പത്രപ്രവര്‍ത്തനരംഗത്തെ സ്ത്രീപക്ഷ മുന്നണിപ്പോരാളിയാണ് ലീലാമഞ്ജരി എന്ന ലീലാമേനോന്‍. കേരളചരിത്രത്തിലെ പല പ്രമുഖ സംഭവങ്ങളും ലീലാമേനോന്റെ വാക്കുകളിലൂടെ രേഖപ്പെട്ടവയാണ്. 40-ാം വയസില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച ലീലാമേനോന്‍ പിന്നിട്ട വഴികള്‍ പ്രചോദനപരമാണ്. ജീവിതത്തില്‍ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായപ്പെഴും എല്ലാം തന്റേടത്തോടെ നേരിടുകയാണ് അവര്‍ ചെയ്തത്. ആദ്യകാലങ്ങളില്‍ പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായും പിന്നീട് പോസ്റ്റ് ഓഫീസുകളിലെ ഏക ടെലിഗ്രാഫിസ്റ്റായും ജോലിചെയ്ത ലീല, തന്നെപ്പറ്റി ഇന്തന്‍ എക്‌സ്പ്രസില്‍ വന്ന ഒരു ലേഖനത്തോടെയാണ് പത്രപ്രവര്‍ത്തനത്തില്‍ തല്‍പരയാവുന്നത്. തുടര്‍ന്ന് പത്രപ്രവര്‍ത്തനം പഠിച്ച് 1978-ല ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിയമിതയായി. വൈപ്പിന്‍ മദ്യദുരന്തം, ഗോതുരുത്തിലെ വ്യാജവാറ്റ്, ഭിക്ഷാടനമാഫിയ, നാദാപുരം സംഭവം, സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന എച്ച്.ഐ.വി. ബാധ തുടങ്ങി ലീലാമേനോന്റെ തൂലിക ചെന്നെത്താത്ത മേഖലകള്‍ അപൂര്‍വം. ഇന്ത്യന എക്‌സ്പ്രസില്‍ 22 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനുശേഷം 2000-ല്‍ രാജിവെച്ചൊഴിഞ്ഞു. കാന്‍സറും ഫേഷ്യല്‍ പാള്‍സിയുമുള്‍പ്പെടെ പലവിധ ശാരീരിക പ്രതിസന്ധികളെയും സധൈര്യം നേരിട്ട് അവര്‍ തോല്‍ക്കാതെ പെണ്‍മയുടെ പ്രതീകമാകുന്നു.