കേള്‍വിശക്തിയും ഇല്ല; സംസാരിക്കാനും ആവില്ല. പക്ഷേ, ഇവര്‍ക്ക് പറയാനുള്ളത് അടിച്ചു പതം വരുത്തിയ ജീവിതാനുഭവങ്ങള്‍ ആണ്. ഇരുമ്പുപണിചെയ്ത് കാല്‍നൂറ്റാണ്ടായി ഉപജീവനം തേടുകയാണ് ഓമനയും അനുജത്തി അല്ലിയും. ജന്മനാ ബധിരനും മൂകനുമാണ് ഈ രണ്ട് സഹോദരിമാര്‍. ഉലയൂതിപ്പെരുക്കി ഇരുമ്പ് കഷ്ണങ്ങള്‍ അടിച്ചു പരത്തുമ്പോള്‍ മനസ്സില്‍ ഒരുറപ്പ് മാത്രം-ഞങ്ങള്‍ ജീവിക്കും. ഇടുക്കി ജില്ലയിലെ സേനാപതി ഗ്രാമപഞ്ചായത്തിലെ മുക്കുടിലില്‍ കലയിത്തിനാല്‍ വീട്ടില്‍ ഓമനയ്ക്കും അല്ലിക്കും മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. അച്ഛന്റെയും അമ്മയുടേയും മരണശേഷം കുലത്തൊഴിലായ ഇരുമ്പുപണി തെരഞ്ഞെടുത്തു ഇരുവരും. ഓമന ഉലയൂതി കനല്‍ തെളിയിക്കുമ്പോള്‍ അല്ലി ഇരുമ്പു പഴുപ്പിച്ച് ആയുധങ്ങളുണ്ടാക്കി രാകി മിനുക്കുന്നു. മുപ്പതുസെന്‍് സ്ഥലത്തെ കൊച്ചു വീട്ടിലാണ് ഇവരുടെ താമസം.