(കഥയേക്കാള്‍ വിചിത്രം ഈ സ്ത്രീ ജീവിതങ്ങള്‍-3) ഒരു ദിവസം പോലീസിന്റെ വനിതാ സെല്ലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലര്‍ വിളിച്ചു``മാഡം കുറച്ച് കോംപ്ലിക്കേറ്റഡ് ആയ ഒരു കേസ് വന്നിട്ടുണ്ട്. ചെറിയ കുട്ടിയാണ്. വധഭീഷണിയെത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ച് വന്നതാണ്. ആ കുട്ടിയെ തത്‌കാലം വീട്ടില്‍നിന്ന് മാറ്റി നിര്‍ത്തിയേ പറ്റൂ. റിസ്‌ക് ഉണ്ട്. എങ്കിലും `സഹജ'യിലേക്ക് അയയ്‌ക്കട്ടേ'' എന്നു ചോദിച്ചു. `സഹജ'യില്‍ വാച്ചറുണ്ട്. 100 വിളിച്ചാലും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ വിളിച്ചാലും ഉടന്‍ പോലീസ് വണ്ടി എത്തും. ധൈര്യമായി ഞാന്‍ പറഞ്ഞു ``ആയ്‌ക്കോട്ടെ''. ഉച്ചയ്‌ക്കുശേഷം ഞാന്‍ അവിടെ പോയി. എന്തൊക്കെയാണ് കോംപ്ലിക്കേഷന്‍ - എന്തു റിസ്‌കാണ് എന്നൊക്കെ അറിയണമല്ലോ. അവിടെ ചെന്നപ്പോള്‍ ഒരു ചെറിയ കുട്ടി - ഹാഫ് സ്‌കര്‍ട്ടും ഷര്‍ട്ടുമാണ് വേഷം. സൂപ്രണ്ട് സരസ്വതി പരിചയപ്പെടുത്തി. ഇതാണ് ഷീബ. ഇന്നത്തെ അഡ്‌മിഷനാണ്. ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചു നോക്കി. ഇരുനിറമാണെങ്കിലും ഐശ്വര്യവും നിഷ്‌കളങ്കതയും തുളുമ്പുന്ന മുഖം. പക്ഷേ, ആരെയോ ഭയപ്പെടുന്ന മുഖഭാവം. ഞാനവളെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹത്തോടെ പറഞ്ഞു. ``മോളൊന്നുകൊണ്ടും പേടിക്കണ്ടാട്ടോ ഇവിടെ ആരും മോളെ ആരും ഉപദ്രവിക്കാന്‍ വരില്ല'' അവള്‍ മല്ലെ തലയാട്ടി. ഷീബ തിരുവനന്തപുരത്തെ ഒരു കോണ്‍വെന്റ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കടല്‍ത്തീരത്താണ് വീട്. നടന്നുപോകാനുള്ള ദൂരമേ സ്‌കൂളിലേക്കുള്ളൂ. എന്നും നടന്നാണ് സ്‌കൂളിലേക്ക് പോകാറ്. പല ദിവസവും എതിരെ വരുന്ന സുന്ദരനായ ചെറുപ്പക്കാരന്‍ പരിചയഭാവേന പുഞ്ചിരി തൂകും. കുറേ ദിവസമായപ്പോള്‍ അവള്‍ക്ക് അയാളോട് മനസ്സില്‍ ഒരു അടുപ്പം തോന്നാന്‍ തുടങ്ങി. തന്നെ കാണാന്‍വേണ്ടി അയാള്‍ കാത്തുനില്‌ക്കാറുണ്ട് എന്ന് അവള്‍ കണ്ടുപിടിച്ചു. ആ അറിവ് അവളില്‍ പ്രായത്തിന്റേതായ മോഹങ്ങളും ഉണ്ടാക്കി. ഇടയ്‌ക്ക് കൂട്ടുകാരൊന്നും കൂടെയില്ലാത്ത ദിവസം അയാള്‍ അവളോട് പേരും ക്ലാസ്സും മറ്റും ചോദിച്ചു. അവള്‍ ഉത്തരം പറഞ്ഞിട്ട് വേഗം നടന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അതേ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചേച്ചി ഉച്ചയ്‌ക്ക് ഇന്റര്‍വെല്‍ സമയത്ത് അവളെ വന്ന് പരിചയപ്പെട്ടു. പേരും മറ്റും ചോദിച്ച് ഉറപ്പുവരുത്തിയശേഷം നിസക്ക് അയാളം സൗകര്യമായി ഒന്നു കാണണമെന്നും സംസാരിക്കണമെന്നും മോഹമില്ലേ എന്നു ചോദിച്ചു. അവള്‍ അയാളെ വല്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. അവള്‍ സമ്മതരൂപത്തില്‍ തലയാട്ടി. എങ്കില്‍ വേഗം ബാഗുമെടുത്ത് വരൂ. ഞാന്‍ ഗേറ്റില്‍ കാത്തുനില്‌ക്കാം എന്നു പറഞ്ഞ് വേഗം നടന്നുപോയി. ഷീബ ക്ലാസ്സില്‍ പോയി കൂട്ടുകാരാരും കാണാതെ ബാഗും കയ്യിലെടുത്ത് ഗേറ്റിനടുത്തേക്ക് നടന്നു. അവിടെ ആ ചേച്ചി കാത്തു നിന്നിരുന്നു. രണ്ടാളും കൂടെ ഓട്ടോറിക്ഷയില്‍ കയറിപ്പോയി. പേട്ടയിലുള്ള ഒരു വീടിന്റെ മുമ്പിലാണ് ഓട്ടോ ചെന്നു നിന്നത്. അയാള്‍ അവിടെ കാത്തു നില്‌ക്കുന്നുണ്ടായിരുന്നു. ചേച്ചിയെ കാത്തും മറ്റൊരാള്‍ നിന്നിരുന്നു. അവിടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നതായി അവള്‍ക്ക് തോന്നി. അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയും മറ്റും കേട്ടിരുന്നു. പക്ഷേ, ആരേയും കണ്ടില്ല. ഷീബയും കാമുകനും ഒരു മുറിയില്‍ 3.30 വരെ കഴിഞ്ഞു. 3.30 ആയപ്പോള്‍ ചേച്ചി വന്ന് വിളിച്ചു. രണ്ടാളും ധൃതിപിടിച്ച് അവിടെ നിന്നിറങ്ങി. മറ്റൊരു ഓട്ടോയില്‍ കയറി സ്‌കൂളിനടുത്തുള്ള കവലയില്‍ ഇറങ്ങി. സ്‌കൂളുവിട്ട് കുട്ടികള്‍ എല്ലാം പോയിക്കഴിഞ്ഞിരുന്നു. ഷീബ പേടിയോടെ അതിവേഗം നടന്ന് വീട്ടിലെത്തി. അവള്‍ അല്‌പം താമസിച്ചത് വീട്ടില്‍ ആരും ശ്രദ്ധിച്ചതായി തോന്നിയില്ല. പതിവുപോലെ പിറ്റേദവിസവും സ്‌കൂളില്‍ പോയി അയാള്‍ റോഡില്‍ കാത്തുനില്‌ക്കുന്നുണ്ടായിരുന്നു. അവള്‍ സ്‌നേഹത്തോടെ, നാണത്തോടെ മറ്റാരും കാണാതെ അയാളെ നോക്കി പുഞ്ചിരിച്ചു. അയാളും ചിരിച്ചുകൊണ്ട് നടന്നുപോയി. ഒന്നും മിണ്ടിയില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ ഷീബയ്‌ക്ക് ആകെ വിഷമവും പേടിയുമായി. കാരണം അവള്‍ക്ക് മാസമുറ വന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ ഉറപ്പിച്ചു. ഭയപ്പോടെ റോഡില്‍വെച്ച് അയാളോട് പറഞ്ഞു. ``എനിക്ക് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്.'' വൈകിട്ട് കണ്ടപ്പോള്‍ മറ്റാരും കാണാതെ അയാള്‍ ഒരു കടലാസ്സ്‌തുണ്ട് അവള്‍ക്ക് കൈമാറി. അയാളുടെ ഫോണ്‍ നമ്പറായിരുന്നു അത്. അവള്‍ ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി അയാളെ വിളിച്ചു. താന്‍ ഗര്‍ഭിണിയാണെന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്നും അവള്‍ അയാളോട് കരഞ്ഞുകൊണ്ട് പറഞ്ഞു. ഒട്ടുംതന്നെ വിഷമിക്കേണ്ട എന്ന് അയാള്‍ അവളെ ആശ്വസിപ്പിച്ചു. അയാള്‍ക്ക് പരിചയമുള്ള ഡോക്ടറുണ്ട്. ഇരുചെവി അറിയാതെ ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയും. അടുത്ത ഞായറാഴ്‌ച രാത്രി പത്തു മണിക്ക് ഒരു മാരുതികാറില്‍ അയാള്‍ അവളുടെ വീടിന്റെ സമീപത്തു ചെല്ലും. ആരും അറിയാതെ വീട്ടില്‍നിന്ന് ഇറങ്ങാന്‍ കഴിയുന്ന സമയത്ത് ഇറങ്ങി കാറിനടുത്തേക്ക് വന്നാല്‍ മതി. ബാക്കി കാര്യങ്ങളെല്ലാം അയാള്‍ ഏര്‍പ്പാടാക്കിക്കൊള്ളാം. നേരം വെളുക്കുന്നതിനുമുമ്പ് തിരിച്ച് വീട്ടില്‍ എത്തിക്കുകയും ചെയ്യാം. അയാള്‍ ആശ്വസിപ്പിച്ചു. ഞായറാഴ്‌ച രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഷീബ വീട്ടില്‍ നിന്നിറങ്ങി. തൊട്ടടുത്തുള്ള ഇടവഴിയില്‍ മാരുതികാര്‍ കാത്തുകിടന്നിരുന്നു. അവള്‍ ഓടി കാറിനടുത്തെത്തി. ഇരുട്ടത്തുതന്നെ കാറിന്റെ ഡോര്‍ തുറന്ന് അവള്‍ ഉള്ളിലേക്ക് കയറി. കാര്‍ അതിവേഗം ഓടിച്ചുപോയി. കുറെ സമയം കഴിഞ്ഞ് കാര്‍ ഒരു സ്ഥലത്ത് നിര്‍ത്തി. എവിടെയാണെന്ന് ഓങ്ങോട്ട് വന്ന വഴി ഏതാണെന്നോ ഒന്നും അവള്‍ക്ക് മനസ്സിലായില്ല. പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ അവള്‍ പേടിച്ചുവിറച്ചുകൊണ്ട് ഇറങ്ങി. ഇപ്പോള്‍ത്തന്നെ ആശുപത്രിയിലാക്കാമെന്നും ഡോക്ടര്‍ വന്ന് ഗര്‍ഭം അലസിപ്പിക്കും എന്ന് ചിന്തിച്ചപ്പോള്‍ അവള്‍ പേടിച്ചരണ്ടു. കാറില്‍നിന്ന് അവള്‍ക്കു പുറകേ നാലുപേര്‍ ഇറങ്ങിവന്നു. പക്ഷേ ആ കുട്ടത്തില്‍ ആയാള്‍ ഉണ്ടായിരുന്നില്ല. അവള്‍ ഭയപ്പാടോടെ അയാളെ അന്വേഷിച്ചു. വീട്ടിനകത്തുണ്ട് എന്നു അവര്‍ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് വീടിനകത്തേക്ക് കയറി. പക്ഷേ, വിടിനകത്ത് അയാള്‍ ഉണ്ടായിരുന്നില്ല. നേരം വെളുക്കുവോളം അവള്‍ മാറിമാറി ബലാത്സംഗം ചെയ്യപ്പെട്ടു. അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞുപോയി എന്നും പുതിയ പുതിയ ആളുകള്‍ വന്നുകൊണ്ടിരുന്നു. വന്നവരോടെല്ലാം അവള്‍ ദയക്കുവേണ്ടി കേണപേക്ഷിച്ചു. പക്ഷേ, അവരെല്ലാം ആ പിഞ്ചു ശരീരം കടിച്ചുകീറാന്‍ വന്നവരായിരുന്നു. പക്ഷേ അവളുടെ പ്രിയപ്പെട്ടവന്‍ അതുവഴി വന്നതേയില്ല. ഷീബയുടെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മയാണ്. ഒരു അനിയന്‍ ഉണ്ട്. അനിയന്‍ അച്ഛനമ്മമാരുടെയും ഷീബ അമ്മൂമ്മയുടേയും അപ്പൂപ്പന്റേയും കൂടെയാണ് കിടന്നിരുന്നത്. അവരുടെ അടുത്തുനിന്നാണ് അവള്‍ ആരും കാണാതെ ഇറങ്ങിപ്പോയത്. തങ്ങളുടെ അശ്രദ്ധകൊണ്ടാണ് കൊച്ചുമകള്‍ ഇറങ്ങിപ്പോകാന്‍ ഇടയായത് എന്ന ചിന്ത ആ വൃദ്ധദമ്പതികളുടെ മനസ്സിനെ തളര്‍ത്തിക്കളഞ്ഞു. ഷീബയുടെ അച്ഛന്‍ ഒരു ഭ്രാന്തനെപ്പോലെ ഓടിനടന്നു. പോലീസ് സ്റ്റേഷനുകളിലും പോലീസ് കമ്മിഷണര്‍ക്കും ഡി.ജി.ക്കും പരാതി നല്‌കി. നാട്ടിലെ രാഷ്ട്രീയപ്രമുഖരെയെല്ലാം ചെന്നുകണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ, മകളെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. അവസാനം ആരോ ഒരാള്‍ അയാളെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ചുതാനന്ദന്റെ അടുത്ത് എത്തിച്ചു. അദ്ദേഹം ശ്രദ്ധയോടെ അയാളുടെ പരാതി മുഴുവന്‍ കേട്ടു. മകളെ കണ്ടുപിടിച്ചുതരാം എന്ന് ഉറപ്പും നല്‌കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതുകൊണ്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മകള്‍ തിരിച്ച് വീട്ടിലെത്തി. വീടിന്റെ കുറച്ചപ്പുറത്ത് കാറില്‍ കൊണ്ടുവന്ന് വിട്ടിട്ടുപോയി. മകള്‍ വീട്ടില്‍ എത്തിക്കഴിഞ്ഞപ്പോള്‍ പുറകെ ഭീഷണിയുടെ സ്വരത്തില്‍ ഫോണ്‍കോളും വന്നു. ജീവന്‍ ബാക്കി വേണമെങ്കില്‍ കൊടുത്ത പരാതികള്‍ എല്ലാം പിന്‍വലിച്ചോളണം. ഇല്ലെങ്കില്‍ എല്ലാവരേയും തട്ടിക്കളയും എന്നായിരുന്നു സന്ദേശം. പോലീസില്‍ കൊടുത്ത പരാതികള്‍ പിന്‍വലിപ്പിക്കാന്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ആ കുടുംബത്തിന്റെ മേല്‍ ഉണ്ടായി. അതുകൊണ്ടാണ് പോലീസുകാര്‍ ഷീബയെ ഞങ്ങളുടെ സ്ഥാപനത്തില്‍ കൊണ്ടുവന്നാക്കിയത്. കുട്ടിയോട് സംസാരിച്ചപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുള്ളതായി അവള്‍ സൂചിപ്പിച്ചു. ഞാന്‍ സ്‌കൂളധികൃതരുമായി ബന്ധപ്പെട്ടു. അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് അവിടെനിന്ന് ഉണ്ടായത്. സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന് എന്നേ ഷീബയുടെ പേര് നീക്കം ചെയ്‌തുകഴിഞ്ഞു എന്നും ഇനി ആ സ്‌കൂളില്‍ കാലുകുത്താന്‍ പാടില്ല എന്നും ഹെഡ്‌മിസ്‌ട്രസ് പറഞ്ഞു. ഇതു മാതിരിയുള്ള പിഴച്ച കുട്ടികളെ പഠിപ്പിക്കാനുള്ള സ്‌കൂളല്ല അത് എന്നും മറ്റു കുട്ടികളെക്കൂടി അവള്‍ പിഴപ്പിക്കും എന്നൊക്കെ വളരെ ക്രുദ്ധയായി അവര്‍ എന്നോട് പറഞ്ഞു. ആ വഴിയായുള്ള ശ്രമം ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന് ഉറപ്പായി. `സഹജ'യിലെ അന്തേവാസികളായുള്ള വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളുടെ സഹായത്തോടുകൂടി അവളെ അവിടെയിരുന്നുതന്നെ പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. ഓരോ ദിവസം കഴിയുന്തോറും അവള്‍ വിഷാദരോഗത്തിന് കൂടുതല്‍ കൂടുതല്‍ അടിമപ്പെട്ടുകൊണ്ടിരുന്നു. കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങില്ല. ആരെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ മുന്‍പിലുള്ള വഴിയിലൂടെ പോയാല്‍ അവള്‍ പേടിച്ച് വിറച്ചുതുടങ്ങും. ഞങ്ങളുടെ സ്‌നേഹപൂര്‍വമുള്ള പെരുമാറ്റമോ കൗണ്‍സിലിംഗോ ഒന്നും ഏശുന്നതായി തോന്നിയില്ല. അവളുടെ അച്ഛന്‍ എന്നും കാണാന്‍ വനം. സ്വന്തം ഓട്ടോ. ദൂരെയെവിടെയെങ്കിലും ഇട്ട് നടന്നോ മറ്റൊരു ഓട്ടോയിലോ ഒക്കെയാണ് അയാള്‍ വരുക. അയാളെ അക്രമികള്‍ എപ്പോഴും പിന്തുടരുന്നു എന്ന തോന്നലായിരുന്നു അയാള്‍ക്ക്. മകള്‍ താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചാന്‍ അവര്‍ അവളെ കൊന്നുകളയും എന്ന് അയാള്‍ക്ക് പേടിയായിരുന്നു. അച്ഛന്‍ വരുമ്പോള്‍പോലും അവള്‍ മനസ്സു തുറന്ന് സംസാരിക്കാറുണ്ടായിരുന്നില്ല. എപ്പോഴും നനഞ്ഞ കണ്ണുകള്‍. പേടി നിഴലിക്കുന്ന മുഖഭാവം. അവിടെയുള്ള മറ്റു കുട്ടികളോട് കൂട്ടുകൂടാനൊന്നും അവള്‍ തയ്യാറായില്ല. ആരോടും ഒരു അടുപ്പവും ഇല്ല. പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. നിര്‍ബന്ധിക്കുമ്പോഴാണ് കുളിക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നതുതന്നെ. ഒരു ദിവസം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഗേറ്റിനു മുന്‍പില്‍ ഒരു ബൈക്ക് വന്നുനിന്നു ഹെല്‍മറ്റ് ധരിച്ച രണ്ടു ചെറുപ്പക്കാര്‍ അതില്‍ നിന്ന് ഇറങ്ങി. അതു കണ്ട ഷീബ അലറിക്കരഞ്ഞുകൊണ്ട് ബോധം കെട്ടുവീണു. ആ സംഭവം കഴിഞ്ഞതോടെ അവള്‍ തികഞ്ഞ ഒരു മാനസികരോഗിയായി മാറി. അച്ഛനെ വരുത്തി. ഡോക്ടറെ കാണിച്ചു. ഗുളികകള്‍ കൊടുക്കാന്‍ തുടങ്ങി. പക്ഷേ, ഒരു കുറവും കണ്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. പേരൂര്‍ക്കടയിലുള്ള മാനസിക രോഗാശുപത്രിയില്‍ മകളെ പ്രവേശിപ്പിക്കാന്‍ അച്ഛനമ്മമാര്‍ക്ക് വലിയ മടി. എന്തു ചെയ്യും എന്നറിയാന്‍വയ്യാത്ത ദിനങ്ങള്‍. അവസാനം എറണാകുള്‌ത്തുള്ള കുസുമഗിരി ആശുപത്രിയില്‍ പരിചയമുള്ള ഒരാള്‍വഴി അഡ്‌മിഷന്‍ ശരിയാക്കി. ദീര്‍ഘമായ ചികിത്സതന്നെ വേണ്ടിവന്നു. ഇത്രയുമായപ്പോഴേക്കും അവളുടെ അച്ഛന്റെ വാശിയൊക്കെ തീര്‍ന്നിരുന്നു. അവന്മാരെ സിക്ഷിക്കണം എന്ന ആശ മാറ്റിവച്ച് എങ്ങിനെയെങ്കിലും മകളെ രക്ഷിച്ചെടുക്കണം എന്ന ആശയിലേക്ക് അദ്ദേഹം മാറി. നാട്ടിലാണെങ്കില്‍ ഇറങ്ങിനടക്കാന്‍ വയ്യാത്ത സ്ഥിതി. ഷീബയുടെ അമ്മ ചീത്ത സ്‌ത്രീയാണെന്നും അതുകൊണ്ടാണ് മകള്‍ പിഴച്ചുപോയതെന്നും മറ്റും പലവിധ കഥകള്‍ ഇറക്കി നാട്ടുകാരും ബന്ധുക്കളും ആഘോഷിച്ചു. ഇതിനിടെ ആധിയും വ്യാധിയും ദാരിദ്ര്യവും മൂലം അയാളുടെ അച്ഛനമ്മമാര്‍ മരിച്ചുപോയി. തങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് ഷീബയ്‌ക്ക് ഇറങ്ങിപ്പോകാന്‍ സാധിച്ചത് എന്ന കുറ്റബോധം ആ വൃദ്ധദമ്പതികളെ മരണംവരെ അലട്ടിയിരുന്നു. ഞങ്ങളുടെ കൗണ്‍സിലറുടെ കൗണ്‍സിലിംഗൊന്നും ആ കുടുംബത്തില്‍ ആര്‍ക്കും ഏറ്റില്ല. ആ കുടുംബം തോറ്റ് തകര്‍ന്ന് എല്ലാ കേസില്‍ നിന്നും പിന്മാറി. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മറ്റൊരു ജില്ലയിലേക്ക് താമസം മാറ്റി. എത്ര ശ്രമിച്ചിട്ടും ഷീബയെ പത്താംക്ലാസ് ജയിപ്പിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. ഷീബയുടെ അച്ഛന്‍ മുഴുക്കുടിയനായി മാറി. കണ്ണീര്‍ തോരാതെ ഷീബയുടെ അമ്മയും അവിടെ കഴിഞ്ഞുകൂടുന്നു. അവളെ ഈ ഗതിയിലെത്തിച്ച ആണുങ്ങള്‍ എല്ലാവരും മാന്യന്മാരായി തിരുവനന്തപുരം നഗരത്തില്‍തന്നെ കഴിയുന്നു. അവര്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. അവരെപ്പോലുള്ളവര്‍ എന്നും നേടിക്കൊണ്ടേയിരിക്കുന്നു.