സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ജീവിതനദി എണ്‍പതിലെത്തി

പ്രിയാ രവീന്ദ്രന്‍



ജീവിതനദി എണ്‍പതിലെത്തി 
സാറാ തോമസുമായി ഒരു അഭിമുഖം 

അറുപത്തിയെട്ട്‌ വര്‍ഷം മുന്‍പ്‌ പാവാടപ്രായത്തിലെ പന്ത്രണ്ടുകാരി പെണ്‍കുട്ടി ഒരു കഥയെഴുതി. അപ്പനും അമ്മയ്‌ക്കും ഒപ്പം കോവളം കാണാന്‍ പോയ അവളുടെ മനസ്സില്‍ തീരങ്ങളില്‍ പ്രണയിച്ച്‌ കൈകോര്‍ത്ത്‌ നടന്ന ആണും പെണ്ണും ഒരു അദ്‌ഭുതമായിരുന്നു. അതുവരെ കാണാത്ത, അറിയാത്ത വികാരങ്ങള്‍ മനുഷ്യമനസ്സില്‍ ഉണ്ടെന്ന്‌ അവള്‍ക്കും തോന്നി. വീട്ടിലെ വിശാലമായ പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്ന്‌ വായിച്ചറിഞ്ഞ ഭാഷയുമായി അവള്‍ എഴുതാനിരുന്നു. അനുരാഗബദ്ധരായ രണ്ടു പേരുടെ കഥ. പേര്‌ `കോവളം'. ആരുമറിയാതെ ഒരു വാരികയ്‌ക്ക്‌ അയച്ചുകൊടുത്തു. പക്ഷേ, `അപക്വം' എന്ന മറുപടിക്കത്തുമായി കഥ തിരിച്ചുവന്നു. മടക്കത്തപാല്‍ കിട്ടിയതാകട്ടെ തീര്‍ത്തും യാഥാസ്ഥിതികനായ അപ്പന്‍ വര്‍ക്കി എം. മാത്യുവിന്റെ കയ്യില്‍. കത്ത്‌ വായിച്ച അപ്പന്‍ കോപം കൊണ്ട്‌ ജ്വലിച്ചു. ``വേണ്ടാത്തതൊന്നും മേലില്‍ എഴുതിപ്പോകരുത്‌''. അപ്പന്റെ ഉഗ്രശാസനം അല്‌പസ്വല്‌പം സാഹിത്യവാസനയുള്ള അമ്മച്ചി സാറാമ്മയുടെ ചട്ടയുടെ തുമ്പില്‍ പിടിച്ച്‌ ആ പന്ത്രണ്ടുകാരി ഉറച്ച മനസ്സോടെ കേട്ടു നിന്നു. പക്ഷേ, എഴുതാതിരിക്കാനായില്ല. ആരും കാണാതെ കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു. കാലത്തിന്റെ പാച്ചിലിനിടെ അവള്‍ വളര്‍ന്നു. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം ഡോക്ടര്‍ തോമസ്‌ സക്കറിയ അവളെ മിന്നുകെട്ടി. രണ്ടു പെണ്‍മക്കള്‍ പിറന്നു. ശോഭയും ദീപയും. കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എഴുത്തിനെ കൈവിടാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. ഒരിക്കല്‍ എഴുതി അലസമായി മേശപ്പുറത്തിട്ട ഒരു നോവല്‍ ഡോക്ടറെ കാണാന്‍ വന്ന എറണാകുളം സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ അവിചാരിതമായി കണ്ടു. അത്‌ വായിക്കാനായി വേണമെന്ന്‌ ഡോക്ടറോട്‌ ആവശ്യപ്പെട്ടു. മുന്‍പിന്‍ ആലോചിക്കാതെ ഡോക്ടര്‍ സമ്മതം മൂളി. അതിന്റെ പേരില്‍ അവളും ഡോക്ടറും തമ്മില്‍ പലതവണ കശപിശയായി. ഞാന്‍ എഴുതിയ കഥ എന്നോട്‌ ചോദിക്കാതെ എന്തിനു കൊടുത്തു എന്ന്‌ അവള്‍, ആറ്‌ മാസം കഴിഞ്ഞ്‌ ചെക്കപ്പിനു വരുമ്പോള്‍ അയാളത്‌ മടക്കിക്കൊണ്ടു വരുമെന്ന്‌ ഡോക്ടറും. എട്ടുമാസം കഴിഞ്ഞ്‌ എത്തിയ രോഗി, പടികടന്നപ്പോള്‍തന്നെ സാറയുടെ കണ്ണുകള്‍ പരതി. കൈയില്‍ കടലാസുകെട്ടുകള്‍ ഇല്ല. മറന്നുകാണും, അല്ലെങ്കില്‍ കൈമോശം വന്നിട്ടുണ്ടാകും. അമ്പരപ്പോടെ നിന്ന സാറയുടെ കൈകളിലേക്കു ഒരു കൊച്ചു പുസ്‌തകം അയാള്‍ കൈമാറി. ആ കഥ അച്ചടിച്ച്‌ പുസ്‌തകരൂപത്തിലാക്കിയിരുന്നു. പറഞ്ഞറിയിക്കാനാവാത്ത അദ്‌ഭുതവും അതിലേറെ സന്തോഷവുമായി നിറഞ്ഞ മനസ്സോടെ അവള്‍ പുസ്‌തകം വാങ്ങി. സാറാ തോമസ്‌ എന്ന എഴുത്തുകാരിയെ മലയാളം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ``ജീവിതമെന്ന നദി'' ആദ്യ പുസ്‌തകമായി പുറത്തിറങ്ങി.
ഹൃദ്യമായ ജീവിതങ്ങളും പരിഷ്‌ക്കാരങ്ങള്‍ ഇല്ലാത്ത പ്രണയങ്ങളും വിക്ഷുബ്ധമായ മനുഷ്യമനസ്സുകളും മലയാളിക്കായി കോറിയിട്ട സാറാ തോമസ്‌ അങ്ങനെ എഴുത്തുകാരിയായി. എഴുപതുകളിലും എണ്‍പതുകളിലും വായനക്കാരെ ഭ്രമിപ്പിച്ച സാറാ തോമസ്‌ `നാര്‍മടിപ്പുടവ'യിലെ നായിക കനകത്തെപ്പോലെ തണലും തണ്ണീര്‍പന്തലുമില്ലാത്ത ജീവിതപഥത്തിലാണ്‌. സമകാലീന എഴുത്തുകാരെപ്പോലെ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ സാഹിത്യസമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനോ അക്കാദമികളുടെ അധികാരകസേരകളില്‍ ഇരിക്കാനോ സാറാതോമസിനെ നമ്മള്‍ കാണാറില്ല. പദവികളും പ്രശസ്‌തിയും അല്ല നന്മയും തിന്മയും കൂടിച്ചേര്‍ന്ന മനുഷ്യന്റെ വ്യഥകളും വിജയങ്ങളും അക്ഷരങ്ങളാക്കുകയാണ്‌ നിയോഗമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു; അഭിമാനപൂര്‍വ്വം.

ചോദ്യം: എഴുത്ത്‌ നിന്നിട്ട്‌ ഒരുപാടു നാളായി. എന്തേ?

ആറു വര്‍ഷമായി . ഒന്നും എഴുതാന്‍ കഴിയുന്നില്ല. രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ വന്ന ഒരു എല്‍.ടി.ടി.ഇ. കുട്ടിയുടെ കഥ മനസ്സില്‍ നാമ്പിട്ടതാണ്‌. അതേക്കുറിച്ച്‌ അറിയാനും നേരില്‍ കണ്ട്‌ പലതും മനസ്സിലാക്കാനുമായി ഞാനും ഭര്‍ത്താവ്‌ ഡോ. തോമസ്‌ സക്കറിയയും കൂടി രാമേശ്വരത്ത്‌ പോകാനിരുന്നതാണ്‌. ഞങ്ങള്‍ക്ക്‌ അറിയുന്ന ഒരു തമിഴ്‌ കുടുംബം അതിനുള്ള സൗകര്യം ചെയ്‌തു തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഏപ്രില്‍ മാസം പോകാനായിരുന്നു പരിപാടി. പക്ഷേ, അവിചാരിതമായി ആ ഏപ്രിലില്‍ ഭര്‍ത്താവ്‌ മരിച്ചു. അതോടെ കഥയിലേക്ക്‌ പിന്നെ തിരിയാനായില്ല. എഴുത്തിന്റെ എല്ലാ പ്രസരിപ്പും നഷ്ടപ്പെട്ടു. ഒരു കഥ നാമ്പിട്ടു കഴിഞ്ഞാല്‍ അത്‌ പൂര്‍ത്തിയാക്കിയാലേ മറ്റൊന്ന്‌ എഴുതാന്‍ കഴിയൂ.


ചോദ്യം: ഞാന്‍ കൂടെ വന്നാല്‍ നടക്കുമോ? ഒന്നു ശ്രമിച്ചാലോ?

ഇനിയതിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. വയസ്സ്‌ 80 ആയില്ലേ! 

ചോദ്യം: നാലു നോവലുകള്‍ സിനിമയാക്കി. എന്തേ സിനിമയുടെ ലോകത്ത്‌ കൂടുതല്‍ സജീവമായില്ല?

`നീലക്കുറിഞ്ഞികള്‍ പൂക്കും നേരം' എന്ന കഥ, തിരക്കഥയാക്കി. അപ്പോഴാണ്‌ ഈ ന്യൂജനറേഷന്‍ തരംഗം തുടങ്ങിയത്‌. എന്റേത്‌ ഒരു പഴയ രീതിയാണ്‌. അത്‌ പുതിയ കാലത്തിന്‌ ചേര്‍ന്നതല്ല. പിന്നെ തിരക്കഥയെഴുതാന്‍ സിനിമാക്കാരുടെ ഒപ്പം രണ്ടാഴ്‌ചയെങ്കിലും ഇരിക്കണം. വീട്ടുകാര്യങ്ങള്‍ ഒക്കെ മാറ്റിവച്ച്‌, എനിക്കതിനു കഴിഞ്ഞില്ല.

ചോദ്യം: 80 വയസ്സ്‌ ആയെങ്കിലും 65 വയസ്സേ തോന്നൂ. ആരോഗ്യവും ഉണ്ട്‌. ഇത്തിരി യാത്രയൊക്കെ ഒന്നു പരീക്ഷിച്ചാലോ?

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്‌. എഴുത്തുകാരിയുടെ മനസ്സ്‌ എന്നും ചെറുപ്പമാണ്‌. ഒരു യുവതിയുടെ മനസ്സില്‍ എനിക്ക്‌ എളുപ്പം എത്താനാകും. കൊച്ചു കുട്ടിയുടെ കുസൃതികള്‍ക്കൊപ്പം കൂടും. ഒരു അനാഥയുടെ, വൃദ്ധയുടെ വിഹ്വലതകള്‍ എനിക്ക്‌ തിരിച്ചറിയാനാകും. അതുകൊണ്ടു ചിന്തകള്‍ ഒഴിഞ്ഞ നേരം വിരളമാണ്‌. ഈ വരാന്തയില്‍ മരങ്ങളെ നോക്കി മണിക്കൂറുകളോളം ഇരിക്കും. കിളികളുടെ കലപില കേട്ട്‌ കരയാനും ചിലപ്പോള്‍ ചിരിക്കാനും കഴിയും. മനസ്സിന്‌ ശാന്തത കിട്ടുന്നത്‌ ഇതൊക്കെയാണ്‌. എന്റെ പ്രായത്തിലുള്ള പലര്‍ക്കും അത്‌ കിട്ടുന്നില്ല. ഒരു പക്ഷേ, ഞാനൊരു എഴുത്തുകാരിയായതുകൊണ്ടാവാം. പ്രകൃതിയില്‍ ഞാന്‍ സത്യവും സമാധാനവും നന്മയും കാണുന്നു.

ചോദ്യം: പ്രകൃതിയില്‍ ഏറ്റവും ഭ്രമിപ്പിക്കുന്നത്‌ എന്താണ്‌?

കടല്‍. കടല്‍ എത്ര കണ്ടാലും മതിവരില്ല. എല്ലാ ആഴ്‌ചയും ഞാന്‍ കടല്‍ത്തീരത്തുള്ള വെട്ടുകാട്‌ പള്ളിയില്‍ പോകും. ഏറെ നേറം കടല്‍ത്തീരത്തു ചെലവഴിക്കും. നിത്യത എന്ന ഒന്നുണ്ടെങ്കില്‍ അത്‌ കടലില്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കടലിന്‌ ഒരിക്കലും മാറ്റമില്ല. ആ തിരയും വെള്ളവും വീണ്ടും വീണ്ടും നമ്മളെ തേടിയെത്തുന്നു. ആഴങ്ങളിലെ നീലിമ എന്നും വ്യാമോഹം സമ്മാനിക്കുന്നു. എല്ലാ ജീവചരാചരങ്ങളിലും മാറ്റം സംഭവിക്കുന്നു. കടലിനു മാത്രം മാറ്റമില്ല. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും ഞങ്ങള്‍ കടല്‍ കാണാന്‍ പോകുമായിരുന്നു. അന്ന്‌ ഞാന്‍ ചവുട്ടിയ അതേ മണ്‍തരികള്‍ ഈ കടപ്പുറത്ത്‌ ഇപ്പോഴുമുണ്ട്‌. ഒരു എഴുത്തുകാരിയിലേക്ക്‌ എന്റെ മനസ്സിനെ കൊണ്ടുപോയതില്‍ കടലിലെ എണ്ണമറ്റ തിരകളുടെ പങ്ക്‌ ചെറുതല്ല.

ചോദ്യം: എഴുത്തിലേക്ക്‌ മനസ്സിനെ രൂപപ്പെടുത്തുന്നത്‌ എങ്ങനെ?

എന്തെങ്കിലും ഒരു അനുഭവം മനസ്സിനെ സ്‌പര്‍ശിച്ചാല്‍ എനിക്ക്‌ അതേപ്പറ്റി കൂടുതല്‍ അറിയാനും എഴുതാനുമുള്ള തോന്നല്‍ അദമ്യമായിരുന്നു. ചുറ്റും കാണുന്നതാകാം, ആരെങ്കിലും പറയുന്നതാകാം, ചിലപ്പോള്‍ ഒരു വാര്‍ത്തയാകാം. അത്‌ അനുഭവിക്കാനും അടുത്തറിയാനും ശ്രമിക്കും. പക്ഷേ, അടുത്തറിയാതെ എഴുതിയ നോവലാണ്‌ ഗ്രഹണം. ബെയ്‌റൂട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍പ്പെട്ട്‌ എല്ലാം തകര്‍ന്ന്‌ നാട്ടിലെത്തിയ അനന്ത്‌ എന്റെ ബന്ധുവാണ്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അതിജീവിച്ച ഒരു ജനത, അതില്‍പ്പെട്ടുപോയ ഒരാള്‍ നേരിട്ട്‌ കണ്ണീര്‍ വാര്‍ക്കാതെ കണ്‌ഠമിടറാതെ തന്റെ അനുഭവഭാരം എന്നോട്‌ പങ്കു വച്ചു. വളരെ സാഹസികമായി ആണ്‌ ഞാനത്‌ നോവലാക്കിയത്‌. ഇന്റര്‍നെറ്റ്‌ ഇല്ലാത്ത കാലത്ത്‌ വായനശാലകള്‍ തോറും കയറിയിറങ്ങി ജര്‍മ്മനിയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും തിരഞ്ഞ്‌ പിടിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌ ഗ്രഹണം പൂര്‍ത്തിയാക്കിയത്‌.

ചോദ്യം: ദളിതരുടെ കഥയായിട്ടും `ദൈവമക്കള്‍' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല?

