സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഹലീമ ബീവി




സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്ത് മതപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹലീമ ബീവിയുടെ പൊതുപ്രവര്‍ത്തനം. അതിനായി നടത്തിയ ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ ലക്ഷ്യത്തിലെത്തി എന്ന ചാരിതാര്‍ത്ഥ്യം ഇവര്‍ക്കുണ്ട്.
സ്വപ്രയത്‌നംകൊണ്ട് 18-ാം വയസ്സില്‍ പത്രാധിപയായി കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിയാണ് ഹലീമാ ബീവി. മുസ്ലീം സമുദായത്തില്‍ നിന്നും പത്രപ്രവര്‍ത്തന രംഗത്തേക്കു വന്ന ആദ്യത്തെ വനിതകൂടിയാണ് ഹലീമ.
1918ല്‍ മൈതീന്‍ ബീവി-പീര്‍മുഹമ്മദ് ദമ്പതികളുടെ മകളായി അടൂരിലാണ് ഹലീമ ബീവി ജനിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കൂമ്പോഴേ സാഹിത്യ വിഷയങ്ങളില്‍ അതീവ തല്‍പരയായി. മറ്റു സമുദായത്തിലെ കുട്ടികള്‍ പ്രസംഗ മത്സരത്തിലും മറ്റും പങ്കെടുക്കുമ്പോള്‍ ബീവി തന്റെ ആഗ്രഹങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു. ഏഴാം ക്ലാസുവരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. എങ്കിലും പില്‍ക്കാലത്ത് അവര്‍ കൈവെയ്ക്കാത്ത മേഖലകളില്ലെന്നു പറയാം. കേരളത്തിലെ അറിയപ്പെടുന്ന ഒരു പ്രാസംഗികയും ലേഖികയുമായിരുന്ന ഹലീമ പല അപൂര്‍വ പദവികളും വഹിച്ചു. കേരളത്തിലെ മുസ്ലീം സ്ത്രീകളില്‍ ആദ്യമായി നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ കൗണ്‍സിലറുമായി. തെരഞ്ഞെടുപ്പിലൂടെയല്ല ഹലീമ ബീവി ഈ സ്ഥാനത്തെത്തിയത്. തിരുവല്ലയില്‍ പത്രപ്രവര്‍ത്തകയായിരിക്കെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് അവരെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. അഞ്ചുവര്‍ഷം കൗണ്‍സിലറായി തുടര്‍ന്നു.

1938ലാണ് തിരുവല്ലയില്‍നിന്ന് 'മുസ്ലീംവനിത' എന്ന പേരില്‍ മാസിക തുടങ്ങൂന്നത്. ഇതിന്റെ പത്രാധിപയായിട്ടാണ് ഹലീമ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അത് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. അതിന്റെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമ ബീവിയായിരുന്നു. 1946ല്‍ 'ഭാരത ചന്ദ്രിക' ദിനപത്രം വാരികയായി തുടങ്ങിയപ്പോള്‍ വാരികയുടെയും ദിനപത്രത്തിന്റെയും പത്രാധിപയായും പ്രവര്‍ത്തിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അന്ന് സബ്എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം ഇവയുടെ പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. 1972ല്‍ 'ആധുനിക വനിത' എന്ന പേരില്‍ പ്രസീദ്ധീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ഒമ്പതു ലക്കം മാത്രമേ ഇറങ്ങിയുള്ളൂ.ഇന്നത്തെ തലമുറക്കു ചിന്തിക്കാവുന്നതിലും മെച്ചപ്പെട്ട രചനകളുമായിട്ടാണ് 'ആധുനിക വനിത' പ്രസിദ്ധീകരിച്ചത്. 'ഒരു ദേശീയ വിപത്ത്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പത്രാധിപകുറിപ്പ് ഹലീമ ബീവിയുടെ ദീര്‍ഘവീക്ഷണത്തിന് ഉദാഹരണമാണ്. സ്ത്രീകള്‍ ആഡംബര വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ വിശദീകരിച്ചത്. 

ഭാരതത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന കള്ളക്കടത്തിനു പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം ആഢംബര വസ്തുക്കളോടും സ്വര്‍ണത്തോടുമുള്ള അമിതമായ പ്രിയമാണെന്ന് ഹലീമ ബീവി മുഖപ്രസംഗത്തില്‍ എഴുതിയിരുന്നു.സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല, മറിച്ച് പുരുഷന്മാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഇവര്‍ ഉറച്ച് വിശ്വസിച്ചു. തന്റെ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരുടെ പങ്ക് ഉണ്ടായിരുന്നു എന്ന് സമ്മതിക്കുമ്പോഴും പുരുഷന്മാരുടെ വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്ങും തണലുമായി പ്രവര്‍ത്തിച്ചത് ഭര്‍ത്താവ് കെ എം മുഹമ്മദ് മൗലവിയാണെന്ന് ഹലീമ എപ്പോഴും പറയാറുണ്ടായിരുന്നു. സര്‍ സി പിയുടെ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചതിന് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടു.പല രീതിയിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായെങ്കിലും ആദര്‍ശത്തില്‍ ഉറച്ചുനിന്നു. വിമോചന സമരത്തില്‍പങ്കെടുത്ത് ഹലീമ ബീവി അറസ്റ്റിലായിരുന്നു.
പ്രശസ്തരായ പല സാഹിത്യകാരന്മാരും പുതുതലമുറയും ഹലീമ ബീവിയുടെ പത്രാധിപത്യത്തിലുള്ള പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട്, കെ ഗോമതിയമ്മ, പി വത്സല തുടങ്ങിയവരും ഇവരില്‍ ചിലര്‍ മാത്രം.

സ്വാതന്ത്ര്യ സമരത്തില്‍ ഹലീമ ബീവി സജീവമായി പങ്കെടുക്കുകയും അറസ്റ്റു വരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയും സേവാദള്‍ പ്രവര്‍ത്തകയും ഡിസിസി അംഗവുമായിരുന്നു. തിരുവിതാംകൂര്‍ മുസ്ലീം മജ്‌ലിസിന്റെ സജീവ പ്രവര്‍ത്തക, തിരുവല്ല മുസ്ലീം വനിതാ സമാജം പ്രസിഡന്റ്, മജ്‌ലിസ് ലീഗ് സംയോജന കമ്മിറ്റി അംഗം, തിരുവല്ല താലൂക്ക് മുസ്ലീം ലീഗ് യൂണിയന്‍ സെക്രട്ടറി, പെരുമ്പാവൂര്‍ മഹിളാ മണ്ഡലം ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള എല്ലാ ലേഖനങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു. മലയാളം അക്ഷരം പഠിക്കുന്നത് ഇസ്ലാം മതത്തിനെതിരാണെന്ന വിശ്വാസം കേരളത്തിലെ ചില മുസ്ലീം വിഭാഗങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നു. അക്ഷരം പഠിക്കുന്നതിനെതിരെ മതവിധികള്‍ (ഫത്‌വ) പോലും പുറപ്പെടുവിച്ചിരുന്നു. ഇതൊക്കെയാവും വിദ്യാഭ്യാസത്തെ കുറിച്ച് പല ലേഖനങ്ങളും എഴുതാന്‍ ഹലീമ ബീവിയെ പ്രേരിപ്പിച്ചത്.
വിദ്യാഭ്യാസത്തെ കുറിച്ച് ഹലീമാ ബീവി എഴുതുന്നു:
''വിദ്യാഭ്യാസം ഓരോ മുസ്ലീം പുരുഷനും സ്ത്രീക്കും നിര്‍ബന്ധമായിട്ടുള്ളതാകുന്നു. ഈ ഹദിസിന്റെ പ്രായോഗിക വശത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ഇന്ന് കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വാധീനം കരസ്ഥമാക്കാതിരിക്കുന്ന ഒരു കൂട്ടം പണ്ഡിതന്മാര്‍ മുകളില്‍ പറഞ്ഞ 'ഇല്‍മ്' എന്ന പദത്തിന് വേദാന്തപരമായ അര്‍ഥത്തില്‍ 'മതപരമായ അറിവ്' എന്ന് കുടുസ്സായ ഒരു അര്‍ഥം കൊടുത്തുകൊണ്ട്, അതിന്റെ ആശയ വ്യാപ്തിയെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. വാദത്തിനുവേണ്ടി നമ്മുക്കത് സമ്മതിച്ചു കൊടുക്കാം. വാദത്തിനുവേണ്ടി എന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറാന്‍ കാരണം ഇല്‍മ് എന്ന പദം ആ അര്‍ഥത്തില്‍ നബി (സ) ഉപയോഗിച്ചതായി അറിയപ്പെടാത്തതുകൊണ്ട് മാത്രമാണ്. നബിയോ ഖുര്‍ആനോ മതപരമെന്നും ലൗകികമെന്നും തരംതിരിക്കുന്ന നിലയിലുള്ള ആശയം ഒരിക്കലും പ്രകടമാക്കിയിട്ടില്ല. ഒരു യഥാര്‍ത്ഥ മുസ്ലീമിന് ജീവിതം മുഴുവനും മൊത്തത്തില്‍ മതപരമാകുന്നു. അതുപോലെതന്നെ അവന്റെ വിജ്ഞാനങ്ങളെല്ലാം മൊത്തത്തില്‍ മതപരമായിട്ടുള്ളതാണ്. ഇസ്ലാം മതത്തിന്റെ തത്വോപദേശ പ്രകാരം ഏറ്റവും വിപുലമായ അറിവും ലോക പരിചയവും സിദ്ധിച്ച ഒരാളാണ് മതപരമായ യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിക്കാനും മതാനുഷ്ഠാനത്തെ സംബന്ധിച്ച് മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും ഏറ്റവും അര്‍ഹതയുള്ളവന്‍. പതിമിതമായ അറിവും വീക്ഷണഗതിയും ഉള്ള ഒരാള്‍ക്ക് പൂര്‍ണമായ വിധത്തിലുള്ള വ്യാഖ്യാനം മത പ്രമാണങ്ങള്‍ക്ക് നല്‍കാനുള്ള കഴിവ് ഉണ്ടായിരിക്കുന്നതല്ല. ഈ യാഥാര്‍ഥ്യത്തിന്റെ നിഷേധരൂപമാണ് പൗരോഹിത്യം. ഇല്‍മ് മതപരമായ അറിവ് മാത്രമാണെങ്കില്‍ കൂടിയും ആ അറിവില്‍ സാമാന്യജ്ഞാനം സിദ്ധിച്ച എത്ര മുസ്ലീം സ്ത്രീകള്‍ നമ്മുടെ കേരളത്തിലുണ്ട്. അതും പോകട്ടെ, നമ്മുടെ സ്ത്രീകള്‍ മതപരമായ പാണ്ഡിത്യം നേടണന്നെ് ഉപദേശിക്കുകയോ അനുവദിക്കുകയോ ചെയ്യുന്ന പണ്ഡിതന്മാര്‍ എത്ര പേരുണ്ട്? അവരെ പ്രേരിപ്പിക്കുന്നുണ്ടോ?, അവര്‍ക്കു പ്രോത്സാഹനം നല്‍കുന്നുണ്ടോ?, അതോ അവരെ നിരുത്സാഹപ്പെടുത്തുകയും പിറകോട്ട് പിടിച്ചു വലിക്കുകയുമാണോ നമ്മുടെ പണ്ഡിതന്മാര്‍ ചെയ്യുന്നത്. ഒറ്റ വാക്കില്‍ ഞാന്‍ ചോദിക്കാം; ഇല്‍മ് എന്നു പറഞ്ഞാല്‍ ദീനിയായ അനുഷ്ഠാനങ്ങളെപറ്റിയുള്ള അറിവ് മാത്രമാണെന്ന കുടുസ്സായ ആശയം വെച്ചു പുലര്‍ത്തുന്ന മുസ്ല്യക്കന്മാര്‍, അവരെപോലെ കിത്താബോതി മുസ്ല്യാക്കളാകാന്‍ എത്ര സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്?. മതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് പാണ്ഡിത്യവും ബിരുദവും നേടിയ വനിതകള്‍ മലബാറിലുണ്ട്. ഇവിടെ സന്നിഹിതരായവരിലുണ്ട്. അവരെ വിസ്മരിച്ചുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. ഇല്‍മിന് ഒരു പ്രത്യേക അര്‍ഥം കൊടുത്ത് കുടുസ്സാക്കിയവരെ മാത്രം ഉദ്ദേശിച്ചാണ്. മതപരമായ അറിവിനെ മാത്രം ലക്ഷ്യമാക്കി നമുക്ക് ചിന്തിക്കാം.
ഓരോ മുസ്ലീം സ്ത്രീയും വിദ്യാഭ്യാസം നിര്‍ബന്ധമായി ചെയ്യണമെന്നുള്ള നബിവചനമനുസരിച്ച് കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ നില എന്താണ്? കലിമത്തുശ്ശഹാദത്ത്, ഫാത്തിഹ മുതലായവ ഓതുന്നതിനോ ഓതിയാല്‍ തന്നെയും അര്‍ഥം ഗ്രഹി ക്കുന്നതിനോ കഴിവുള്ള എത്ര സ്ത്രീകള്‍ ഉണ്ട്?. സ്ത്രീകളെ സംബന്ധിച്ചുള്ളതായ ഖുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളുമെങ്കിലും പഠിച്ചിട്ടുള്ള സ്ത്രീകള്‍ എത്രയുണ്ട്?. ഖുര്‍ആനും ഇസ്ലാമിക ചരിത്രങ്ങളും നബിചര്യകളും അറിയുന്ന എത്ര സ്ത്രീകളുണ്ട്?. അതുമാത്രമെങ്കിലും അവര്‍ പഠിച്ചിരുന്നുവെങ്കില്‍ മതിയായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ പരിപാവനമായിട്ടുള്ളതാണ്. സ്ത്രീകളെ അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന അവകാശങ്ങള്‍ സുരക്ഷിതമാക്കികൊണ്ട് സംരക്ഷിക്കുക - ഇതെല്ലാം നബി വചനങ്ങളാണ്. സഹോദരികളെ! നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിവുണ്ട്. ശരീഅത്തുപ്രകാരം സ്ത്രീക്ക് അവളുടെ സ്വത്തിനവകാശമുണ്ട്. ചില പരിസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരമാര്‍ഥങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്. ഇല്ലെങ്കില്‍ അവരെ ഇങ്ങനെ തരംതാഴ്ത്തി അടുക്കള പാവകളായി, പ്രസവ യന്ത്രങ്ങളായി മാറ്റി പുരുഷന്മാര്‍ക്ക് റസൂല്‍ (സ) മാതൃകയാണോ?. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാകുന്നു എന്ന ഖുര്‍ആന്‍ വാക്യത്തിന് അവര്‍ എന്തു സമാധാനം പറയും?. അല്ലയോ സഹോദരങ്ങളേ, നിങ്ങളുടെ സഹോദരികളോടുള്ള നിങ്ങളുടെ പ്രവര്‍ത്തിക്ക് റസൂല്‍ (സ) സാക്ഷ്യം വഹിക്കുമോ?.''
ഈ ലേഖനത്തില്‍ വിദ്യാഭ്യാസം സ്ത്രീക്കും പുരുഷനും നിര്‍ബന്ധമാണെന്ന് ഹലീമ ബീവി വ്യക്തമാക്കുന്നു. വിദ്യാഭ്യാസം നേടാത്തതിന് സ്ത്രീകളേയോ മതാചാരത്തെയോ പഴിചാരാനും അവര്‍ തയ്യാറല്ല. മത വിധികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെയാണ് അവര്‍ ഇതിന് ഉത്തരവാദികളായി കാണുന്നത്. മതത്തിനകത്തുള്ള അവകാശങ്ങളെ തിരിച്ചറിയണമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അവര്‍ മനസ്സിലാക്കുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. 'സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായവും സമൂഹവും രാജ്യവും പുരോഗമിക്കുകയില്ല' എന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു. സ്ത്രീകളുടെ പുരോഗതിക്കാണ് അവര്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്.2000ല്‍ ഹലീമ ബിവി അന്തരിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും