സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കൊച്ചോള്‍

വിമന്‍ പോയിന്റ് ടീം



അവളുടെ കണ്ണുകള്‍ കൂര്‍മ്പന്‍തൊപ്പിയില്‍നിന്നു കൊമ്പന്‍ മിശയിലേക്കു ഇറങ്ങിവന്നപ്പോള്‍ ഭയന്നു. കാക്കിയുടുപ്പിലെ അരിനെല്ലിക്കപോലുള്ള പിച്ചളബട്ടണുകളിലൂടെ ഉരസി മുന്‍പിലേക്കു കൂര്‍ത്ത അരട്രൗസറിലെത്തിയപ്പോള്‍ തിളങ്ങുകയും പട്ടീസിലൂടെ കറുത്ത ബൂട്ട്‌സിനെ സ്‌പര്‍ശിച്ചപ്പോള്‍ ആത്മവിശ്വാസത്തോടെ മന്ത്രിക്കുകയും ചെയ്‌തു.
ഇനി നല്ലൊര്‌ പോലീസാരന്റെ ചിത്രം വരയ്‌ക്കാം. പോലീസാരനെ ആദ്യായി കണ്ടപ്പളല്ലേ മനസ്സിലായത്‌ ചേച്ചി വരച്ച ചിത്രം എത്ര മോശാണെന്ന്‌. ഈ ചേച്ചി എവടെ നോക്ക്യാ വരച്ചേ..!
പോലീസുകാര്‍ രണ്ടുപേരുണ്ട്‌. ഒരാള്‍ കടലാസില്‍ കുത്തിക്കുറിക്കുന്നു. അച്ഛന്‍ അവര്‍ക്ക്‌ വീടിന്റെ ഓരോ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ്‌. പോലീസുകാരന്റെ ചിത്രത്തിന്റെ പണിപ്പുരയിലേക്കു തള്ളിക്കയറിവന്ന ചോദ്യം അവളെ വ്യാകുലപ്പെടുത്താന്‍ തുടങ്ങി.
ഈ പോലീസാര്‌ ന്റെ വീട്ടിലേക്കെന്തിനാ വന്നേ?
അവള്‍ ചോദ്യവുമായി അച്ഛന്റെ അരികിലെത്തി. ഒന്നും മിണ്ടാതെ പോലീസുകാര്‍ക്കൊപ്പം അച്ഛന്‍ നടന്നു നീങ്ങുമ്പോള്‍ വിരലുകളില്‍ പിടിച്ച്‌ ചോദ്യമാവര്‍ത്തിച്ചു.
`ന്റെ കൊച്ചോളേ, ഒന്ന്‌ സൈ്വരം തര്വോ...തുണിക്കടേല്‌ ഗോപാലനൊറ്റക്കൊള്ളൂ. ഇപ്പൊ തെരക്കോട്‌ തെരക്കായ്‌ര്‌ക്കും. വേഗം ചെല്ലട്ടെ. വിട്‌.'
അവള്‍ തൊടിയിലെ മാവിന്‍ചുവട്ടിലേക്കു നടന്നു. അണ്ണാന്മാര്‍ എത്തിയിട്ടുണ്ട്‌. ചില്‍ചില്‍ ശബ്ദമുണ്ടാക്കി ചില്ലകളിലൂടെ ഓടിക്കളിക്കുന്ന അവരെ നോക്കി ഒച്ചയിട്ടു.
`നിര്‍ത്തിന്‍...നിര്‍ത്തിന്‍.'
അവര്‍ നിശ്ശബ്ദരായി. തീറ്റ നിര്‍ത്തി, പഴുത്തമാങ്ങ കൈയില്‍പ്പിടിച്ച്‌ ചാഞ്ഞ ശാഖയിലിരിക്കുന്ന അണ്ണാന്റെ അരികിലെത്തി പതിയെ ചോദിച്ചു.
`അല്ലാ, ഈ പോലീസാര്‌ ന്റെ വീട്ടിലേക്കെന്തിനാ വന്നേ...?' മാങ്ങ കൈയില്‍നിന്നു വീണപ്പോള്‍ അത്‌ ശബ്‌മുണ്ടാക്കി പാഞ്ഞു. അപ്പോഴേക്കും എല്ലാവരും നിശ്ശബ്ദത ലംഘിച്ചുകഴിഞ്ഞിരുന്നു.
മാവിന്‍ചുവട്ടില്‍ വിഷണ്ണയായി ഇരിക്കുമ്പോഴാണ്‌ കരച്ചില്‍ കേട്ടത്‌. അവള്‍ ചുറ്റും നോക്കി. കുളപ്പുരയില്‍ നിന്നാണ്‌. അങ്ങോട്ടു നടന്നു. പരല്‍മീനുകള്‍ പുളയുന്ന കുളത്തിന്റെ തിണ്ടത്തിരുന്ന്‌ തലതാഴ്‌ത്തി കരയുന്നത്‌ ചേച്ചിയാണ്‌. മുടിത്തുമ്പ്‌ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. അവള്‍ അരികിലെത്തി.
`എന്താ! എന്താണ്ടായേ ചേച്ച്യേ...?'
അവള്‍ തിണ്ടത്തിരുന്നു.
`എന്താ? എന്താണ്ടായേ?'
`കൊച്ചോള്‌ ഒന്ന്‌ പോണ്‌ണ്ടോ. മനസ്സമാധാനം തരാത്ത അസ്സത്ത്‌.'
ചേച്ചി തിണ്ടുകള്‍ ഓടിക്കയറി. അവള്‍ ജലോപരിതലത്തിലൂടെ വാതുറന്നു നീന്തുന്ന പരലുകളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
`എന്തിനാ... എന്തിനാന്റെ ചേച്ചി കരേണെ?' മീനുകളെല്ലാം ഊളിയിട്ട്‌ മറഞ്ഞു.
പുക ഉയരാത്ത അടുക്കള അവളുടെ ശ്രദ്ധയില്‍ പതിഞ്ഞത്‌ കുളപ്പുരയ്‌ക്കുള്ളില്‍ നിന്നു പുറത്തുകടന്നപ്പോഴാണ്‌. പാത്രങ്ങളുടെ തട്ടിമുട്ടലും ആഹാരവിഭവങ്ങളുടെ മണവും അമ്മയുടെ നെടുവീര്‍പ്പുകളും തീയുടെ വിളയാട്ടവും അരങ്ങേറാറുള്ള നേരമായിരുന്നു ഇത്‌.
അവള്‍ അമ്മയെ തിരഞ്ഞു. `മഞ്ച'യില്‍ കാലും കയറ്റിവെച്ചിരുന്ന്‌ ചുമരില്‍ ചാരി മുകളിലേക്കു നോക്കുന്നു അമ്മ. അവള്‍ അരികിലെത്തി. മുകളിലേക്കു നോക്കി. അവിടെ കരിപിടിച്ച മാറാല നിറഞ്ഞ ഓടുകള്‍, അവള്‍ സൂക്ഷിച്ചുനോക്കി.
`അമ്മേ...ഓട്‌ പൊട്ട്യോ?'
അമ്മ ഒന്നും മിണ്ടിയില്ല.
`അമ്മേ...എന്താ പറ്റ്യേ?'
`ഓ...എന്ത്‌ പറ്റിയാലും നേരാക്കിത്തരാന്‍ യ്യാര്‌ മൈസ്രേട്ടോ...'
മിണ്ടാതെ അകത്തേക്കു നടന്നു. തന്റെ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്ന മുത്തശ്ശനെ തേടി. കോണിപ്പടികള്‍ കയറി, ഓരോ മുറിയിലും നോക്കി, മട്ടുപ്പാവിലെ ഒഴിഞ്ഞുകിടക്കുന്ന ചാരുകസേരയുടെ കൈപ്പിടിയില്‍ മുത്തശ്ശന്റെ ഗാന്ധിക്കണ്ണടയിരിക്കുന്നു. നിലത്ത്‌, തുറന്നുവച്ച പുസ്‌തകത്തിന്റെ താളുകള്‍ കാറ്റ്‌ മറിച്ചിടുന്നു.
`മുത്തശ്ശാ...!'
കോണിപ്പടികള്‍ ഓടിയിറങ്ങി അമ്മയുടെ അരികില്‍ കിതച്ചുകൊണ്ട്‌ നിന്നു.
`ന്റെ മുത്തശ്ശെനെവിടെ? എവിടേന്ന്‌...?'
ഒന്നും മിണ്ടാതിരിക്കുന്ന അമ്മയ്‌ക്കു മുമ്പില്‍ കുറേനേരം മിഴിച്ചുനിന്നു. അവള്‍ തൊഴുത്തിലേക്കുചെന്നു. അവിടെ പുള്ളിപ്പശുവിനെ കണ്ടില്ല. അവള്‍ തൊടിയിലൂടെ ഓടി. കല്ലുകളിലൂടെ ചാടിച്ചാടി കൈത്തോട്‌ മുറിച്ചുകടന്നു. അപ്പൂപ്പന്‍താടികള്‍ പാറിക്കളിക്കുന്ന ഊടുവഴിയിലൂടെ ഓടി കാവിനരികിലെത്തി. നാഗശിലകള്‍ക്കരികില്‍നിന്ന്‌ കിതയ്‌ക്കുന്ന അവള്‍ ദൂരെ വരമ്പത്തിരിക്കുന്ന മുത്തശ്ശനെ കണ്ടു. മേയുന്ന പുള്ളിപ്പശു.
അവള്‍ അരികിലെത്തിയിട്ടും മുത്തശ്ശന്‍ അറിഞ്ഞില്ല. കൊയ്‌ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ മഞ്ഞിനുള്ളില്‍ മുത്തശ്ശന്‍ എന്താണ്‌ തേടുന്നത്‌. വരമ്പിലൂടെ കോവിലകത്തേക്ക്‌ പണിക്ക്‌ പോവുന്ന വാല്യക്കാരികള്‍. അവള്‍ മുന്‍പില്‍ നിന്നു. ചുമലില്‍ പിടിച്ചു കുലുക്കി.
`ഓ കൊച്ചോളോ!'
`മുത്തശ്ശനും അതേ സൂക്കേട്‌ തന്നെ. നിയ്‌ക്കിപ്പറിയണം.'
മുത്തശ്ശന്‍ എഴുന്നേറ്റു. മുടിങ്കോല്‍ ചുഴറ്റിക്കൊണ്ട്‌ പശുവിനരികിലേക്കു നടന്നു. ഉദിക്കാന്‍ മടിക്കുന്ന സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ പുല്‍നാമ്പുകളിലെ തുഷാരകണികകള്‍ക്ക്‌ തിളക്കം നല്‍കുന്നു. പശുവിനെ തെളിയ്‌ക്കാനൊരുങ്ങുമ്പോള്‍ അവള്‍ കൈകള്‍ വിടര്‍ത്തി വഴിതടഞ്ഞു.
`മാറ്‌...മാറ്‌ന്റെ കൊച്ചോളെ...എവിടെങ്കിലും പോയി സ്വസ്ഥായ്‌ര്‌ക്കട്ടെ.'
`ഞാന്‍ മാറൂല നിയ്‌ക്കിപ്പറിയണം. പോലീസാരെന്തിനാ മ്മളെ വീട്ടിയ്‌ക്ക്‌ വന്നേ? ചേച്ചെന്തിനാ കരേണത്‌? അമ്മ മൊഖോം വീര്‍പ്പിച്ചിരിക്കണെന്തിനാ?'
മുത്തശ്ശന്‍ ദീര്‍ഘനിശ്വാസത്തോടെ പശുവിനെ നോക്കി. കൊമ്പിലെ ചെമ്മണ്ണ്‌ വിരല്‍കൊണ്ട്‌ തുടച്ച്‌, നെറ്റി തടവി.
`മുത്തശ്ശാ...'
``ഇന്നലെ രാത്രി മ്മളെ വീട്ടില്‌ കള്ളങ്കയറി. കൊറേ ആഭരണങ്ങള്‌ കൊണ്ടോയി. നിന്റെ ചേച്ചീന്റെം അമ്മേടെം ആഭരണം...''
`കള്ളനോ!'
`കൊച്ചോളെ പാവനേം കാണാല്ലാ. തിരുമാന്ധാംകുന്നമ്പലത്തിലെ പൂരത്തിന്‌ മുത്തശ്ശന്‍ വാങ്ങിത്തന്ന...'
`കള്ളനോ!'
ആശ്ചര്യഭരിതയായ അവള്‍ക്കരികിലൂടെ പശു നടന്നുനീങ്ങുമ്പോള്‍ വരമ്പിലെ തൊട്ടാവാടിയിലകള്‍ കൂമ്പുന്നുണ്ടായിരുന്നു.
`കള്ളനെപ്പറ്റി പറ മുത്തശ്ശാ...'
മുത്തശ്ശന്‍ പശുവിനരികിലേക്കു നടന്നു. മുടിങ്കോലുകൊണ്ടു തെളിച്ചു. 
`പറ...ഒന്ന്‌ പറ...'
``നിയ്‌ക്കെങ്ങനെ കള്ളനെ അറിയാ...?''
നിലത്തുകൂടെ ഉരസിനീങ്ങുന്ന കയര്‍ അവള്‍ ഓടിച്ചെന്നെടുത്തു.
`വിട്‌...വിട്‌ന്റെ കൊച്ചോളേ...'
`പറ... മുത്തശ്ശനറിയും. മുത്തശ്ശനറിയാത്തതൊന്നും ഈ ലോകത്തില്ല.'
`പറഞ്ഞേരാം. ഒക്കെ പറഞ്ഞേരാം. ഇപ്പഴല്ല രാത്രി.'
അവള്‍ കയറ്‌ വിട്ടു. സൂര്യരശ്‌മികള്‍ മഞ്ഞിനെ വകഞ്ഞുമാറ്റുന്നു.
`മുത്തശ്ശനെങ്ങോട്ടാ പോണ്‌?'
`ഒറ്റക്കെവിടെയെങ്കിലും പോയിരിക്കണം. മുത്തശ്ശനും നല്ലോം വേഷമ്‌ണ്ട്‌ കുട്ട്യേ. ന്റെ മാധവന്‍ കഷ്ടപ്പെട്ട്‌ണ്ടാക്ക്യതല്ലേ, ഒര്‌ രാത്രേ്യണ്ട്‌....'
അവള്‍ അപ്പോള്‍ ചക്കരത്തുമ്പിയെ പിടിക്കാന്‍ പമ്മിപ്പമ്മി നടക്കുകയായിരുന്നു.
തണുപ്പിന്റെ തലോടലുള്ള രാത്രി. കുറ്റിപ്പൊന്തകളില്‍നിന്നു പറന്നുയരുന്ന മിന്നാമിനുങ്ങുകള്‍ തൊടിയിലങ്ങിങ്ങായി പരത്തുന്ന വെളിച്ചങ്ങള്‍.
`ചേര്യന്‍ മലയുടെ ഉയരം കുട്യേ ഭാഗല്ലേ. അവിടെ വലിയ വടവൃക്ഷങ്ങള്‌ണ്ട്‌. ആ മരങ്ങള്‍ക്കു നടുവില്‍ വല്യോര്‌ കൊളണ്ടത്രേ. കൊളം നീന്തിക്കടന്നാല്‍ ഗുഹാകവാടം കാണാം. അതിനകത്താണ്‌ അവന്റെ താമസം.'
മട്ടുപ്പാവിലെ ചാരുകസേരയിലിരിക്കുന്ന മുത്തശ്ശന്റെ നെഞ്ചില്‍ തലചായ്‌ച്ച്‌ കിടക്കുകയാണവള്‍. ചുരുണ്ട മുടിയിഴകളെ തലോടി മൂര്‍ദ്ധാവില്‍ ചുംബിച്ചശേഷം പതിയെ എത്തിനോക്കി.
`ഇല്ലാ ഞാനൊറങ്ങീട്ടില്ല. പറ. ബാക്കീം പറ മുത്തശ്ശാ...'
മാവിന്റെ ശാഖയില്‍ സ്ഥാനമുറപ്പിച്ച കൂമന്‍ മൂളാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ കണ്ണുകള്‍ ചില്ലകള്‍ക്കിടയില്‍ തിളങ്ങുന്നു.
`നിലാവില്ലാത്ത രാത്രിയാ അവന്‍ മലയിറങ്ങാ. മേലാകെ എണ്ണ തേക്കും. സാദാ എണ്ണയല്ല. കാട്ടില്‍നിന്നു കിട്ടുന്ന കൊഴുത്ത എണ്ണ. നാണം മാത്രം മറയ്‌ക്കും. പച്ചിലകള്‍കൊണ്ട്‌.'
`എന്തിനാ എണ്ണ തേക്ക്‌ണ്‌ മുത്തശ്ശാ...?'
`ആരെങ്കിലും പിടിച്ചാല്‍ വഴുതി രക്ഷപ്പെടാന്‍..'
തണുത്ത കാറ്റില്‍ റാന്തലിലെ തീനാളം വിറയ്‌ക്കുന്നുണ്ടായിരുന്നു.
`അരയില്‍ ചുവന്ന ഒരുതരം പൊടി തിരുക്കി വയ്‌ക്കും. എതിര്‍ക്കാന്‍ വരുന്നവരുടെ കണ്ണിലേക്കെറിയാന്‍. ആ പൊടി കണ്ണീത്തട്ട്യാ രണ്ടീസത്തേക്ക്‌ കണ്ണ്‌ മിഴിക്കാനാവൂല്ല. കട്ട സാധനായി പുലരും മുമ്പ്‌ മലകയറും. കൊളത്തില്‍ കുളിച്ച്‌ ദേഹശുദ്ധി വരുത്തും. ഗുഹയില്‍ കയറി, കല്‍പ്പൊത്തുകളില്‍ സാധനങ്ങള്‍ ഭദ്രായി വെയ്‌ക്കും.'
`മുത്തശ്ശാ ന്റെ പാവനെന്തിനാ കള്ളന്‌? കളിക്കാനാണോ?'
`ഈ കൊച്ചോള്‌ ഒര്‌ ബുദ്ദൂസാ. കട്ട സാധനങ്ങളെല്ലാം വില്‍ക്കാന്‍ മലകടന്ന്‌ കൊറേ ദൂരം സഞ്ചരിക്കണം. ചെങ്കുത്തായ കയറ്റവും നിറഞ്ഞ വഴികളില്‍ നെറച്ച്‌ കാട്ടുമൃഗങ്ങള്‌ണ്ടാവും. ആന...സിംഹം..നരി'. 
മുത്തശ്ശന്‍ നിര്‍ത്തി. ഇനി എന്തു പറയണമെന്നോര്‍ത്ത്‌ വേവലാതിപ്പെടുമ്പോള്‍ നേര്‍ത്ത കൂര്‍ക്കംവലി വേട്ടു. അവള്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. അവളെ തോളിലിട്ട്‌, എഴുന്നേറ്റ്‌, റാന്തലിലെ തിരി താഴ്‌ത്തുമ്പോള്‍ മാവിന്‍കൊമ്പില്‍നിന്ന്‌ ചിറകൊച്ചകള്‍ കേട്ടു. രാപ്പക്ഷി പറന്നകലുന്നു.
ഊടുവഴിയിലൂടെ ആളുകള്‍ ഓടുന്നുണ്ടായിരുന്നു. അവള്‍ അതൊന്നുമറിയാതെ പറങ്കിമാവിന്‍ കൊമ്പിലിരുന്ന്‌ പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന്‌ ആസ്വദിക്കുകയായിരുന്നു- ചേര്യന്‍മലയില്‍ മറയുന്ന സൂര്യനില്‍നിന്നു വരുന്ന ചുമന്ന രശ്‌മികള്‍, മുത്തശ്ശന്റെ ഉച്ചത്തിലുള്ള വിളികേട്ടപ്പോള്‍ കലശലായ ദേഷ്യം വന്നു.
`കൊച്ചോളെ, പിടിച്ചു. പിടിച്ചു.'
മുത്തശ്ശന്‍ അരികിലെത്തി.
`യ്‌പോര്‌ണ്‌ല്ലേ. കള്ളനെ പിടിച്ചു. അങ്ങാടീക്ക്‌ കൊണ്ടര്‌ണ്‌ണ്ട്‌. കോവിലകം പടിക്കെത്ത്യേത്രെ.'
അവള്‍ നിലത്തേക്ക്‌ ചാടിയിറങ്ങി. കിതക്കുന്നുണ്ടെങ്കിലും മുത്തശ്ശന്‍ നടത്തത്തിന്റെ വേഗം കുറച്ചില്ല. അവള്‍ പിറകെ ഓടി.
`കള്ളനെ എങ്ങനെ പിടിച്ചേ...?'
`എങ്ങനെ പിടിച്ചേ എപ്പളാ പിടിച്ചേ എന്നൊന്നും ഞാന്‍ ചോയ്‌ച്ചില്ലാ. പൂശാരിനാണു ഓടിപ്പോവുമ്പോ പറഞ്ഞതാ!'
അവള്‍ മുത്തശ്ശന്റൊപ്പം നടന്നെത്താന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. നിരത്തിനരികില്‍ ആളുകള്‍ നിറഞ്ഞിരുന്നു. അതിനിടയിലൂടെ തിക്കിക്കയറാനും എത്തിനോക്കാനുമാവാതെ വിഷമിച്ച മുത്തശ്ശന്‍ അവളേയുമെടുത്ത്‌ തൊടിയിലേക്കു കയറി. ചെങ്കണപ്പൂല്ലുകള്‍ക്കിടയിലൂടെ നടന്ന്‌ വേലിക്കരികിലെത്തിയപ്പോള്‍ എല്ലാം വ്യക്തമായി. 
വേദനകൊണ്ട്‌ കരയുന്ന അയാളുടെ മുഖത്തുനിന്ന്‌ ചോരയൊലിക്കുന്നു. അയാളെ തെറിവിളിച്ചും ഉപദ്രവിച്ചും രസിക്കുന്ന ആള്‍ക്കൂട്ടം. വസ്‌ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു. കൈകള്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ വേച്ചു വേച്ചു നടക്കുന്ന അയാളെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
`കൊച്ചോളെ...നോക്ക്‌. അതാ...കള്ളന്‍'
`കള്ളനോ..!'
ഒരാള്‍ വടികൊണ്ട്‌ കാലില്‍ അടിച്ചപ്പോള്‍ അയാള്‍ വേദനകൊണ്ടു തുള്ളി. അവള്‍ മുഖം തിരിച്ചു.
`മ്മളെ വീട്ടില്‍ കയറിയതും ഇവനാ.'
`അല്ലാ. അത്‌ കള്ളനല്ല...അതൊരു മന്‌ഷനല്ലെ.'
തല ചൊറിഞ്ഞുകൊണ്ട്‌, അവളുടെ മുമ്പില്‍ കുനിഞ്ഞു നിന്ന്‌ എന്തോ പറയാന്‍ വാ തുറന്നപ്പോഴേക്കും മുത്തശ്ശനെ തള്ളിമാറ്റി ചെങ്കണപ്പുല്ലുകള്‍ മറച്ച ചവിട്ടുപാതയിലൂടെ അവള്‍ ഓടി.
`മുത്തശ്ശാ...ആ മന്‌ഷനെ വേദനിപ്പിക്ക്‌ണത്‌? നിയ്‌ക്ക്‌ കാണണ്ടാ...'
അവള്‍ ഓടുകയാണ്‌. ദൂരേക്ക്‌.....
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും