സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അദ്ഭുതം തീര്‍ത്ത് സ്വപ്‌ന




സ്വപ്‌നയെന്ന ചിത്രകാരി വരച്ച ചിത്രങ്ങള്‍ കണ്ടാല്‍ ആരും അദ്ഭുതപ്പെടും. കാരണം രണ്ടു കൈകളുമില്ലെങ്കിലും കാലുകള്‍ കൊണ്ടാണ് സ്വപ്ന മനോഹരമായി ചിത്രങ്ങള്‍ വരക്കുന്നത്. നിറങ്ങള്‍ പടര്‍ന്നു പോവാതെ കൈകളുടെ അതേ ഒതുക്കത്തോടെ അനുസരണയുളള കാലുകളാണ് ഈ പെണ്‍കുട്ടിയെ ലോകമറിയുന്ന കലാകാരിയാക്കി മാറ്റിയത്. ഇച്ഛാശക്തിയിലൂടെയും കഠിന പരിശ്രമങ്ങളിലൂടെയും വിധിയെ തോല്‍പ്പിച്ച് സ്വന്തം ജീവിതത്തെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കിയിരിക്കുകയാണ് 32 കാരിയായ ചിത്രകാരി.

കൊച്ചി പൈങ്ങോട്ടൂര്‍ കൊച്ചുമുട്ടത്ത് അഗസ്റ്റിന്‍റേയും സോഫിയുടെയും മകളായ സ്വപ്‌ന രണ്ടു കൈകളുമില്ലാതെയാണ് ജനിച്ചത്. മറ്റു കുട്ടികളെല്ലാം സ്ലേറ്റില്‍ പെന്‍സിലുകൊണ്ടെഴുതി തുടങ്ങിയപ്പോള്‍ സ്വപ്ന കാല്‍ വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ തിരുകി എഴുതാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്താണ് സ്വപ്‌നയിലെ ചിത്രകാരി വളര്‍ന്നത്. ജില്ലാ സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ സ്വപ്നയെ തേടിയെത്തി. ബെംഗളൂരുവില്‍ ഭിന്ന ശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വപ്‌നയ്ക്കായിരുന്നു.
ചെത്തീപ്പുഴയില്‍ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന മേഴ്‌സി ഹോമില്‍ താമസിച്ചായിരുന്നു പഠനം. ബിരുദധാരിയായ സ്വപ്‌നയ്ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ട്. മറ്റുളളവരുടെ സഹായമില്ലാതെ കാലുകള്‍കൊണ്ടാണ് എല്ലാ പരീക്ഷയും എഴുതിയത്. ഭക്ഷണം കഴിക്കാനും ഫോണില്‍ സംസാരിക്കാനും ഇന്ന് സ്വപ്‌നയ്ക്ക് കാലുകള്‍ മതി.

സ്വപ്‌നയുടെ അയല്‍വാസിയായ ജോസാണ് സ്വിറ്റ്‌സര്‍ലന്‍ഡിസലെ അസോസിയേഷന്‍ ഓഫ് ഫുട്ട് ആന്‍റ് മൗത്ത് പെയ്‌ന്‍റിംഗ് എന്ന സംഘടനയെ കുറിച്ച് വിവരം നല്‍കിയത്.കൈകളില്ലാത്തതിനാല്‍ വായകൊണ്ടും കാലുകൊണ്ടും ചിത്രം വരക്കുന്ന കലാകാരാന്മാര്‍ക്ക് അംഗത്വം നല്‍കുന്ന സംഘടനയാണിത്. സ്വപ്‌നയുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തപ്പോള്‍ സംഘടനയുടെ പ്രതിനിധി വീട്ടിലെത്തി സ്വപ്നയെ കാണുകയായിരുന്നു. കാലുകള്‍ കൊണ്ടാണ് വരയ്ക്കുന്നതെന്ന് ബോധ്യപ്പെട്ടപ്പോള്‍ സംഘടനയില്‍ അംഗത്വം നല്‍കി. കേരളത്തില്‍ നിന്ന് ആറു പേരടക്കം ഇന്ത്യയില്‍ നിന്ന് 18 പേര്‍ സംഘടനയില്‍ അംഗങ്ങളാണ്. അംഗങ്ങള്‍ അവരുടെ ചിത്രങ്ങള്‍ സംഘടനയ്ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. അതു വിറ്റുകിട്ടുന്ന തുക കലാകാരന്മാര്‍ക്ക് അയച്ചു കൊടുക്കും. സ്വപ്‌ന വരച്ച ചിത്രങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും ആവശ്യക്കരേറെയാണ്.
ഡെന്നി മാത്യു എന്ന ചിത്രകലാധ്യാപന്‍റെ ശിക്ഷണവും സ്വപ്‌നയ്ക്ക് ചിത്രരചനയില്‍ ആത്മവിശ്വാസം പകര്‍ന്ന ഒന്നാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭിന്നശേഷിക്കാരായ കലാകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ആദി ആബാദി പുരസ്‌കാരം സ്വപ്‌നയ്ക്കു ലഭിച്ചിരുന്നു. അക്രിലിക് ഓയില്‍ചിത്രങ്ങളാണ് വരക്കുന്നവയിലധികവും. പ്രകൃതി ദൃശ്യങ്ങള്‍മാത്രമല്ല മനോഹരമായി മ്യൂറല്‍ ചിത്രങ്ങള്‍ വരയ്ക്കാനും സ്വപ്‌നയ്ക്കു കഴിയും. ഇതിനിടെ ഒട്ടേറെ ചിത്രകലാ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും