സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

രണ്ടു കാല്‍പ്പന്തുകളിക്കാര്‍

വിമന്‍ പോയിന്റ് ടീം



നീലിച്ച കാഴ്‌ചയിലേയ്‌ക്കാണ്‌ ഞാന്‍ ഉണര്‍ത്തപ്പെട്ടത്‌. ശരീരം കടുത്ത പനിയില്‍ വെന്തുരുകുകയാണ്‌. നീലിമയില്‍, കട്ടിലുകളിലുറങ്ങുന്ന രോഗികളേയും നിലത്തു ചുരുണ്ടുകൂടിയ ബന്ധുക്കളേയും ഇരുന്നുറങ്ങുന്ന നഴ്‌സിനേയും മേല്‍ക്കൂരയിലിരുന്നു കുറുകുന്ന പ്രാവിനേയും കാണാം. ഇതുപോലൊരു നീലിച്ച കാഴ്‌ചയില്‍ ഞാനിതിനുമുമ്പും അകപ്പെട്ടിരുന്നു! എന്നാണത്‌? അതെ, അന്നുതന്നെ! ഇരുപതുദിവസങ്ങള്‍ക്കു മുമ്പ്‌...
നീലിച്ച ശരീരവുമായി എന്റെ കൂട്ടുകാരന്‍ അനക്കമറ്റ്‌ കിടക്കുന്നു. പാമ്പ്‌ കടിച്ചതായിരുന്നു അവനെ... രക്ഷപ്പെട്ടില്ല! ആ കാലുകളെ പുണര്‍ന്നപ്പോള്‍, അവ വിറയ്‌ക്കുന്നതായും, ഒരു പന്ത്‌ തെര്വോ.. ഒന്ന്‌ തട്ടട്ടെ... എന്ന്‌ അടക്കം പറയുന്നതായും ഞാന്‍ കേട്ടു. ഒടുവില്‍, എല്ലാവരും ചേര്‍ന്നവനെ കൊണ്ടുപോയി, നീലയില്‍ മുങ്ങിയ അന്ത്യയാത്ര..!
വാര്‍ഡിന്റെ വരാന്തയിലാരോ മുരടനക്കുന്നു. ഞാന്‍ കട്ടിലില്‍നിന്ന്‌ എത്തിനോക്കി. ഒരു നിഴല്‍ വരാന്തയില്‍ നീണ്ടു കിടക്കുന്നു. ഉറങ്ങുന്ന രോഗികള്‍ക്കിടയിലൂടെ നടന്നു. അതവനാണല്ലോ...! വരാന്തയിലെ മരത്തൂണില്‍ ചാരി, നിലാവിലേക്കു നോക്കി നില്‍ക്കുന്നു.
``മൊഹമ്മാല്യേ...'' ഞാന്‍ വിളിച്ചു.
അവന്‍ തിരിഞ്ഞുനോക്കി. അവന്റെ മുഖം കടുത്ത നീലയായിരിക്കുന്നു...!
``കാദറേ...'' അവന്‍ പുഞ്ചിരിയോടെ വിളിച്ചു.
ഞാന്‍ അവന്റെ ചുമലില്‍ കൈവെച്ചു.
``പന്ത്‌ തട്ടാന്‍ പൂത്യാവ്‌ണ്‌ കാദറെ...''
``ഇവെടെത്തട്ടാം. ഈ ആസ്‌പത്രിമുറ്റത്ത്‌ തട്ടാം.''
``കാദറെ, ഞമ്മളെല്ലാരും പന്ത്‌ തട്ടി പഠിച്ച ഹൈസ്‌കൂള്‌ മൈതാനത്ത്‌ക്ക്‌ പോയാലൊ...?''
``പോവ്വാ. പോവ്വാ മൊഹമ്മാമ്മാല്യേ...'' 
ഞങ്ങള്‍ ഹൈസ്‌കൂള്‍ മൈതാനത്തെത്തി. അവന്‍ പന്തിനെ നിലംതൊടാതെ കാലിലും തലയിലും ചുമലിലും നെഞ്ചിലുമിട്ട്‌ തട്ടിക്കൊണ്ടിരുന്നു. മാസങ്ങളോളം പട്ടിണികിടന്നവന്‌ ഭക്ഷണം കിട്ടിയപോലെ അവന്‍ പന്തുമായി മൈതാനത്തിലൂടെ കുതിച്ചുപാഞ്ഞു, ഊക്കന്‍ അടികളുമായി പന്തിനെ ഗോള്‍പോസ്റ്റിലേക്ക്‌ ചീറിപ്പായിച്ചു.
``മൊഹമ്മാല്യേ... ഞാനും കൂടട്ടെ...?''
``ഇല്ല. അനക്ക്‌ സമയായിട്ടില്ല. ആവുമ്പൊ പറയാം.''
മൈതാനത്ത്‌ കുറെ നിഴലുകള്‍ കണ്ടപ്പോള്‍ ഞാന്‍ മാനത്തേക്കു നോക്കി. ഒരു കൂട്ടം ആവലുകള്‍ കുളിര്‍മലയിലേക്കു പറന്നുപോവുകയാണ്‌. കാളവണ്ടിയുടെ മണിയൊച്ചകള്‍ കേള്‍ക്കുന്നു. സുബഹി ബാങ്കുവിളിയുയര്‍ന്നപ്പോഴാണ്‌ അവന്‍ പന്തുമായി എനിക്കരികിലെത്തിയത്‌. കിതപ്പും ചിരിയുമായിരുന്നു അവന്റെ മുഖത്ത്‌....
``കാദറെ, അന്റെ മൊഖം ഇപ്പോ നീലിച്ചിരിക്ക്‌ണു... അന്റെ സമയായി.! ഇന്നാ പന്ത്‌...''
അവന്റെ കൈയില്‍നിന്നു വാങ്ങിയ പന്തിനെ മാറോടുചേര്‍ത്ത്‌ ഞാന്‍ മൈതാനത്തേക്കോടി. അവനും എനിക്കു പിറകെ പാഞ്ഞു. ഞങ്ങള്‍ പന്തു തട്ടി കളിച്ചു. ചെറുപാസുകളും നീളന്‍പാസുകളുംകൊണ്ട്‌ ഞങ്ങള്‍ ഗോള്‍മുഖത്തോടടുക്കുമ്പോള്‍ മൈതാനത്തുകൂടെ നടന്നുപോവുന്നവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നില്ല.
``ഞമ്മളെ പന്ത്‌കളിക്കാരന്‍ കാദറ്‌ മരിച്ചെത്രെ...!''
``എപ്പോ...?''
``ഓന്‌ മൂന്നാലീസായി ആസ്‌പത്രീലാ... ഇന്നലെ രാത്രി...!''
എന്റെ കുറിയപാസ്‌ തുളച്ചുകയറുന്ന ഗ്രൗണ്ട്‌ഷോട്ടിലൂടെ ഗോളാക്കി മാറ്റിയ അവനെ ഓടിച്ചെന്ന്‌, കെട്ടിപ്പിടിച്ചുയര്‍ത്തുമ്പോഴും ആളുകള്‍ എന്തോക്കയൊ പറഞ്ഞ്‌ നടന്നുപോവുന്നുണ്ടായിരുന്നു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും