ലോക സാഹിത്യത്തില്‍ പെണ്‍കവിതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോള്‍ മുതല്‍ അവള്‍ തന്റെ ശരീരത്തെയും കാമനകളെയും പ്രണയങ്ങളെയും ലോകസമക്ഷം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. ദാമ്പത്യവും വ്യവസ്ഥാപൂര്‍ണ്ണമായ ജീവിതത്തിന്റെ നൈരന്തര്യവും മടിപ്പിക്കുന്ന മെരുങ്ങിയൊരുങ്ങലും അവരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. അവയൊക്കെ നിശങ്കം തങ്ങളുടെ കവിതകള്‍ക്കു് വിഷയമായി. പാരതന്ത്ര്യത്തിന്റെ പടുമരങ്ങളെ അവര്‍ സ്വപ്‌നം കണ്ടു. വീടാംകൂടിനെ പൊളിച്ചെടുക്കുന്ന സംഹാരബോധം അവരുടെ രചനകളില്‍ ആവര്‍ത്തിച്ചു. അനുഷ്‌ഠാനാത്മകമായ ഭക്തിപ്രകടനത്തെ പ്രണയത്തിന്റെയും ധ്യാനത്തിന്റെയും ഭാഷയും ഭാഷണവുംകൊണ്ടു തലതിരിച്ചിട്ടു. അങ്ങനെ പെണ്‍കവിതകള്‍ ശരീരം, ആത്മീയത, സ്ഥിതവ്യവസ്ഥകള്‍, പ്രകൃതി - മനുഷ്യബന്ധങ്ങള്‍ എന്നിവയുടെ വഴിവിളക്കുകളെ എറിഞ്ഞുടച്ചിട്ട് അവരുടേതായ മണ്‍വിളക്കുകളെ തെളിയിച്ചുകൊണ്ടേയിരുന്നു. സംസ്‌കൃതത്തിലും പാലിയിലും കന്നഡത്തിലും തമിഴിലും ഗ്രീക്കിലുമൊക്കെ എഴുതിയ പെണ്‍കവികളുടെ രചനകളില്‍ ഇതൊക്കെ പ്രകടമാണു്. ഭാവകാദേവിയും ശിലാഭദ്രികയും (ഇതൊക്കെ സ്വന്തം പേരാണോ തൂലികാനാമമാണോ അറിയില്ല) സാഫോയുമൊക്കെ പെണ്‍കവിതയുടെ ഇത്തരം അനുഭവങ്ങള്‍ നമുക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ``ഒരിക്കല്‍ നമ്മുടെ ശരീരം ഒന്നായിരുന്നു പിന്നീട് അവര്‍ വേര്‍പിരിഞ്ഞു നീ പ്രണയീ, ഭാഗ്യം കെട്ട ഞാനോ പ്രണയിനീ ഇപ്പോള്‍ നീ ഭര്‍ത്താവും ഞാന്‍ ഭാര്യയും ഇതല്ലാതെ വേറെയെന്തിനാണ് ഹൃദയം ശിലയാക്കാനാവുക'' (ഭാവകാദേവി - ശിലാഹൃദയം) ``എന്റെ കന്യകാത്വം കവര്‍ന്ന ആള്‍ ഇന്ന് എന്റെ ഭര്‍ത്താവാണ് ഇത് നിലാവുപെയ്യുന്ന അതേ രാവുകള്‍'' ഇത് വിന്ധ്യാപര്‍വ്വതത്തില്‍ നിന്ന് വീശുന്ന മുല്ലപ്പൂമണം നിറഞ്ഞ അതേ കാറ്റ് ഞാന്‍ അതേ സ്‌ത്രീയും എന്നിട്ടും ഇതേ നദിക്കരയില്‍ നമ്മുടെ പ്രണയസാക്ഷാത്‌കാരത്തിന്റെ വന്യസന്തോഷങ്ങള്‍ ഒന്നുകൂടെ ഹൃദയം തൊട്ടറിയാന്‍ ഞാന്‍ കൊതിച്ചുപോകുന്നു'' (ശിലാഭദ്രിക - അന്നും ഇന്നും) ``നീ തൊട്ടു ഞാന്‍ തീനാമ്പായി'' (സാഫോ) ആദ്യത്തെ രണ്ടു കവിതകളും സംസ്‌കൃതത്തില്‍ എഴുതിയതാണ്. മൂന്നാമത്തേത് ഗ്രീക്കിലും. മൂന്നിനും ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. അവരുടെ സമകാലികരായ എഴുത്തുകാരെക്കാള്‍ ഈ എഴുത്തുകാരികള്‍ മാറിനടക്കുന്നതെന്തുകൊണ്ടാണ്? കുറുംകവിതകളിലൂടെ കാമനകളുടെ അഗ്നി പടര്‍ത്തുന്നതെന്തുകൊണ്ടാണ്? ദാമ്പത്യവും പ്രണയവും, മോരും മുതിരയുംപോലെ വേര്‍തിരിഞ്ഞുകിടക്കുന്ന ലോകത്തെ അവര്‍ തുറന്നു പറയുന്നതെന്തുകൊണ്ടാണ്? ചോദ്യങ്ങളും സംശയങ്ങളും ഇനിയുമുണ്ടാകാം. പെണ്ണെഴുതുമ്പോള്‍ ഇരട്ട നോട്ടങ്ങള്‍കൊണ്ട് ലോകം കാണാന്‍ ശീലിപ്പിക്കപ്പെട്ടവളുടെ ആത്മഘതിയുടെ പ്രകടനമാണത്. രോക്ഷവും ദുഃഖവും ക്രോധവും നൊമ്പരവും കരുത്തും അതിലുണ്ട്. `സംഘടിത' ഈ ലക്കം പെണ്‍കവിതാപതിപ്പാണ്. കവിതകളും കൊണ്ട് ആ പതിപ്പിനെ ശ്രദ്ധേയമാക്കാന്‍ ഇഷ്യൂ എഡിറ്റര്‍ ഷീപാ ദിവാകരന്‍ ശ്രമിച്ചിരിക്കുന്നു. കവിതകള്‍, കവിതാപഠനങ്ങള്‍, എഴുത്തനുഭവം എന്നിങ്ങനെ പല രീതിയില്‍ പെണ്‍കവിതയെയും രചനാവഴികളെയും രേഖപ്പെടുത്താന്‍ സംഘടിത ശ്രമിക്കുന്നുണ്ട്. വിഷയം, എഴുത്തുരീതികള്‍, ഒരു വേറിട്ട് നടപ്പ് സാധ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടികള്‍ എന്നിവയൊക്കെ ഈ ലക്കത്തിലുണ്ട്. പഠനം, ആസ്വാദനം എഴുത്തനുഭവം കവിതകള്‍ ഇങ്ങനെ ഏതെങ്കിലും രൂപത്തില്‍ മലയാളത്തിലെ പെണ്‍കവിതയുടെ പ്രാധിനിത്യം ഉള്‍ക്കൊള്ളിക്കാനുള്ള എഡിറ്ററുടെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ആനുകാലികങ്ങളില്‍ സാന്നിദ്ധ്യവും അസാന്നിധ്യവും ആയി ജീവിക്കുന്ന എഴുത്തുകാരികളെ കണ്ടെത്താനും രചനകളെ ഉള്‍ക്കൊള്ളാനം ശ്രമിക്കുന്നു. എഡിറ്ററുടെ കുറിപ്പുമുതല്‍ ഇക്കാര്യം പ്രകടമാണ്. നിത്യജീവിതത്തിലെ സാമ്പ്രദായിക ഇടങ്ങളെ കവിതക്കണ്ണുകൊണ്ട് നോക്കിക്കാണുന്നതിന്റെ സാധ്യതകള്‍ കാമ്പസ് കവികള്‍ തങ്ങലുടെ ലോകത്തെ കാണുന്നതിന്റെ വ്യാഖ്യാനങ്ങള്‍ സൈബര്‍ സ്‌പെയിസിലെ പെണ്‍കവിതാസാന്നിദ്ധ്യം, ആദ്യകാല മാധ്യമങ്ങള്‍ മുതല്‍ സമകാലിക മാധ്യമങ്ങള്‍വരെയുള്ള എഴുത്തിടങ്ങളിലെ സ്‌ത്രീ അനുഭവകര്‍ത്തൃത്വങ്ങള്‍ എന്നിവയെല്ലാം ഈ ലക്കം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാധയെവിടെ, സീതായനം, മുറ്റമടിക്കുമ്പോള്‍ തുടങ്ങിയ രചനകളുടെ പഠനങ്ങളും ഇതിലുണ്ട്. എങ്ങനെയാണ് കവിത രൂപംകൊള്ളുന്നതെന്ന് എഴുത്തുകാരികള്‍ തുറന്നുപറയുന്നു. ഒപ്പം എഴുത്തിലെ പുതുകാലപ്രതിഭകളുടെ രചനകളും കൂടിച്ചേരുമ്പോള്‍ സംഘടിത പെണ്‍പതിപ്പിലെ കവിതാവിഭാഗം പൂര്‍ത്തിയാകുന്നു. എഴുത്തിന്റെ മുഖ്യധാരാ വഴികളിലും വഴക്കങ്ങളിലും സജീവ സാന്നിദ്ധ്യമല്ലാത്ത ചിലരെയെങ്കിലും കണ്ടെത്താന്‍ എഡിറ്റര്‍ക്കു കഴിഞ്ഞു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എപ്പോഴും കൃത്യമായ അനുപാതത്തില്‍ പ്രാതിനിധ്യം പാലിക്കുക പ്രയാസമുള്ള കാര്യമാണ്. ചില പ്രശസ്‌തരുടെ രചനകള്‍ കണ്ടില്ലല്ലോ എന്ന് ശങ്കിക്കുന്നുണ്ടാകും, അതിനുപിന്നില്‍ എഴുത്തുകാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഏത് പ്രസിദ്ധീകരണത്തില്‍ എഴുതണമെന്നതുപോലുള്ള പക്ഷപാതങ്ങള്‍ എന്നിവയുണ്ടാകാം. ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കാണുമായിരിക്കും. കാരണങ്ങള്‍ക്കു പഞ്ഞമില്ലാത്തതിനാല്‍ അതു നമുക്കുപേക്ഷിക്കാം. എങ്കിലും കവിതയെക്കുറിച്ച് പ്രത്യാശയും സ്‌നേഹവും നിലപാടും പുലര്‍ത്താന്‍ സംഘടി നടത്തിയ ശ്രമേ എടുത്തുപറയുകതന്നെ വേണം.