സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ജനങ്ങളുടെ ശക്തിയിലാണ് എന്റെ വിശ്വാസം : പ്രിയാ പിള്ള

ആര്‍ പാര്‍വതി ദേവി"എന്റെ വിദേശയാത്ര തടയുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ ശ്രമം പരാജയപ്പെട്ടത് കോടതി ന്യായത്തിന്റെ ഒപ്പം നിന്നതുകൊണ്ടാണ്‌. ഇപ്പോള്‍ ഗ്രീന്‍പീസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതൊന്നും ഞങ്ങളെ പിന്തിരിപ്പിക്കില്ല. ശക്തമായ സമരവുമായി മുന്നോട്ടു പോകുക തന്നെ  ചെയ്യും. കാ‍രണം ഞങ്ങളുടെ സമരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുവനാണ്. അഭിപ്രായം പ്രകടിപ്പിക്കുവാനും പ്രതിഷേധിക്കുവാനും ഒരു ജനാധിപത്യരാജ്യത്ത് കഴിയണ്ടെ? സര്‍ക്കാരിന്റെ നയങ്ങളോട് അഭിപ്രായവ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അതിനോട് അസഹിഷ്ണുത പാടില്ല." 
ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകയും മലയാളിയും ആയ പ്രിയാ പിള്ള പറഞ്ഞു.

തിരുവനന്തപുരത്ത് വനിതാകലാസാഹിതിയുടെ പ്രതിഭാപുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ പ്രിയാ പിള്ള വിമന്‍ പോയിന്റിനോട് സംസാരിക്കുകയായിരുന്നു. 

വന്‍കിട കുത്തകകള്‍ നടത്തുന്ന കൊടുംചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ആണ് പ്രിയക്ക് പറയാന്‍ ഉണ്ടായിരുന്നത്.
"മധ്യപ്രദേശിലെ മഹാന്‍ എന്ന ആദിവാസി ഗ്രാമത്തില്‍ കാടു വെട്ടിത്തെളിച്ച് കല്‍ക്കരി ഖനി ആരംഭിക്കുവാന്‍ കുത്തക കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ആദിവാസികളെ സംഘടിപ്പിക്കുകയും സമരം നടത്തുകയും ചെയ്തു വരുന്നതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. യു കെയില്‍ പാ‍ര്‍ലമെന്റ് അംഗങ്ങളെ കാണുന്നതിനാണ് ഞാന്‍ വിമാനത്താവളത്തില്‍ എത്തിയത്. പക്ഷേ എന്നെ പോകാന്‍ അനുവദിച്ചില്ല. എന്റെ പാസ്പോര്‍ട്ടില്‍ അവര്‍ സ്റ്റാമ്പ്‌ ചെയ്തു. എല്ലാ വിമാനത്താവളത്തിലെയും നിരോധിതരുടെ പട്ടികയില്‍ എന്റെ പേരുണ്ടാകും. എനിക്ക് ഒരു കടലാസ്സും സര്‍ക്കാര്‍ തന്നിട്ടില്ല. കോടതിവിധി വന്നെങ്കിലും എനിക്ക് പുറത്ത് പോകാവുന്ന സ്ഥിതി ആയിട്ടില്ല.  ഒരു കാര്യം ഉറപ്പാണ്‌. ഇനി എന്റെ മേല്‍ അവരുടെ കണ്ണ് എപ്പോഴും ഉണ്ടാകും. എങ്ങനെയെങ്കിലും കുടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. യു പി എ സര്‍ക്കാരും ഇതേ നിലപാടാണ്‌ സ്വീകരിച്ചിരുന്നതെങ്കിലും മോഡി സര്‍ക്കാര്‍ കൂടുതല്‍ വൈരാഗ്യബുദ്ധിയോടെ ആണ് പെരുമാറുന്നത്. കോര്‍പറേറ്റുകളും ഭരണകൂടവും ചേര്‍ന്നാണ് പ്രകൃതിയെ നശിപ്പിക്കുന്നതും ആദിവാസികളുടെ ജീവിതം തകര്‍ക്കുന്നതും. സ്കൂളും റോഡും വെള്ളവും നല്കാം എന്ന് മോഹിപ്പിച്ചു ആദിവാസികളെ കാട്ടില്‍ നിന്നും പുറത്താക്കും. ഒരു ചാക്ക് ഉരളക്കിഴങ്ങും ഒരു ചാക്ക് ഉള്ളിയും ഒരു ചാക്ക് അരിയും ഒരു ലക്ഷം രൂപയും ആണ്  ഭൂമി വിട്ടുകൊടുക്കുന്ന ആദിവാസിക്ക് നഷ്ടപരിഹാരം ലഭിക്കുന്നത്. കാടിനെ  ആശ്രയിച്ചു  ജീവിക്കുന്ന ഇവരുടെ ഉപജീവനമാര്‍ഗം പൂര്‍ണമായും അടയുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നത്‌ പിന്നീടാണ്. വലിയ വീട്ടില്‍ കൂട്ടുകുടുംബമായി 20 ഉം 30 ഉം പേരുമായി ജീവിച്ചിരുന്നവര്‍ ഒറ്റ മുറി വീട്ടില്‍ യാതൊരു വരുമാനവും ഇല്ലാതെ ജീവിക്കുന്നതാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വ്യാജരേഖകള്‍ ഉണ്ടാക്കി അക്ഷരാഭ്യാസം ഇല്ലാത്ത ആദിവാസികളെ കൊണ്ട് കള്ള ഒപ്പിട്ടാണ്  കമ്പനികള്‍ ചൂഷണം നടത്തുന്നത്. ഇവര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്നത് ജില്ലാ‍ഭരണമാണെന്ന് ഓര്‍ക്കണം. ആദ്യമൊക്കെ ആദിവാസികള്‍ ഞങ്ങള്‍ പറയുന്നത് വിശ്വസിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ഞങ്ങള്‍ മഹാനില്‍ പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം ആണ് ആദിവാസികള്‍ സത്യം മനസ്സിലാക്കിയത്. ഗ്രാമസഭയില്‍ ഹാജര്‍ രെജിസ്റ്റരും പ്രമേയ രജിസ്റ്ററും ഉണ്ടാകും. ഹാജര്‍ എന്ന മട്ടില്‍  പ്രമേയ രജിസ്റ്റരില്‍ ആണ് കൈവിരല്‍ മഷിയില്‍ മുക്കി ഒപ്പ് വെപ്പിക്കുന്നത്. ഞങ്ങള്‍ വലിയ പരിശ്രമം നടത്തി ആണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. വിവരാവകാശ പ്രകാരം നൂറു കണക്കിന് അപേക്ഷകള്‍ ആണ് ഞങ്ങള്‍ നല്കിയത്. ഒടുവില്‍ അവര്‍ക്ക് രേഖകള്‍ കാണിക്കേണ്ടി വന്നു. അപ്പോള്‍ മാത്രമാണ് ആദിവാസികള്‍ തങ്ങള്‍ എങ്ങനെ ആണ് ചതിക്കപ്പെട്ടത്‌ എന്ന് തിരിച്ചറിഞ്ഞത്. മരിച്ചു പോയവരുടെ പേര് പോലും ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നു. സത്യം മനസ്സിലാക്കിയ ആദിവാസികള്‍ ഇപ്പോള്‍ സമരപാതയില്‍ ഉറച്ചു നില്കുന്നു. ഇവിടെയുള്ള ഉയര്‍ന്ന സമുദായക്കാര്‍ കമ്പനിക്കൊപ്പം ആണ്. അങ്ങനെ അധികാരികള്‍ മുഴുവനും ഒത്തുചേരുന്നു. പോലീസും ഇവരെ സഹായിക്കുന്നു. ആദിവാസികളെ കള്ളക്കേസില്‍ കുടുക്കുകയാണ് അവര്‍ പയറ്റുന്ന ഒരു തന്ത്രം. 38 കി മി അകലെയുള്ള മാടാ പോലിസ് ഔട്ട്‌ പോസ്റ്റില്‍ 376 കേസ് ആണ് ആദിവാസികള്‍ക്കെതിരെ എടുത്തിരിക്കുന്നത്. 54 ആദിവാസി ഗ്രാമങ്ങളാണ് ഇന്ന് ഇല്ലാതായത്. ഇപ്പോള്‍ സ്ത്രീകള്‍ ആണ് പ്രധാനമായും സമരരംഗത്തുള്ളത്. ‘സ്ഥലം ഏറ്റെടുക്കുവാന്‍ അവര്‍ ഇങ്ങോട്ട് വരട്ടെ! ഞങ്ങള്‍ കാണിച്ചു കൊടുക്കാം’ എന്നാണ് അവര്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബഹുമുഖപ്രശ്നങ്ങള്‍ ആണ് നേരിടേണ്ടി വരുന്നത്. ജാതിയുടെയും ലിംഗനീതിയുടെയും വര്‍ഗചൂഷണത്തിന്റേയും പ്രശ്നങ്ങള്‍ ...." പ്രിയ പറഞ്ഞു നിര്‍ത്തി.

കടുത്ത വെല്ലുവിളികള്‍ ആണ് പ്രിയ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റുമുട്ടുന്നത് ഭീമന്മാരുമായി ആണെന്ന ഉത്തമബോധ്യം പ്രിയക്കുണ്ട് . വിജയം എളുപ്പമല്ല എന്നും അറിയാം. 

"സമരത്തിന്റെ വിജയം എന്നത് നാം മുന്നോട്ടു വെക്കുന്ന പ്രശ്നം ജനങ്ങള്‍ ഏറ്റെടുക്കുന്നു എന്നതാണ്. ഖനികള്‍ പ്രകൃതിയെയും പ്രകൃതിയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളെയും ഇല്ലാതാക്കുന്നു എന്ന പ്രശ്നം ഉയര്‍ത്തി കാട്ടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. എന്റെ യാത്ര തടസ്സപ്പെടുത്തിയതോടെ ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന പ്രശ്നം ഇന്ത്യ ഒട്ടാകെ മാത്രമല്ല ആഗോളമായി തന്നെ ശ്രദ്ധ നേടി. ഇതാണ് ഞങ്ങള്‍ വിജയമായി കാണുന്നത്. ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട്." ആത്മവിശ്വാസത്തോടെ പ്രിയ പറയുന്നു. 

ആലപ്പുഴ ചാരുംമൂടില്‍ പരമേശ്വരന്‍ പിള്ളയുടെയും രത്നകുമാരിയുടെയും മകളായ പ്രിയ കേരളത്തില്‍ എം ജി സര്‍വകലാശാലയില്‍  നിയമ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ സാമൂഹ്യ പ്രതിബദ്ധതയോടെ പല പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എസ് എഫ് ഐ യുടെ ബാനറില്‍ മത്സരിച്ചു കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് പ്രമോദ് പുഴങ്കരക്കും മകന്‍ ഹര്‍ഷനോടും ഒപ്പം താമസിക്കുന്നു. അധികൃതരുടെ നോട്ടപ്പുള്ളി ആയതോടെ കുടുംബത്തോടൊപ്പം ചിലവഴിക്കുവാന്‍ പ്രിയക്ക് സമയം തികയുന്നില്ല. ഒന്നര മാസം മുന്‍പാണ്‌ അച്ഛന്‍ അപ്രതീക്ഷിതമായി മരിച്ചത്. തിരുവനന്തപുരത്ത്  പ്രിയക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ‘സൂക്ഷിക്കണം’ എന്ന് ഉപദേശിച്ചാണ് അമ്മ പ്രിയയെ വിമാനത്താവളത്തിലേക്ക് യാത്ര അയച്ചത്. ഒരു അമ്മയുടെ സ്വാഭാവികമായ ആശങ്കയും വിഷമവും മനസ്സിലാക്കുമ്പോഴും പ്രിയ ഒരു കാര്യം ഉറപ്പിക്കുന്നു. "പോരാട്ടം തുടരുക തന്നെ ചെയ്യും. നീതിക്ക് വേണ്ടി. കാടിനു വേണ്ടി. ആദിവസികള്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി... " 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും