സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഞങ്ങളെ ഞെട്ടിച്ച ആ ആത്മഹത്യ

ടി രാ‍ധാമണി, സെക്രട്ടറി,കേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്‍



(കഥയേക്കാള്‍ വിചിത്രം ഈ സ്ത്രീ ജീവിതം-4)
ഒരു ദിവസം വൈകിട്ട്‌ 4 മണിയായിക്കാണും. ഞാനും അഡ്വക്കേറ്റ്‌ ജ്യോതിയും `സഹജ'യില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും പലതിലും സ്വീകരിക്കേണ്ട അടുത്ത നടപടിയെപ്പറ്റിയുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌. സഹജയിലേക്ക്‌ മൂന്നു നാലുപേര്‍ കയറിവന്നു. ഒരേയും ഒരു പരിചയവുമില്ല. എല്ലാവരും മ്ലാനവദനര്‍. ഞാന്‍ എണീറ്റുചെന്ന്‌ എന്താണു വേണ്ടത്‌ എന്നു ചോദിച്ചപ്പോള്‍ `സഹജ'യുടെ മുമ്പിലുള്ള ബോര്‍ഡ്‌ കണ്ട്‌ വന്നതാണ്‌ എന്ന്‌ അവരില്‍ ഒരു പുരുഷന്‍ പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ സൗജന്യനിയമസഹായം എന്നെഴുതിവെച്ചിട്ടില്ലേ. എന്റെ അമ്മയ്‌ക്ക്‌ അത്യാവശ്യമായി നിയമസഹായം വേണം. അതിനാണ്‌ ഞങ്ങള്‍ വന്നത്‌. അയാള്‍ പറഞ്ഞു. അപ്പോഴേക്ക്‌ ജ്യോതിയും വരാന്തയിലേക്ക്‌ ഇറങ്ങിവന്നു. ഞാനാണ്‌ ഇവിടത്തെ അഡ്വക്കേറ്റ്‌ എന്താണ്‌ പ്രശ്‌നം എന്നു ചോദിച്ചു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഏതാണ്ട്‌ 50 വയസ്സു വരുന്ന സ്‌ത്രീ പൊട്ടിക്കരഞ്ഞു. അമ്മ കരയാതെ- കരയാതെ. മകന്‍ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു. മരുമകളും അനിയത്തിയും അനങ്ങാതെ സ്‌തബ്ധരായി നിന്നു. ഇരിക്കാന്‍ പറഞ്ഞിട്ടും ആരും ഇരിക്കുന്നതുപോലുമില്ല.
അവസാനം മകന്‍ പറഞ്ഞുതുടങ്ങി. ``എന്റെ അച്ഛന്‍ മാനസികമായും ശാരീരികമായും എന്റെ അമ്മയെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ കുറെ കാലമായി. കണ്ടമാനം ഉപദ്രവിക്കുന്നു. അതൊന്ന്‌ അവസാനിപ്പിച്ചുതരണം. വീട്‌ അമ്മയുടേതാണ്‌. അമ്മയുടെ അച്ഛന്‍ കൊടുത്തതാണ്‌. കുഞ്ഞമ്മമാര്‍ രണ്ടുപേരും തൊട്ടടുത്ത്‌ താമസിക്കുന്നു. ഇവര്‍ക്ക്‌ മൂന്നുപേര്‍ക്കും സൈ്വരജീവിതം ലഭിക്കണം. അതിനുവേണ്ടി അച്ഛന്‍ അവിടെ കേറരുത്‌ എന്നൊരു ഉത്തരവ്‌ കോടതിയില്‍നിന്ന്‌ വാങ്ങിത്തരണം.'' മകന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ അമ്മ മനസ്സുതുറക്കാന്‍ തയ്യാറായി. ഭര്‍ത്താവ്‌ മദ്യപാനവും പരസ്‌ത്രീഗമനവും സ്ഥിരമാക്കിയ ആളാണ്‌. എന്തെങ്കിലും എതിരുപറഞ്ഞാല്‍ പുറത്തിറങ്ങിനിന്ന്‌ ഉച്ചത്തില്‍ പുഴുത്ത തെറി വിളിക്കും. കയ്യില്‍ കിട്ടിയ സാധനമെടുത്ത്‌ എറിയും. അടിക്കും. സഹോദരിമാര്‍ക്കുപോലും അവരുടെ വീട്ടില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥ. എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ്‌. അതുകൊണ്ട്‌ എല്ലാവര്‍ക്കും പേടിയാണ്‌.
മകന്റെ ല്യാണം കഴിഞ്ഞതൊടെയാണ്‌ പ്രശ്‌നം രൂക്ഷമായത്‌. മരുമകള്‍ക്ക്‌ വീട്ടില്‍ കഴിയാന്‍ വയ്യാത്ത അവസ്ഥ. സ്വന്തം മകളായി കാണേണ്ട അവളോട്‌ അയാളുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാത്ത രീതിയിലായപ്പോള്‍ മകനും മരുമകളും താമസം മാറ്റി. വാടകവീട്ടിലേക്കാണ്‌ അവര്‍ മാറിയത്‌. ഏകമകന്‍ വീടുവിട്ടിറങ്ങിയത്‌ ആ അമ്മയ്‌ക്ക്‌ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
ഭര്‍ത്താവ്‌ പത്തുപൈസപോലും വീട്ടില്‍ കൊടുക്കാറില്ല. എവിടെയെങ്കിലും ജോലിക്കുപോയാല്‍ തന്നെ കിട്ടുന്ന കൂലി മുഴുവന്‍ കള്ളുകുടിച്ചും വേശ്യകള്‍ക്ക്‌ കൊടുത്തും തീര്‍ക്കും. അതുകൊണ്ട്‌ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി സ്റ്റോറില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ അവര്‍ ജോലിക്കു പോകും. സഹോദരി കൊടുക്കുന്ന പൈസകൊണ്ടാണ്‌ വീട്ടില്‍ തീയെരിയുന്നത്‌. അങ്ങിനെ വേകിച്ചെടുക്കുന്ന ചോറും പലദിവസവും കഴിക്കാന്‍ ഭര്‍ത്താവ്‌ സമ്മതിക്കുകയില്ല. ഈയിടെയായി കടയില്‍ ചെല്ലും. അവിടെനിന്ന്‌ ഉച്ചത്തില്‍ തെറിവിളിക്കും. അങ്ങിനെ പെണ്‍കുട്ടികള്‍ പേടിച്ച്‌ ആ കടയില്‍ കയറാതെയായി. കച്ചവടം തീരെയില്ലാതായപ്പോള്‍ തന്നെ സഹായിക്കാന്‍ വരേണ്ടതില്ല എന്ന്‌ സഹോദരി പറഞ്ഞു. അങ്ങിനെ അവരുടെ തൊഴിലും ജീവിതമാര്‍ഗ്ഗവും ഇല്ലാതായി.
അന്ന്‌ ഉച്ചയ്‌ക്ക്‌ എന്തുചെയ്യണമെന്ന്‌ ചോദിക്കാന്‍ കുറച്ചകലെയുള്ള സഹോദരന്റെ വീട്ടില്‍ പോയി. മൂന്നു മണിയോടുകൂടി തിരിച്ചെത്തുമ്പോള്‍ ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയുമായി അവരുടെ കിടക്കയില്‍ ഉണ്ടായിരുന്നു. കതക്‌ പുറത്തുനിന്ന്‌ കുറ്റിയിട്ടശേഷം അവര്‍ മകനെ വിളിച്ചുവരുത്തി. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ്‌ വന്നുകൂടി. കതകു തുറന്നപ്പോള്‍ ഒരു കുറ്റബോധവും ഇല്ലാതെ ഭാര്യയെയും സഹോദരിമാരേയും ഒറ്റയടിക്ക്‌ കൊല്ലും എന്ന്‌ പ്രഖ്യാപിച്ചിട്ടാണ്‌ അയാള്‍ പോയിരിക്കുന്നത്‌. എങ്ങിനെയെങ്കിലും രക്ഷിക്കണം. എന്റെ അച്ഛന്‍ എനിക്ക്‌ താമസിക്കാന്‍ വെച്ചുതന്ന വീട്ടില്‍ എനിക്ക്‌ സൈ്വരമായി കഴിയാവുന്ന സാഹചര്യം ഉണ്ടാക്കിത്തരണം അവര്‍ കണ്ണീരോടെ അഭ്യര്‍ത്ഥിച്ചു. ജ്യോതി ഉടനെതന്നെ D.I.R തയ്യാറാക്കി. ഞാന്‍ ഒപ്പിട്ടുകൊടുത്തു. Protection Order കിട്ടുന്നതുവരെ അവര്‍ അവിടെ സഹജയില്‍ താമസിച്ചോട്ടെ എന്നും ഞങ്ങള്‍ പറഞ്ഞു.
അടുത്ത ദിവസം തന്നെ കോടതിയില്‍ D.I.R ഫയല്‍ ചെയ്‌തു. മകന്റെയും മരുമകളുടേയും സഹോദരിയുടേയും സ്റ്റേറ്റ്‌മെന്റുകളും കൂടെ വെച്ചിരുന്നു. വളരെ പെട്ടന്നുതന്നെ കോടതിയില്‍ നിന്ന്‌ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ചു. അതിന്റെ കോപ്പി അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ കൊടുത്ത്‌ അവിടെ നിന്ന്‌ ഒരു പോലീസുകാരനെയും കൂട്ടി ഞങ്ങള്‍ വീട്ടില്‍ പോയി. അയാള്‍ ഉപദ്രവിക്കുമോ എന്നു പേടിയുണ്ടായിരുന്നതുകൊണ്ടാണ്‌ പൊലീസിനെ ഒപ്പം കൂട്ടിയത്‌. വീട്ടില്‍ ചെന്ന്‌ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ അയാളുടെ കയ്യില്‍ കൊടുത്തു. ഞങ്ങളുടെ നേരേയും ഭയങ്കര അട്ടഹാസമായി ദേഷ്യപ്പെട്ട്‌ ചാടിത്തുള്ളി വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു. ഞങ്ങള്‍ അവരെ അവിടെ താമസിപ്പിച്ച്‌ അയല്‍വീടുകളില്‍ വിവരം പറഞ്ഞ്‌ കടയില്‍ ചെന്ന്‌ സഹോദരിയോടും വിവരം പറഞ്ഞിട്ടു പോന്നു.
രാത്രിയില്‍ വീട്ടിലെ കതകടച്ച്‌ പേടിച്ച്‌ വിറച്ച്‌ അവര്‍ അകത്തു ഇരുന്നു. രാത്രി 10 മണികഴിഞ്ഞപ്പോള്‍ മുക്കറ്റം മദ്യപിച്ച്‌ അയാള്‍ കയറിവന്നു. കതക്‌ തുറക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തുറന്നില്ല. അയാളുടെ കിടക്കയും മറ്റും നേരത്തെതന്നെ വരാന്തയില്‍ എടുത്തുവെച്ചിരുന്നു. അവിടെ കിടന്നുകൊള്ളും എന്നാണ്‌ അവര്‍ കരുതിയത്‌. പക്ഷേ അയാള്‍ അതിനൊന്നും തയ്യാറായില്ല. കതകു ചവിട്ടിപ്പൊളിക്കാന്‍ ശ്രമം ആരംഭിച്ചു. അവര്‍ അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു. സ്റ്റേഷനിലോട്ട്‌ ചെന്ന്‌ പരാതികൊടുക്കാനാണ്‌ മറുപടി കിട്ടിയത്‌. അവര്‍ `സഹജ'യിലേക്ക്‌ വിളിച്ച്‌ വിവരം പറഞ്ഞു. അപ്പോഴേക്കും അയാള്‍ കതകു ചവിട്ടിത്തുറന്നു. അതിഭീകരമായി അവരെ മര്‍ദ്ദിച്ചു. `സഹജ'യില്‍ നിന്ന്‌ പോലീസ്‌ സ്റ്റേഷനില്‍ എസ്‌.ഐ യുടെ പേഴ്‌സണല്‍ ഫോണില്‍ വിളിച്ച്‌ സൂപ്രണ്ട്‌ സരസ്വതി കാര്യങ്ങള്‍ അറിയിച്ചു. അപ്പോഴാണ്‌ പോലീസ്‌ അങ്ങോട്ടു പോകാന്‍ തയ്യാറായത്‌. പോലീസ്‌ അവിടെ ചെന്ന്‌ അയാളെ വിളിച്ചിറക്കിക്കൊണ്ടുപോയി. സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയെന്നാണ്‌ അവരും ഞങ്ങളും വിചാരിച്ചത്‌. പിറ്റേദിവസം രാവിലെയാണ്‌ അവര്‍ അയാളെ ഗേറ്റിന്‌ പുറത്താക്കി ഗേറ്റ്‌ അടച്ച്‌ അതിനകത്ത്‌ കടക്കരുതെന്ന്‌ താക്കീതും നല്‌കി പോകുകയാണ്‌ ഉണ്ടായത്‌ എന്ന വിവരം അറിഞ്ഞത്‌. കാരണം പിറ്റേ ദിവസം രാവിലെ ഗ്രാമം ഉണരുന്നത്‌ തൊട്ടടുത്ത്‌ ആള്‍പ്പാര്‍പ്പില്ലാതെ കിടന്ന പുരയിടത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിനില്‌ക്കുന്ന അയാളെ കണ്ടുകൊണ്ടാണ്‌.
അതോടെ കാര്യങ്ങള്‍ ആകെ കലങ്ങിമറിഞ്ഞു. ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട്‌ നാട്ടുകാര്‍ സംസാരം തുടങ്ങി. അവര്‍ കാരണമാണ്‌ അയാള്‍ തൂങ്ങിമരിച്ചത്‌. കോടതിയില്‍ കേസുകൊടുത്തതും തലേദിവസം പോലീസിനെ വിളിച്ചുവരുത്തിയതും എല്ലാം ഒരു ഭാര്യ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളായി ചിത്രീകരിക്കപ്പെട്ടു. തലേദിവസം വരെ അവരെ ശരിച്ചിരുന്നവര്‍പോലും അവര്‍ക്കെതിരെ തിരിഞ്ഞു. അതുവരെ തിരിഞ്ഞുനോക്കാതിരുന്ന ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വലിയ കുറ്റപ്പെടുത്തലുകളുമായി രംഗപ്രവേശം ചെയ്‌തു. എത്രയോ കാലമായി അവരുടെ വീടുകളിലൊന്നും ഇദ്ദേഹത്തെ പ്രവേശിപ്പിക്കാറേയില്ലായിരുന്നു എന്നതാണ്‌ സത്യം.
പോസ്റ്റ്‌മാര്‍ട്ടം കഴിഞ്ഞു. മകന്‍ മൃതദേഹം ഏറ്റുവാങ്ങി. അന്ത്യകര്‍മ്മങ്ങളും ചെയ്‌തു. സ്വന്തം കുറ്റബോധനും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും കാരണം ആ അമ്മയും മകനും മാനസികമായി തകര്‍ന്നുപോയി. ഞാനും അഡ്വക്കേറ്റും കൗണ്‍സിലറും സൂപ്രണ്ടും മാറി മാറി ആ വീട്ടില്‍ പോയി അവര്‍ക്കുവേണ്ട ധൈര്യം കൊടുക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അവരുടെ കുറ്റം കൊണ്ടല്ല ഇങ്ങിനെയൊക്കെ സംഭവിച്ചത്‌ എന്നും മദ്യപാനംമൂലം അയാള്‍ക്കുണ്ടായ ഞരമ്പുരേഗവും ഡിപ്രഷനും ആണ്‌ ആത്മഹത്യയുടെ കാരണം. അവരുടെ ഭാഗത്തുനിന്ന്‌ പോലീസില്‍ പരാതിപ്പെട്ടത്‌ ഒരുവിധത്തിലും തെറ്റായ പ്രവൃത്തിയായിരുന്നില്ല എന്നും അവരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു.
അന്നു രാത്രി അയാളെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ നല്‍കുകയും ചെയ്‌തിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കുമായിരുന്നില്ല. പലപ്പോഴും കുടുംബപ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്ന്‌ ഇത്തരം വീഴ്‌ചകള്‍ ഉണ്ടാവാറുണ്ട്‌. ഒന്നു വിരട്ടി വിടുക അത്രയേ ആവശ്യമുള്ളൂ എന്ന്‌ അവര്‍ പലപ്പോഴും കരുതുന്നു. ചട്ടീം കലോം അല്ലേ. തട്ടീം മുട്ടീം ഇരിക്കും ഇത്തിരി കഴിയുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാവും മുതലായ പഴഞ്ചൊല്ലുകള്‍ നമ്മളെയെല്ലാം സ്വാധീനിക്കുന്നുണ്ട്‌ എന്നു വ്യക്തം.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും