സാമൂഹ്യസേവനത്തിനായി മാറ്റിവെച്ച ജീവിതം. തികഞ്ഞ പ്രകൃതിസ്‌നേഹി, കവയത്രി, എല്ലാത്തിലുമുപരി മനുഷ്യസ്‌നേഹി ഇതെല്ലാമാണ് സുഗതകുമാരി. തുല്യതകളില്ലാത്ത അസാമാന്യവ്യക്തിത്വത്തിനുടമയാണ് ടീച്ചര്‍. 1979-ല്‍ ആരംഭിച്ച സൈലന്റ്‌വാലി പ്രക്ഷേഭത്തോടെയാണ് സുഗതകുമാരി ശ്രദ്ധിക്കപ്പെടുന്നത്. 1980-ല്‍ എന്‍.വി.കൃഷ്മവാരിയറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട 'പ്രകൃതി സംരക്ഷണസമിതി'യില്‍ അംഗമായിരുന്നു ടീച്ചര്‍. 1985-ല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ മുഖ്യനിരീക്ഷകയായിരുന്നു അവര്‍. അതിന്റെ ഭാഗമായി ഒരു മൊട്ടക്കുന്നിനെ 'കൃഷ്ണവനം' എന്ന പേരില്‍ വനമാക്കി മാറ്റിയെടുത്തു. അതേ വര്‍ഷം തന്നെ അവര്‍ മാനസികാസ്വാസ്ഥ്യമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 'അഭയ' രൂപീകരിച്ചു, അതിന്റെ സെക്രട്ടറി സ്ഥാനമേറ്റു. തിരസ്‌കൃതരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന 'അത്താണി', ലഹരിവിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന 'ബോധി' എന്നീ സംഘടനകളും ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭാരതസര്‍ക്കാരിന്‍രെ 'ഇന്ദിര പ്രിയദര്‍ശിനി', 'സരസ്വതീസമ്മാന്‍' എന്നിവ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ സുഗതകുമാരിയെ തേടിയെത്തി.