സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പൂരം

വിമന്‍ പോയിന്റ് ടീം



ആകാശവചനങ്ങള്‍: ``അത്‌ എന്റെ രക്തമായിരുന്നു: വിഷപ്പുകകളുടെ നിരന്തര പീഡനത്താല്‍ മുറിവേറ്റ ശരീരത്തില്‍നിന്നും, നീറിനീറി ചോരച്ചകണ്ണുകളില്‍ നിന്നും ഇറ്റുവീണ രക്തത്തുള്ളികള്‍. എന്നിട്ടും എലലാവരുമതിനെ ചുവന്നമഴ എന്നു വിളിച്ച്‌ നിസാരമാക്കിയപ്പോള്‍ ഞാന്‍ വേദനിച്ചു....!''
ആകാശക്കീഴിലെ ഒരു രാത്രി
കമ്പക്കാരന്റെ ചൂട്ടിലെ തീ വെടിമരുന്നുകളിലേക്ക്‌ ആണ്ടിറങ്ങുന്നു. വലിയ വലിയ തീഗോളങ്ങള്‍ മാനത്തേക്കുരുണ്ടുകയറി, അന്തരീക്ഷ പ്രകമ്പനം ഇരട്ടിപ്പിച്ചുകൊണ്ട്‌ പൊട്ടിത്തെറിച്ചു. ഭൂമി വിറച്ചു. കുട്ടികള്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞു. ആള്‍ക്കൂട്ടം കാതുകള്‍ പൊത്തിയപ്പോള്‍ അയാള്‍ ചിരിച്ചു.
``പാരാ...ഇതിലും നല്ലത്‌ ഓലപ്പടക്കാ...''
ധൂമപടലം വ്യാപിക്കുന്നു. വെടിമരുന്നിന്റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്താനെത്തുന്നു. പൊട്ടിത്തെറിയുടെ ധ്വനികള്‍ വര്‍ദ്ധിക്കുമ്പോള്‍ ഭാര്യ പറഞ്ഞു. ``ദേ, കൊറച്ച്‌ പിറകോട്ട്‌ നിക്കാം.''
അയാള്‍ അതുകേള്‍ക്കാതെ ആകാശത്തു നിന്നു ചിരറിവീഴുന്ന തീപ്പൊരികളെ പുച്ഛത്തോടെ നോക്കി പറഞ്ഞു.
``ഇതിനാണോ ഇത്രേം പൈസ പിരിച്ചത്‌. ഇതാണോ വെടിക്കെട്ട്‌.''
നെറ്റിപ്പട്ടം കെട്ടിയ പീഡിതന്‍ ചുമന്ന കണ്ണുരുട്ടി. ഒടുവില്‍ ഘോരശബ്ദത്തോടെ ഒരു കതിന പൊട്ടിത്തെറിച്ചപ്പോള്‍ നിലം തരിച്ചു. ആളുകള്‍ ഭയന്നു. അവള്‍ മോഹാലസ്യപ്പെട്ട്‌ അയാളുടെ ചുമലിലേക്കു തലചായ്‌ച്ചു.
``പോരാ... വല്ലങ്കിവേലയുടെ ഏഴയലത്തേക്കെത്തിയില്ല.''
അവള്‍ കണ്ണുകള്‍ തുറന്നു. തലയ്‌ക്കുള്ളിലൂടെ പായുന്ന മിന്നല്‍പ്പണരുകള്‍ നെറ്റി ചുളിപ്പിക്കുന്നു. ഉത്സവപ്പറമ്പിനരികിലെ വീട്ടിലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ ഭാര്യ വിവശയാകുന്നതറിയാതെ അയാള്‍ അപ്പോഴും വെടിക്കെട്ടിനെ പരിഹസിച്ചുകൊണ്ടിരുന്നു.
തൊടിയിലെ ഇരുട്ടിനുള്ളില്‍ വെടിമരുന്നിന്റെ പുകസ്‌പര്‍ശമേറ്റ്‌ തലതാഴ്‌ത്തിയ ചെടികള്‍. ചീവീടുകള്‍ എങ്ങോ ഓടി ഒളിച്ചിരിക്കുന്നു. മാവില്‍ തൂങ്ങിക്കിടക്കുന്ന സൂചിമുഖപ്പക്ഷിയുടെ കൂട്ടില്‍നിന്നു കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ടേയിരുന്നു. ദുര്‍ഗന്ധംപേറി നീങ്ങാന്‍ മടിക്കുന്ന കാറ്റ്‌. പറവകള്‍ ദൂരെയെവിടേക്കോ കൂട്ടത്തോടെ ചേക്കേറുന്നു.
പ്രകൃതിയിലെ താളഭംഗങ്ങിളില്‍, മുറ്റത്തുനിന്നു വീടിന്റെ ചുമരിലേക്കു കയറിപ്പോയ വിള്ളില്‍ മാത്രമാണ്‌ അയാള്‍ കണ്ടത്‌. കലശലായ ആസ്‌ത്മയുമായി വന്ന അമ്മ വാതില്‍ തുറക്കാന്‍ പ്രയാസപ്പെട്ടു. അവള്‍ അകത്തേക്ക്‌ ഓടിക്കയറി. ചുമരിനരികില്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍ വിള്ളലിനുള്ളില്‍ നിന്നു ചിതറിയ വാക്കുകള്‍ കൂര്‍ത്ത നഖങ്ങള്‍നീട്ടി മുഖത്തു മാന്തി.
``പോരെ... എന്നെ മര്‍ദ്ദിച്ചതു പോരെ...'' വിഭ്രാന്തനായ അയാള്‍ ഞെട്ടിത്തിരിഞ്ഞ്‌ അകത്തേക്കു പാഞ്ഞു.
മുറിയില്‍ ഭാര്യയെ കണ്ടില്ല. ഓരോ മുറിയും കയറിയിറങ്ങി. കരയുന്ന നേര്‍ത്തസ്വരം എങ്ങുനിന്നോ വന്നെത്തുമ്പോള്‍ അയാള്‍ കാതോര്‍ത്തു. ബാത്ത്‌റൂമിന്റെ വാതില്‍പഴുതിലൂടെ പുറംതള്ളുന്ന വെളിച്ചം അയാളെ കൂവിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ ചുമരില്‍ ചാരിനിന്നു കരയുന്ന ഭാര്യയെ കണ്ടു. അവളെ പിടിച്ചു കുലുക്കി ചോദിച്ചു.
``എന്തു പറ്റി...? എന്നു പറ്റീന്ന്‌...?
അവളുടെ വെളുത്ത കാലുകളിലൂടെ രക്തം ഒലിച്ചിറങ്ങന്നതു കണ്ടപ്പോള്‍ അയാളുടെ കൈകള്‍ കുഴഞ്ഞുവീണു. ശബ്ദം ഇടറി. തറയില്‍ വീണ രക്തത്തുള്ളികളില്‍ എന്തോ തുടിച്ച്‌ തുടിച്ച്‌ നിശ്ചലമാവുന്നു. കാതുകള്‍ പൊത്തിയിട്ടും ആ തുടിപ്പുകളുടെ നിലവിളി തുളച്ചുകയറി.
``പോരെ... എന്റെ ജീവിതം തുലച്ചത്‌ പോരെ...'' അയാള്‍ക്കുറങ്ങാനാവുന്നില്ല.
എട്ടുകാലികള്‍ ഓടിയൊളിച്ച വലകളെയും നോക്കി കട്ടിലില്‍ മലര്‍ന്നുകിടന്നു. കരഞ്ഞുകരഞ്ഞ്‌ അവള്‍ ഉറങ്ങുമ്പോള്‍ ആ ദീപനാളത്തില്‍ ഒരു കുഞ്ഞിന്റെ മുഖം കണ്ടു. അത്‌ ചുറ്റും പ്രദക്ഷിണം വെക്കാന്‍ തുടങ്ങി. കിടക്കയില്‍ നിന്നെഴുന്നേറ്റ്‌ ജനലഴിയുടെ അരികിലെത്തി.
കോഴി കൂവുന്നു. ചാറ്റല്‍മഴയെ തൊടാന്‍ വിരലുകള്‍ നീട്ടുന്നതിനിടയിലാണ്‌ ഊര്‍ദ്ധ്വന്‍ വലിക്കുന്ന ശബ്ദം കേട്ടത്‌. ചുറ്റും നോക്കി. കോണിപ്പടികള്‍ ഓടിയിറങ്ങി അമ്മയുടെ മുറിയുടെ വാതില്‍ തള്ളിത്തുറന്നു.
വെടിമരുന്നിന്റെ ധൂമം തിങ്ങിയ മുറിയില്‍ ഊര്‍ദ്ധ്വന്‍ വലിക്കുന്ന അമ്മ...! തണുത്ത ശരീരം. വിടര്‍ന്ന കണ്ണുകള്‍.
ജനാലകളെല്ലാം തുറക്കുന്നതിനിടയില്‍ അമ്മയുടെ ശ്വാസം നിലച്ചുകഴിഞ്ഞിരുന്നു. കട്ടിലിനരികിലേക്ക്‌ നടന്നുനീങ്ങുമ്പോള്‍ അയാളുടെ കാലുകള്‍ തളരുന്നുണ്ടായിരുന്നു. മൃതശരീരത്തെ പുണര്‍ന്ന്‌ വിതുമ്പോള്‍ അമ്മയുടെ മൂക്കില്‍നിന്നു ചീറ്റിയ ചുടുനിശ്വാസത്തില്‍ അയാളുടെ കവിളുകള്‍ പൊള്ളി.
``പോരെ... പോരെ...''  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും