സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഉഷക്ക് ‘സഹജ’ സാന്ത്വനമായി

ടി രാ‍ധാമണി, സെക്രട്ടറി,കേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്‍



(കഥയേക്കാള്‍ വിചിത്രം ഈ പെണ്‍ജീവിതങ്ങള്‍-1)

കേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ ഫാമിലി കൗണ്‍സിലിംഗ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌ പോലീസിന്റെ സംസ്ഥാന വനിതാ സെല്ലിനുള്ളിലാണ്‌. 1997-ല്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സെന്റര്‍ ചില പ്രശ്‌നങ്ങള്‍ കാരണം മുമ്പോട്ട്‌ പോകാന്‍ സാധിക്കാത്ത സ്ഥിതി വന്നപ്പോള്‍ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡ്‌ ഇടപെട്ട്‌ തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല സന്നദ്ധസംഘടന എന്ന നിലയ്‌ക്ക്‌ അതിന്റെ മാനേജ്‌മെന്റ്‌ അസോസിയേഷനെ ഏല്‌പിക്കുകയായിരുന്നു. കുടുംബത്തിനുള്ളില്‍ ശാരീരികമായ പീഡനം അനുഭവിക്കേണ്ടിവരുന്ന സ്‌ത്രീകളാണ്‌ സാധാരണ അവിടെ പോലീസിന്‌ പരാതിയുമായി എത്തിച്ചേരുന്നത്‌. അവര്‍ കൗണ്‍സിലിംഗും ആവശ്യമുള്ളവര്‍ക്ക്‌ സൗജന്യ താമസസൗകര്യവും ഞങ്ങള്‍ നല്‌കിവരുന്നു. അതിനുവേണ്ടിയാണ്‌ `സഹജ' ആരംഭിച്ചതുതന്നെ. പക്ഷേ, ഇടയ്‌ക്കൊക്കെ റോഡില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന സ്‌ത്രീകളെ പോലീസുകാര്‍ പിടിച്ച്‌ അവിടെ കൊണ്ടുവന്ന്‌ ആക്കാറുണ്ട്‌. അവരില്‍ പലരും മാനസിക രോഗികളും ആയിരിക്കും. അങ്ങിനെയൊരു ദിവസം പോലീസ്‌ പട്രോളിംഗിനിടെ രാത്രിയില്‍ വഴിയില്‍നിന്ന്‌ പിടിച്ചുകൊണ്ടുവന്ന്‌ ഞങ്ങളുടെ സ്ഥാപനത്തില്‍ ആക്കിയതാണ്‌ ഉഷയെ.
ഏകദേശം നാല്‌പതു വയസ്സുവരും. കാഴ്‌ചയ്‌ക്ക്‌ വളരെ സുന്ദരിയാണ്‌. കഴുത്തിലും കയ്യിലും കാതിലും സ്വര്‍ണ്ണാഭരണങ്ങള്‍. വിലകൂടിയ സാരി. ദേഹത്ത്‌ മര്‍ദ്ദനമേറ്റ പാടുകള്‍ ഒന്നും കാണാനില്ല. എന്തിനായിരിക്കും. ഇവര്‍ വീടുവിട്ടിറങ്ങിയത്‌? ഒരു പിടിയും കിട്ടുന്നില്ല. അവരാണെങ്കില്‍ സംസാരിക്കേനേ കൂട്ടാക്കുന്നില്ല. നിര്‍ബന്ധിക്കുമ്പോഴാണ്‌ ആഹാരം കഴിക്കുന്നതും കുളിക്കുന്നതും മറ്റും. കടുത്ത വിഷാദരോഗം പിടിപെട്ടതുപോലെ. രണ്ടു മൂന്നു ദിവസത്തേക്ക്‌ അവര്‍ ഒന്നും തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. ഒന്നും ഓര്‍മ്മയില്ല എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. സ്‌നേഹപൂര്‍വമുള്ള പെരുമാറ്റവും കൗണ്‍സിലിംഗുംകൊണ്ട്‌ അവര്‍ ക്രമേണ ഞങ്ങളോട്‌ വളരെ അടുത്തു. എന്നെ അമ്മ എന്നു വിളിക്കാന്‍ തുടങ്ങി. എന്റെ കൂടെ മാനസികരോഗവിദഗ്‌ദധന്റെ അടുത്ത്‌ വരാനും തയ്യാറായി. ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മനസ്സ്‌ മെല്ലെ തുറക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ പേരും ഫോണ്‍ നമ്പറും തന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഭാര്യ സുരക്ഷിതയായി ഞങ്‌ഹളുടെ സ്ഥാപനത്തില്‍ ഉണ്ടെന്നുള്ള വിവരം അറിയിച്ചു. തിരുവനന്തപുരത്ത്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായി ജോലിനോക്കുന്ന അദ്ദേഹം അന്നു വൈകിട്ടുതന്നെ ഞങ്ങളുടെ സ്ഥാപനത്തില്‍ എത്തി. കാഴ്‌ചയിലും പെരുമാറ്റത്തിലും വളരെ മാന്യനായ ഒരാള്‍.
മാനസികരോഗിയായ ഭാര്യ ഇതിനുമുമ്പും ഒന്നുരണ്ടു പ്രാവശ്യം ഇങ്ങിനെ വീട്ടില്‍നിന്ന്‌ പറയാതെ ഇറങ്ങിപ്പോയിട്ടുണ്ട്‌. ഏതെങ്കിലും ബന്ധുവീട്ടില്‍ എത്തുമ്പോള്‍ അവര്‍ വിളിച്ചറിയിക്കും. പോയി കൂട്ടിക്കൊണ്ടുവരും. അങ്ങിനെയാണ്‌ ഇതുവരെയുണ്ടായത്‌. അതുകൊണ്ട്‌ പോലീസില്‍ പരാതിയൊന്നും കൊടുത്തില്ല. അദ്ദേഹം ഉഷയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറായിരുന്നു. പക്ഷേ, എത്ര നിര്‍ബന്ധിച്ചിട്ടും ഉഷ പോകാന്‍ തയ്യാറായില്ല. ഞാനിനി ആ വീട്ടിലേക്കില്ല എന്ന്‌ തറപ്പിച്ചു പറഞ്ഞു.
ഏതാണ്ട്‌ മൂന്നു മാസക്കാലം ഉഷ അവിടെ തന്നെ ഉണ്ടായിരുന്നു. ചികിത്സയും സ്‌നേഹത്തോടെയുള്ള പെരുമാറ്റവുംകൊണ്ട്‌ അവരുടെ വിഷാദരോഗം ഏതാണ്ട്‌ പൂര്‍ണ്ണമായി മാറിക്കഴിഞ്ഞിരുന്നു. അതിനുശേഷമാണ്‌ ഉഷ സ്വന്തം കഥ എന്നോട്‌ പറഞ്ഞത്‌. നഴ്‌സിംഗ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വീട്ടിനടുത്ത്‌ ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ നഴ്‌സായി ജോലി കിട്ടി. അങ്ങിനെയിരിക്കുമ്പോഴാണ്‌ വിവാഹോലാചന മുറുകിയത്‌. ഒറ്റ മകന്‍, ബാങ്കുദ്യേഗസ്ഥന്‍, മാന്യന്‍. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. ഉഷയ്‌ക്ക്‌ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കേമമായി നടന്നു.
ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവല്ലാതെ അദ്ദേഹത്തിന്റെ അമ്മ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അച്ഛന്‍ വളരെ വര്‍ഷം മുമ്പ്‌ മരിച്ചുപോയിരുന്നു. അമ്മ ഒറ്റയ്‌ക്ക്‌ വളരെ കഷ്ടപ്പെട്ടാണ്‌ ഈ മകനെ വളര്‍ത്തി വലുതാക്കിയത്‌. മകനെ സംബന്ധിച്ചിടത്തോളം അമ്മ കണ്‍കണ്ട ദൈവമാണ്‌. അമ്മയോട്‌ ഒരക്ഷരം മറുത്തു പറയില്ല. പരിപൂര്‍ണ്ണമായ അനുസരണം. വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഉഷയുടെ വീട്ടിലേക്ക്‌ പോയ ദിവസംപോലും അവിടെ കിടക്കാന്‍ കൂട്ടാക്കിയില്ല. അമ്മ ഒറ്റയ്‌ക്കാവും എന്നു പറഞ്ഞ്‌ തിരിച്ചുപോയി.
ജോലി രാജിവയ്‌ക്കണം എന്നൊന്നും വിവാഹത്തിനു മുന്‍പ്‌ പഞ്ഞിരുന്നില്ല. അതുകൊണ്ട്‌ രണ്ടാഴ്‌ചത്തെ ലീവിലായിരുന്നു ഉഷ. ലീവ്‌ കഴിഞ്ഞ്‌ ജോലിക്കു പോകുന്ന കാര്യം പറഞ്ഞപ്പോഴാണ്‌ ആദ്യത്തെ പ്രശ്‌നം ഉണ്ടായത്‌. ജോലിക്കു പോകാന്‍ പാടില്ല എന്നും നഴ്‌സ്‌ എന്നത്‌ തരംതാണ പണിയാണെന്നും അമ്മായിയമ്മ നിര്‍ബന്ധമായി പറഞ്ഞു. ഭര്‍ത്താവ്‌ ഒന്നും മിണ്ടിയില്ല. മറുത്തൊന്നും പറയാന്‍ ഉഷയ്‌ക്കും ധൈര്യമുണ്ടായില്ല. അങ്ങിനെ ജോലി നഷ്ടപ്പെട്ടു. ഉഷയ്‌ക്ക്‌ വലിയ സങ്കടമായി. പക്ഷേ, ഉഷയുടെ അച്ഛനമ്മമാര്‍ ജോലിയെക്കാള്‍ വലുത്‌ കുടുംബജീവിതമാണ്‌ എന്നൊക്കെ പറഞ്ഞ്‌ ഉഷയെ സമാധാനിപ്പിച്ചു.
ഭര്‍ത്താവിന്റെ അച്ഛന്‍ അദ്ദേഹത്തിനു ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചുപോയതാണ്‌. ഒമ്മ ഒറ്റയ്‌ക്ക്‌ വളര്‍ത്തി പഠിപ്പിച്ച്‌ ബാങ്കുദ്യേഗസ്ഥന്‍ ആക്കിയതാണ്‌. അമ്മയ്‌ക്കാണെങ്കില്‍ സഹോദരങ്‌ഹളും മറ്റ്‌ അടുത്ത ബന്ധുക്കളുമൊന്നുമില്ല. അച്ഛന്റെ വീട്ടുകാരുമായി ഒരു അടുപ്പവും ഇല്ല. അമ്മയോട്‌ അങ്ങേയറ്റത്തെ വിധേയത്വമാണ്‌ മകനുണ്ടായിരുന്നത്‌. വീട്ടില്‍ ഒരു ജോലിക്കാരിയുടെ സ്ഥാനം മാത്രമേ ഉഷയ്‌ക്ക്‌ ലഭിച്ചുള്ളൂ. ഭര്‍ത്താവിന്‌ ആഹാരം വിളമ്പിക്കൊടുക്കാന്‍പോലും അമ്മ ഉഷയെ അനുവദിച്ചിരുന്നില്ല. അമ്മയും മകനും ഒരുമിച്ചിരുന്ന്‌ ആഹാരം കഴിക്കും. അവര്‍ എണീറ്റു പോയിക്കഴിഞ്ഞാല്‍ ഉഷയ്‌ക്ക്‌ ആഹാരം കഴിക്കാം. അതുകഴിഞ്ഞ്‌ പാത്രം കഴുകലും മേശ വൃത്തിയാക്കലും അടുക്കള വൃത്തിയാക്കലും എല്ലാം ഉഷ ഒറ്റയ്‌ക്ക്‌ ചെയ്യും.
ഇതിനിടയില്‍ ഉഷ ഗര്‍ഭിണിയായി. വിവാഹശേഷം മാസമുറ വന്നതേയില്ല. ഇതുപറഞ്ഞ്‌ അമ്മായിയമ്മ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. ഇതെന്റെ മകന്റെ കുട്ടിയൊന്നുമല്ല. ഇതാ ഡോക്ടറുടെ കുട്ടിയായിരിക്കും. എന്നിങ്ങനെ പോയി കുറ്റപ്പെടുത്തല്‍. ഏഴാം മാസത്തില്‍ എല്ലാ ആചാരങ്ങളും അനുഷ്‌ഠിച്ച്‌ അച്ഛനമ്മമാര്‍ വന്ന്‌ പ്രസവത്തിനു കൂട്ടിക്കൊണ്ടുപോയി. അതിനു ശേഷമാണ്‌ യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. ഭര്‍ത്താവോ അമ്മയോ ഉഷയെ അന്വേഷിച്ച്‌ ഒരിക്കല്‍പോലും അങ്ങോട്ട്‌ ചെന്നില്ല. പ്രസവവേദന തുടങ്ങിയപ്പോള്‍ ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. രണ്ടാളും വന്നില്ല. വിവാഹം കഴിഞ്ഞിട്ട്‌ ഒമ്പത്‌ മാസമേ ആയിരുന്നുള്ളു. ഉഷ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‌കി. കുഞ്ഞിനെ കാണാനോ, നൂലുകെട്ടിനോ ഭര്‍തൃഗൃഹത്തില്‍ നിന്ന്‌ ആരും വന്നില്ല. അപമാനംകൊണ്ട്‌ ഉഷയുടെ ഹൃദയം വിങ്ങിപ്പൊട്ടി. ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ മറുപടിയില്ലാതെ വിഷമിച്ചു. അവസാനം ഉഷയുടെ അച്ഛന്‍ ഭര്‍തൃഗൃഹത്തില്‍ പോയി സംസാരിക്കാന്‍ തീരുമാനിച്ചു. കുട്ടി തന്റെ മകന്റേതല്ല എന്ന ഉറച്ച നിലപാടിലായിരുന്നു അമ്മായിഅമ്മ. ആകെ പ്രശ്‌നമായി. കുടുംബത്തിന്റെ അഭിമാനപ്രശ്‌നമായിട്ടാണ്‌ അച്ഛന്‍ അതിനെ കണ്ടത്‌. കോടതിയില്‍ പോയി ഡി.എന്‍.എ പരിശോധനയ്‌ക്കുള്ള ഉത്തരന്‌ സമ്പാദിച്ചു. അന്നു കേരളത്തില്‍ രാജീവ്‌ഗാന്ധി സെന്റര്‍ ഒന്നും തുടങ്ങിയിട്ടില്ല. പരിശോധനയ്‌ക്ക്‌ ബാംഗ്ലൂരില്‍ പോകണം. ബാംഗ്ലൂരില്‍ കൊണ്ടുപോയി കുഞ്ഞിന്റെയും അച്ഛന്റെയും ഡി.എന്‍.എ ടെസ്റ്റ്‌ നടത്തി. കുട്ടി അയാളുടെ തന്നെയാണെന്നു തെളിഞ്ഞു. കോടതി restoration of conguagal rights വകുപ്പ്‌ പ്രകാരം ഭര്‍ത്താവ്‌ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ വിധിച്ചു ഉഷ അങ്ങിനെ വീണ്ടും ഭര്‍തൃഗൃഹത്തിലെത്തി. പക്ഷേ ഈ സംഭവം ആ ചെറുപ്പക്കാരിയുടെ മനസ്സില്‍ ഏല്‌പിച്ച ആഘാതം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഉഷ ഒരു വിഷാദരോഗിയായി മാറി. ഡോക്ടറും ചികിത്സയും വീടുപണിയും ഒക്കെയായി ജീവിതം പിന്നെയും മുന്നോട്ടുപോയി. ഉഷ രണ്ടാമതും ഗര്‍ഭിണിയായി. അതും പെണ്‍കുഞ്ഞ്‌. അതിനും കിട്ടി കുത്തുവാക്കുകള്‍ ധാരാളം.
ഭര്‍തൃഗൃഹത്തില്‍ ഉഷ അടിമയെപ്പോലെ പതിനാറുവര്‍ഷം പണിയെടുത്തു. ഒരു അധികാരവും ഇല്ലാതെ ഒന്നിനെപ്പറ്റിയും ഒരു അഭിപ്രായവും പറയാതെ. അമ്മയും സ്വന്തം മക്കളും ഭ്രാന്തി എന്നു മാത്രം സംബോധന ചെയ്‌തു. അപ്പോഴും ഭര്‍ത്താവ്‌ മറുത്തൊരക്ഷരം ഉരിയാടിയില്ല. വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്‌ ഉഷ വീടുവിട്ട്‌ ഇറങ്ങിയത്‌. അവിടെനിന്ന്‌ രക്ഷപ്പെടണം എന്ന തോന്നലല്ലാതെ എങ്ങോട്ടുപോകണം എന്നൊന്നും ആലോചിച്ചില്ല. ഇതിനിടയില്‍ അച്ഛനമ്മമാര്‍ മരിച്ചു. ആ ആശ്രയവും ഇല്ലാതായി.
ഞങ്ങളുടെ സ്ഥാപനത്തില്‍ വരുമ്പോള്‍ ഉഷയുടെ മൂത്ത മകള്‍ 12-ാം ക്ലാസ്സിലും ഇളയ മകള്‍ 10-ാം ക്ലാസിലും പഠിക്കുകയായിരുന്നു. മൂന്നു മാസത്തെ ചികിത്സകൊണ്ട്‌ ഉഷയുടെ രോഗം ഏതാണ്ട്‌ ഭേദമായി. ഉഷ വന്നു മൂന്നു നാലു ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ ഫോണില്‍ കിട്ടിയ വിവരം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഞങ്ങളുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം എന്നും അഞ്ചു മണി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നിറങ്ങി നേരെ സഹജയില്‍ എത്തും. ഏഴുമണിവരെ ഭാര്യയുമായി സംസാരിച്ചിരിക്കും. പഴങ്ങളോ മിഠായിയോ ഇടയ്‌ക്ക്‌ വാങ്ങിക്കൊണ്ടു വരും. ഉഷ സന്തോഷത്തോടെ മുഴുവന്‍ അന്തേവാസികള്‍ക്കും അതൊക്കെ കൊടുക്കും. ഉഷയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, മക്കള്‍ ഇവിടെ വന്ന്‌ അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. അമ്മ വിടില്ല - മക്കള്‍ക്ക്‌ വരാന്‍ ഇഷ്ടമില്ല എന്നൊക്കെ ഒരുപാട്‌ ഒഴികഴിവുകള്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ നിര്‍ബന്ധമായി നിലപാടുമാറ്റാതെ നിന്നും അവസാനം ഒരുദിവസം വൈകിട്ട്‌ അച്ഛന്റെ കൂടെ മക്കള്‍ വന്നു. പഴയ ഭ്രാന്തിയായ അമ്മയല്ല മുമ്പില്‍ നില്‌ക്കുന്നതെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരം അടുത്ത ഞായറാഴ്‌ച പകല്‍ മുഴുവന്‍ രണ്ടു മക്കളും വന്ന്‌ അമ്മയോടൊപ്പം സഹജയില്‍ നിന്നു. ഭ്രാന്തി എന്നുള്ള വിളിമാറ്റി അമ്മ എന്നു വിളിക്കാന്‍ മക്കള്‍ തയ്യാറായി. ഉഷയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു
അടുത്തത്‌ അമ്മായിയമ്മയുടെ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ ഫോണില്‍ വിളിച്ച്‌ ക്ഷണിച്ചിട്ടും കൊച്ചുമക്കള്‍ നിര്‍ബന്ധിച്ചിട്ടും ആദ്യമൊന്നും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. ഇത്തിരി കടുത്ത ഭാഷയില്‍ അവര്‍ മരുമകളോട്‌ ചെയ്‌ത തെറ്റുക്കളെപ്പറ്റി പറയുകയും അവയൊക്കെ നിയമത്തിന്റെ മുമ്പില്‍ ശിക്ഷ കിട്ടാവുന്ന കാര്യങ്ങളാണെന്ന്‌ ബോധ്യപ്പെടുത്തുകയും ചെയ്‌തപ്പോഴാണ്‌ അവര്‍ വരാന്‍ തയ്യാറായത്‌. അവര്‍ വന്നപ്പോള്‍ സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി ഞങ്ങള്‍ അവരെ സ്വീകരിച്ചു. 23 വയസ്സു മുതല്‍ വൈധവ്യവും ഒറ്റപ്പെടലും അനുഭവിക്കുന്ന അവരുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു എന്നത്‌ അവര്‍ക്ക്‌ വലിയ ആസ്വാസമായി. അമ്മായിയമ്മയേയും മരുമകളേയും വെവ്വേറെയും ഒരുമിച്ചും കൗണ്‍സിലിംഗിന്‌ വിധേയരാക്കി. ഉഷയുടെ രോഗം കൗണ്‍സിലിംഗും ചികിത്സയുംകൊണ്ട്‌ നിശേഷം സുഖപ്പെടുന്നതാണെന്ന്‌ ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. ഒരുപാട്‌ തെറ്റിദ്ധാരണകള്‍ രണ്ടുപേരുടേയും മനസ്സില്‍ ഉണ്ടായിരുന്നു. അതൊക്കെ പറഞ്ഞുതീര്‍ക്കാന്‍ അവസരം കൊടുത്തു പ്രേരിപ്പിച്ചു .ഉഷയുടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിലുണ്ടായിരുന്ന തെറ്റുകള്‍ അദ്ദേഹത്തെയും ബോധ്യപ്പെടുത്തി. അമ്മയ്‌ക്ക്‌ കൊടുക്കേണ്ട സ്ഥാനവും പരിഗണനയും അമ്മയ്‌ക്കും ഭാര്യയ്‌ക്കു കൊടുക്കേണ്ട സ്ഥാനവും പരിഗണനയും ഭാര്യയ്‌ക്കും കൊടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. അത്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ ഭാഗത്തു നിന്ന്‌ ഇനി അത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാവില്ല എന്ന്‌ അദ്ദേഹം ഏറ്റുപറഞ്ഞു. ഉഷയെ ഞങ്ങള്‍ അവര്‍ക്കൊപ്പം വിട്ടു.
ഇപ്പോള്‍ വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ എല്ലാ പരിപാടിക്കും അമ്മയും അച്ഛനും മക്കളും കൂടി വരും. ബാനര്‍ കെട്ടാനും കസേര പിടിച്ചിടാനും ചായ വിളമ്പാനും അച്ഛനും മക്കളും മുന്‍പിന്‍തന്നെയുണ്ടാവും. ഉഷ്‌യ്‌ക്ക്‌ കൊടുത്തിരുന്ന മാനസികരോഗത്തിന്റെ മരുന്ന്‌ പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും മെച്ചപ്പെട്ടു. ഓണത്തിനും വിഷുവിനും മധുരപലഹാരങ്ങളുമായി ആ കുടുംബം മുഴുവന്‍ `സഹജ'യില്‍ എത്തും. ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും