സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പൊതുനിരത്തുകളിലെ സ്ത്രീ സുരക്ഷ - ഒരു വിശകലനം

ജയലക്ഷ്മി എസ്



 സ്ത്രീയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ല. ഇതിനെക്കുറിച്ച് 'സേഫ് സിറ്റി' എന്ന പേരില്‍ 'സഖി' സ്ത്രീപഠനകേന്ദ്രം പഠനങ്ങള്‍ നടത്തി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും രണ്ടാം ഘട്ടത്തില്‍ തൃശൂരും കൊച്ചിയിലുമാണ് പഠനങ്ങള്‍ നടത്തിയത്. ചോദ്യാവലി,വിവരശേഖരണം, ചര്‍ച്ച, സേഫ്റ്റി ഓഡിറ്റ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഗവേഷണങ്ങള്‍ നടത്തിയത്.
ലൈംഗികാത്രിക്രമണം, വാക്കുകള്‍കൊണ്ടും നോട്ടം കൊണ്ടുള്ള ശല്യം, മൊബൈല്‍, ക്യാമറ ഉപയോഗിച്ചുള്ള ശല്യപ്പെടുത്തല്‍, മോഷണം, പിടിച്ചുപറി, മദ്യപാനികള്‍-മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നൊക്കെയാണ് സുരക്ഷാഭീഷണിയെന്നാണ് സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പൊതു യാത്രാ സൗകര്യം ഉപയോഗിക്കുമ്പോഴാണ്. തീയറ്ററുകളിലോ പാര്‍ക്കുകളിലോ സ്ത്രീകള്‍ തനിച്ചുപോകാറില്ല. വൃത്തിഹീനമായ സുരക്ഷിതത്വമില്ലാത്ത പൊതു കക്കൂസുകള്‍ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കാറില്ല.ഭൗതികമായ സാഹചര്യങ്ങളായ വെളിച്ചമില്ലാത്ത റോഡുകള്‍, ഇടവഴികള്‍, റോഡിന്റെ രണ്ടു വശങ്ങളിലും ഉയര്‍ മതില്‍ക്കെട്ടുകള്‍, പൊതുകക്കൂസുകളുടെ അഭാവം, പൊതു ടെലിഫോൻ സൗകര്യങ്ങളുടെ അഭാവം എന്നിവ സുരക്ഷിതമില്ലായ്മയ്ക്ക് ആക്കം കൂട്ടുന്നു.സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതു സമൂഹത്തിന്റെ പിന്തുണ കാര്യമായി ഉണ്ടാകാറില്ല എന്നാണ് പഠനഫലം സൂചിപ്പിക്കുന്നത് വനിതാ കമ്മിഷനെപറ്റിയും പോലീസിന്റെ ഹെല്‍പ് ലൈനെക്കുറിച്ച് അറിയാമെങ്കിലും എങ്ങനെ ബന്ധപ്പെടണമെന്ന് അറിയാത്തവരും ഉണ്ട്. സര്‍വേയില്‍ പങ്കെടുത്ത 67% പേരും ഇരുട്ടായി കഴിഞ്ഞാല്‍ വീടിന് പുറത്ത് പോകാറില്ല. തിരക്ക് ഉള്ളപ്പോള്‍ യാത്ര ഒഴിവാക്കും. സേഫ്റ്റിപിന്‍, ബ്ലൈഡ് തുടങ്ങിയവ സുരക്ഷയ്ക്കായി കരുതുന്നവരുടെ എണ്ണവും കുറവല്ല. വിദ്യഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദിവസേന യാത്ര ചെയ്യുന്ന ധാരാളം സ്ത്രീകള്‍ക്ക് കമന്റടി, തുറിച്ചുനോട്ടം, ശരീരഭാഗങ്ങള്‍ക്കൊണ്ടുള്ള ഉരുമ്മല്‍ എന്നിവയില്‍ ഏതെങ്കിലും അനുഭവിക്കേണ്ടിവരുന്നു. ഇത്തരം പ്രവണതകള്‍ പുറത്തുപറഞ്ഞാല്‍ പലപ്പോഴും സ്ത്രീകളെ തന്നെ കുറ്റപ്പെടുത്തി ഇത് നിസാരവത്കരിക്കാന്‍ ശ്രമിക്കാറുണ്ട്. മാത്രമല്ല, പുറത്ത് പറഞ്ഞാല്‍ തങ്ങള്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടുകാരോട് പറയാറില്ല. ഇനി അഥവാ പോലീസില്‍ പരാതിപെട്ടാല്‍ മതിയായ തെളിവ് ഇല്ലാത്തൊരവസ്ഥയും കാലതാമസവും നേരിടേണ്ടി വരുന്നു.സ്ത്രീ സംരക്ഷണം ഒരാളുടെ ചുമതലയല്ല; മറിച്ച് സമൂഹത്തിന്റേതാണെന്ന തിരിച്ചറിവാണ് നമുക്കാവശ്യം. ലൈംഗിക പീഡനം മാത്രമല്ല സ്ത്രീകള്‍ നേരിടുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലയിലെ സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി വിവിധ ഏജന്‍സികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകള്‍, മാധ്യമങ്ങള്‍, സ്ത്രീസംഘടനകള്‍, നീതി-ന്യായ സംവിധാനം, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ പിന്തുണ ആവശ്യമാണ്. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഓരോ പൗരന്റെയും കടമയാണ്.പൊതുസ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട ചില കാര്യങ്ങള്‍ 'സഖി'സ്ത്രീ പഠനകേന്ദ്രം വ്യക്തമാക്കുന്നു.
1. നഗരങ്ങളുടെ രൂപകല്പന
2. സുരക്ഷാ ഉദ്യോഗസ്ഥര്‍
3. മറ്റ് പൊതുസ്ഥലങ്ങളുമായുള്ള സാമിപ്യം
4. വെളിച്ചം, ദൃശ്യത
5. ഗതാഗത സൗകര്യങ്ങള്‍
6. അടിയന്തര സഹായം ലഭിക്കാനുള്ള സാധ്യത
7. പൊതുയാത്ര സൗകര്യത്തിന്റെ പ്രാപ്യത
8. കാല്‍നടയാത്രക്കാരുടെ സൗകര്യങ്ങള്‍ എന്നിവ
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വളരെ വിദഗ്ദ്ധമായി നടപ്പാക്കിയാല്‍ സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ ഏറെക്കുറെ പരിഹരിക്കാനാകും കൂടാതെ ഓരോ വ്യക്തിയുടെയും ധാര്‍മികമായ മൂല്യങ്ങള്‍ ഉയര്‍ത്തുകകൂടി വേണം. നിലവിലുള്ള നിയമങ്ങള്‍ ശക്തമായും സമയബന്ധിതമായും നടപ്പിലാക്കുന്നതോടൊപ്പം ആവശ്യമായ പുതിയ നിയമങ്ങള്‍ രൂപീകരിക്കണം.
കടപ്പാട്
ഏലിയാമ്മ വിജയന്‍
രജിത (സഖി-സ്ത്രീ പഠന കേന്ദ്രം)
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും