ബ്രാഹ്മണ്യത്തിന്റെയും ജന്മിത്വത്തിന്റെയും വിലക്കുകളെ ലംഘിച്ച് തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടിയേന്തിയ ധീരവനിതയാണ് ഉമാദേവി അന്തര്‍ജനം. പെരിന്തല്‍മണ്ണയിലെ പുലാമന്തോള്‍ ചൊവ്വൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും കാളി അന്തര്‍ജനത്തിന്റെയും മകളായി 1926ലാണ് ഉമാദേവിയുെട ജനനം. യാഥാസ്ഥിതികത്വം കൊടികുത്തി നിലനിന്നിരുന്ന ഇല്ലത്തിന്റെ ഇരുള്‍മൂടിയ അകത്തളങ്ങളിലായിരുന്നു കുട്ടിക്കാലം. പുറം ലോകം കാണാനുള്ള അനുവാദം സ്വന്തം ഇല്ലത്ത് ഇല്ലാതിരുന്നതുകൊണ്ടുതന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. പുറത്തുനിന്നെത്തിയ അധ്യാപകര്‍ ഇല്ലത്തുവന്ന് അക്ഷരം പഠിപ്പിച്ചതു മാത്രമാണ് ഉമാദേവിയുടെ വിദ്യാഭ്യാസം. പുലാമന്തോളില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇ എം എസിന്റെ ഏലംകുളം മന. അതുകൊണ്ട് ഇ എം എസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉമാദേവിയ്ക്ക് ലഭിച്ചു. 17-ാം വയസ്സില്‍ കളമ്പൂര്‍ തളിമല ടി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഉമാദേവി അന്തര്‍ജനത്തിന്റെ ആദ്യത്തെ പുറംലോക യാത്ര. വിവാഹം കഴിഞ്ഞാണ് മാറുമറച്ച് ബ്ലൗസ് ധരിക്കാനുള്ള ഭാഗ്യമുണ്ടായതെന്ന് തന്റെ കുട്ടിക്കാലത്തെ ദുരവസ്ഥയെ ഓര്‍മ്മിച്ചുകൊണ്ട് ഉമാദേവി പലപ്പോഴും പറയുമായിരുന്നു. കോഴിക്കോട് ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ ജോലിക്കാരനായിരുന്നു ടി കൃഷ്ണന്‍ നമ്പൂതിരി. വിവാഹ സമയത്ത് നമ്പൂതിരി ക്ഷേമസഭയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കോഴിക്കോടുവച്ച് തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അംഗമായി. യോഗക്ഷേമ സഭയുടെ ഭാഗമായി നമ്പൂതിരി സ്ത്രീകളെ സംഘടിപ്പിച്ചായിരുന്നു ഉമാദേവി അന്തര്‍ജനത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. യോഗക്ഷേമ സഭയുടെ പ്രസിദ്ധമായ ഒങ്ങല്ലൂരിലെ യോഗത്തിലാണ് ആദ്യമായി ഉമാദേവി അന്തര്‍ജനം പങ്കെടുക്കുന്നത്. ആ യോഗത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു അധ്യക്ഷന്‍. കരിപുരണ്ട ഇല്ലത്തിനകത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിഴലുകള്‍ക്കു തുല്യമായി ജീവിച്ചിരുന്ന നമ്പൂതിരി സ്ത്രീകളെ മറക്കുട മാറ്റി പുറത്തുകൊണ്ടു വരാന്‍ ആര്യാപള്ളത്തെ പോലുള്ളവര്‍ ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. ആര്യാപള്ളത്തില്‍ ഉമാദേവി തന്റെ പൊതുജീവിതത്തിന്റെ മാതൃക കണ്ടെത്തി. തുടര്‍ന്ന് യോഗക്ഷേമസഭയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ ഉമാദേവി നാടക കലാരംഗത്തും സജീവമായി. വി ടിയും പ്രേംജിയും മൂത്തിരിങ്ങോടനും മറ്റും കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ മനകളുടെ കൂറ്റന്‍ നടുമുറ്റങ്ങളിലേക്ക് ആശയങ്ങളുടെ ബോംബുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. നാടകാവതരണം ആശയ പ്രചരണത്തിന് ഏറ്റവും നല്ല ഉപാധിയാണെന്ന് അനുഭവത്തിലൂടെ അവരറിഞ്ഞു. ഉമാദേവി മടിച്ചുനിന്നില്ല. നാടകാഭിനയത്തിനും തയ്യാറായി. ''തൊഴില്‍ കേന്ദ്രത്തിലേക്ക്'' എന്ന നാടകത്തില്‍ നായികയായ ദേവകിയുടെ വേഷത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അന്തപ്പുരങ്ങളിലെ അന്ത:ഛിദ്രങ്ങളും ജീര്‍ണിച്ചു ദ്രവിച്ച ആചാരാനുഷ്ഠാനങ്ങളും കണ്ട് മനംനൊന്തു മൗനികളായിരുന്നവരെ ആവേശത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും ഊര്‍ജം പകര്‍ന്ന് വിപ്ലവാഭിവാഞ്ഛയിലേക്കെത്തിക്കാന്‍ ഈ നാടകത്തിനു സാധിച്ചു. ഭര്‍ത്താവില്‍നിന്നാണ് ഉമാദേവി അന്തര്‍ജനം പുരോഗമന ആശയങ്ങള്‍ സ്വാംശീകരിച്ചത്. വിവാഹശേഷം കളമ്പൂരിലെ തളിമനയുടെ ചുറ്റുവട്ടത്തുള്ള ചെറുകിട -ദരിദ്ര-നാമമാത്ര കര്‍ഷകരെയും സ്ത്രീകളെയും സംഘടിപ്പിച്ച് കൃഷ്ണന്‍ നമ്പൂതിരിക്കൊപ്പം പൊതുരംഗത്തെ സാന്നിധ്യമായി. പിറവം പാടത്ത് ഒരു മാസത്തിലേറെ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി സമരത്തോടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധേയയാവുന്നത്. സ്വന്തം തറവാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ജന്മിമാര്‍ക്കെതിരെയായിരുന്നു സമരം. ചേറിലും ചെളിയിലും പണിയുന്ന ചെറുമരുടെ നടുവില്‍ ചെങ്കൊടി പിടിച്ചു, വെളുത്തുതുടുത്ത അന്തര്‍ജനത്തെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. ഒരു വെള്ളിടിയായി നീണ്ട ആ സമരത്തിന്റെ നാളുകളില്‍ ഏറെ പീഡനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അവര്‍ ഇരയായി. മിച്ചഭൂമി സമരം കൊടുമ്പിരികൊണ്ടപ്പോഴും മുന്നണിയിലുണ്ടായിരുന്നു. തുടര്‍ന്ന് വിലക്കയറ്റത്തിനെതിരെ വൈക്കത്ത് സംഘടിപ്പിച്ച തുടര്‍ച്ചയായ സമരങ്ങള്‍ക്കും നേതൃത്വം നല്‍കി. ആ സമരവുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ തന്റെ കുടുംബം വക ഏക്കര്‍കണക്കിനു ഭൂമി പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ക്കു നല്‍കി മാതൃക കാട്ടിയ ജന്മി കുടുംബമായിരുന്നു ഉമാദേവിയുടേത്. വാഹന സൗകര്യം ഒട്ടും ഇല്ലാതിരുന്ന കാലത്ത് രാമമംഗലത്തും മറ്റ് ഇല്ലങ്ങളിലും ചെന്ന് സ്ത്രീകളെ കാണുന്ന അവസരങ്ങളില്‍ സമയം വൈകിയാല്‍ അവിടെതന്നെ രാത്രി താമസിക്കുകയായിരുന്നു പതിവ്. സ്വന്തം പ്രയത്‌നത്തിന്റെ ഫലമായി പാഴൂര്‍ പടിക്കല്‍ നടന്ന സമ്മേളനത്തില്‍ ധാരാളം നമ്പൂതിരി സ്ത്രീകള്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ ഭാരവാഹി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആദ്യ അനുഭവം അവര്‍ പറയുന്നതിങ്ങനെ:- ''ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ രാമന്‍ നമ്പൂതിരി ഒരു ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു. അതും നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരന്‍. സ്ഥിരമായി ഇല്ലത്ത് കോണ്‍ഗ്രസ്സിന്റെ യോഗങ്ങള്‍ ചേരാറുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കായിരുന്നു. അനുജനായ എന്റെ ഭര്‍ത്താവാണെങ്കില്‍ അടിയുറച്ച കമ്യൂണിസ്റ്റുകാരനും ഇ എം എസ് ഭക്തനും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കാളയ്ക്കു കുത്തണമെന്ന് ജ്യേഷ്ഠനും അരിവാളിന് കുത്തണമെന്ന് അനുജനും. ജ്യേഷ്ഠനോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ വെച്ചുതന്നെ തൊഴിലാളി വര്‍ഗത്തിനുവേണ്ടി അഹോരാത്രം പോരാടുന്ന പാര്‍ടിയുടെ ചിഹ്നമായ അരിവാളിന് വോട്ടു ചെയ്ത് പോന്നു.പിറവത്തു നടന്ന ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ. കെ ടി ജേക്കബിന്റെ കൈയില്‍നിന്ന് കിട്ടിയ ചുവപ്പ് കാര്‍ഡ് വലിയ അഭിമാനമുണ്ടാക്കി എന്നുമാത്രമല്ല; ഒരു നിധിപോലെയാണ് തോന്നിയത്.'' 1970കളില്‍ വൈക്കം താലൂക്ക് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ തീഷ്ണതയില്‍ എരിയുമ്പോള്‍ എല്ലാ വിലക്കുകളും ലംഘിച്ച് സമരരംഗത്തേക്ക് ഇറങ്ങിച്ചെന്നു. വെള്ളൂര്‍ സിപിഐ എം ഓഫീസ് കത്തിച്ചതിനെതിരെ വൈക്കം വിശ്വന്‍, കെ കെ ജോസഫ് എന്നിവരോടൊപ്പം നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഇവരുടെ സമര ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. രണ്ടായിരത്തോളം പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് പലരും ഉമാദേവിയെ ഉപദേശിച്ചെങ്കിലും സ്ത്രീ ഭീരുവല്ലെന്ന പ്രഖ്യാപനത്തോടെ ചെങ്കൊടിയേന്തി മുന്നില്‍ നടന്നു. 1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപികരിച്ചപ്പോള്‍ അന്നത്തെ നേതാക്കളായിരുന്ന സുശീലാ ഗോപാലന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവരോടൊപ്പം സംഘടന കെട്ടിപടുക്കുന്നതില്‍ ഏറെ ത്യാഗം ചെയ്തു. 1981ല്‍ കോട്ടയത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉമാദേവി അന്തര്‍ജനത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. താമസം പിറവത്തെ കളമ്പൂരിലായിരുന്നെങ്കിലും പ്രവര്‍ത്തന രംഗം കോട്ടയം ജില്ലയായിരുന്നു. മാറുമറക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെ കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരി സ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യവും ഇവര്‍ ഏറ്റെടുത്തു. 1955ലാണ് ഉമാദേവി കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. അടിയന്തിരാവസ്ഥകാലത്ത് കൊടിയ പോലീസ് മര്‍ദനത്തിന് ഇരയായി. 1960ല്‍ കടുത്തുരുത്തിയില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ദീര്‍ഘകാലം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിറവം പഞ്ചായത്ത് പ്രസിഡണ്ടും നഗരസഭയായതിനുശേഷം ചെയര്‍പേഴ്‌സണുമായിരുന്നു. പാലിയം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പാര്‍ടി ആദ്യം ഉമാദേവിയെ തെരഞ്ഞെടുത്തെങ്കിലും ഗര്‍ഭിണിയായതിനാല്‍ പിന്നീട് ഉഴിവാക്കുകയായിരുന്നു. പാവപ്പെട്ട സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ബ്ലോക്ക് വനിതാ സമാജങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ രക്തതാരകമായ കുഞ്ഞുക്കുട്ടി തമ്പുരാട്ടിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഗൗരിയമ്മ, സുശീലാ ഗോപാലന്‍ എന്നിവരോടൊപ്പം പങ്കെടുത്തു. ഖാദി ആന്‍ഡ് വില്ലേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട്, ഖാദി ബോര്‍ഡ് അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്, സെറിഫെഡ് ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഉമാദേവി അന്തര്‍ജനം 2011 ജൂണ്‍ ഏഴിന് അന്തരിച്ചു.