പൊള്ളുന്ന ചൂടേറ്റ് മുഖം ചുളിക്കുകയായിരുന്നു 89 വയസ്സ് പ്രായമായ തങ്കമ്മ ചേച്ചി. ഒരല്പം തണലിനായി മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. ശരീരത്തിന് പ്രായം ഏറിയിരുന്നു. പക്ഷേ മനസ്സില്‍ അതേ ചെറുപ്പവും കരുത്തും.ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല: മറിച്ച് തന്റെ ജീവിതം തനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്പത്താണ് ഈ കരുത്ത്. അനുഭവങ്ങള്‍ക്ക് നല്ല പതം വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ തങ്കമ്മചേച്ചിക്ക് നിശ്ചയദാര്‍ഢ്യം ഏറിയിട്ടുണ്ട്. പമ്പയാറിന്റെ കൈവഴിയായ പൂക്കൈത ആറിന് തങ്കമ്മ ചേച്ചിയെ പരിചിതമാണ്. തന്റെ വിറയ്ക്കുന്ന കൈകളില്‍ തുഴ എടുത്തു തുഴയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഓളങ്ങള്‍ അലതല്ലുത് നമുക്ക് കാണാം. കടത്തു വഞ്ചിയിലെ യാത്രക്കാര്‍ക്കു അത് മുന്നോട്ട് പോകാന്‍ കൂടുതല്‍ കരുത്തേകും. രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെ തങ്കമ്മ ചേച്ചിയുടെ കൈകള്‍ തുഴ എറിഞ്ഞുകൊണ്ടിരിക്കും. ആലപ്പുഴ, നെടുമുടി, ചെമ്പുംപുറം കടവുകളില്‍ തങ്കമ്മ ചേച്ചി തന്റെ സാന്നിധ്യം അറിയിച്ച് കടന്നു പൊയ്‌ക്കൊണ്ടിരിക്കും. പ്രായമായെങ്കിലും തനിക്ക് എഴുന്നേറ്റ് നടക്കാന്‍ ആവതുള്ളതുവരെ സ്വന്തമായി അധ്വാനിക്കണമെന്ന വാശിയാണ് തങ്കമ്മ ചേച്ചിക്ക്. തന്റെ കഠിനാധ്വാനത്തിലൂടെ സ്ത്രീശക്തി തെളിയിക്കു തങ്കമ്മ ചേച്ചി അനന്തരവള്‍ക്കൊപ്പമാണ് താമസിക്കുന്നത്.