ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും സമത്വവും സ്വാതന്ത്രവും ഒരുപോലെ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും സ്ത്രീകളെ പൊതുവെ അടിച്ചമര്‍ത്തുകയാണ് പതിവ്.സാമൂഹ്യപരമായും ലിംഗപരമായും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയാണ്. ഇങ്ങനെയുള്ള സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് പൂനെ സ്വദേശിയായ തൃപ്തി ദേശായി. പൂനെയിലെ എസ്.എന്‍.ഡി.ടി. കോളേജിലെ പഠനകാലത്തുതന്നെ സാമൂഹികസംഘടനകളിലും അവരുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു തൃപ്തി.പ്രാചീന അനുഷ്ഠാനങ്ങളുടെ ഭാഗമായി നടക്കുന്ന അസമത്വത്തിന് എതിരെ പ്രതിഷേധിക്കുകയാണ് അവര്‍.സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളില്‍ കടന്നു ചെന്ന് പ്രതിഷേധത്തിന്‍റെ ശബ്ദം ഉയര്‍ത്തുകയാണ് അവര്‍.പൂനെ കേന്ദമായുള്ള 'ഭൂമാതാ ബ്രിഗേഡ്' എന്ന തന്‍റെ സംഘടനയിലൂടെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഈ മുപ്പത്തിയൊന്നുകാരി.അതിന്‍റെ ഭാഗമായി സ്ത്രീകള്‍ക്ക് കയറാന്‍ വിലക്കുള്ള മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാണ് തൃപ്തി ലിംഗസമത്വം ഉറപ്പാക്കിയത്.പൂനെ ആസ്ഥാനമാക്കി വനിത ഗുട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വരാജ്യ മഹിളാ സംഘടന തൃംബകേശ്വര ക്ഷേത്രത്തിലെ 'ഗര്‍ഭ ഗൃഹ'ത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടത്തിയതിനു തൊട്ടടുത്ത ദിവസം തന്നെ ബ്രിഗേഡ് പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ കയറി. തൃപ്തിയുടെ അടുത്ത ലക്ഷ്യം ശബരിമലയാണ്.ശബരിമലയില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് ലിംഗവിവേചനവും നിയമവിരുദ്ധവുമാണെന്നാണ് തൃപ്തിയുടെ അഭിപ്രായം. 2009ല്‍ മഹാരാഷ്ട്ര മന്ത്രിസഭയിലുണ്ടായിരുന്ന അജിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള അജിത് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു തൃപ്തിയുടെ ആദ്യ സമരം.നിരവധി വധഭീഷണികളെ മറികടന്ന് 2007-ല്‍ തുടങ്ങിയ ആ സമരം 2009-ല്‍ വിജയം കണ്ടു.പണം നഷ്ടപ്പെട്ട 35,000 പേരില്‍ 29,000 പേര്‍ക്കും അവരുടെ പണം തിരികെ ലഭിച്ചു.തുടര്‍ന്ന് 2010-ല്‍ തൃപ്തി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയ്ക്ക് തുടക്കമിട്ടു.ഇപ്പോള്‍ 21 ശാഖകളുള്ള ബ്രിഗേഡില്‍ 4,000 അംഗങ്ങളുണ്ട്. 40 വയസിനു മുകളിലുള്ളവരാരും സംഘടനയിലില്ല.