'നിരന്തരമായ വായനയാണ് ജീവിതത്തിന് അര്‍ഥം നല്‍കിയത്, ഇന്നും ജീവിക്കാനുള്ള ആവേശം നല്‍കുന്നതും വായനയാണ്.'-ഇല്ലങ്ങളിലെ അകത്തളങ്ങളില്‍ നടന്ന അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത ദേവകി നിലയങ്ങോടിന് ജീവിതമെന്നാല്‍ ഇന്നും വായനയാണ്. വായനയും വാര്‍ധക്യത്തില്‍ തുടങ്ങിയ എഴുത്തും.... അതാണ് ഈ മുത്തശ്ശിയുടെ ജീവിതം. നമ്പൂതിരി സമുദായത്തിന്റെ മാത്രമല്ല, അരനൂറ്റാണ്ടുമുമ്പുള്ള സമൂഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് സരസമായി, ലളിതമായി എഴുതുകയാണ് അവര്‍ ഇപ്പോള്‍. തൃശൂര്‍ തിരൂരിലെ വീട്ടില്‍ മകളോടൊപ്പം താമസിക്കുന്ന ഈ അമ്മയ്ക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. പക്ഷേ, അതാണ് സത്യം. പുസ്തകങ്ങളാണ് ഇവരുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍. തികച്ചും യാഥാസ്ഥിതികകുടുംബമായിരുന്ന പകലാവൂര്‍ ഇല്ലത്താണ് ദേവകി നിലയങ്ങോട് ജനിച്ചത്. മണലില്‍ അക്ഷരങ്ങള്‍ എഴുതിപ്പഠിച്ചു. അന്ന് പെണ്‍കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നത് പുരാണങ്ങള്‍ വായിക്കാന്‍വേണ്ടി മാത്രമായിരുന്നു. ഇല്ലങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. സംസ്‌കൃതം പഠിക്കാന്‍പോലും അനുവാദമില്ലാത്തക്കാലം. മറ്റുള്ള കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കു പഠിക്കാന്‍ പറ്റുന്നില്ല എന്ന ചിന്ത അലട്ടാന്‍ തുടങ്ങി ഈ കൊച്ചുപെണ്‍കുട്ടിയെ. അങ്ങനെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ തുടങ്ങി. നമ്പൂതിരിമാര്‍ക്കുവേണ്ടി വരുത്തിയിരുന്ന ആനുകാലികങ്ങള്‍പോലും അന്തര്‍ജനങ്ങള്‍ക്ക് വായിക്കാന്‍ കൊടുക്കാറില്ലായിരുന്നു. 'അന്തര്‍ജനങ്ങള്‍ വായിച്ചു തുടങ്ങിയാല്‍ സ്വന്തമായി ചിന്തിക്കാനോ വ്യക്തിത്വമുള്ളവരായി വളരാനോ ഇടവന്നാലോ എന്നാവാം..' തന്റെ കുട്ടികാലത്തിലേക്ക് ഓര്‍മകള്‍ പായിച്ച് ദേവകി നിലയങ്ങോട് പറഞ്ഞു. എന്നാല്‍ 1942ല്‍ വേളി കഴിച്ച് കൊണ്ടുപോയത് പുരോഗമന ചിന്താഗതിക്കാരായ നിലയങ്ങോട് ഇല്ലത്തേക്കായിരുന്നു. വിവാഹത്തിനുശേഷം ഭാര്യയെ ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന കുടിവയ്പിന് അകമ്പടി ഇന്‍ക്വിലാബ് വിളി. ബഹളം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ഞെട്ടിവിറച്ച് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഇതായിരിക്കാം ഇന്നാട്ടിലെ ആര്‍പ്പുവിളി എന്നു വിചാരിച്ച് അവള്‍ നിന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് ഈയൊരു കാര്യമാണെന്ന് അവര്‍ വ്യക്തമാക്കി. പുറംലോകവുമായി ഇടപെടാനുള്ള അവസരം ഇതോടെ ലഭിച്ചു. ധാരാളം പുസ്തകങ്ങളും മാസികകളും വായിക്കാന്‍ കിട്ടി. യോഗക്ഷേമസഭയുടെയും അന്തര്‍ജന സമാജത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും കഴിഞ്ഞു. ആര്യ അന്തര്‍ജനം, പാര്‍വതി നിലയങ്ങോട്, പാര്‍വതി നെന്മിനിമംഗലം തുടങ്ങിയവരോടൊത്ത് ഇടപഴകാന്‍ കഴിഞ്ഞത് ലോകത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അറിയാനും ദേവകി നിലയങ്ങോടിനെ പ്രേരിപ്പിച്ചു. ദേവകി നിലയങ്ങോടിന്റെ കുട്ടിക്കാലം എന്നു പറയുന്നത് പുറം ലോകത്ത് പ്രക്ഷോഭങ്ങളുടെ കാലഘട്ടമായിരുന്നു. നമ്പൂതിരിമാര്‍ ജാതിവ്യവസ്ഥ മടുത്ത് തങ്ങളുടെ വ്യക്തിത്വമില്ലായ്മയെച്ചൊല്ലി വിചാരങ്ങളും ആധികളും പ്രവര്‍ത്തനങ്ങളും തുടങ്ങിയ കാലം. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' നാടകം, നമ്പൂതിരി ബില്ല്, ഓലക്കുടയും ഘോഷയും കളഞ്ഞത്, നമ്പൂതിരി വിദ്യാലയങ്ങള്‍ തുറക്കല്‍ എല്ലാം നടന്നു കഴിഞ്ഞിരുന്നു. നാട്ടില്‍ ഉപ്പുസത്യഗ്രഹവും ക്ഷേത്ര പ്രവേശനവും വിദേശ വസ്ത്ര ബഹിഷ്‌കരണവും നടക്കുന്നു. എന്നിട്ടും ചില മനകളിലും അകത്തളങ്ങളിലും നാലുകെട്ടുകളിലും ഇരുട്ടൊഴിയാതെ നിന്നു. യോഗക്ഷേമസഭ എത്താന്‍ വൈകിയ ഇടങ്ങള്‍. ഇങ്ങനെയൊരിടത്താണ് ദേവകി തന്റെ ശൈശവവും കൗമാരവും ചെലവഴിച്ചത്. ബോധത്തിന്റെയും നിരവധി പേരുടെ പരിശ്രമത്തിന്റെയും ഫലമായി അവസാനം ഇവിടെയും വെളിച്ചം പരക്കുകയാണുണ്ടായത്. 1945ല്‍ സുപ്രസിദ്ധമായ ഓങ്ങല്ലൂര്‍ സമ്മേളനത്തില്‍ ദേവകി നിലയങ്ങോട് പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ വച്ചാണ് ഇ എം എസ് 'നമ്പൂതിരിയെ മനുഷ്യനാക്കണം' എന്ന പ്രഖ്യാപനം നടത്തുന്നത്. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും കൊല്ലംകൂടി ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സമ്മേളനം ഇടയാക്കി. പുരുഷന്മാരോടൊപ്പം ധാരാളം അന്തര്‍ജനങ്ങളും ഓങ്ങല്ലൂരിലെ യോഗത്തില്‍ പങ്കെടുത്തു. മുന്‍ സമ്മേളനങ്ങളേക്കാള്‍ എത്രയോ അധികം. പതുക്കെ അന്തര്‍ജനസമാജം എന്നൊരു സംഘടനയും രൂപീകരിക്കപ്പെട്ടു. പുരുഷന്മാരുടെ വലിയ സഹായം ഈ സംഘടനാ രൂപീകരണത്തിലുണ്ടായിരുന്നു. ദേവകി നിലയങ്ങോടും സമാജത്തിലെ ഒരു അംഗവും പ്രവര്‍ത്തകയുമായി. അന്തര്‍ജനങ്ങളുടെ ഇടയ്ക്ക് ബോധവല്‍ക്കരണം നടത്തുകയായിരുന്നു സമാജത്തിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനങ്ങളില്‍ പാര്‍വതി നെന്മിനിമംഗലം, ആര്യാ പള്ളം എന്നിവരോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുടെ ആവശ്യം സ്ത്രീകളെ പറഞ്ഞുമനസ്സിലാക്കുക എന്ന ദൗത്യത്തില്‍ ദേവകി നിലയങ്ങോടും പ്രധാന പങ്കുവഹിച്ചു. രണ്ടുമാസം കൂടുമ്പോള്‍ സമാജം പ്രവര്‍ത്തകര്‍ ഏതെങ്കിലും ഒരു ഇല്ലത്ത് സമ്മേളിക്കും. രാവിലെ പത്തുപതിനൊന്നുമണിക്ക് ഞങ്ങള്‍ നിശ്ചയിച്ച ഇല്ലത്തെത്തും. കുടുംബാംഗങ്ങളോടൊപ്പം ഊണുകഴിക്കും. അതിനുശേഷം തെക്കിനിയില്‍ എല്ലാവരും കൂടിയിരിക്കും. ഇല്ലത്തുള്ള സ്ത്രീകള്‍ മിക്കവരും ആ യോഗത്തില്‍ വരും. വയസ്സായ ചില അന്തര്‍ജനങ്ങള്‍ - ഈ യോഗത്തില്‍ ചേരുന്നത് തെറ്റാണെന്നു വിചാരിച്ചവര്‍ - അകലെ വടക്കിനിയിലും കിഴക്കിനിയിലും ഇരുന്ന് അഴികള്‍ക്കിടയിലൂടെ യോഗം വീക്ഷിക്കും. 'നമ്മുടെ വിധിതന്നെയാകണോ നമ്മുടെ കുട്ടികള്‍ക്കും?' എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഓരോ യോഗവും തുടങ്ങുക. പഠിപ്പില്ല, വിദ്യാഭ്യാസമില്ല, ലോകം എന്തെന്നു കണ്ടിട്ടില്ല. നാലുകെട്ടിലെ ഇരുണ്ട ലോകത്തുതുടങ്ങി ഇവിടെത്തന്നെ ഒടുങ്ങുന്നു നമ്മുടെ ജീവിതം. സ്വയം ഒരു തൊഴിലില്ല. നാലുകാശ് വേണമെങ്കില്‍ ആരോടെങ്കിലും ചോദിക്കണം. തൊഴില്‍ വേണമെങ്കില്‍ പഠിപ്പുവേണം. അതുകൊണ്ട് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയും അവര്‍ക്ക് ഒരു തൊഴില്‍ കിട്ടാനുള്ള അവസരം ഉണ്ടാക്കുകയുമാണ് വേണ്ടത് - ഈ രീതിയിലായിരുന്നു അന്തര്‍ജന സമാജത്തിലെ യോഗങ്ങള്‍. ഓങ്ങല്ലൂരിനുശേഷം ശുകപുരത്തും സമ്മേളനം നടന്നു. അന്തര്‍ജനങ്ങളുടെ സമ്മേളനമായിരുന്നു അത്. പക്ഷേ കേള്‍വിക്കാരില്‍ ധാരാളം പുരുഷന്മാരുമുണ്ടായിരുന്നു. അതിനുശേഷം നടന്ന ഒറ്റപ്പാലം സമ്മേളനത്തില്‍ പാര്‍വതി നെന്മിനിമംഗലമായിരുന്നു അധ്യക്ഷ. ഒരു കൊല്ലം ഇവര്‍ പ്രസിഡണ്ടായപ്പോള്‍ ദേവകി നിലയങ്ങോട് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആ കാലത്ത് ഇവര്‍ നടത്തിയ ശ്രദ്ധേയമായ പരിപാടി കേരളത്തിന്റെ ചില ഭാഗങ്ങളിലെ ഇല്ലങ്ങളില്‍ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു ബോധവല്‍ക്കരണ യാത്രയായിരുന്നു. മലപ്പുറം ജില്ല മുതല്‍ കോട്ടയം ജില്ല വരെയുള്ള പ്രദേശങ്ങളായിരുന്നു പ്രവര്‍ത്തനത്തിന് തെരഞ്ഞെടുത്തത്. പാര്‍വതി നെന്മിനിമംഗലവും ദേവകി നിലയങ്ങോടും ഒളപ്പമണ്ണ ഉമാ അന്തര്‍ജനവുമടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ഒരു മാസം നീണ്ട യാത്രയായിരുന്നു അത്. ഒരു ദിവസം ഒരു ഇല്ലത്ത് എത്തി ചേരും അവിടെ തങ്ങും. അവരോട് സംസാരിക്കും. പിറ്റേന്ന് അടുത്ത ഇല്ലത്തേക്ക്. സ്ത്രീകള്‍ അടുത്ത തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെയും സ്ത്രീകള്‍ക്കു സ്വന്തമായി തൊഴിലും വരുമാനവും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകതയെകുറിച്ചും ഈ സംഘം അവരോട് പറഞ്ഞു. മിക്ക ഇല്ലങ്ങളിലും സ്‌നേഹപൂര്‍ണമായ വരവേല്‍പ്പാണ് ഇവര്‍ക്ക് കിട്ടിയത്. അപൂര്‍വം ചിലയിടങ്ങളില്‍ പടിക്കല്‍വച്ചുതന്നെ ഇവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. 1950നു ശേഷം യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനം ഏതാണ്ട് ഇല്ലാതായി. നമ്പൂതിരിമാരിലെ പരിഷ്‌ക്കരണക്കാര്‍ ആഗ്രഹിച്ച തരത്തിലുള്ള അന്തരീക്ഷം വന്നുകഴിഞ്ഞപ്പോള്‍ ആ പരിഷ്‌കരണ പ്രസ്ഥാനം സ്വാഭാവികമായും പിന്‍വാങ്ങുകയായിരുന്നെന്നും പറയാം. ''ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മവരുന്ന എന്റെ പഴയ ഇല്ലവും അതില്‍ കഴിഞ്ഞുപോയ എന്റെ ബാല്യകാലവുമായി ഇന്നത്തെ കാലത്തിന് ഒരു സാമ്യവുമില്ല. അമ്പതറുപത് വര്‍ഷംകൊണ്ട് എല്ലാം എത്ര മാറിയിരിക്കുന്നു. പണ്ടത്തേക്കാള്‍ ഇന്ന് മെച്ചമാകുകയാണ് ചെയ്തിട്ടുള്ളതെന്ന് ഉറപ്പിച്ചു പറയാം. ഇന്ന് നമ്പൂതിരി കുടുംബത്തിന് മാത്രമായി ഒരു പരാധീനതയില്ല. ഇതുപോലുള്ള മറ്റു കുടുംബങ്ങള്‍ക്കുള്ള അതേ സുഖവും അതേ ദുഃഖവും അതേ വേവലാതിയും അതേ ആഗ്രഹവും തന്നെയാണ് അവര്‍ക്കും ഉള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കിയിരിക്കുന്നു'' ദേവകി നിലയങ്ങോട് തന്റെ 'കാലപകര്‍ച്ചകള്‍' എന്ന പുസ്തകത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതില്‍ ഇന്നും ഇവര്‍ക്ക് ദുഃഖമുണ്ട്. പിന്നീട് യോഗക്ഷേമസഭയുമായും അന്തര്‍ജന സമാജവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോള്‍ ആത്മസംതൃപ്തി തോന്നിയിരുന്നു. വളരെയധികം പരിശ്രമത്തിലൂടെ ഇല്ലാതാക്കിയ അനാചാരങ്ങള്‍ ഇന്നു തിരിച്ചുവരുന്നതില്‍ വലിയ ദുഃഖം തോന്നുന്നു. എല്ലാ സമുദായക്കാരും ഒറ്റക്കെട്ടായാണ് അക്കാലത്ത് അനാചാരങ്ങള്‍ക്കെതിരെ പോരാടിയത്. എന്നാല്‍ ഇന്ന് സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം കുറഞ്ഞുവരികയാണെന്ന അഭിപ്രായവും ഇവര്‍ രേഖപ്പെടുത്തുന്നു. ശുഭപ്രതിക്ഷ എന്നും ജീവിതത്തെ മുന്നോട്ടു നയിച്ചു. കഴിഞ്ഞതിനെയോര്‍ത്ത് ഒരിക്കലും വിഷമം തോന്നിയിട്ടുമില്ല. അതുകൊണ്ടുതന്നെയാണ് ആദ്യത്തെ പുസ്തകത്തിന് 'നഷ്ടബോധങ്ങളില്ലാതെ' എന്ന പേര് നല്‍കിയതും. ''തെല്ലും വിദ്യാഭ്യാസം നേടാനാവാത്ത ഞാന്‍ ഒരു തുണ്ടുകടലാസില്‍പോലും എന്തെങ്കിലും എഴുതാന്‍ മുതിര്‍ന്നിട്ടില്ല. അക്കാലത്ത് കണ്ടതും കേട്ടതുമെല്ലാം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചതുകൊണ്ടാകാം, അവ അടിത്തട്ടില്‍ മങ്ങാതെ കിടന്നത്. അതുകൊണ്ടുതന്നെ അവ പകര്‍ത്തുന്നത് എളുപ്പമാകുകയും ചെയ്തു.'' മണലില്‍ അക്ഷരങ്ങള്‍ എഴുതിപ്പഠിച്ചതല്ലാതെ സ്‌കൂളില്‍ പോയി പഠിക്കാനുള്ള സ്വാതന്ത്ര്യം അന്ന് നമ്പൂതിരി പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. എങ്കിലും നിരന്തര പ്രയത്‌നംകൊണ്ട് നല്ലൊരു വായനക്കാരിയായി. 75-ാം വയസ്സില്‍ പേരക്കുട്ടി തഥാഗതന്റെ പ്രേരണകൊണ്ട് എഴുതാന്‍ തുടങ്ങി. അവാര്‍ഡുകള്‍ക്കോ അംഗീകാരങ്ങള്‍ക്കോവേണ്ടി ഒരിക്കലും എഴുതിയില്ല. എഴുതുമ്പോള്‍ ഏക ഉദ്ദേശ്യം മനസ്സിന്റെ അടിത്തട്ടില്‍ ഏറെക്കാലമായുള്ള നീറ്റലുകള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുക എന്നതായിരുന്നു. അത് മറ്റുള്ളവര്‍ വായിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ അവാര്‍ഡായി ഇവര്‍ കണക്കാക്കുന്നത്. 'പാവങ്ങള്‍' വായിച്ച് ഇവര്‍ അത്ഭുതപ്പെട്ടു. ഇത്രയും നല്ല മനുഷ്യര്‍ ലോകത്തിലുണ്ടോ എന്ന്. 15 തവണ 'പാവങ്ങള്‍' വായിച്ചിട്ടുണ്ടെന്ന് ദേവകി നിലയങ്ങോട് പറഞ്ഞു. ഒന്നും വായിക്കാത്ത ദിവസങ്ങളില്‍ ദിവസം പൂര്‍ത്തിയായില്ല എന്ന തോന്നലാണ് ഇവരുടെ വായനയ്ക്ക് പ്രചോദനമായതെന്നും ദേവകി നിലയങ്ങോട് പറഞ്ഞു. വായന മനോഹരമായ അനുഭൂതിയാണ്. വായനകൊണ്ട് മാത്രമാണ് ഇന്നും മനസ്സിന് വാര്‍ധക്യം വരാതെ ജീവിക്കാന്‍ കഴിയുന്നത്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും വായനയുടെ ശീലത്തിലേക്ക് വരണം. സ്വന്തമായ വ്യക്തിത്വമുണ്ടാക്കാന്‍ അതിനേ കഴിയൂ എന്ന സന്ദേശമാണ് ദേവകി നിലയങ്ങോടിന് സമൂഹത്തോട് പറയാനുള്ളത്.