ജെ. മേഴ്സിക്കുട്ടിയമ്മയുടെ മന്ത്രി സ്ഥാനം കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന പരമ്പരാഗത തൊഴിലിടങ്ങള്‍ക്ക് പുതുജീവനേകുമെന്ന പ്രതീക്ഷയാണ് കൊല്ലത്തിന്. പ്രീഡിഗ്രി പഠനകാലത്ത് എസ്.എഫ്.ഐയിലൂടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ രാഷ്ട്രീയ പ്രവേശം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായപ്പോള്‍ മേഴ്സിക്കുട്ടിയമ്മ എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദവും കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും നേടി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരളസര്‍വകലാശാലാ സെനറ്റ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. വിദ്യാര്‍ഥി സമരങ്ങളില്‍ പങ്കെടുത്തു. 1987ല്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ എല്‍എല്‍.ബി പഠനകാലത്താണ് ആദ്യമായി നിയമസഭയിലത്തെിയത്. 27ാം വയസ്സില്‍ കുണ്ടറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയെ പരാജയപ്പെടുത്തി. 2001ല്‍ കടവൂര്‍ ശിവദാസനോട് തോറ്റ ശേഷം ഇപ്പോഴാണ് മത്സര രംഗത്തത്തെിയത്. 1995ല്‍ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമായി. നിലവില്‍ സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്, കേരള കാഷ്യൂ വര്‍ക്കേഴ്സ് സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ്, സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് അംഗം, കേരള സിറാമിക്സ് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിക്കുന്നു. മണ്‍റോതുരുത്ത് മുല്ലശ്ശേരിവീട്ടില്‍ ഫ്രാന്‍സിസിന്‍െറയും ജൈനമ്മയുടെയും മകളായി 1957ലാണ് ജനിച്ചത്. സാമൂഹികപ്രവര്‍ത്തകനായ പിതാവ് ഫ്രാന്‍സിസാണ് മേഴ്സിക്കുട്ടിയമ്മക്ക് പൊതുപ്രവര്‍ത്തന രംഗത്ത് പ്രചോദനമായത്. ഭര്‍ത്താവ്: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റുമായ ബി. തുളസീധരക്കുറുപ്പ്. ഇവരുടെ വിവാഹദിനത്തിലാണ് പെരുമണില്‍ അഷ്ടമുടിക്കായലിലേക്ക് ഐലന്‍ഡ് എക്സ്പ്രസ് മറിഞ്ഞത്. എം.എല്‍.എ എന്നനിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ദുരന്തസ്ഥലത്തുനിന്ന് പിറ്റേദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ മടങ്ങിയത്തെിയത്.മക്കള്‍: സോഹന്‍, അരുണ്‍.