി നേതൃത്വം പാര്‍വതി നെന്മിനിമംഗലത്തെ കൂട്ടുപിടിക്കാന്‍ വേണ്ടി അവരെ അക്കൊല്ലത്തെ വാര്‍ഷികയോഗത്തിന്റെ അധ്യക്ഷയാക്കി. ആ ഘട്ടത്തില്‍ സഭയുടെ അധ്യക്ഷസ്ഥാനം സ്വീകരിക്കുന്നതു വളരെ വിഷമം പിടിച്ച ഒന്നാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അധ്യക്ഷയെന്ന നിലയില്‍ ഒരു നിഷ്പക്ഷതയെടുപ്പിച്ച് യുവജന പ്രക്ഷോഭത്തെ പൊളിക്കാമെന്നായിരുന്നു മിതവാദികളുളെ ലക്ഷ്യമെന്നും അവര്‍ക്ക് മനസ്സിലായിരുന്നു. പ്രശ്‌നങ്ങളുണ്ടായി യോഗം അലങ്കോലമായാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെയ്ക്കുമെന്നും അവര്‍ക്ക് മനസിലായി. വെല്ലുവിളിയായി തന്നെ അവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.
അങ്ങനെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് അന്നത്തെ രാമവര്‍മ തിയറ്ററില്‍ ചേര്‍ന്ന യോഗക്ഷേമസഭാ വാര്‍ഷികത്തില്‍ പാര്‍വതി നെന്മിനിമംഗലം അധ്യക്ഷയായത്. യോഗത്തില്‍ മിതവാദി നേതാക്കളുടെ സൂത്രങ്ങളൊന്നും ഫലിച്ചില്ല. ചൂടുപിടിച്ച വാദപ്രതിവാദത്തിനുശേഷം വി കെ നാരായണ ഭട്ടതിരിയുടെ അംഗത്വം ശരിവെയ്ക്കുന്ന പ്രമേയം വന്‍ഭൂരിപക്ഷത്തോടെ പാസ്സായി. പ്രകോപിതരായ മിതവാദികള്‍ ബഹളംവച്ച് ഇറങ്ങിപോയി യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചു. എങ്കിലും സദസ്സിനെ നിയന്ത്രിക്കാനും യോഗം ഭംഗിയായി നടത്താനും പാര്‍വതി നെന്മനിമംഗലത്തിന് സാധിച്ചു. പൂണൂല്‍ പൊട്ടിക്കലും കുടുമ മുറിക്കലും ചെയ്ത നമ്പൂതിരിമാരേക്കാള്‍ ഘോഷ ബഹിഷ്‌കരണവും കാതുമുറിക്കലും ചെയ്ത നമ്പൂതിരി സ്ത്രീകളുടെ പ്രവൃത്തി മഹത്തരമായിരുന്നു എന്ന് ഇ എം എസ് ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നു.
''പുരുഷന്മാരുടെയിടയില്‍ പുണൂലും കുടുമയുമാണ് എതിര്‍പ്പിനിരയായതെങ്കില്‍ സ്ത്രീകളുടെ ഇടയില്‍ ആഭരണങ്ങളും ഉടുപ്പുമാണ്. പരമ്പരാനുസൃതമായി നമ്പൂതിരി സ്ത്രീകള്‍ സ്വര്‍ണ വളകളിടാറില്ല. അവരിലൊരു വിഭാഗം (ആഢ്യകുടുംബങ്ങളിലെ സ്ത്രീകള്‍) പിച്ചള വളയിടും. മറ്റൊരു വിഭാഗം (ആസ്യ സ്ത്രീകള്‍) ഓട്ടുവളയും - ഇതാണ് പതിവ്. കാതാകട്ടെ വളരെയധികം വളര്‍ത്തി അതില്‍ 'ചിറ്റു' തൂക്കിയിടും. (അവിവാഹിതരായ പെണ്‍കിടാങ്ങള്‍ മരം കൊണ്ടുണ്ടാക്കിയ ഒരുതരം 'കൊരടാ'ണിടുക). പോരെങ്കില്‍ വിവാഹിതകളും അവിവാഹിതകളും യുവതികളും വൃദ്ധകളുമെല്ലാം ഒരുപോലെ അര്‍ധനഗ്നകളായി നടക്കും. ഇത് മാറ്റി സ്വര്‍ണവളകളിടുക, കാത് വളര്‍ത്താതെ കമ്മിലിടത്തക്ക വലുപ്പം മാത്രമാക്കുക, മരക്കൊരടും 'ചിറ്റും' വേണ്ടെന്നുവച്ച് കമ്മലും അതുപോലുള്ള മറ്റാഭരണങ്ങളുമിടുക, ഇതെല്ലാം വേണമെന്ന അഭിപ്രായം പരന്നു. അത് ക്രമേണ ക്രമേണയായി പ്രയോഗത്തില്‍ വരാനും തുടങ്ങി.
ഈ ആഭരണ പരിഷ്‌കാരം എന്റെ കുടുംബത്തെയും ബാധിച്ചു. തലമുറകളായി ഞങ്ങളുടെ കുടുംബാംഗങ്ങള്‍ - സ്ത്രീകളും കുട്ടികളും - ഉപയോഗിച്ചിരുന്ന പഴയ ആഭരണങ്ങള്‍ കുറേയെണ്ണമുണ്ടായിരുന്നു - ഭാരമേറിയ ഒരരഞ്ഞാണം, ആണ്‍കുട്ടികള്‍ കൈയിലിടുന്ന 'രൂപംകൊത്തി' വള, ആണ്‍കുട്ടികളും സ്ത്രീകളും കഴുത്തില്‍ ധരിക്കുന്ന പലതരം ആഭരണങ്ങള്‍. ഇതില്‍ അരഞ്ഞാണമെടുത്ത് തൂക്കി മുറിച്ച് പുതിയ തരത്തിലുള്ള ആഭരണങ്ങളും സ്ത്രീകളുടെ കൈയിലേക്കുള്ള വളകളുമുണ്ടാക്കി. അങ്ങനെ വേഷപരിഷ്‌കാരം ഞങ്ങളുടെ അന്തഃപുരത്തിലേക്കും പ്രവേശിച്ചു. പക്ഷേ രണ്ടു മൂന്നാളുകള്‍ക്ക് വേണ്ട വളകളും മറ്റാഭരണങ്ങളുമുണ്ടാക്കിക്കഴിഞ്ഞിട്ടും ആ അരഞ്ഞാണത്തിന്റെ നല്ലൊരുഭാഗം ബാക്കിയായിരുന്നു. അത്ര വലുതായിരുന്നു അത്.
ഈ വേഷ പരിഷ്‌കാരത്തിന്റെ ഭാഗമായി പുതിയൊരു 'പ്രസ്ഥാനം' കൂടി ഉയര്‍ന്നുവന്നു. പഴയ രീതിയില്‍ കാതുകുത്തി വലുതാക്കി 'ചിറ്റി'ട്ട് നടന്നിരുന്ന സ്ത്രീകള്‍ക്ക് അത്മാറ്റി കമ്മലിടത്തക്കവിധം ചെറിയ കാതുണ്ടാവുന്ന 'കാതുമുറി പ്രസ്ഥാനം', ഇത് സാധ്യമാണെന്ന് ആദ്യമൊന്നും ആളുകള്‍ വിശ്വസിച്ചില്ല. വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കാത് വലുതാക്കാതിരിക്കാന്‍ നോക്കിയാല്‍ മതിയെന്നാണ് അപ്പോള്‍ കരുതപ്പെട്ടിരുന്നത്. ഇത് ശരിയല്ല, വളര്‍ന്ന കാതുതന്നെ ചെറുതാക്കാം എന്ന് ഒരു ഡോക്ടര്‍ കാണിച്ചുകൊടുത്തു. 'ചിറ്റി'ട്ട് നടന്നിരുന്ന ഒരന്തര്‍ജനം കമ്മലുകാരിയായി. അത് കേട്ട് മറ്റുള്ളവര്‍ക്ക് അത് വേണമെന്നായി. 'കാതുമുറി' ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിച്ചു.
ഇതില്‍നിന്ന് ഒരു പടികൂടി മുമ്പോട്ടു പോകുന്ന നടപടിയും അധികം താമസിയാതെ വന്നു. - നമ്പൂതിരി സ്ത്രീകളുടെ ഘോഷബഹിഷ്‌കരണം. 1929 ഡിസംബറില്‍ എടക്കുന്നിയില്‍ കൂടിയ യോഗക്ഷേമസഭാ സമ്മേളനത്തില്‍ ഒരു നമ്പൂതിരി സ്ത്രീ ഘോഷ ബഹിഷ്‌കരിച്ചുപങ്കുകൊണ്ടു - മിസ്സിസ് മനേഴി. അത് കഴിഞ്ഞൊരു കൊല്ലത്തിനിടക്ക് പാര്‍വതി നെന്മിനിമംഗലം, ആര്യാ പള്ളം മുതലായി ഒരു ഡസനോളം നമ്പൂതിരി സ്ത്രീകള്‍ കൂട്ടായി ഘോഷ ബഹിഷ്‌കരിച്ചു. 1931 ഡിസംബറില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന യുവജനസംഘത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചതുതന്നെ അവരില്‍ ഒരാളായിരുന്നു (പാര്‍വതി നെന്മിനിമംഗലം). അത് കഴിഞ്ഞ് രണ്ട് കൊല്ലത്തിനുള്ളില്‍ കൊച്ചി നിയമസഭയില്‍ ചര്‍ച്ചക്ക് വരുന്ന നമ്പൂതിരി ബില്ലനെ സംബന്ധിച്ച് നമ്പൂതിരി സ്ത്രീകളുടെ പ്രതിനിധിയായി അവരെ ഗവര്‍മെന്റ് നോമിനേറ്റ് ചെയ്യുകയും അവര്‍ ആ ജോലി സ്തുത്യര്‍ഹമായി നടത്തുകയും ചെയ്തു.
ഈ മാറ്റങ്ങളെല്ലാം അന്ന് നമ്പൂതിരി സ്ത്രീകളിലൊരു ചെറു ന്യൂനപക്ഷത്തെ മാത്രമേ സ്പര്‍ശിച്ചിരുന്നുള്ളുവെന്നത് നേരാണ്. ബഹുഭൂരിപക്ഷവും പര്‍ദക്കുള്ളില്‍ അര്‍ധനഗ്നകളായി കഴിയുകയായിരുന്നു. എന്നാല്‍, അന്ന് കൈവിരലിലെണ്ണാവുന്നത്രമാത്രം നമ്പൂതിരി സ്ത്രീകള്‍ നടത്തിയ ഘോഷ ബഹിഷ്‌കരണം ഞങ്ങളില്‍ ചിലര്‍ ഒരു ദിവസം പ്രകടനപരമായി നടത്തിയ 'പൂണൂല്‍ പൊട്ടിക്കലി'നെക്കാള്‍ ഫലപ്രദമായാണ് കലാശിച്ചത്. എന്തുകൊണ്ടെന്നാല്‍, അന്ന് പൂണൂല്‍ പൊട്ടിച്ചവര്‍ പിന്നെയും അതിട്ടു നടന്നു. ഘോഷ ബഹിഷ്‌കരിച്ചവരാകട്ടെ, പിന്നീടൊരിക്കലും ഘോഷ സമ്പ്രദായത്തിലേക്ക് തിരികെപ്പോയില്ല. അത് കഴിഞ്ഞ് മൂന്ന് വ്യാഴവട്ടത്തിനുശേഷം ഇന്നാകട്ടെ, സ്വന്തം നാട്ടിലിരിക്കുമ്പോള്‍ പൂണൂലിടാത്ത നമ്പൂതിരി കുറവാണ്; ഘോഷയില്ലാതെ നടക്കുന്ന നമ്പൂതിരി സ്ത്രീകള്‍ ധാരാളവും.
പുരുഷന്മാരും സ്ത്രീകളും അന്ന് നടത്തിയതും നിസാരമാണെന്ന് തോന്നാവുന്നതുമായ വേഷപരിഷ്‌കാരം പരമ്പരാനുസൃതമായ ബ്രാഹ്മണ്യത്തിന്റെ കടപുഴക്കി. പഴയ നമ്പൂതിരി പുതിയൊരു മനുഷ്യനും പഴയഅന്തര്‍ജനം പുതിയൊരു മനുഷ്യസ്ത്രീയുമാവാന്‍ തുടങ്ങി. വിവാഹ സമ്പ്രദായത്തിലും കുടുംബസംഘടനയിലും വരുന്ന മാറ്റത്തോടുകൂടി ഇത് പിന്നെയും പുരോഗമിക്കാതിരിക്കാന്‍ നിവൃത്തിയില്ല. 'ഒരാണിനൊരു പെണ്ണ്' എന്ന നിയമം അനുസരിച്ച് ചെറുകുടുംബങ്ങള്‍ നിലവില്‍ വരിക, സ്വന്തം ഭാര്യാമക്കളെ പോറ്റാന്‍ കുടുംബനാഥന്‍ ജോലി നോക്കേണ്ടി വരിക, അയാളെ അഹായിക്കാന്‍ ഭാര്യയും നിര്‍ബന്ധിക്കപ്പെടുക, അവര്‍ക്കുണ്ടാവുന്ന മക്കള്‍ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) മുതിര്‍ന്നാലുടന്‍ ജോലി ചെയ്ത് ജീവിക്കാന്‍ തുടങ്ങുക - ഇതെല്ലാം തുടങ്ങിയാല്‍പിന്നെ 'പരശുരാമ കല്‍പ്പിതമായ' ബ്രഹ്മണ്യം എങ്ങനെ നിലനില്‍ക്കാനാണ്?. അതിന്റെ അടി തകരാന്‍ തുടങ്ങിയെന്നതിന് വല്ല സംശയവുമുണ്ടേ?.
(ഇ എം എസ്സിന്റെ ആത്മകഥയില്‍ നിന്ന് പേജ് 130-132).

നമ്പൂതിരി ബില്ലിനെക്കുറിച്ച് ഉപദേശം നല്‍കാന്‍ കൊച്ചി നിയമസഭയില്‍ പ്രത്യേക പ്രതിനിധിയായും പാര്‍വതി നെന്മിനിമംഗലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ഈ അംഗത്വം ഫലപ്രദമായി വിനിയോഗിച്ചു. നമ്പൂതിരി ബില്ലിനെ അനുകൂലിച്ച് പാര്‍വതി നെന്മിനിമംഗലം (പ്രത്യേക മെമ്പര്‍) ചെയ്ത പ്രസംഗം താഴെ ചേര്‍ക്കുന്നു.
ബഹുമാനപ്പെട്ട കാട്ടുര്‍ മെമ്പര്‍ അവതരിപ്പിച്ച നമ്പൂതിരി ബില്ലിനെ അനുകൂലിച്ച് രണ്ടുവാക്ക് സംസാരിക്കുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ബില്‍ അധഃപതിച്ചുകിടക്കുന്ന നമ്പൂതിരി സമുദായത്തിന്റെ ഉല്‍ക്കൃഷ്ടദശയുടെ ഉഷഃപ്രകാശമാണ്. നമ്പൂതിരി സമുദായത്തിലെ ശപിക്കപ്പെട്ട സാമ്പത്തിക സംഘടനയും സാമുദായിക നടപടികളിലും ഒരു പരിവര്‍ത്തനമുണ്ടാക്കാന്‍ ഇത് പര്യാപ്തമാണ്. നമ്പൂതിരി സ്ത്രീകളുടെ ദുരന്തദുഃഖങ്ങള്‍ക്ക് ഒരു നിവാരണമുണ്ടാക്കി അവരുടെ അധികാരാവകാശങ്ങള്‍ സ്ഥാപിക്കാന്‍ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്, ഉതകുന്നതാണ്. കേരളത്തിലെ പൊതുവേയുള്ള സമുദായ പരിഷ്‌കാരത്തിന് ഇത്തരം ഒരു ബില്‍ ഒഴിച്ചുകൂടാത്തതുമാണ്. ധാരാളം പഠിപ്പും ഈ വിഷയത്തില്‍ പ്രേത്യക വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട മെമ്പര്‍മാരുടെ മുമ്പില്‍ വച്ച് ബില്ലിനെപ്പറ്റി ഒരു വിമര്‍ശനത്തിന് ഞാന്‍ ഒരുങ്ങൂന്നില്ല. എന്നാല്‍ ബില്ലിന്റെ ആവശ്യത്തെയും അതെത്രത്തോളം ഈ ബില്‍ സാധിക്കുന്നുണ്ടെന്നതിനെപ്പറ്റിയും മാത്രം കുറച്ചു പറയാം. യാഥാസ്ഥിതികന്മാരൊഴിച്ചു എല്ലാ നമ്പൂതിരിമാരും സാദരം സസന്തോഷം സ്വാഗതം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വിഷയമാണ് നമ്പൂതിരി ബില്‍. ആരെയാണോ ഈ ബില്‍ നിത്യനരകത്തില്‍ നിന്നു മോചിപ്പിക്കുന്നത് ആ അന്തര്‍ജനത്തില്‍ ഒരുവളാണ് ഞാന്‍. (ഹിയര്‍) ഞങ്ങളുടെ കഷ്ടപ്പാടുകളും കഠിനവേദന ആരെത്ര വര്‍ണിച്ചാലും അനുഭവരസികത്വം എന്ന ഒരു പ്രധാന ഗുണം അതിനു കുറയാതെ നിവൃത്തിയില്ല. ഞാന്‍ ബില്‍ പക്ഷപാതികളുടെ പ്രാതിനിധ്യം വഹിക്കുന്നത് അന്തര്‍ജന പ്രതിനിധിയുടെ നിലയിലാണെന്നു ഇന്നു തുറന്നു സമ്മതിച്ചുകൊള്ളുന്നു. അന്തര്‍ജനങ്ങളെ കച്ചവടച്ചരക്കുകളാക്കാതെയുള്ള വിവാഹസമ്പ്രദായവും വിപാത്രങ്ങളാക്കാതെയുള്ള പെരുമാറ്റവും അശുഭകാരികളാക്കാതെയുള്ള ജീവിതവും മനുഷ്യോചിതമായ നിലയും വിലയും അവര്‍ക്ക് ഈ ബില്‍മൂലം ഉണ്ടാകുമെങ്കില്‍ ഒരു നമ്പൂതിരിക്ക് താന്‍ അഗ്നിസാക്ഷിയായി വിവാഹം ചെയ്ത അന്തര്‍ജനത്തെ പ്രാണപ്രേയസ്സിയെന്നു പരസ്യമായി പറയാമെങ്കില്‍ നമ്പൂതിരിമാരുടെ പ്രേമത്തിനും വിവാഹത്തിനും അന്തര്‍ജന പ്രണയിനി പാത്രീഭവിക്കുമെങ്കില്‍, എനിക്കു കുടുംബം ആരു ഭരിച്ചാലും കൊള്ളാം കണക്ക് ആരെഴുതിയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം കുബേരനായാലും, കുചേലനായാലും വേണ്ടില്ല, മാളികയിലോ മാടപ്പിരയിലോ താമസിച്ചാലും ശരി. അനിയന്ത്രിതമായ അനുരാഗത്തോടുകൂടി പെരുമാറുവാന്‍ നമ്പൂതിരിമാര്‍ക്കും അന്തര്‍ജനങ്ങള്‍ക്കും സൗകര്യമുണ്ടാക്കുന്ന ഒരു ബില്ലുണ്ടായാല്‍ ഞാന്‍ കൃതകൃത്യയായി. ഈ ബില്ലിനെ ആശിര്‍വദിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്ന സംഗതി ഇതൊന്നുതന്നെയാണ്.
നമ്പൂതിരിമാരുടെ സകലവിധമായ അധഃപതനത്തിനും പ്രധാന കാരണം അവരുടെ ദുഷിച്ച വിവാഹ സമ്പ്രദായമാണ്. ജ്യേഷ്ഠപുത്രമാത്ര സജാതീയ വിവാഹം നമ്പൂതിരി സമുദായത്തിന് എന്തെന്ത് ആഞത്തു വരുത്തിയിട്ടുണ്ട്. അവിവേദനം, കുടുംബത്തിലെ അനന്തരവന്മാരുടെ നിരുത്തരവാദിത്വം, അലസജീവിതം, മൂസ്സന്മാരുടെ മുഷ്‌ക്, കുടുംബച്ഛിദ്രം, വിദ്യാവീഹീനത, സര്‍വോപരി അന്തര്‍ജനങ്ങളുടെ നാനാവിധമായ നരക ജീവിതം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തവണ്ണം നമ്പൂതിരി സമുദായം ദുഷി ച്ചിട്ടുള്ളത് അവരുടെ വിവാഹ സമ്പ്രദായം ഒന്നുകൊണ്ടാണ്. മൂത്തപുത്രന് മാത്രമേ സ്വസാമുദാിക കന്യകയെ ആവശയമുള്ളു എന്നു വന്നപോള്‍ അവിവാഹിതകളായ പെണ്‍കിടാങ്ങള്‍ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തുടങ്ങിയ അധിവേദനം ഉത്തമമായ ലൗകികാചാരമായി ചെയ്‌വാന്‍ കഴിവില്ലാത്ത കിഴവന്മാര്‍ക്ക് ധനസമ്പാദനത്തിനും ഇതൊരു സുഖമാര്‍ഗമായി. വേള്‍ക്കാന്‍ എത്ര പണം കിട്ടണമെന്നാവശ്യപ്പെട്ടാലും കന്യകമാരുടെ രക്ഷിതാക്കന്മാര്‍ കൊടുക്കാന്‍ നിര്‍ബന്ധിതരായി. സപത്‌നീദുഃഖം അനുഭവിക്കേണ്ടരുതാത്ത അന്തര്‍ജനങ്ങളും കുറഞ്ഞു. യുവാവിനു വൃദ്ധയായ ഒരു ഭാര്യയെ എത്രത്തോളം സ്‌നേഹി ക്കാന്‍ കഴിയും അതുപോലെ വൃദ്ധന്മാരുടെ മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാരായി കഴിയുന്ന അന്തര്‍ജന യുവതികളുടെ കഥ നിങ്ങളൊന്ന് ആലോചിച്ചാല്‍ കൊള്ളാം. ഈ ആലോചന നിങ്ങള്‍ക്ക് എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അധിവേദനവും വൃദ്ധവിവാഹവും ഈ ഭൂമുഖത്തുനിന്നും എത്രയോമുമ്പ് അന്തര്‍ദ്ധാനം ചെയ്യുമായിരുന്നു. അന്യസമുദായത്തില്‍ ഭാര്യയും മക്കളുമുള്ള അനന്തരവന്മാര്‍ എങ്ങനെ സ്വഗൃഹത്തില്‍ ഉത്തരവാദിത്വമുള്ളവരായി തീരും. അവരുടെ ജ്യേഷ്ഠസഹോദരന്മാര്‍ എങ്ങനെ വിശ്വസിക്കും. ജ്യേഷ്ഠസഹോദരന്മാരുടെ അധികാര പ്രവണതയില്‍ തലപൊക്കുവാന്‍ സൗകര്യപ്പെടാതെ സ്വന്തംവാത്സല്യഭാജനങ്ങള്‍ക്ക് ഇല്ലത്തുനിന്നും വല്ലതും അപഹരിച്ചുകൊടുക്കാന്‍ നീവൃത്തിയില്ലാതെ പല്ലിറുമ്മി വളര്‍ന്നിട്ടുള്ള അനുജന്മാര്‍ക്ക് അഥവാ അപ്ഫന്മാര്‍ കൈകാര്യം കിട്ടിയാല്‍ പിന്നെ ആ തറവാടിന്റെ സ്ഥിതിയെന്ത്?. സമാധാനവും സന്തുഷ്ഠിയും വിളയാടുന്ന നമ്പൂതിരി ഗൃഹങ്ങള്‍ ഇല്ലാതിരിക്കുന്നതിലും മിക്ക ഗൃഹങ്ങളും നശിക്കുന്നതിലും എന്തെങ്കിലും ആശ്ചര്യപ്പെടാനുണ്ടോ?. ജ്യേഷ്ഠപുത്രന്‍ - മോറും കൂറും വേറെയായിട്ടുള്ള അഞ്ചാറു അപ്ഫന്മാരുടെ ഭരണത്തിനുശേഷം ഭരണം കിട്ടുന്ന ജ്യേഷ്ഠപുത്രന്‍ ഭരിക്കുമ്പോഴെങ്കിലും കുടുംബത്തിലെ അന്തര്‍ജനങ്ങള്‍ക്ക് വല്ല ഗുണവുമുണ്ടെങ്കില്‍ അങ്ങനെയെങ്കിലും കുറെ സമാധാനിക്കാമായിരുന്നു. നമ്പൂതിരിമാര്‍ക്കു വിദ്യാഭ്യാസമില്ലാതെ വരുവാനും കാരണം അവരുടെ വിവാഹ സമ്പ്രദായം തന്നെ. വിദ്യാഭ്യാസം