ശരിയാണ്‌. അതില്‍ എനിക്ക്‌ സങ്കടമുണ്ട്‌. ദളിതര്‍ക്ക്‌ വിദ്യാഭ്യാസം എന്ന അപ്പക്കഷണം നമ്മള്‍ നല്‍കിയിട്ടും മാന്യത കൊടുക്കാന്‍ തയ്യാറായില്ല. അന്നവും വെള്ളവും കിട്ടാത്ത പട്ടിണിപ്പാവങ്ങളുടെ കഥ ധാരാളമുണ്ട്‌. നിത്യവൃത്തിക്ക്‌ വഴിയില്ലാത്ത ദളിതനേക്കാള്‍ ദുരിതമനുഭവിക്കുന്നത്‌ സമൂഹത്തിന്റെ നിന്ദ ഏറ്റുവാങ്ങുന്നവനാണെന്ന്‌ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്നോട്‌ പറഞ്ഞത്‌ `ദൈവമക്കളി'ലേക്കുള്ള വഴിത്തിരിവായി. ജോലിയും പദവിയും കൈവെള്ളയില്‍ കിട്ടിയിട്ടും സമൂഹമധ്യത്തില്‍ ഞാനാര്‌ എന്ന അന്വേഷിക്കേണ്ടിവരുന്നവന്റെ വ്യഥ പറഞ്ഞറിയിക്കാനാവില്ല. അത്‌ ദളിതര്‍ക്കിടയില്‍പോലും അംഗീകരിക്കപ്പെട്ടില്ല എന്ന്‌ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടമുണ്ട്‌. ഒരു പക്ഷേ അവരുടെ ഇടയിലുള്ള ഒരാള്‍ ഇതെഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ.

ചോദ്യം: എഴുത്തുകളില്‍ ലൈംഗികത ഇല്ലാതിരുന്നത്‌ ഏതെങ്കിലും തരത്തില്‍ ബാധിച്ചു എന്നു തോന്നിയോ? 

ശരിയായിരിക്കാം. ഒന്നുരണ്ട്‌ പേര്‍ എന്നോടിത്‌ പറഞ്ഞിട്ടുണ്ട്‌. ദൈവമക്കളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ വായിച്ച ചിലര്‍ ഇത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ, വളരെ യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ച എനിക്ക്‌ ഒരിക്കലും അത്തരമൊരു തുറന്നെഴുത്തിനു കഴിഞ്ഞില്ല.

ചോദ്യം: സുഗതകുമാരിയുമൊത്ത്‌ പഠിച്ചതാണ്‌. അയല്‍ക്കാരാണ്‌. ഇപ്പോഴും പഴയ ബന്ധം ഉണ്ടോ?

ഞങ്ങള്‍ അഞ്ചാംക്ലാസ്‌ മുതല്‍ കോളേജ്‌തലം വരെ ഒന്നിച്ചുപഠിച്ചു. അന്നൊക്കെ സുഗത കവിത എഴുതും. ഞാന്‍ കഥയും. ഞാന്‍ എഴുതിയതെല്ലാം സുഗതയെ കാണിക്കമായിരുന്നു. പിന്നെ വിവാഹശേഷവും സുഗതയുടെ വീടുമായി നല്ല അടുപ്പമാണ്‌. ഡോക്ടറും ആ വീടുമായി നല്ല സൗഹൃദത്തിലായിരുന്നു. ഇപ്പോള്‍ സുഗത ഒരുപാട്‌ വളര്‍ന്നു. കാണാനും പോകാനും ഒന്നും നേരമില്ലാതായി. വൈകുന്നേരങ്ങളിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കുറഞ്ഞു. പിന്നെ പ്രായമായില്ലേ. എന്നാലും എപ്പോഴും വിളിക്കും. പരസ്‌പരമുള്ള കരുതലും സ്‌നേഹവും ഒരു പവിഴമല്ലിയുടെ സുഗന്ധത്തോടെ ഞങ്ങള്‍ സൂക്ഷിക്കുന്നു. 

ചോദ്യം: സുഗതകുമാരിയുമായി ഇത്ര അടുപ്പമുണ്ടായിട്ടും എന്തേ പൊതുപരിപാടികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒന്നും പോകുന്നില്ല? 

പൊതു പരിപാടികളില്‍ പ്രസംഗിക്കാന്‍ എനിക്കറിയില്ല. എനിക്ക്‌ പറ്റാത്ത കാര്യമാണത്‌. കടലാസിനു മുന്നില്‍ മാത്രമേ എനിക്ക്‌ മനസ്സു തുറക്കാനാവൂ. അതിന്റെ കുറവുകള്‍ ഉണ്ട്‌. അതെനിക്കു മനസ്സിലാവുന്നു. പക്ഷേ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താത്‌പര്യമുണ്ട്‌. പലപ്പോഴായി ചില കല്ലുകടികള്‍ ഉണ്ടായി. അതുകൊണ്ട്‌ അതു തുടരാനായില്ല. പ്രശസ്‌തിയിലേക്ക്‌ എത്താന്‍ കഴിയാത്തത്‌ അതുകൊണ്ടാണെന്ന്‌ എനിക്കറിയാം. പക്ഷേ, എനിക്കതില്‍ ഒട്ടും ഖേദമില്ല. എന്റെ സ്വാതന്ത്ര്യമാണ്‌ എനിക്ക്‌ വലുത്‌. ഒരു വിശേഷാല്‍ പ്രതിക്കുപോലും തല്ലിക്കൂട്ടിയ ഒരു കഥ എഴുതിയിട്ടില്ല. അടിച്ചേല്‍പ്പിച്ചതിന്‌ ഒന്നും വഴങ്ങേണ്ടിവന്നിട്ടില്ല.

