സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മാലാഖക്കുഞ്ഞുങ്ങളുടെ അമ്മ-ആലീസ് തോമസ്




''ഞങ്ങള്‍ക്ക്ഒരു അമ്മയുണ്ട്. സ്‌നേഹവും വാത്സല്യവും കരുതലും നല്‍കുന്ന ഞങ്ങളുടെ അമ്മ''--ആ കുഞ്ഞുമക്കള്‍ ചിരിച്ചു. അനാഥത്വത്തിന്റെ പിടിയിലകപ്പെട്ട പൊന്നോമനകളെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ആലീസമ്മയ്ക്ക് വല്ലാത്തൊരനുഭൂതിയാണ്. ''ആ മക്കള്‍ ഒറ്റയ്ക്കല്ല. അവര്‍ക്ക് താങ്ങും തണലുമായി ഞാനുണ്ട്''-- ഡിവൈന്‍ ചില്‍ഡ്രന്‍സ് ഹോമിലെ ആലീസ് തോമസ് പറഞ്ഞു.
ചങ്ങനാശ്ശേരി പായിപ്പാട് നെല്ലിപ്പള്ളിയില്‍ ആലീസ് തോമസിന്റെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. പക്ഷേ, ഒരിക്കലും തളരാത്ത മനസ്സ് അവർക്ക് ഉണ്ടായിരുന്നു. ജീവിതാനുഭവങ്ങള്‍ തനിക്കേല്പിച്ചു തന്ന മുറിവുകളെ ഒരു ചെറുപുഞ്ചിരിയോടെ നേരിടുകയാണ് ഇന്ന് ആലീസമ്മ.
നൈനിറ്റാളില്‍ വച്ച് ഒരു കാര്‍ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട് ആലീസമ്മ കേരളത്തില്‍ തിരിച്ചെത്തുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രം. തന്റെ മക്കളായ സുമേഷിനേയും നീതിയേയും നന്നായി വളര്‍ത്തണം. പഠിപ്പിക്കണം. ഇതൊക്കെയായിരുന്നു ആഗ്രഹം. തയ്യലിലൂടെയായിരുന്നു അതിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. പിന്നീട് തേക്കിന്റെയും മാഞ്ചിയത്തിന്റെയും കൃഷി ആരംഭിച്ചു. അതോടൊപ്പം ഒരു പ്ലാന്റ് നഴ്‌സറിയും തുടങ്ങി. ക്രാഫ്റ്റിനോടുള്ള അഭിരുചി കാരണം അതും പഠിച്ചു. തന്റെ സമയങ്ങള്‍ വെറുതെ പാഴാക്കി കളയാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നും പ്രയത്‌നിച്ചു. അങ്ങനെ, 1998 ല്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ ജയിലില്‍ തയ്യല്‍ ടീച്ചറായി ആലീസമ്മയ്ക്ക് ജോലി ലഭിച്ചു. ജീവിതത്തിലേക്കുള്ള പുത്തന്‍ പ്രതീക്ഷയാണ് അവിടെ തുറന്നത്.വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനാണ് അന്ന് ജയിലില്‍ തയ്യല്‍ ക്ലാസ് നടത്തിയിരുന്നത്. അവിടെവച്ച്  ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തിയ ഒരു സ്ത്രീയെ അവർ കണ്ടു. അവരോടൊപ്പം ഒന്നരവയസ്സുള്ള മകനും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ ശരീരമാസകലം സിഗരറ്റും മറ്റും വച്ച് പൊളിച്ച പാടുകളുണ്ടായിരുന്നു.ആ സ്ത്രീയോട് അവരുടെ കുഞ്ഞിനെ ആലീസമ്മ നോക്കാമെന്ന് പറഞ്ഞു.ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഞ്ഞിനെ ഏല്പിക്കാമെന്ന് ആ സ്ത്രീ വാക്കു നല്‍കുകയും കുഞ്ഞിനെ ആലീസമ്മയുടെ സംരക്ഷണതയിലാക്കുകയും ചെയ്തു. ആ കുഞ്ഞാണ് അനൂപ്. അതായിരുന്നു എല്ലാത്തിനും തുടക്കം. തന്റെ ജീവിതം, ദൈവം നിയോഗിച്ചിരിക്കുന്നതിന് വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ആലീസമ്മ തിരിച്ചറിഞ്ഞു. അതോടെ പാങ്ങോട് ശ്രീചിത്രാനഗറിലെ ഒരു കൊച്ചു മുറിക്കുള്ളില്‍ തന്റെ മക്കളായ നീതിയ്ക്കും സുമേഷിനുമൊപ്പം തെരുവോരങ്ങളില്‍ അനാഥരാകു പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തി സംരക്ഷിക്കാന്‍ തുടങ്ങി.
തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ മാത്രമല്ല, മാതാപിതാക്കള്‍ ഉണ്ടെങ്കിലും സാമൂഹിക-സാമ്പത്തിക-വൈകാരികമേഖലകളില്‍ ഒറ്റപ്പെട്ട് പോകുന്ന കുഞ്ഞുങ്ങളെയും ആലീസമ്മ സംരക്ഷിക്കാന്‍ തുടങ്ങി. 2002 ജൂലൈ 26ന് നോൻ പ്രോഫിറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന രീതിയില്‍ ഗവൻമെന്റിന്റെ എല്ലാ അംഗീകാരത്തോടും കൂടി ഡിവൈന്‍ ചില്‍ഡ്രന്‍സ് ഹോം തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സെന്റ് മേരീസ് സ്‌കൂളിനും സമീപം വിപുലമായി ആരംഭിച്ചു. ഇന്ന് ഏകദേശം 40 കുട്ടികള്‍ ആലീസമ്മയുടെ സംരക്ഷണതയിലുണ്ട്. മാനസികവും ശാരീരികവുമായ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് ആലിസമ്മയുടെ ലക്ഷ്യം. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യസംരക്ഷണം എന്നിവ ഇവിടെ ഭംഗിയായി നിര്‍വഹിക്കുന്നു. സംഗീതം, നൃത്തം എന്നിവ കൂടാതെ കളരിയും കുട്ടികള്‍ ആഭ്യസിക്കുന്നുണ്ട്. മനസ്സില്‍ നന്മയുണ്ടെങ്കിൽ ദൈവം എന്നും അവരുടെ കൂടെയുണ്ടാകും. അതുകൊണ്ടുതന്നെ ആലീസമ്മയ്ക്ക് താങ്ങും തണലുമേകുന്നത് ദൈവം തന്നെയാണ്. സ്വന്തം പ്രയത്‌നംകൊണ്ടും തയ്യലിലൂടെയും സേവകമനസ്സുള്ളവരുടെ സഹായം കൊണ്ടും കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മക്കളായ നീതിയും സുമേഷും ആലീസമ്മയെ വളരെയധികം സഹായിക്കുന്നുണ്ടായിരുു നീതി വിവാഹിതയാണ്.
വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് ആലീസമ്മ തന്റെ മകനായ സുമേഷിന് ജന്മം നല്‍കിയത്. എന്നാല്‍ വിധി ആ അമ്മയെ പിന്നെയും വേദനിപ്പിച്ചു. ഒരു അപകടത്തില്‍ മകന്‍ സുമേഷിനെ നഷ്ടമായി. അകാലത്തില്‍ പൊലിഞ്ഞുപോയ ആ മകനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ''എന്റെ എല്ലാ വിഷമത്തിലും താങ്ങായിരുന്നു അവന്‍. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിനും പുത്തനുടുപ്പിടീക്കുന്നതിനും അവന് വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങള്‍ക്ക് സുഖമില്ലെങ്കില്‍ അവന്‍ എടുത്തുകൊണ്ട് നടക്കുമായിരുന്നു''-- ആലീസമ്മ പറഞ്ഞു. ബി എ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന സുമേഷ് സാമുവല്‍ ഫ്രാങ്ക്‌ളിന്‍.ജീവിതത്തിന്റെ കളിയാട്ടത്തില്‍ സുമേഷ് എന്ന കുക്കുമോന്‍ ആലീസമ്മയ്ക്ക് നോവുന്ന ഒരു ഓര്‍മ്മ തന്നെയാണ്. എങ്കിലും തോറ്റുകൊടുക്കാന്‍ ആലീസമ്മ തയ്യാറല്ല. ആത്മവിശ്വാസത്തോടെ കരുത്തുറ്റ മനസ്സുമായി ആ അമ്മ നമുക്കിടയില്‍ തന്നെയുണ്ട് വ്യക്തിപരമായ ദു:ഖങ്ങളെ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ച് 'ഞാന്‍ തളരില്ല' എന്ന ഉറച്ചവിശ്വാസത്തോടെ ആ അമ്മ മുന്നോട്ട് പോകുന്നു. നിസ്വാര്‍ത്ഥ സേവനത്തിന്റെ ആള്‍രൂപമായി മാറിയ ആ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും