(കഥയേക്കാള്‍ വിചിത്രം ഈ സ്ത്രീ ജീവിതങ്ങള്‍-2) സഹജ (ഷോര്‍ട്ട് സ്റ്റേ ഹോം) ആരംഭിച്ചിട്ട് അധികകാലം ആയിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിച്ചുതുടങ്ങിയിട്ടില്ല. സ്ഥാപനം ആരംഭിച്ച് മൂന്നുവര്‌ഷം നന്നായി നടത്തിയതിന്റെ തെളിവുകളും ഓഡിറ്റുചെയ്‌ത വരവുചെലവ് കണക്കുകളും സഹിതം അപേക്ഷിച്ചാലേ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുകയുള്ളൂ. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ നിന്നുള്ള വരുമാനം എടുത്ത് വളരെ അരിഷ്ടിച്ച് കഷ്ടപ്പെട്ട് മുമ്പോട്ട് പോകുന്ന കാലം. കൈരളി ടി.വി.യുടെ പ്രവാസിലോകം എന്ന പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി വിളിച്ചു. ധന്യ എന്നാണ് പേരു പറഞ്ഞത്. ``ഗള്‍ഫില്‍ നഴ്‌സായി ജോലി നോക്കുന്ന ഒരു മലയാളി പെണ്‍കുട്ടിക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണ്. അവിവാഹിതയാണ്. പേര് അനിത. ഗര്‍ഭിണിയാണ് പ്രസവം `സഹജ'യുടെ ആഭിമുഖ്യത്തില്‍ നടക്കണം ഇതാണ് ധന്യ മുമ്പോട്ടുവെച്ച ആവശ്യത്തിന്റെ രത്‌നച്ചുരുക്കം. ഞങ്ങള്‍ക്ക് ഗ്രാന്റ് ലഭിച്ചുതുടങ്ങിയിട്ടില്ല. സാമ്പത്തികമായി വലിയ വിഷമമാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിയാന്‍ ശ്രമിച്ചു. നിങ്ങള്‍ പണമൊന്നും മുടക്കേണ്ട. അതൊക്കെ അവരുടെ കൈയില്‍ ഉണ്ട്. നിയമാനുസൃതമായ വിവാഹം ഇല്ലാതെ ഗര്‍ഭിണിയാകുക എന്നത് ഗള്‍ഫില്‍ വലിയ ശിക്ഷ കിട്ടുന്ന കുറ്റമാണ്. കല്ലെറിഞ്ഞ് കൊന്നുകളയും. വളരെ പാവപ്പെട്ട വീട്ടിലെയാണ്. ജോലി നഷ്ടപ്പെടാതെ ഇരിക്കണമെങ്കില്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന ആശുപത്രിയിലും മറ്റും ആരും അറിയാതെ പ്രസവം നടക്കണം. അതുകൊണ്ട് നാട്ടിലേക്ക് പോവുകയേ നിവൃത്തിയുള്ളൂ. അവിഹിതഗര്‍ഭത്തിന്റെ വിവരം നാട്ടില്‍ അറിഞ്ഞാല്‍ അമ്മയും അവിവാഹിതയായ ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബം ആത്മഹത്യചെയ്‌തുകളയും. ഒരു നഴ്‌സ് ആയതുകൊണ്ടുതന്നെ രണ്ടു പ്രാവശ്യം ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിക്കുകയുണ്ടായി. പക്ഷേ ഗര്‍ഭം അലസിയില്ല. ഇനിയിപ്പോള്‍ പ്രസവിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കമ്മിറ്റിയില്‍ എല്ലാവരുമായി ആലോചിച്ച് ആ കുട്ടിക്ക് `സഹജ'യില്‍ പ്രവേശനം കൊടുക്കാന്‍ തീരുമാനിച്ചു. `പ്രവാസിലോകത്തിന്റെ ആഭിമുഖ്യത്തില്‍ അനിതയെ ഞങ്ങളുടെ സ്ഥാപനത്തില്‍ എത്തിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. മെലിഞ്ഞ് വിളറി വെളുത്ത് ജീവച്ഛവംപോലെയൊരു കുട്ടി. വയറൊന്നും വലുതായിട്ടില്ല. ഞങ്ങള്‍ സ്‌നേഹത്തോടെ ഗര്‍ഭശുശ്രൂഷ ആരംഭിച്ചു. പൈസ കൈയില്‍ ഉണ്ടെന്നാണല്ലോ പ്രവാസിലോകത്തിലെ ആള്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് തിരുവനന്തപുരത്തുതന്നെയുള്ള പി.ആര്‍.എസ്. ആശുപത്രിയില്‍ കൊണ്ടുപോയി. വര്‍ക്കിംഗ് വിമന്‍ അസോസിയേഷന്റെ പ്രസിഡന്റ് പത്മിനി വര്‍ക്കിയുടെ മകള്‍ ഡോ.അയിഷ അവിടെ ഗൈനക്കോളജിസ്റ്റാണ്. അയിഷ പരിശോധിച്ചു. മരുന്നുകളും വിറ്റാമിന്‍ ഗുളികകളും സൗജന്യമായി തന്നു. പോഷകാംശവും പാലും മറ്റും കൊടുക്കാന്‍ `സഹജ'യിലെ ജീവനക്കാരെ ചുമതലപ്പെടുത്തി. കൗണ്‍സലിംഗിനും വിധേയയാക്കിയെങ്കിലും മനസ്സു തുറക്കാനോ സത്യം മുഴുവന്‍ പറയാനോ അനിത തയ്യാറായില്ല. ജോലി നഷ്ടപ്പെടുമോ എന്ന് അവള്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. ഗള്‍ഫിലെ ആശുപത്രിയിലേക്ക് ലീവ്‌ലെറ്ററിനൊപ്പം അയയ്‌ക്കാന്‍ വേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റും ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ചുകൊടുത്തു. ക്രമേണ അനിതയുടെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങി. ദേഹം നന്നായി. വിളര്‍ച്ച മാറി. വയറും വലുതായിത്തുടങ്ങി. `സഹജ'യിലെ മറ്റ് അംഗങ്ങളോട് വര്‍ത്തമാനം പറയാനും ഗള്‍ഫിലെ വിശേഷങ്ങള്‍ പറയാനും ആരംഭിച്ചു. ഭര്‍ത്താവ് (നിയമാനുസൃതം വിവാഹം കഴിച്ചിട്ടില്ലെങ്കിലും അനിത അങ്ങിനെയാണ് അയാളെപ്പറ്റി പറഞ്ഞിരുന്നത്) ഇടയ്‌ക്ക് വിളിക്കും. പക്ഷേ ഒരു പൈസ പോലും അയാള്‍ അയച്ചുകൊടുത്തില്ല. അനിതയുടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവനും മൂന്നരപ്പവന്റെ മാലയും അയാളെ ഏല്‌പിച്ചിട്ടാണ് നാട്ടിലേക്ക് പോന്നത്. പ്രസവാവശ്യത്തിനും ചികിത്സയ്‌ക്കുമായി അനിത പണം അയച്ചുതരാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഓരോ ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ചുരുക്കത്തില്‍ ചില്ലിക്കാശുപോലും വന്നില്ല. എട്ടാം മാസം കഴിയാറായതേയുള്ളൂ. ഒരു രാത്രി അനിതയ്‌ക്ക് അസഹ്യമായ വേദനയും തലക്കറക്കവും ക്ഷീണവും മറ്റും അനുഭവപ്പെട്ടു. ഉടന്‍തന്നെ പി.ആര്‍.എസ് ആശുപത്രിയില്‍ എത്തിച്ചു. ബ്ലഡ്‌പ്രഷര്‍ കൂടിയിരുന്നു. പിറ്റേദിവസമായപ്പോള്‍ പ്രസവം ഉടനെ നടക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. ഓഞാനും പത്മിനിച്ചേച്ചിയും ശോഭനയും ഊഴമിട്ട് പി.ആര്‍.എസിന്റെ പ്രസവമുറിയുടെ മുമ്പില്‍ കാവലിരുന്നു. അകത്തുനിന്ന് ആവശ്യപ്പെടുന്ന ഭക്ഷണവും മരുന്നുകളും വാങ്ങി നല്‌കിക്കൊണ്ടിരുന്നു. മകളാണോ അകത്തുള്ളത് മകളുടെ ഭര്‍ത്താവ് സ്ഥലത്തില്ലേ? മകളുടെ അച്ഛന്‍ സ്ഥലത്തില്ലേ മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‌കിക്കൊണ്ട് ഞങ്ങള്‍ കാത്തിരുന്നു. ഞങ്ങളുടെ ബന്ധുവേ അല്ലാത്ത ഒരു പെണ്‍കുട്ടിയുടെ പ്രസവത്തിനാണ് ഞങ്ങള്‍ ഈ കാത്തു കുത്തിയിരിക്കുന്നത് എന്നത് അവര്‍ക്കാര്‍ക്കും അത്ര വിശ്വാസമായില്ല. സന്ധ്യയോടെ പ്രസവം നടന്നു. പെണ്‍കുഞ്ഞ്. പീഡിയാട്രീഷന്‍ വന്നു പരിശോധിച്ചപ്പോള്‍ മാസം തികയാത്തതുകൊണ്ട് കുട്ടിയെ ഇന്‍കുബേറ്ററില്‍ വെയ്‌ക്കണം എന്നു പറഞ്ഞു. പ്രസവം എടുത്ത ഡോക്ടര്‍ വന്ന് അനിതയുടെ ബന്ധുക്കളെ അന്വേഷിച്ചു. ബന്ധുക്കളാരുമില്ല എന്നു പറഞ്ഞപ്പോള്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കണം എന്നും രക്ഷപ്പെടാനുള്ള ചാന്‍സ് വെറും അമ്പതു ശതമാനമേ ഉള്ളൂ എന്നും അറിയിച്ചു. ഞങ്ങളൊക്കെ വിഷമിച്ചുപോയി. ശോഭനെ ഉടനെതന്നെ `സഹജ'യിലേക്ക് പോയി. അനിതയുടെ പെ#്‌ടിയും ബാഗും മറ്റും പൂട്ടുപൊട്ടിച്ച് തുറന്നു നോക്കി. വീട്ടിലെ അഡ്രസും ഫോണ്‍ നമ്പരും കണ്ടെടുത്തു. വീട്ടിലേക്ക് വിളിച്ചു. ജ്യേഷ്‌ഠസഹോദരനാണ് ഫോണ്‍ എടുത്തത്. വിവരം പറഞ്ഞപ്പോള്‍ അയാള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. എല്ലാ വിവരങ്ങളും കൃത്യമായി പറഞ്ഞ് ഉടനെതന്നെ അമ്മയേയും കൂട്ടി വരാന്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെയായപ്പോഴേക്ക് അമ്മയും ജ്യേഷ്‌ഠനും വന്നു. പാവങ്ങള്‍. ജ്യേഷ്‌ഠന്‍ കൂലിപ്പണിക്കാരനാണ്. ആ മനുഷ്യനാണ് കൂലിപ്പണിയെടുത്തും ബാങ്ക്‌ലോണെടുത്തും അനിതയെ ബാംഗ്ലൂരില്‍ വിട്ട് നഴ്‌സിംഗിന് പടിപ്പിച്ചത്. ഗള്‍ഫില്‍ ജോലികിട്ടിപ്പോയപ്പോള്‍ വിസയ്‌ക്കും വിമാന ടിക്കറ്റിനും വേറെ കടവും വാങ്ങി. അനിത പോയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഒരു പൈസപോലും ഈ കടങ്ങള്‍ വീട്ടാന്‍ വേണ്ടി വീട്ടിലേക്ക് അയച്ചില്ല. ശമ്പളം ശരിക്ക് കിട്ടിത്തുടങ്ങിയില്ല. ക്വാര്‍ട്ടേഴ്‌സ് ആയില്ല. എന്നിങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് പൈസ അയയ്‌ക്കുന്നത് നീട്ടിവെയ്‌ക്കുകയാണ് ആ കുട്ടി ചെയ്‌തിരുന്നത്. ആ അമ്മയുടെ കണ്ണ് തോര്‍ന്നു കണ്ടതേയില്ല. അകത്തു കയറി മകളേയും കുഞ്ഞിനേയും കണ്ടിട്ടു വന്ന അവര്‍ ബോധരഹിതയായി. നേരിട്ട് കാണുന്നതുവരെ അത് തന്റെ മകളായിരിക്കില്ല എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആശുപത്രിയില്‍ ധാരാളം പൈസ അടയ്‌ക്കേണ്ടിയിരുന്നു. അനിതയുടെ കൈയ്യില്‍നിന്ന് `ഭര്‍ത്താവിന്റെ' നമ്പര്‍ വാങ്ങി ഞങ്ങള്‍ വിളിച്ചു. അയാള്‍ ഫോണ്‍ എടുത്തതേയില്ല. പരിചയമില്ലാത്ത നമ്പരായതുകൊണ്ടാണെന്ന് വിചാരിച്ച് അനിതയുടെ ഫോണില്‍നിന്നുതന്നെ വിളിച്ചുനോക്കി. അപ്പോഴും അയാള്‍ ഫോണ്‍ എടുത്തില്ല. മറ്റു മാര്‍ഗ്ഗമില്ലാതെ കൈരളിയിലെ പ്രവാസിലോകത്തിന്റെ ആളുകളെ ഞങ്ങള്‍ വിളിച്ചു. അവര്‍ അയാളുടെ വിവരം അറിയിക്കാമെന്നേറ്റു. പക്ഷേ അവര്‍ ശ്രമിക്കുമ്പോഴും അയാളെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. അനിത ഗഫ്‌ഫിലെത്തി ജോലിയില്‍ പ്രവേശിച്ച് അധികം കഴിയുന്നതിനു മുന്‍പേ തൃശൂര്‍ സ്വദേശിയായ ഒരു മലയാളിയുവാവുമായി ചങ്ങാത്തത്തിലായി. സൗഹൃദം വര്‍ദ്ധിച്ച് പ്രേമം ആയി. അയാളാകട്ടെ വിസയോ മതിയായ രേഖകളോ ഇല്ലാതെയാണ് അവിടെ കഴിഞ്ഞിരുന്നത്. ഏതാണ്ട് ഒളിവില്‍ കഴിയുന്നതുപോലെ. പോലീസ് കണ്ടാല്‍ പിടിച്ചുകൊണ്ടുപോകും എന്ന സ്ഥിതി. പിടിച്ചാലോ ജയിലില്‍ കിടക്കേണ്ടിയും വരും. അനിതയ്‌ക്ക് സഹതാപം തോന്നി. അതു മുതലെടുത്തും അയാള്‍ അനിതയോടൊപ്പം അനിതയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചു. കിട്ടുന്ന ശമ്പളം മുഴുവന്‍ ചിലവാക്കി സുഖലോലുപതയില്‍ മുങ്ങി രണ്ടാളും ജീവിച്ചു. നാട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കടവും ഒന്നും അനിതയുടെ ഓര്‍മ്മയില്‍ വന്നതേയില്ല. വിവാഹപ്രായം കഴിഞ്ഞ് വീട്ടില്‍ നില്‌ക്കുന്ന ചേച്ചിയേയും ഓര്‍മ്മ വന്നില്ല. ഗര്‍ഭിണിയായപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നഴ്‌സാണല്ലോ. ആരും അറിയാതെ ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ടുപ്രാവശ്യം ശ്രമിച്ചു. വിജയിച്ചില്ല. യാത്രാരേഖകള്‍പ്രകാരവും ഹോസ്‌പിറ്റലിലെ റെക്കോര്‍ഡ് പ്രകാരവും നാട്ടിലെ നിയമപ്രകാരം അവര്‍ കല്ലെറിഞ്ഞു കൊന്നുകളയുകയും ചെയ്യും. അതുകൊണ്ടാണ് ഇരുചെവിയറിയാതെ പ്രസവത്തിനുവേണ്ടി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ പ്രവാസിലോകം സന്മനസ്സുകള്‍ സഹായിച്ചത്. അനിതയുടെ അമ്മയും സഹോദരനും ഞങ്ങളുടെ കാലുപിടിച്ചു. എല്ലാം രഹസ്യമായി സൂക്ഷിക്കണം. അനിതയെ തിരിച്ച് ഗള്‍ഫിലേക്ക് അയക്കാന്‍ സഹായിക്കണം. കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കണം എന്നെല്ലാം അവര്‍ കരഞ്ഞുപറഞ്ഞുകൊണ്ടേയിരുന്നു. കുഞ്ഞിനെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ആക്കാം എന്നു പറഞ്ഞപ്പോള്‍ അനിത സമ്മതിച്ചില്ല. അനിതയേയും കുഞ്ഞിനേയും ആശുപത്രിയില്‍നിന്ന് ഞങ്ങള്‍ `സഹജ'യിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോന്നു. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നെങ്കിലും പ്രസവശുശ്രൂഷയിലോ കുഞ്ഞിന്റെ ചികിത്സയിലോ ഞങ്ങള്‍ ഒരു കുറവും വരുത്തിയില്ല. 28-ാം ദിവസം നൂലുകെട്ട് നടത്തി. ഞങ്ങളെല്ലാവരും കുഞ്ഞിന് വേണ്ട ഉടുപ്പ്, ടവ്വല്‍, സോപ്പ്, പൗഡര്‍ ഒക്കെയായി `സഹജ'യില്‍ എത്തി. പ്രസിഡന്റ് പത്മിനിച്ചേച്ചി ചെറിയ സ്വര്‍ണ്ണക്കമ്മലുമായിട്ടാണ് വന്നത്. കുഞ്ഞിന്റെ കാതു കുത്തി കമ്മലിട്ടു. സുന്ദരിയും ഊര്‍ജ്ജസ്വലയുമായിരുന്നു ആ കുഞ്ഞ്. രണ്ടുതവണ അലസിപ്പിക്കാന്‍ ശ്രമിച്ചതിനെയും മാസംതികയാതെയുള്ള ജനനസമയത്തെ ബുദ്ധിമുട്ടുകളേയും തരണം ചെയ്‌തു വാശിയോടെ ജീവിതത്തിലേക്ക് വന്നവള്‍. `സഹജ'യിലെ മുഴുവന്‍ അന്തേവാസികളുടെയും ലാളനയേറ്റ് അവള്‍ വളര്‍ന്നു. അനിതയുടെ ലീവ് തീരാറായി. അനിതയ്‌ക്ക് ഉടന്‍ തിരിച്ചുചെന്നില്ലെങ്കില്‍ ജോലിതന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അനിത പോകാന്‍ തയ്യാറായി. കുഞ്ഞിനെ എന്തു ചെയ്യും? പലവഴിയും ആലോചിച്ചു ശ്രമിച്ചു ആ കൂട്ടത്തിലാണ് പി.ആര്‍.എസ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ എല്ലാ രോഗികളെയും തൊട്ടു പ്രാര്‍ത്ഥിക്കാന്‍ വന്ന പാസ്റ്ററുടെ കാര്യം ഓര്‍മ്മ വന്നത്. അദ്ദേഹത്തോട് അനിത തന്നെ സ്വന്തം അവസ്ഥ കണ്ണീരോടെ പറഞ്ഞു കേള്‍പ്പിച്ചിരുന്നു. എന്തു സഹായം വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ നമ്പരും നല്‌കിയിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചുവരുത്തി. അനിതയ്‌ക്ക് സാഹച്യം അനുകൂലമാകുമ്പോള്‍ കുഞ്ഞിനെ തിരിച്ചുകിട്ടണം. അന്നുവരെ സ്‌നേഹത്തോടെ ആരെങ്കിലും വളര്‍ത്തണം ഇതായിരുന്നു അനിതയുടെ ആഗ്രഹം. അദ്ദേഹം അതിനു തയ്യാറായി. അവിവാഹിതനായിരുന്ന പാസ്റ്റര്‍ കുഞ്ഞിനെ വളര്‍ത്തിക്കൊള്ളാം എന്നും അനിത ആവശ്യപ്പെടുമ്പോള്‍ തിരിച്ചു നല്‍കിക്കൊള്ളാമെന്നും അതുവരെ പ്രതിമാസം കുഞ്ഞിന്റെ ചിലവിലുള്ള തുക അനിത അയച്ചുകൊടുക്കണം എന്നും ഉള്ള എഗ്രിമെന്റ് അമ്പതു രൂപാ പത്രത്തില്‍ എഴുതി അനിതയും പാസ്റ്ററും ഒപ്പിട്ടു. രണ്ടാളും ഓരോ കോപ്പി കൈവശം വെച്ചു. അനിത ഗള്‍ഫിലേക്ക് പോകുന്ന ദിവസം പാസ്റ്ററുടെ വീട്ടില്‍ കുട്ടിയെ കൊണ്ടുചെന്ന് എല്‌പിക്കാം എന്നു പറഞ്ഞു. ആശുപത്രിയില്‍ ചിലവായ പൈസ അവിടെ ചെന്ന് ശബമ്പളം കിട്ടിയാല്‍ ഗഡുക്കളായി അയച്ചുതന്നുകൊള്ളാം എന്ന് ഞങ്ങളോട് പറഞ്ഞു. അനിതയുടെ സഹോദരന്‍ എയര്‍ടിക്കറ്റിനുള്ള പണവുമായി വന്നു. അനിത കുഞ്ഞിനെ പാസ്റ്ററെ ഏല്‌പിച്ച് ഗള്‍ഫിലേക്ക് പറന്നു. അന്നു പോയ അനിതയെപ്പറ്റി പിന്നെ ഞങ്ങള്‍ക്ക് യാതൊരു വിവരവുമില്ല. ഞങ്ങള്‍ക്കോ സ്വന്തം വീട്ടിലേക്കോ പൈസ ഒന്നും അയച്ചില്ലെന്നതോ പോകട്ടെ സ്വന്തം കുട്ടിയെ നോക്കാന്‍ ഏല്‌പിച്ച പാസ്റ്റര്‍ക്കുപോലും ഒരു ചില്ലിക്കാശും അയച്ചുകൊടുത്തില്ല. രണ്ടുമൂന്നു പ്രാവശ്യം പാസ്റ്ററെ വിളിച്ച് കുഞ്ഞിന്റെ സുഖവിവരം തിരക്കിയതായി അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഗള്‍ഫില്‍നിന്നും വന്ന ഒരാള്‍വശം കുറച്ച് പാല്‍പ്പൊടിയും സോപ്പും പൗഡറും കൊടുത്തയച്ചു. അത്രതന്നെ. അനിത എവിടെയുണ്ടെന്നോ വീണ്ടും വിവാഹം കഴിച്ചോ എന്നൊന്നും അനിതയുടെ വീട്ടുകാര്‍ക്കും അറിയില്ല. അനിതയുടെ കൂടെ താമസിച്ചിരുന്ന തൃശൂരുകാരന്റെ വീട്ടുകാരെ ഞങ്ങള്‍ വിളിച്ചിരുന്നു. അവര്‍ക്കും അറിയില്ല. ആ മോള്‍ക്ക് ഇപ്പോള്‍ 9 വയസ്സായി. പാസ്റ്ററുടെ വീട്ടില്‍ അവള്‍ വളരുന്നു. അദ്ദേഹം ഇടയ്‌ക്ക് വിളിച്ച് അന്വേഷിക്കും. അനിതയുടെ വല്ല വിവരവും ഉണ്ടോ? ഞങ്ങള്‍ ആണ്ടിലൊരിക്കല്‍ അവളുടെ പിറന്നാള്‍ദിവസം അവള്‍ക്ക് കേക്കും ഉടുപ്പുമായി പോയി കണ്ടുവരും. `കൈരളിയിലെ'പ്രവാസിലോകവുമായി ബന്ധപ്പെട്ടു നോക്കി. അവര്‍ക്കും ഒരു വിവരവും നല്‌കാനായില്ല. ജീവനോടെ ഉണ്ടോ ആവോ!