നിരവധി പ്രതിസന്ധികളെ അതിജീവിച്ച് കലയ്ക്കായി ജീവിതമുഴിഞ്ഞുവെച്ച അസാമാന്യ പ്രതിഭ. കേരളം കണ്ട എക്കാലത്തെയും മികച്ച നടിമാരിലൊരാളായ നിലമ്പൂര്‍ ആയിഷ കരുത്തയായൊരു വിപ്ലവകാരി കൂടിയാണ്. കേരള നാടകവേദിയിലെ ആദ്യ മുസ്ലീം നടിയായ ആയിഷ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്താണ് നാടകത്തിനായി നിലകൊണ്ടത്. മുസ്ലിം സമുദായത്തിനു നിഷിദ്ധമെന്നു കരുതിയിരുന്ന നാടകകലയില്‍ അഭിനയിക്കാന്‍ ഒരു മുസ്ലീം പെണ്‍കുട്ടി തയ്യാറായത് അക്കാലത്തെ സമുദായ നേതാക്കളെയും മതവാദികളെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. എങ്കിലും അതിനെയെല്ലാം നേരിടാന്‍ 15-ാം വയസില്‍പോലും ആയിഷ അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. നിലമ്പൂര്‍ കലാസമിതിക്കു വേണ്ടി ഇ.കെ. അയമു എഴുതിയ 'ജ്ജ് നല്ല മനുസ്സനാവാന്‍ നോക്ക്' എന്ന നാടകത്തിലെ ജമീലയിലൂടെ ആയിഷ തന്റെ അഭിനയജീവിതം തുടങ്ങി. ആദ്യ നാടകം തന്നെ 2500-ല്‍പരം വേദികളില്‍ അവതരിപ്പിച്ചു. നാടകം കൂടാതെ രാഷ്ട്രീയരംഗത്തും ആയിഷ സജീവമാണ്. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരിയാണ് ആയിഷ. പ്രായത്തിന്റെ അവശതകളൊന്നും വകവെയ്ക്കാതെ ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും അവര്‍ അഭിനയരംഗത്ത് സജീവമാണ്. 'കണ്ടം ബെച്ച കോട്ട്', 'കുട്ടിക്കുപ്പായം', 'കാട്ടുപ്പൂക്കള്‍', 'ഓളവും തീരവും' എന്നിവ ഉള്‍പ്പെടെ പതിനഞ്ചില്‍പ്പരം സിനിമകളിലും വേഷമിട്ടു നിലമ്പൂര്‍ ആയിഷ എന്ന അതുല്യ പ്രതിഭ.