ചെയ്യിക്കണമെന്നു തോന്നുന്ന മാതാപിതാക്കന്മാരുടെ ഭരണത്തിലല്ല നമ്പൂതിരി ബാലികാബാലന്മാര്‍ വളരുന്നത്. ഗൃഹസ്ഥന്മാര്‍കൂടി, വിജാതീയ ഭാര്യാ മക്കളോടുകൂടി കണക്ക് പറഞ്ഞുകഴിഞ്ഞാല്‍ സ്വഗൃഹത്തിലെ സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കുവാന്‍ മുതലുണ്ടാവില്ല. വിജാതീയരോട് അസൂയ ഉണ്ടായിട്ടല്ല ഞാന്‍ പറയുന്നത്. നമ്പൂതിരിമാരെ ഏകഭാര്യാവ്രതം അനുഷ്ഠിപ്പിക്കുവാനും അവരെ സ്വജാതിയില്‍ വിവാഹം ചെയ്യിക്കുവാനും ശക്തിയുള്ള ഒരു രാജകീയ നിയമം ഉണ്ടായാലല്ലാതെ അന്തര്‍ജനങ്ങളായ ഞങ്ങള്‍ക്ക് മോചനം ഉണ്ടാകുകയില്ലെന്നു നിങ്ങളെ അനുസ്മരിപ്പിക്കുവാന്‍ വേണ്ടി വാസ്തവസംഗതി വെളിപ്പെടുത്തുകയാണു ചെയ്തത്.
ഇങ്ങനെ ആലോചിച്ചു തുടങ്ങിയാല്‍ നമ്പൂതിരി സമുദായത്തില്‍ കാണുന്ന സകല ദോഷങ്ങള്‍ക്കും ഏകകാരണം അവരുടെ കുത്സിതമായ വിവാഹരീതിയാണെന്ന് പ്രത്യക്ഷപ്പെടുന്നു. പെണ്‍കൊടയ്ക്കുള്ള വൈഷമ്യം നിമിത്തമാണ് മാതാപിതാക്കന്മാര്‍ ഒരു പെണ്‍കുട്ടിയുണ്ടായാല്‍ നടുങ്ങുന്നത്. (ഹിയര്‍, ഹിയര്‍) വല്ലവന്മാരുടെയും അടുക്കളയിലേക്കുള്ളതല്ലേ എന്ന നിലയില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നതുതന്നെ അതികഠിനമായ രീതിയിലാണ്. വേണ്ട സമയത്തുവേണ്ടരീതിയില്‍ ഭക്ഷണം കൊടുക്കയില്ല. കളിപ്പിക്കുന്നതിലും കുളിപ്പിക്കുന്നതിലും ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതിലും എല്ലാം എന്തോ ഒരു പന്തികേട് എവിടേയും കാണും. വിദ്യാഭ്യാസത്തിന്റെ കഥ പറയേണ്ട. വയ്ക്കുകയും വിളമ്പുകയും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു സിദ്ധിക്കുന്ന വിദ്യാഭ്യാസം. അതിനു മാത്രമാണത്രേ അവരെ സൃഷ്ടിച്ചിട്ടുള്ളത്. ഈ മനഃസ്ഥിതികള്‍ക്ക് മാറ്റം വരുത്തണമെങ്കില്‍ പഠിപ്പും പരിഷ്‌കാരവുമുള്ള യുവാക്കന്മാരായ നമ്പൂതിരിമാര്‍ സ്വജാതിയില്‍ സാധാരണയായി വിവാഹം കഴിച്ചു തുടങ്ങണം. അതിനാഗ്രഹമുള്ളവര്‍ക്കു കഴിവുണ്ടാക്കിക്കൊടുക്കുകയാണല്ലോ ഈ ബില്ലിന്റെ പ്രധാനോദ്ദേശ്യം. ബഹുമാനപ്പെട്ട മെമ്പറുടെ ബില്‍ പരിപൂര്‍ണമല്ലായിരിക്കാം. എന്നാല്‍ ഓരോ ഗൃഹസ്ഥനും വേറെ വേറെ കുടുംബമായി ഭാഗം വാങ്ങി താമസിക്കാന്‍ സൗകര്യമുള്ള ഒരു ബില്ലാണ് ഇന്ന് നമ്പൂതിരി സമുദായത്തിന് ആവശ്യം. ചെലവിനു കിട്ടുവാന്‍ ഇന്നു എല്ലാ കുടുംബത്തിനും അവകാശമുണ്ടത്രേ. പക്ഷേ, വാങ്ങാനുള്ള പ്രയാസം ആ അധികാരം ആര്‍ക്കും അത്ര ആവശ്യമില്ലാതെയാണിരിക്കുന്നത്. വല്ലവരും വാങ്ങാന്‍ പുറപ്പെട്ടാല്‍ കിട്ടാറാകുമ്പോഴേക്കും തറവാട്ടില്‍ കൊടുക്കാന്‍ ഒന്നുമില്ലാതെയാക്കാനുള്ള കാരണവന്മാരുടെ ദുരധികാരത്തെ ഈ ബില്‍ തടുക്കുന്നത് ഒരു വലിയ കാര്യമാണ്. അധിക വ്യവഹാരം കൂടാതെ ചെലവിനു കിട്ടാറാകുമെന്ന് ബില്‍ കര്‍ത്താവ് പ്രതീക്ഷിക്കുന്നതുപോലെ വന്നാല്‍ വളരെ നന്നായി. വരിവേദനത്തിനു നിയാനുവാദം ഉണ്ടായതുകൊണ്ട് സ്വഗൃഹത്തില്‍ നിന്നുചെലവിനു വാങ്ങി വേറിട്ടു താമസിക്കാന്‍ സൗകര്യമുള്ളതുകൊണ്ടും സ്വജാതീയവിവാഹം സാര്‍വത്രികമാകുമെന്നും നല്ലവണ്ണം സമാധാനിക്കാം.
കാരണവന്മാരുടെ അധികാരാവകാശങ്ങളേയും ചുമതലകളേയും ക്രമപ്പെടുത്തി നിയന്ത്രിക്കുക, സ്ത്രീകളുടെ വിവാഹകാര്യത്തില്‍ ചില വ്യവസ്ഥകള്‍ ചെയ്യുക, വേറെ താമസിച്ചാല്‍ ചെലവിനു കിട്ടാനുള്ള അവകാശം ഉണ്ടാക്കുക, പിന്തുടര്‍ച്ചാവകാശം മൈനര്‍മാരുടെ രക്ഷാകര്‍ത്തൃത്വം ഇവ ക്രമപ്പെടുത്തുക മുതലായ നമ്പൂതിരി സമുദായത്തിന് ഇന്നാവശ്യപ്പെടുന്ന പ്രധാന പരിഷ്‌കരണങ്ങളെല്ലാം ഒരു മിതമായ നിലയിലാണെങ്കിലും ഈ ബില്ലില്‍ അടങ്ങിയിട്ടുണ്ട്. ഈ നില ബില്‍ കര്‍ത്താവ് സ്വീകരിച്ചതു പ്രായോഗികതയെ ഉദ്ദേശിച്ചായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നമ്പൂതിരിമാരുടെ ഇടയില്‍ സ്വാര്‍ത്ഥമായും നിഷ്പക്ഷമായും അഭിപ്രായം പറയുവാന്‍ ഒരുങ്ങുന്ന ഏതൊരു വ്യക്തിയും ഈ ബില്ലിനെ എതിര്‍ക്കുന്നില്ല. അങ്ങനെയിരിക്കെ ഇതിനെ ബഹുമാനപ്പെട്ട നിയമസഭാംഗങ്ങളും അനുകൂലിക്കുമെന്നും ഇതിന്റെ സുരക്ഷിതമായ പുരോഗതിക്കു സഹായിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
(കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ - പി ഭാസ്‌കരനുണ്ണി - പേജ് 422, 423, 424).
കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ശക്തിയും ഊര്‍ജവും നല്‍കാനുതകുന്ന തരത്തിലുള്ള ഈ പ്രസംഗം തന്നെ പാര്‍വതി നെന്മിനിമംഗലത്തിന്റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. പക്ഷെ ഈ പ്രയത്‌നങ്ങളടെ ഫലം അനുഭവിക്കാനുള്ള ഭാഗ്യം പാര്‍വതി നെന്മിനിമംഗലത്തിന് ഉണ്ടായില്ല. പുത്തന്‍ തലമുറയ്ക്ക് മുഴുവന്‍ പ്രചോദനമായി ജീവിച്ച പാര്‍വതി നെന്മിനിമംഗലം 1947ല്‍ 36-ാം വയസ്സില്‍ അന്തരിച്ചു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും