പെരുമ്പാവൂരിലെ കുറുപ്പംപടി ഇരിങ്ങോളില്‍ നിയമവിദ്ധ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിട്ട് ഇന്ന് 11-ാം ദിവസം. സംഭവത്തില്‍ ദുരൂഹത തുടരുന്നല്ലാതെ കാര്യമായ പുരോഗതി കേസിന് ഉണ്ടായിട്ടില്ല.കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)ആണ് ഏപ്രില്‍ 28ന് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ജിഷയെ ‘ബർക്കിങ്’ രീതിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു ഫൊറൻസിക് നിഗമനം. ഇരകൾ ദുർബലരും കൊലയാളി കരുത്തനുമാവുമ്പോഴാണ് ഈ രീതി പ്രയോഗിക്കുന്നതെന്നു പറയുന്നു. ഇരയെ കീഴ്പ്പെടുത്തിയ ശേഷം നെഞ്ചിൽ കയറി ഇരുന്ന് ഇരയുടെ കൈകൾ രണ്ടും കൊലയാളി കാലുകൾകൊണ്ടു ചവിട്ടിപ്പിടിച്ചു ചലനരഹിതമാക്കും.പിന്നീടു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും (ഹയോയ്ഡ്) തൈറോയ്ഡ് ഗ്രന്ഥിയും തകരും. ജിഷയുടെ മൃതദേഹത്തിൽ ഈ പരുക്കുകൾ കണ്ടിരുന്നു. മരണം ഉറപ്പാക്കാൻ അക്രമം തുടർന്നതിനാലാണു ജിഷയുടെ ഷാൾ വീണ്ടും കഴുത്തിൽ മുറുക്കിയത്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് മരണശേഷമാണെന്നാണു നിഗമനം.ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ഇരുമ്പിന് സമാനമായ വസ്തു കുത്തികയറ്റിയതിനെ തുടര്‍ന്ന് കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു മൃതശരീരം.മൃത്ദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തപ്പോള്‍ കണ്ടത് 38 മുറിവുകള്‍.തലയ്ക്ക് പിന്നില്‍ ദണ്ഡ് കൊണ്ട് അടിച്ച പാടുണ്ട്.നെഞ്ചിലും കഴുത്തിലും താടിയിലും കത്തികൊണ്ട് മുറിവേല്പിച്ച പാടുണ്ട്.ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക പോലുള്ള വസ്തുകൊണ്ട് മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് മൂക്ക് അറ്റുപോയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ജിഷ എന്ന ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ജോലിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഒരുമുറി മാത്രമാണ് വീടിനുണ്ടായിരുന്നത്. ഇവിടെ മല്‍പ്പിടുത്തം നടന്നതിന്‍റെ തെളിവുകളുണ്ട്. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഇവരുടേത് സാമ്പത്തികമായി പിന്നില്‍നില്‍ക്കുന്ന കുടുംബമാണ്.ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയാണ് ജിഷ പഠിച്ചിരുന്നത്.ജിഷയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് ഉപേക്ഷിച്ച് പോയതാണ്. ദീപയാണ് സഹോദരി.നിരവധിപേരെ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്.എന്നാല്‍ ഫലപ്രദമായ രേഖ ഇതുവരെ ലഭിച്ചിട്ടില്ല. കിളിരൂര്‍കേസിലും നീതി ലഭിച്ചില്ല നീതി കിട്ടാതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍.സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്ത നിയമ വ്യവസ്ഥ തെറ്റാണെന്നും 12 വര്‍ഷമായിട്ടും തന്‍റെ മകള്‍ക്ക് നീതിലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍കൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തില്‍ ചെമ്പിന്‍റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്‍റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സി.ബി.ഐ കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.സി.ബി.ഐ കോടതിയില്‍ വിചാരണക്കിടെ മജിസ്‌ട്രേറ്റ് എടുത്ത ശാരിയുടെ മൊഴിയും ശാരി മരിക്കുന്നതിന് തൊട്ട് മുന്‍പ് ഐ.ജി ശ്രീലേഖയെടുത്ത മൊഴിയും തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഒന്നാം പ്രതിയും മാപ്പുസാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴി മാത്രമാണ് പ്രതികള്‍ക്കെതിരെയുണ്ടായിരുന്നത്. കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് ലഭിച്ചെങ്കിലും ശാരിയുടെ മരണകാരണം സിബിഐ വേണ്ട വിധത്തില്‍ അന്വേഷിച്ചില്ലെന്ന് തന്നെയാണ് ശാരിയുടെ അച്ഛന്‍റെ അഭിപ്രായം.ഇതുവരെയും ശാരിക്ക് നീതി ലഭ്യമായിട്ടില്ല. സൗമ്യയോട് ഇനിയെങ്കിലും നീതി കാണിക്കൂ 2011 ഫെബ്രുവരി ഒന്നിന് വൈകുന്നേരം അഞ്ചരയുടെ ഏറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്‌മെന്‍റില്‍വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. യാത്രയുടെ ആരംഭത്തില്‍ തന്നെ ട്രെയിനില്‍ ഭിക്ഷയെടുക്കുന്ന തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി സൗമ്യയെ പിന്തുടര്‍ന്നിരുന്നു. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്‍റിലേക്ക് അതിക്രമിച്ചുകയറിയ ഗോവിന്ദച്ചാമി സൗമ്യയുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചു. മോഷണശ്രമം തടഞ്ഞ സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ഗോവിന്ദച്ചാമി പിറകെ ചാടി. ട്രാക്കില്‍ തലയിടിച്ചുവീണ ബോധരഹിതയായ സൗമ്യയെ വലിച്ചിഴച്ചുകൊണ്ടുപോയി രണ്ടുതവണ ബലാത്സംഗം ചെയ്തതായി പരിശോധനയില്‍ നിന്നും വ്യക്തമായി.അതേ ദിവസം രാത്രി പത്തരയോടെ സൗമ്യയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനായി ദല്‍ഹിയില്‍ നിന്നും അഭിഭാഷകനെ കൊണ്ടുവന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഇടതുകൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായി. ഇതുള്‍പ്പെടെ 101 രേഖകളും 41 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു.പ്രോസിക്യൂഷന്‍ ഹാജരാക്കിയ 154 സാക്ഷികളില്‍ 82 പേരെയും പ്രതിഭാഗം നല്‍കിയ 52 പേരുടെ സാക്ഷിപ്പട്ടികയില്‍ ഡോ.ഉന്‍മേഷിനെയും വിസ്തരിച്ച് മൊഴിയെടുത്തിരുന്നു.പൈശാചികവും സമൂഹമനസാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ തെളിവുകളെക്കാള്‍ സാമൂഹികസമ്മര്‍ദ്ദത്തെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്നതെന്നും പ്രതിക്ക് തടവ് ശിക്ഷ മതിയെന്നുമാണ് പ്രതിഭാഗം വാദിച്ചത്.അങ്ങനെ കേരളം കാത്തിരുന്ന ആ വിധി വന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ. ഈ വിധി ഒരേ മനസ്സോടെയാണ് സമൂഹത്തിലെ സ്ത്രീകള്‍ ഏറ്റു വാങ്ങിയത്. ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന വ്യക്തിയാണ് താനിപ്പോള്‍ എന്ന സൗമ്യയുടെ അമ്മയുടെ വാക്കുകള്‍ കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അല്‍പം ആശ്വാസം നല്‍കിക്കാണും. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി, നാലായിരം പേജ് വരുന്ന വിധിന്യായം കൈകൊണ്ട് എഴുതി ഒരു വര്‍ഷത്തിനുള്ളില്‍ വിധി പറഞ്ഞ് അതിവേഗ കോടതി അതിന്‍റെ പേര് അന്വര്‍ത്ഥമാക്കി. നീതിപീഠത്തില്‍ പൊതുസമൂഹത്തിന്‍റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനായി ഈ വിധി എന്നാണ് പൊതുവില്‍ ഉണ്ടായ പ്രതികരണം.ഗോവിന്ദച്ചാമിയെപ്പോലൊരു സ്ഥിരം ക്രിമിനല്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കുറ്റകൃത്യം ചെയ്യുക വഴി സ്ത്രീ സമൂഹത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.ആ അര്‍ത്ഥത്തില്‍ പ്രതിക്കുള്ള വധശിക്ഷ മാതൃകാപരമായി നടപ്പാക്കുകയാണ് ഇനി ബാക്കിയുള്ളത്.എന്നാല്‍ ഇതിനോട് പ്രതികരിച്ച പലര്‍ക്കും ഈ വിധിയുടെ നടത്തിപ്പില്‍ ആശങ്കയുണ്ട്. അപ്പീലും അപ്പീലിന്‍റെ അപ്പീലുമായി പ്രസിഡന്‍റിന്‍റെ ദയാഹര്‍ജി എന്ന കടമ്പയും കടന്ന് ഈ ശിക്ഷ നടപ്പാകുമോ എന്നതും നിയമത്തിന്‍റെ പഴുതിലൂടെ ഗോവിന്ദച്ചാമി രക്ഷപ്പെടുമോ എന്നതും ഈ വിധിക്കുമേലുള്ള ആശങ്കയുടെ കരിനിഴലുകളാണ്. ഇതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ? ജിഷയ്ക്കും ശാരിക്കും സൗമ്യക്കും സംഭവിച്ചത് നാളെ നമുക്കാര്‍ക്കും സംഭവിക്കാം എന്നല്ലേ ? സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന ഈ അരക്ഷിതാവസ്ഥ ഏറെ ഭയമാണുയര്‍ത്തുന്നത്.അതെ, ഇവരുടെ മരണത്തിന്‍റെ വിങ്ങലില്‍ നിന്ന് നാം ഇതുവരെ മോചിതരായിട്ടില്ല. നമുക്ക് ചുറ്റും നിരവധിപേര്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ക്രൂരമായി ചതച്ചരക്കപ്പെടുന്നുണ്ട്. എത്രയോ സ്ത്രീകള്‍ ഇങ്ങനെ ജീവന് വേണ്ടി നിലവിളിക്കുന്നുണ്ട്.കുറ്റം ചെയ്യുന്നവര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കണം.അതിനായി ഇവിടുത്തെ മൊത്തം സംവിധാനത്തിനും മാറ്റം വരണം.ഇനിയും ഇവിടുത്തെ ഭരണസംവിധാനത്തിനും നിയമവ്യവസ്ഥയ്ക്കും ഇതുപോലെയുള്ള അതിക്രമങ്ങള്‍ തടയാനായില്ലെങ്കില്‍ ചരിത്രം ഇനിയും ആവര്‍ത്തിക്കും.