വിവാഹം എന്ന പദത്തിന്റെ നിയമവ്യാപ്തി വ്യക്തി നിയമങ്ങളില്‍ വ്യത്യസ്തമായിട്ടാണെങ്കിലും ഉദ്ദ്യേശ്യം - ഒരു സമൂഹത്തിന്റെ അടിസ്ഥനായ കുടുംബം രൂപീകരിക്കല്‍, ഒരു സ്ത്രീയും പുരുഷനും മറ്റേതൊരാളെയും പുറന്തള്ളിക്കൊണ്ട് അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക എന്നതാണ്. പരസ്പര വിശ്വാസത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും അടിത്തറയിലാണ് ഒരു വിവാഹം നടക്കേണ്ടത്. പിന്നീടുള്ള ജീവിതത്തില്‍ ഒരു സ്ത്രീയും പുരുഷനും അന്യോനം പകര്‍ന്നു നല്‌കേണ്ടതും അതുതന്നെയാണ്. സമൂഹത്തില്‍ ഏറ്റവുമധികം ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. ഭൗതികസാഹചര്യത്തിന്റെ പരിമിതികളും ശരീരത്തിന്റെ അവസ്ഥയും ഒരു പരിധിവരെ സ്ത്രീകള്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങള്‍ക്ക് കാരണമാകുുണ്ട്. സ്ത്രീകളുടെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുമായി അനേകം നിയമങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായി അവ പ്രയോജനപ്പെടുത്താന്‍ പല അവസരങ്ങളിലും സ്ത്രീകള്‍ക്ക് കഴിയാറില്ല. സ്ത്രീയുടെ മനുഷ്യാവകാശം നിരവധി തലങ്ങളില്‍ ധ്വംസിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ ഏറ്റവും അസഹനീയം വിവാഹം കഴിഞ്ഞശേഷം ഒരു ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗികപീഡനമാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികളുടെ പിന്തുണ വളരെയധികം കുറവാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ജ്യോതി സിങ് എന്ന പെണ്കുട്ടിയെ ഡല്‍ഹിയില്‍ വച്ച് 2012 ഡിസംബറില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കലോചിതമായി പരിഷ്‌ക്കരിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ്മ കമ്മീഷനെ നിയോഗിച്ചത്. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ ഒരു വാക്ക് ഉച്ചരിക്കുകയോ, ആംഗ്യകാണിക്കുകയോ, സ്ത്രീയെ അപമാനിക്കുന്നതിനായി ഒരു വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പുപ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ഭാര്യയുടെ അനുവാദമില്ലാതെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമാകുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പ് ബലാത്സംഗവും അനുബന്ധകുറ്റകൃത്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു. ഇതനുസരിച്ച് 'വിവാഹബന്ധത്തില്‍ 15 വയസ്സില്‍ താഴെയല്ലാത്തവളായ സ്വന്തം ഭാര്യയുമായി ലൈംഗികബന്ധം നടത്തുന്നത് ബലാത്സംഗമാകുകയില്ല' എന്ന് വ്യക്തമാക്കുന്നു. ഈ നിയമത്തിന് ഭേദഗതി വരുത്തണമെന്നു വൈവാഹികബലാത്സംഗം കുറ്റകൃത്യമാണെന്ന് കരുതി കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി 2013 ജനുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അന്നത്തെ യുപിഎ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഈ ഭേദഗതി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചപ്പോള്‍, ഇപ്പോഴത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞത്, ഇങ്ങനെയൊരു ഭേദഗതി വന്നാല്‍ അത് ഇന്ത്യന്‍സമൂഹത്തിലെ കുടുംബ ബന്ധങ്ങളെ താറുമാറാക്കുമെന്നാണ്. അതിനു കാരണമായി അവര്‍ ചൂണ്ടികാണിക്കുന്നത് ദാരിദ്ര്യം, ആചാരാനുഷ്ഠാനുങ്ങള്‍, മതപരമായ വിശ്വാസങ്ങള്‍, സാക്ഷരതയില്ലായ്മ, പൊതുവെയുള്ള സമൂഹത്തിന്റെ മാനസികാവസ്ഥ എന്നിവയാണ് അതുകൊണ്ട് തന്നെ വിവാഹബന്ധത്തില്‍ ഉഭയ സമ്മതമില്ലാതെ നടക്കുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന നിഗമനത്തിലാണ് ബി ജെ പി സര്‍ക്കാരും എത്തിച്ചേരുന്നത്. ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന അടിസ്ഥാന സത്യം ഇതാണ്.വൈവാഹിക ബലാത്സംഗം നടക്കുന്നുണ്ട് എന്നു തന്നെയാണ്. 1970 കളില്‍, അമേരിക്കയിലാണ് ആദ്യമായി വൈവാഹിക ബലാത്സംഗത്തിനെതിരെ ശബ്ദമുയര്‍ന്നത്. ഇന്ന്, ഏകദേശം 10 മുതല്‍ 14% വരെയുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനാല്‍ ലൈംഗിക പീഡനം അനുഭവിക്കുന്നു ഐക്യരാഷ്ട്രസഭയുടെ ഒരു പഠനത്തില്‍ പറയുന്നത് ഇന്ത്യയിലെ 75% പുരുഷന്മാരും വിശ്വസിക്കുന്നത് ലൈംഗികബന്ധത്തിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്നു തന്നെയാണ്. 15 വയസ്സിനും 49 വയസ്സിനും പ്രായമുള്ള സ്ത്രീകളാണ് ശരിരോപദ്രവം ഏല്പിച്ചോ ബലം പ്രയോഗിച്ചോ വൈവാഹിക ബലാത്സംഗത്തിന് ഇരയാകുന്നത്. 56% ഇന്ത്യന്‍ സ്ത്രീകളും വിശ്വസിക്കുന്നത് ഭര്‍ത്താവിന്റേയോ ഭര്‍ത്തൃവീട്ടുകാരുടേയോ പീഡനം ഏല്‍ക്കുന്നത് സാധാരണ സംഭവമായിട്ടാണ്. ഭര്‍ത്താവിനെ പരിചരിക്കുന്നതും, ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നതും ഒരു ഭാര്യയുടെ കടമയാണ്. ഇതോടൊപ്പം ഭര്‍ത്താവിന്റെ ലൈംഗികാവശ്യം നിറവേറ്റി കൊടുക്കേണ്ടതും ഭാര്യയുടെ ഉത്തരവാദിത്വമായാണ് സമൂഹം കാണുന്നത്. ഇവിടെ സ്ത്രീ ഒരു ലൈംഗിക ഉപകരണമായി മാറുകയാണ്. സ്വന്തം വ്യക്തിബോധത്തിന് ഒരു സ്ത്രീയെന്ന നിലയില്‍ കോട്ടം തട്ടുകയാണിവിടെ. ഈ അവസ്ഥയിലും വൈവാഹിക ബലാത്സംഗത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാതെ കൈ മലര്‍ത്തുകയാണ് ഭരണാധികാരികള്‍. ആരെയാണിവര്‍ക്ക് സംരക്ഷിക്കേണ്ടത്? കുറ്റവാളികളെയോ? അതോ നിരപരാധികളായ സ്ത്രീകളെയോ? ബാലവിവാഹനിയമമനുസരിച്ച് പതിനെട്ടു വയസ്സിനു തഴെയുള്ള പെകുുട്ടികളുടെ വിവാഹം നിരോധിച്ചിരിക്കുന്ന രാജ്യത്താണ് 16 വയസ്സുമുതലുള്ള ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ ഭര്‍ത്താവിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇത് നീതിയാണോ? ഇതേ നിയമം തന്നെ പറയുന്നു 18 വയസ്സിനു താഴെ പ്രായമുള്ള പെകുട്ടികളെ ലൈംഗികവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നത് കുറ്റകരമാണെന്ന്. സ്ത്രീസംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്ന മേനകാ ഗാന്ധിയുടെ ഈ നിലപാട് അപലപനീയമാണ്. അറഞ്ഞോ അറിയാതെയോ പുരുഷാധിപത്യത്തിനെ അനുകൂലിക്കുകയാണ്. വൈവാഹിക ബലാത്സംഗം എന്നത് കുറ്റമായി കണ്ട് നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ നിയമം ദുരുപയോഗപ്പെടുമെന്നും കുറ്റം തെളിയിക്കാനാവില്ലെന്നു മാണ് ചിലരുടെ വാദം. അങ്ങനെ നോക്കിയാല്‍ ഒരു നിയമവും ഇവിടെ സാക്ഷാത്ക്കരിക്കാനാകില്ല. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. അത് പരിഹരിച്ച് വൈവാഹിക ബലാത്സംഗത്തിനെതിരെ ഒരു ഭേദഗതി വരണം. 18 അമേരിക്കന്‍ രാജ്യങ്ങളിലും മൂന്ന് ആസ്‌ട്രേലിയന്‍ രാജ്യങ്ങളിലും കൂടാതെ ന്യൂസിലാന്റ്, കാനഡ, ഇസ്രായല്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ, സോവിയറ്റ് യൂണിയന്‍, പോളണ്ട്, ചെക്കോസ്ലൊവാക്കിയ എന്നിവിടങ്ങളിലും വൈവാഹിക ബലാത്സംഗം നിയമ വിരുദ്ധമായ കുറ്റം തന്നെയാണ്. ഇന്ത്യയെ ജനാധിപത്യരാജ്യത്തില്‍ വൈവാഹിക ബലാത്സംഗം കുറ്റമായി കാണാനാകില്ലെന്നുള്ള സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയുന്നില്ല. സ്ത്രീയുടെ ശ്രേഷ്ഠതയ്ക്കും വ്യക്തിബോധത്തിനും കളങ്കം വരുത്തുന്നത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. വിവാഹം, ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് അല്ല. സ്ത്രീയെ വെറുമൊരു സ്ത്രീയായി കാണാതെ സമത്വവും സ്വാതന്ത്ര്യവും ഉള്ള ഒരു പൗരനായി കണ്ടാല്‍ മാത്രമേ പൂര്‍ണ്ണമായ സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷയും സാധ്യമാകൂ. അതിന് നിയമത്തിന്റെ എല്ലാവിധ പിന്തുണയും അവര്‍ക്ക് ലഭിക്കണം. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു ഭരണാധികാരികള്‍ക്കും കഴിയില്ല. ബലാത്സംഗത്തിനെതിരെയുള്ള നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് 172-ാമത് നിയമ കമ്മീഷന്‍ നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ 1. 'ബലാത്സംഗം' എന്ന വാക്കിനുപകരം 'ലൈംഗിക കടാക്രമണം' എന്ന് ഉപയോഗിക്കണം. 2. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ലൈംഗികവേഴ്ചയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഏതു മാര്‍ഗ്ഗം ഉപയോഗിച്ചാണ് ലൈംഗികബന്ധം സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ഭേദഗതിയില്‍ ഉണ്ടാകണം. 3. ശരീരത്തിന്റെ ഏതൊരു ഭാഗത്തേയ്ക്കുമുള്ള ലൈംഗികടന്നാക്രമണം ബലാത്സംഗമായി തന്നെ കാണണം. 4. നിയമവിരുദ്ധ ലൈംഗിക ബന്ധം എന്ന പേരില്‍ 376 E എന്ന പേരില്‍ ഒരു വകുപ്പ് ഉണ്ടാകണം. 5. വൈവാഹിക ബലാത്സംഗം: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പിലെ വിശദീകരണം (2) എടുത്തുകളയണം. ശാരീരികമായി ഭര്‍ത്താവ് ഏല്‍പിക്കുന്ന പീഡനത്തെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വിവാഹശേഷം ബലംപ്രയോഗിച്ച് ഭാര്യയുടെമേല്‍ ഭര്‍ത്താവ് നടത്തു ലൈംഗികവേഴ്ച. 6. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പും ഭേദഗതി ചെയ്യണം. ലൈംഗികമായി കടന്നാക്രമിക്കുക എന്ന ഉദ്ദ്യേശ്യത്തോടെയുള്ള ബലാത്സംഗത്തിന് കടുത്ത ശിക്ഷ നല്‍കണം. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിലൂടെ.... 1.വൈവാഹിക ബലാത്സംഗം കുറ്റകരമാണ്....... സ്ത്രീകളുടെ മേല്‍ വിവാഹശേഷമുള്ള ഭര്‍ത്താവിന്റെ ലൈംഗിക കടന്നാക്രമണം ഒരു ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയില്‍ ഇത് അംഗീകരിച്ചിട്ടില്ല. റാഡിക്കാലായുള്ള നിയമം അന്തര്‍ദ്ദേശിയ തലത്തില്‍ വരുമ്പോള്‍ നിയമസാധ്യത കൂടും. ലൈംഗിക ബലാത്സംഗം കലാകാലങ്ങളായി ഗാര്‍ഹിക പീഡനത്തില്‍ നടന്നുവരുന്നുണ്ട്. ഇന്നത്തെ മാത്രം പ്രശ്‌നമല്ലയിത്. അതുകൊണ്ട് തന്നെബലാത്സംഗ നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതിനായി വിവിധ സ്ത്രീസംഘടനകള്‍ മുന്നോട്ട് വരണം. അജിത അന്വേഷി, കോഴിക്കോട് 2.ശക്തമായ നിയമം വരണം.... സ്ത്രീപുരുഷതുല്യതയുടെ പശ്ചാത്തലത്തില്‍ വൈവാഹിക ബലാത്സംഗത്തിനെതിരെ നിയമം കൊണ്ടുവരണം.സ്ത്രീകളുടെ വ്യക്തിബോധത്തിന് ഹാനിവരുന്ന യാതൊരു പ്രവൃത്തിയും ന്യായീകരിക്കാന്‍ ആകില്ല. മേഴ്‌സി അലക്‌സാണ്ടര്‍ സഖി സ്ത്രീപഠന കേന്ദ്രം 2.ദാമ്പത്യം സ്‌നേഹബന്ധത്തില്‍ അധിഷ്ഠിതമായിരിക്കണം.... സ്ത്രീകളുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ ശരീരം തന്നെയാണ്. അതിനുമേലുള്ള കടന്നുകയറ്റം തെറ്റാണ്. വിവാഹം കഴിഞ്ഞാല്‍ സ്വന്തം ശരീരം ഭര്‍ത്താവിന്റെ സ്വത്താണെന്നുള്ള കാഴ്ചപ്പാടില്‍ നിന്നും പുതിയ തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദാമ്പത്യം സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. ഭര്‍ത്താവിന്റെ അധിനിവേശവും അധികാരവും സ്ഥാപിക്കാനുള്ളതല്ല ലൈംഗികബന്ധം. പരസ്പരം ആഗ്രഹിക്കുമ്പോള്‍ സന്തോഷത്തോടെയാവണം ലൈംഗികബന്ധം നടക്കേണ്ടത്. വിവേകശാലിയായ പുരുഷന്‍ ഭാര്യയുടെ വ്യക്തിബോധവും ശ്രേഷ്ഠതയും ബഹുമാനിക്കും.നിയമത്തില്‍ ഭേദഗതി വരുത്തണോ വേണ്ടയോ എന്നതല്ല പ്രശ്‌നം. ദാമ്പത്യം സ്‌നേഹബന്ധത്തില്‍ അധിഷ്ഠിതമായിരിക്കണം എന്നതാണ് പ്രധാനം. ഡോ. ജെ. പ്രമീളാദേവി, കേരള വനിതാകമ്മീഷനംഗം 3.സ്ത്രീകളുടെ അവകാശലംഘനമാണ് വൈവാഹിക ബലാത്സംഗം. ഗാര്‍ഹിക പീഡനനിരോധന നിയമത്തിലെ മൂന്നാം സെക്ഷന്‍ ലൈംഗിക പീഡനത്തിന് ഊന്നല്‍ കൊടുക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വൈവാഹിക ബലാത്സംഗത്തിനെതിരെ ശക്തമായ നിയമം വരണം. സ്ത്രീകളുടെ അവകാശലംഘനമാണ് വൈവാഹിക ബലാത്സംഗം. നിര്‍ബന്ധിച്ചോ ദേഹോപദ്രവം ഏല്‍പ്പിച്ചോ ഭര്‍ത്താവ് ഭാര്യയ്ക്കുമേല്‍ നടത്തുന്ന ലൈംഗികവേഴ്ച കുറ്റകരമാണ്. സുനിത എം വി പ്രൊട്ടക്ഷന്‍ ഓഫീസര്‍. 4.യാഥാര്‍ത്ഥ ഗുണഭോക്താവിന് നീതി ലഭിക്കണം... വൈവാഹിക ബലാത്സംഗത്തിനെതിരെ ശക്തമായ നിയമനടപടികളിലൂടെ നീങ്ങിയാല്‍ പലപ്പോഴും ദാമ്പത്യജീവിതത്തില്‍ വിവാഹബന്ധം വേര്‍പ്പെടുത്തലിനായിരിക്കും കാരണമാകുന്നത്. കൂടാതെ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ഇതിനെതിരെ ആദ്യം ചെയ്യേണ്ടത് യാഥാര്‍ത്ഥ ഗുണഭോക്താവിന് നീതി ലഭിക്കുന്ന രീതിയില്‍ അതായത് പീഡനം അനുഭവിക്കുന്ന വിഭാഗത്തിന് ഗുണം ലഭിക്കുന്ന രീതിയില്‍ വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന അവബോധം ഉളവാക്കുക എന്നതാണ്. അതിന് പ്രീ-മാരിറ്റല്‍ കൗൻസിലിങും സഹായിക്കും. സാബുകുട്ടന്‍ നിയമവിദ്യാര്‍ത്ഥി 5.കൗൻസിലിങ് വേണം.... വൈവാഹിക ബലാത്സംഗത്തിന് മുതിരുന്നവര്‍ കൂടുതലും മദ്യപാനത്തിനോ, ലഹരിമരുന്നിനോ അടിമപ്പെട്ടവരായിരിക്കും.ഭാര്യഭര്‍ത്തൃലൈംഗിബന്ധം എന്നത് പരസ്പരം സ്‌നേഹം നിറഞ്ഞതായിരിക്കണം. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഭര്‍ത്താവിന്റെ ലൈംഗികവേഴ്ച ഭാര്യയ്ക്ക് മാരകമായ പരിക്കുകള്‍ ഏല്പിക്കും. തീര്‍ച്ചയായും, വൈവാഹിക ബലാത്സംഗത്തിനെതിരെ ഒരു നിയമം വരണം. അതോടൊപ്പം നമ്മള്‍ ശ്രദ്ധിക്കേണ്ടത് കൗൻസിലിങിനാണ്. മാനസിക പരിശോധനയാണ് ഏറ്റവും പ്രധാനം. വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ക്കുന്നതിനുപകരം ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം അത്യാവശ്യമാണ്. മാത്രമല്ല പരാതിപ്പെടുന്ന സ്ത്രീയ്ക്ക് പിന്നീടുള്ള ജീവിതത്തില്‍ പ്രതികാരബുദ്ധയോടെയുള്ള യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലെന്നും നിയമം ഉറപ്പുവരുത്തണം. അനൂപ് ജെ ആന്റണി ടീച്ചര്‍ 6.നിയമം വന്നാല്‍ കോടതിയെ സമീപിക്കാം... ഗാര്‍ഹീക പീഡനനിരോധന നിയമത്തില്‍ ലൈംഗിക പീഡനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പലപ്പോഴും നിയമം നടപ്പാക്കാത്ത ഒരവസ്ഥ നമുക്ക് കാണാം. വിവാഹം എന്ന ചട്ടത്തിനുള്ളില്‍ ശരിക്കും ഒരു സ്ത്രീയുടെ ശാരീരിക-മാനസിക-വൈകാരിക-സാംസ്‌കാരിക അവസ്ഥയെ ചൂഷണം ചെയ്യുകയാണ് പലപ്പോഴും. അവളുടെ നിക്ഷേപത്തെപോലും നിര്‍ഭയം വസൂലാക്കുകയാണ് . കുടുംബത്തിനകത്തുതന്നെയാണ് ആദ്യമായി അക്രമം നടക്കുന്നത്. സ്വന്തം ഭാര്യയെ മാത്രമല്ല കൊച്ചുകുഞ്ഞുങ്ങളെപ്പോലും ലൈംഗികമായി ഉപദ്രവിക്കുകയാണവിടെ. വൈവാഹിക ബലാത്സംഗം കുറ്റമായി കാണണം. അത് നിയമവിരുദ്ധം തന്നെയാണ്. നമ്മുടെ കുടുംബങ്ങളില്‍ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണത്. അതിനെതിരെ ഒരു നിയമം വന്നാല്‍ കോടതിയെ സമീപിക്കാം എന്നല്ലാതെ, പൂര്‍ണ്ണമായ നിരോധനം സാധ്യമാകുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വൈവാഹിക ബലാത്സംഗം കോടതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പ്രായോഗികമായ ഒരു ബുദ്ധിമുട്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കുടുംബത്തെ കാത്തുസൂക്ഷിക്കുന്നതിനുപകരം നാടകം കളിച്ച് കയ്യടി നേടുന്നതില്‍ ആര്‍ക്കാണ് ലാഭം? പി ഇ ഉഷ കേരള മഹിള സമഖ്യസൊസൈറ്റി 7.നിയമവും ബോധവത്ക്കരണവും ഒരുപോലെ.... സ്ത്രീകള്‍ വിവാഹശേഷമുള്ള ബലാത്സംഗത്തെ പലപ്പോഴും തിരിച്ചറിയാറില്ല. വിവാഹശേഷം ഭര്‍ത്താവിന്റെ ഏതിച്ഛയ്ക്കും അനുസരിച്ച് ജീവിക്കണമെന്നുള്ള കാലാകാലങ്ങളായുള്ള അടിസ്ഥാന ബോധമാണതിനു കാരണം. അതിനെതിരെ ആദ്യം നടത്തേണ്ടത് ബോധവത്കരണമാണ്. എന്താണ് വൈവാഹിക ബലാത്സംഗമെന്ന് തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്ക് കഴിയുന്നതോടെപ്പം, അങ്ങനെയൊരു സാഹചര്യത്തില്‍ 'പറ്റില്ല' എന്ന് പറയാനും അവള്‍ക്ക് കഴിയണം. ഉഭയസമ്മതം നടക്കേണ്ടതാണ് വൈവാഹിക ലൈംഗികത. അതുകൊണ്ട് തന്നെ സ്ത്രീയുടെ സര്‍വ്വ സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെടുന്ന സാഹചര്യത്തിലുള്ള വൈവാഹികബലാത്സംഗ ഒരു ക്രിമിനല്‍ കുറ്റമാണ്. ഇത് തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക കൂടി വേണം. പ്രിയ ഇ ജന്റര്‍ കൗസള്‍ട്ടന്റ്, കുടുംബശ്രീ