ചോദ്യം: രാഷ്ട്രീയത്തോട്‌ എങ്ങനെ?

ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുണ്ടായിരുന്നു. ഇപ്പോഴത്തെ അല്ല. എന്‍. ഇ ബലറാം, കാമ്പിശ്ശേരി, എം.എന്‍. ഗോവിന്ദന്‍ നായര്‍ ഇവരോടൊക്കെ നല്ല അടുപ്പമായിരുന്നു. പക്ഷേ, ഇപ്പോ ഇടതിനോടും വലതിനോടും താത്‌പര്യമില്ല.

ചോദ്യം: സാറാ ജോസഫിനെപ്പോലെ ആം ആദ്‌മിയില്‍ ചേരുന്നോ?

ആം ആദ്‌മിയുടെ നിലപാടുകള്‍ ഒക്കെ എനിക്കിഷ്ടമായി. പക്ഷേ അവര്‍ വിഴുങ്ങാന്‍ പറ്റാത്തത്‌ കയ്യിലെടുത്തതുപോലെ ഒരു തോന്നല്‍.


അതിസൂക്ഷ്‌മമായ ഇഴകളാല്‍ നെയ്‌ത അഗ്രഹാരങ്ങളിലെ ജീവിതങ്ങള്‍ `നാര്‍മടിപ്പുടവ' എന്ന പേരില്‍ നോവലാക്കിയപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ സാറാ തോമസിനെ തേടിയെത്തി. അതും 1979-ല്‍. അസ്‌തമയം, പവിഴമുത്ത്‌, അരമന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായി. മുറിപ്പാടുകള്‍ പി.എ. ബക്കര്‍ `മണിമുഴക്കം' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ `രജതകമലം' നേടി. എഴുപത്തിയഞ്ചോളം ചെറുകഥകള്‍, നോവലൈറ്റുകള്‍..... എഴുത്തിന്റെ വഴികള്‍ നീണ്ടുകിടക്കുന്നു. ഒരു പക്ഷേ, മലയാളത്തിന്റെ ഒന്നാം നിര എഴുത്തുകാരി എന്ന്‌ സാറാ തോമസ്‌ അറിയപ്പെട്ടേനെ, അക്കാദമികളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും തലപ്പത്ത്‌ എത്തിയിരുന്നെങ്കില്‍. എന്നാല്‍ മനസ്സിനെ മഥിക്കുന്നത്‌ മാത്രമേ വാക്കുകളാക്കൂ എന്ന നേര്‍വരയിലെ എഴുത്തിന്‌ കാലം കാത്തുവച്ച ദുര്യോഗമാകാം ഈ ഒറ്റപ്പെടല്‍. ജീവിതത്തിന്റെ മുറിപ്പാടുകളില്‍ നിന്ന്‌ കരകയറാന്‍ കഴിയാത്തവിധം ഭര്‍ത്താവിന്റെയും ഇളയ മരുമകന്റെയും മരണം ഏല്‍പ്പിച്ച ആഘാതം ഈ എഴുത്തുകാരിയുടെ അക്ഷരങ്ങളെ കണ്ണീരുകൊണ്ടു മറച്ചുകളഞ്ഞു. തിരുവനന്തപുരത്തെ നന്ദാവനത്ത്‌ `പ്രശാന്ത്‌' എന്ന വീട്ടില്‍ മൂത്ത മകള്‍ ശോഭയുടെ കുടുംബവും സാറാതോമസിന്‌ ഒപ്പമുണ്ട്‌.



 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും