സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കിഴക്കോട്ടൊഴുകുന്ന നദി

വിമന്‍ പോയിന്റ് ടീം



അരികിലെ സീറ്റില്‍ ഒരു കല്ലിരിപ്പുണ്ട്‌. ആരെങ്കിലും വെച്ചതായിരിക്കുമോ?... അതോ, പുറത്തുനിന്നെങ്ങാനും, തെറിച്ചുവീണതോ...?ചെറുപന്തോളം വലിപ്പമുള്ള കല്ലെങ്ങനെ തെറിച്ചുവീഴും! കല്ല്‌ കാരണം എനിക്ക്‌ അരികിലെ സീറ്റിലിരിക്കാനായില്ല. അതിന്റെ പ്രതലങ്ങള്‍ മിനുസമാര്‍ന്നതും ഉരുണ്ടതുമാണ്‌. അനാദിയായ പ്രവാഹങ്ങളാവും കല്ലിന്‌ ഈ രൂപം സമ്മാനിച്ചത്‌. സ്‌ഫടികം പോലെ സൂര്യപ്രകാശത്തില്‍ മിന്നുന്ന അതിനെ സ്‌പര്‍ശിക്കുമ്പോഴാണ്‌ ബസ്‌ വിറയ്‌ക്കാന്‍ തുടങ്ങിയത്‌, കറുത്ത പുകയുയര്‍ത്തിക്കൊണ്ട്‌. ഉരുണ്ടുവീഴാന്‍പോയ കല്ലിനെ തടഞ്ഞു, അതിന്റെ തണുപ്പും ചൂടും എന്റെ വിരലുകളറിഞ്ഞു.
ബസില്‍ തിരക്കുണ്ട്‌. പലരും സീറ്റിലെ കല്ല്‌ കണ്ട്‌ പിന്‍വാങ്ങിയിരുന്നു. ഒരാള്‍ അവിടെ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുമ്പോഴാണ്‌ ആളുകള്‍ക്കിടയിലൂടെ അയാള്‍ വന്നത്‌. ബസ്‌ നീങ്ങാന്‍ തുടങ്ങിയിരുന്നു. കുപ്പായമിടാത്ത, വെളുത്ത മുണ്ടുടുത്ത അയാളുടെ തോളില്‍ ചുമന്ന സഞ്ചിയുണ്ട്‌. സീറ്റിലിരുന്ന്‌, സഞ്ചി മടിയില്‍വെച്ച്‌, കല്ലിനെ പക്ഷിക്കുഞ്ഞിനെപ്പോലെ വിരല്‍ക്കൂട്ടിനുള്ളിലൊതുക്കി. ഉരുണ്ട കായകള്‍ കോര്‍ത്തുണ്ടാക്കിയ അയാളുടെ കഴുത്തിലെ മാല വനഗന്ധത്തിലൂടെ കാടിന്റെ ഉള്‍ശ്വാസങ്ങള്‍ പങ്കുവെയ്‌ക്കുന്നു. കറുത്ത മേനിയില്‍ ഒരു രോമംപോലുമില്ല. നെറുകില്‍ മാത്രം അല്‌പം മുടിയിഴകള്‍.
അതൊരു പഴഞ്ചന്‍ ബസ്സായിരുന്നു. സീറ്റുകള്‍ പലതും കയര്‍കൊണ്ടു കെട്ടിവച്ചിരുന്നു. മരപ്പലകകളും ഇരുമ്പുഷീറ്റുകളും നട്ടും ബോള്‍ട്ടും ഗിയറും ഇളകിയാടി ബസ്സിനകം ബഹളമായി. ചുരം കയറാന്‍ കൂടി തുടങ്ങിയപ്പോള്‍ നീണ്ട നെടുവീര്‍പ്പുകള്‍ ബസിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അയാള്‍ കല്ല്‌ സഞ്ചിയിലേക്കു വെക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
``ഇത്‌ എവിടുന്ന്‌ കിട്ടി...?' നല്ല മിനുസം...!''
``ഈ കല്ല്‌ ന്റെ ഊരിന്റെ കാവലാളും അന്നവുമായ പൊഴയിലേതാ...''
അയാള്‍ അതെന്റെ ചെവിയോടു ചേര്‍ത്തു.
``എന്തെങ്കിലും കേക്ക്‌ണ്‌ണ്ടോ?''
``ഉണ്ട്‌''
``എന്താത്‌...?'' അയാള്‍ ചോദിച്ചു.
``ആര്‌ടെയാ കരച്ചില്‍, പിറുപിറുക്കല്‍..''
അയാള്‍ കല്ലിനെ ഉള്ളംകയ്യില്‍ വച്ച്‌ തിരിച്ചു. 
``അത്‌ ന്റെ ഊരിന്റെ ചങ്ക്‌ടിപ്പ്‌കളാണ്‌. അത്‌ മറക്കാണ്ടിരിക്കാന്‍ ദൂരം പോവ്‌മ്പൊ ഞാനീ കല്ല്‌ സഞ്ചീലിടും.''
വലിയ പാറ ചുറ്റിയാണ്‌ ബസ്‌ കയറ്റം കയറുന്നത്‌. പാറയില്‍ പറ്റിപ്പിടിച്ച ചെടികളില്‍ വിരിഞ്ഞ വയലറ്റ്‌ പൂക്കളിലാണ്‌ ഞങ്ങളുടെ കണ്ണുകള്‍. മലയുടെ മുകള്‍പ്പരപ്പില്‍ നിന്നാരംഭിക്കുന്ന പാറയില്‍ നീരൊഴുക്ക്‌ അപ്പോഴുമുണ്ട്‌. പാറയുടെ കറുപ്പിനഴകേകുന്ന വയലറ്റ്‌ പൂക്കളെ നോക്കി ഞങ്ങള്‍ നിശ്ശബ്ദരായിരിക്കുമ്പോഴാണ്‌ കണ്ടക്ടര്‍ അരികിലെത്തിയത്‌. ഞാന്‍ പൈസ കൊടുത്തു. പൈസ ചോദിച്ചപ്പോഴാണ്‌ അയാള്‍ കണ്ടക്ടറെ നോക്കിയത്‌. 
``ഒര്‌ പൊളിഞ്ഞാട്യേപാലം...'' അയാള്‍ പറഞ്ഞു.
``പാളിഞ്ഞാട്യേപാലോ...! അത്‌...?'' കണ്ടക്ടറുടെ ബാഗിലെ നാണയക്കിലുക്കണഞ്ഞു. പത്തു രൂപയെടുത്തുകൊടുത്തു. അയാള്‍.
``ഒര്‌ പൊളിഞ്ഞാട്യേപാലം.'' അയാള്‍ പുറക്കാഴ്‌ചയിലെ കരിഞ്ഞ പുല്‍ക്കൂട്ടങ്ങളിലേക്കു മുഖം തിരിച്ചു.
``ഓ... പാക്കുളംപാലം.'' ചിരിയോടെ, പൈസ ബാഗിലിട്ട്‌ നീങ്ങുന്ന കണ്ടക്ടറെ അയാള്‍ വിളിച്ചു. 
``പാക്കുളംപാലം രണ്ട്വര്‍ഷംമുമ്പ്‌ പൊളിഞ്ഞ്‌ വിണ്‌ല്ലെ? ഇന്നും ആ കെടപ്പ്‌ തെന്നല്ലെ...? പിന്നെങ്ങനത്‌ പാക്കുളംപാലാവും. പൊളിഞ്ഞാട്യേപാലം. അങ്ങനെ പറയ്‌.'' അയാളും വീണ്ടും പുറത്തേക്കു നോക്കി പറഞ്ഞു. ``പൊളിഞ്ഞാട്യേപാലം, ന്റെ ഊര്‌ക്ക്‌ള്ള പാലം.''
സഹയാത്രികര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നിലെ ചിരിയുടെ ബീജങ്ങള്‍ ചുണ്ടുകള്‍ക്കുള്ളില്‍ ഒടുങ്ങിയില്ലാതാവുകയാണുണ്ടായത്‌.
അത്‌ ചുരത്തിന്റെ പത്താംവളവാണ്‌. ഒരു വൃക്ഷം മുകള്‍ചെരുവില്‍നിന്ന്‌ ഒടിഞ്ഞുവീണ്‌, ശാഖകള്‍ റോഡിലേക്കു നീട്ടി, രക്തക്കറപോലുള്ള മരച്ചാറ്‌ മണ്ണിലേക്കൊലിപ്പിച്ച്‌ കിടക്കുന്നു. എതിരെ വന്ന ബസിന്‌ സൈഡ്‌ കൊടുക്കാനാവാതെ കൊല്ലിക്കരികില്‍ ഞങ്ങളുടെ ബസ്‌ ഊര്‍ദ്ധ്വന്‍ വലിച്ചു. വീണുകിടക്കുന്ന വൃക്ഷത്തിനരികിലേക്കു ചേര്‍ത്തു നിര്‍ത്തിയ ആ ബസിനരികിലൂടെ ഞങ്ങളുടെ ബസ്‌ നീങ്ങുമ്പോള്‍ അതിനുള്ളില്‍നിന്ന്‌ ആരോ അയാളെ കൂവിവിളിച്ചു.
``മൂപ്പാ, പോന കാര്യ എന്നതാച്ച്‌...?''
``പോയിത്ത്‌ വന്തെ...''
``ഏതാവത്‌ കാര്യനടക്കുമാ....?''
``നടന്താ പാക്കലാ...''
ബസ്‌ ഉയരങ്ങളിലേക്കു നീങ്ങുകയാണ്‌. താഴെ, വാഹനങ്ങളുടെ ചെറുരൂപങ്ങള്‍, നേര്‍ത്തശബ്ദങ്ങള്‍. താഴ്‌വാരങ്ങളില്‍നിന്ന്‌ മുകളിലേക്കുയര്‍ന്നുപൊങ്ങുന്ന മേഘക്കീറുകള്‍. അഗാധതകളെ നോക്കി അയാള്‍ പറഞ്ഞു.
``ഈ താഴ്‌ച്ചേളൊന്നും പണ്ട്‌ കണ്ട്‌ര്‌ന്നില്ല. നെറയെ മൊളങ്കാടായ്‌ര്‌ന്നു. അന്ന്‌ മൊള വെട്ടിയാണ്‌ ഞങ്ങള്‌ വീടും പാലോം ണ്ടാക്ക്യേത്‌. ആ പാലങ്ങക്ക്‌ ഇതിലേറെ ആയ്‌സ്സ്‌ണ്ടായ്‌രുന്നു. മൊളെല്ലാം വെട്ടിക്കൊണ്ടേയില്ലെ...!''
കൊല്ലികളില്‍നിന്നുള്ള കാറ്റിന്റെ ചൂളംവിളികള്‍. ചോലയിലെ ഉണങ്ങിയ പുല്‍ക്കൂട്ടങ്ങളിലിരിക്കുന്ന പൊന്മാനുകള്‍ ജലക്കിലുക്കങ്ങള്‍ സ്വപ്‌നം കാണുകയാണോ....?
സമതലത്തിലെത്തിയപ്പോള്‍ പുതുജീവന്‍ ലഭിച്ച നിര്‍വൃതിയോടെ ബസ്‌ വേഗത്തില്‍ പാഞ്ഞു. അവിടെയുള്ള ഇടതൂര്‍ന്ന മരങ്ങള്‍ തണുപ്പിനെ പിടിച്ചുനിര്‍ത്തിയിരുന്നു. ഇരുട്ടിനെ തടഞ്ഞിരുന്നു. കാട്ടാറുകളില്‍ ജലത്തിളക്കമുണ്ടായിരുന്നു. ഇലച്ചാര്‍ത്തുകളുടെ സുഷിരങ്ങളിലൂടെ മാത്രം സൂര്യരശ്‌മികള്‍ക്ക്‌ പ്രവേശനമനുവദിക്കപ്പെട്ടു. തണുപ്പോടെ കൈകള്‍ പിണച്ച എന്നോട്‌ അയാള്‍ പറഞ്ഞു.
``കഴിഞ്ഞു. കൊറച്ച്‌ ദൂരം മാത്രം. പിന്നെ ചൂട്ടുപൊള്ളും. വരണ്ട മണ്ണാവും മൊട്ടക്കുന്നേളും. ഇവ്‌ടെ ആദ്യാണോ...?''
``അതെ. വീട്‌ വടക്കാ. ആദ്യ പോസ്റ്റിംങ്‌ ഇവിടെയാണ്‌. വനംവകുപ്പില്‍.''
``നിങ്ങള്‌ എവിടെന്നാ വര്‌ണെ...?'' ഞാന്‍ ചോദിച്ചു.
``തലസ്ഥാനം വരെ പോയ്‌രുന്നു.''
``എത്ര ദിവസണ്ടായ്‌ര്‌ന്നു അവിടെ...? ഞാനും...''
``ഒര്‌ ദേവസംകൊണ്ടെന്നെ മട്‌ത്തു. ആപ്പീസേള്‌ പലതും കയറിയിറങ്ങി. രണ്ട്‌ മാസം മുമ്പ്‌ കൊടുത്ത അപേക്ഷകളൊന്നും അവ്‌ടെ കാണാല്ലെത്രെ! പുത്യേതൊന്ന്‌ എഴ്‌തിണ്ട്യാക്ക്യേപ്പൊ ഓല്‍ക്കെന്റെ ഭാഷ പുട്‌ത്തം കിട്ട്യണ്‌ല്ലെത്രെ. പിന്നെ ഒരാള തേടിപ്പിടിച്ച്‌ എഴ്‌തിണ്ടാക്കി എത്ത്യേപ്പെളേക്കും ആപ്പീസിലാരുണ്ടായ്‌ര്‌ന്നില്ല...!''
``പിന്നെന്തു ചെയ്‌തു...?''
``അന്നവ്‌ടെ കൂടി. ആപ്പീസ്‌ കാര്യാലയങ്ങളെ തിണ്ണേല്‌ കെടന്നു. രാത്രി ഒറങ്ങാ കഴിഞ്ഞ്‌ല്ല. എലികള്‍...! ഓടേളില്‍ നിന്നും ആപ്പീസ്‌ മുറ്യേളെ വാതില്‍വിടവില്‍ നിന്നും കൂട്ടത്തോടെ...! രണ്ട്‌ ചെരിപ്പും കരണ്ട്‌ തിന്നു. രാവിലെ നോക്ക്യേപ്പോളാണ്‌ സഞ്ചിക്ക്‌ ഒര്‌ തൊള കണ്ടത്‌. രേഖകളും അപേക്ഷകളൊക്കെ അവറ്റ...''
തെളിനീരുമായി കിഴക്കോട്ടൊഴുകുന്ന പുഴയെ നോക്കി അയാള്‍ മൗനിയായി. പുഴക്കരികിലൂടെ നീങ്ങുകയാണ്‌ ബസ്‌. കുടങ്ങളില്‍ വെള്ളവുമേറ്റി പോവുന്ന സ്‌ത്രീകള്‍.
``അപ്പൊതന്നെ മടങ്ങി. എലികളെല്ലാം ന്നെ കരണ്ട്‌തിന്നാന്‍ വര്‌ണതായി തോന്നി. ഇനി ഒരു രാത്രീംകൂടി അവ്‌ടെ നിക്കേണ്ടിവന്നാല്‍ എലികള്‍ ഒറപ്പായിട്ടും ന്നെ...!''
അയാളുടെ ശിരസ്സിനപ്പുറത്ത്‌, അതേപോലുള്ള ശിരസ്സുകള്‍ മണ്ണില്‍നിന്നുയര്‍ന്നവന്നപ്പോലെ മൊട്ടക്കുന്നുകള്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റ്‌ പൊടിപടലങ്ങളുമായി കുന്നുകളില്‍ ചുറ്റിത്തിരിയുന്നു. മരങ്ങളുടെ കരിഞ്ഞ കടക്കുറ്റികള്‍ക്കിടയിലൂടെ ചുള്ളിക്കെട്ടുകളുമായി കുന്നിറങ്ങുന്ന കുട്ടികള്‍. റോഡ്‌ വീണ്ടും പുഴവഴിയുമായി അടുക്കുന്നു. ഏതോ സ്റ്റോപ്പില്‍ നിന്ന ബസ്‌ പതിയെ മുന്നോട്ടുനീങ്ങുമ്പോഴാണ്‌ അയാള്‍ പിടഞ്ഞെഴുന്നേറ്റത്‌.
``ഒന്ന്‌ നിര്‍ത്തിം. ഒര്‌ പൊളിഞ്ഞാട്യേപാലം അറങ്ങാണ്ട്‌.'' 
ആളുകള്‍ അയാളെ നോക്കി.
``ഒര്‌ പൊളിഞ്ഞാട്യേപാലം അറങ്ങട്ടെ.''
ചിരിക്കുന്ന ആളുകളെ നോക്കി അയാള്‍പോയി.
ഞാന്‍ അരികിലെ സീറ്റിലേക്കിരുന്നു. ബസ്‌ തിരിയുകയാണ്‌ പുഴത്തിരിവിനൊപ്പം. പുഴയില്‍, തലയറുത്ത കറുത്ത മനുഷ്യരൂപങ്ങളെപ്പോലെ അഞ്ചുതൂണുകള്‍ നിവര്‍ന്നുനില്‍ക്കുന്നു. തകര്‍ന്നുവീണ കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ പൊങ്ങിയും താഴ്‌ന്നും വെള്ളത്തില്‍ കിടക്കുന്നു. സ്ലാബുകളില്‍ ചവിട്ടി, ചാടിച്ചാടി പുഴകടക്കുന്ന അയാള്‍ വഴുതിവീണു. സഞ്ചി പൊക്കിപ്പിടിച്ച്‌ കല്ലില്‍ കയറിപ്പറ്റുന്ന അയാള്‍ അക്കരെയെത്തുമോ...? ചുടുകാറ്റിലൂടെ നീങ്ങുന്ന അകലുന്ന ബസില്‍നിന്ന്‌ ഞാന്‍ തിരിഞ്ഞു നോക്കി.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും