നിറങ്ങളുടെയും നിറഭേദങ്ങളുടെയും പുതിയ തലങ്ങള്‍ കണ്ടെത്തിയ കലാകാരിയാണ് ടി.കെ. പത്മിനി. വെറും 29 വര്‍ഷം നീണ്ട ജീവിതകാലത്തിനിടയില്‍ കേരള ചിത്രകലാപ്രസ്ഥാനത്തിന് പത്മിനി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നു ആധികാരികമായി ചിത്രകല അഭ്യസിച്ച പത്മിനി സ്ത്രീലോകത്തിന്റെ വിവിധതലങ്ങള്‍ നമുക്ക് മുന്നില്‍ വരച്ചിട്ടു. പുരുഷകേന്ദ്രീകൃത കലാലോകത്തില്‍ പത്മിനിയുടെ രചനകള്‍ തികഞ്ഞ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായിരുന്നു. അര്‍ദ്ധനഗ്നരും പൂര്‍നഗ്നരുമായ സ്ത്രീ പുരുഷന്മാരെ പത്മിനിചിത്രങ്ങളില്‍ നമുക്ക് കാണാം. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യര്‍ പത്മിനിയുടെ വരകളില്‍ നിറങ്ങളായി. ഒരു എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരിയായ അവരുടെ ചിത്രങ്ങള്‍ അധികവും രേഖകള്‍ക്ക് പ്രാധാന്യം നല്‍കുന്നവയാണ്, അവസാന ചിത്രമായ 'പട്ടം പറത്തുന്ന പെണ്‍കുട്ടി' ഒഴികെ. ചിത്രകലയുടെ ലോകത്തിലൂടെ യാത്രചെയ്ത ടി.കെ. പത്മിനിയുടെ ജീവിതം തന്നെ നിറങ്ങളും വരകളുമായിരുന്നു.