1862ല്‍ പാലക്കാട് തരവത്തു തറവാട്ടില്‍ ജനിച്ചു. മുന്‍സിഫ് ശങ്കരന്‍ നായരുടെയും കുമ്മിണിയമ്മയുടെയും മകളാണ് അമ്മാളു അമ്മ. ആതുര ശുശ്രൂഷയ്‌ക്കും ദാനധര്‍മ്മങ്ങള്‍ക്കും ഇവര്‍ പേര് കേട്ടിരുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇവര്‍ ഒരു താങ്ങായിരുന്നു. ശേഷന്‍ ഭട്ടര്‍ സംസ്‌കൃതത്തില്‍ രചിച്ച `ഭക്തമാല'യുടെ ഭാഷാന്തരീകരണത്തിലൂടെയാണ് അമ്മാളു അമ്മ സാഹിത്യ രംഗത്തേക്ക് കടന്നു വരുന്നത്. പ്രശസ്‌തരായ ഏതാനും ഭക്തരുടെ ജീവചരിത്രമായിരുന്നു അതിന്റെ ഉള്ളടക്കം. ഇവര്‍ ഒരു ബുദ്ധ ഭക്തയായിരുന്നു. `ബുദ്ധചരിതം' മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്‌ത `ബുദ്ധഗാഥ' രചിച്ചു. കന്യാകുമാരി മുതല്‍ കാശിവരെ സഞ്ചരിച്ച് `തീര്‍ത്ഥയാത്ര' എന്നൊരു ഗ്രന്ഥമെഴുതി. `ശിവശക്തി വിലാസം', `കൃഷ്‌ണഭക്തി ചന്ദ്രിക', `സര്‍വ്വവേദാന്തസിദ്ധാന്തസംഗ്രഹം' തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 1929ലെയും 1930ലെയും സാഹിത്യപരിഷത് സമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്.