ഇന്ത്യയുടെ ശാസ്ത്രമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ ശാസ്ത്രപ്രതിഭ. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് ശാസ്ത്ര ഗവേഷണത്തിനായി ജീവിച്ച വ്യക്തിയായിരുന്നു ജാനകിയമ്മാള്‍. സസ്യശാസ്ത്ര ഗവേഷണത്തില്‍ ലോകശ്രദ്ധ നേടിയ തലശ്ശേരി സ്വദേശിയാ ജാനകിയമ്മാള്‍ സ്വന്തം നാട്ടില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. സ്ത്രീ ആയതുകൊണ്ടു മാത്രം വേണ്ടത്ര അംഗീകാരങ്ങളും പരിഗണനയും ലഭിക്കാതെവന്നു. സ്വന്തം നാട്ടിലെ ഇത്തരം വിവേചനങ്ങളും തിക്താനുഭവങ്ങലും കാരണം അവര്‍ വിദേശ ഗവേഷണശാലകളിലാണ് പിന്നീട് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. 1952-ല്‍ അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരം ജാനകിയമ്മാള്‍ തന്റെ വര്‍ഷങ്ങള്‍ നീണ്ട വിദേശവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ത്യയില്‍ പലയിടങ്ങളിലായി ഗവേഷണങ്ങളില്‍ മുഴുകി. പ്രശസ്ത സസ്യശാസ്ത്രജ്ഞനായ സി.ഡി. ഡാര്‍ലിംങ്ടണുമായി ചേര്‍ന്ന് ജാനകിയമ്മാള്‍ രചിച്ച 'ദ് ക്രോമസോം അറ്റലസ് ഓഫ് കള്‍റ്റിവേറ്റഡ് പ്ലാന്റ്‌സ്' എന്ന പുസ്തകം കോശവിജ്ഞാന ശാസ്ത്രത്തിലെ ലോകപ്രശസ്ത ഗ്രന്ഥമാണ്.