സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഓരോ 2 മിനിറ്റിലും ഒരു സ്ത്രീയ്ക്ക് എതിരെ അതിക്രമം

ജയലക്ഷ്മി എസ്



ചരിത്രകാലഘട്ടം മുതല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും ലൈംഗികവുമായ പീഢനങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീയുടെ മനസ്സിനും ശരീരത്തിനും വ്യക്തിബോധത്തിനും ആഴത്തിലുള്ള പരുക്കുകള്‍ ആണ് ഏല്‍പിക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനക്കേസുകള്‍.''സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി പുരോഗതി കൈവരിച്ചു.' എന്നു പറയുന്ന കേരളത്തിലെ സ്ഥിതിയും ഒട്ടും മോശമല്ല. ഇന്ത്യന്‍ ഭരണഘടനലിംഗഭേദമില്ലാതെ സ്വാതന്ത്ര്യവും സമത്വവും അനുശാസിക്കുന്നുണ്ടെങ്കിലും സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്ന അടിസ്ഥാനബോധമാണ് ഇന്ന് കേരളത്തിനുള്ളത്. സ്ത്രീകളെ തുല്യവ്യക്തികളായി അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പുരുഷന്‍മാരും ഉണ്ട് എന്ന് സമ്മതിക്കുന്നു.
               സ്ത്രീധന സമ്പ്രദായമെന്ന വലിയ സാമൂഹ്യവിപത്തിന് അറുതിവരുത്താന്‍ 1961 ല്‍ 'സ്ത്രീധന നിരോധന നിയമം' നിലവില്‍ വന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദ്യേശ്യമുള്ള ഈ നിയമങ്ങള്‍ക്ക് പ്രായോഗികരൂപം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ 1985 ല്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ അനുബന്ധചട്ടങ്ങളും നിര്‍മ്മിച്ചു. 1990 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് 'ദേശീയ വനിതാകമ്മീഷന്‍ നിയമം' പാസ്സാക്കി. സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടഞ്ഞ് പരമാവധി നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പാസാക്കിയത്. ഏറ്റവും ഒടുവിലായി ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന 'ഗാര്‍ഹിക പീഡന നിരോധന നിയമം' 2005 ല്‍ പാസായി. ഇതൊന്നും കൂടാതെ വിവിധ ഏജന്‍സികള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടത്തുുന്നുമുണ്ട്. എങ്കിലും പൂര്‍ണ്ണമായ സ്ത്രീസുരക്ഷയും സ്വാതന്ത്രവും സാധ്യമാകുന്നില്ല.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറേയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാകട്ടെ ഒരോ രണ്ട് മിനിറ്റില്‍ ഒരു തവണയും, ഒരു മണിക്കൂറില്‍ 26 തവണയും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
             ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498-അ പ്രകാരമുള്ള ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 9,07,713 കഴിഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലായി സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങളില്‍ ഉപദ്രവം (4,70,556), തട്ടികൊണ്ടുപോകല്‍ (3,15,074) ലൈംഗിക പീഡനം (2,43,051), അവഹേളിക്കല്‍ (1,04,151), സ്ത്രീധന മരണം (80,833) എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആന്ധ്രാപ്രദേശിലാണ്.
                 ഇന്ത്യയിലെ കുടുംബാരോഗ്യ സര്‍വ്വേ അനുസരിച്ച് ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്താവിന്റെ ശാരീരികമോ ലൈംഗികമോ ആയ ക്രൂരപീഡനങ്ങള്‍ ഏല്‍ക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും എതിരെയുള്ള ലൈംഗിക പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ എണ്ണത്തില്‍ ചെറിയ ഒരളവ് കുറവുണ്ടെങ്കിലും അവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് വലിയ വ്യത്യാസം ഇല്ല. നഗരത്തില്‍ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്നതിനെക്കുറിച്ച് സഖി എന്ന സദ്ധസംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സൂചിപ്പിക്കുന്നത് 90% സ്ത്രീകള്‍ സുരക്ഷിതരല്ല എന്നു തന്നെയാണ്. അരങ്ങില്‍ എത്താതെ അണിയറയില്‍ മാത്രം ഒതുങ്ങി നില്‍കുന്ന സംഭവങ്ങള്‍ ഇനിയുമുണ്ട്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 
2015, 2014, 2013  എന്നീ വർഷ ക്രമത്തിൽ കണക്ക് 
1.ലൈംഗിക പീഡനം 1263, 1283, 1221
2.ഉപദ്രവം 3991, 4357, 4362
3.തട്ടികൊണ്ടുപോകല്‍ 177, 145, 185
4.കളിയാക്കല്‍ 265, 257, 404
5.സ്ത്രീധന മരണം 7,19, 21
6.ഭര്‍ത്തൃപീഡനം 3664, 4810, 4820
7.മറ്റുള്ളവ 3016, 3009, 2725
8.ആകെ 12383, 13880, 13738
ബോധവല്‍ക്കരണവും സെമിനാറുകളും അതിന്റെ വഴിയേ പോകുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ബോധപൂര്‍വ്വവും അല്ലാതെയുമുള്ള ക്രൂരമായ ആക്രമണങ്ങളും ലൈംഗിക ചൂഷണങ്ങളും സ്ത്രീസുരക്ഷയെ ഹനിക്കുകയാണ്.ഇവിടെ ചികിത്സ നല്‍കേണ്ടത് രോഗത്തിനല്ല; മറിച്ച് രോഗകാരണത്തിന് തന്നെയാണ്. ഇന്നലെയുടേയോ, ഇന്നത്തെയോ പ്രശ്‌നമല്ലിത്. വരും തലമുറയുടേതുകൂടിയാണ്.
കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് സമൂഹം സ്ത്രീക്ക് പ്രാമുഖ്യവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന പല മേഖലകളിലേക്കും സ്ത്രീകള്‍ കടന്നുചെന്നത്. പക്ഷേ, അത് അംഗീകരിക്കാന്‍ പലരും മടിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി സമൂഹമനസില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അബദ്ധധാരണങ്ങള്‍ ഇന്നും പുരുഷമനസില്‍ നിറഞ്ഞുനില്‍കുന്നു. ആ ധാരണ മാറണം. യാന്ത്രികമായ ആധുനിക ജീവിതത്തിനിടയില്‍ ശരിയായ കാഴ്ചപ്പാടിലേക്ക് സമൂഹം മാറണം. ഇതിനായി സ്ത്രീശക്തിയുണരണം.നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. അതിനു വീഴ്ചവരുത്തുന്ന നിയമപാലകരെപ്പോലും നിശീതമായി ശിക്ഷിക്കണം. സ്ത്രീ പീഡനങ്ങള്‍ തടയുക എന്നതും സ്ത്രീയെ പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതും കമ്മീഷനുകളുടേയോ സ്ത്രീസംഘടനകളുടേയോ മാത്രം ചുമതലയല്ല. ഉത്തരവാദിത്വബോധമുള്ള ഓരോ പൗരന്റെയും കടമയാണ്. സമഭാവനാ വീക്ഷണമാണ് വേണ്ടത്.





 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും