സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പ്രതിസന്ധികളില്‍ നിന്ന്‌ കരുത്ത്‌ നേടി - ഭാഗ്യലക്ഷ്‌മി

ആര്‍. പാര്‍വതി ദേവി



ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിയുടെ ബാല്യത്തിലും കൗമാരത്തിലും ഭാഗ്യവും ലക്ഷ്‌മിയും ഒന്നു പടിക്കല്‍പോലും എത്തിനോക്കിയിട്ടില്ല. പ്രതിസന്ധികളില്‍ നിന്ന്‌ കരുത്ത്‌ നേടി ഇന്നവര്‍ എത്തി നില്‍ക്കുന്നത്‌ മലയാള സിനിമ ഭാഗ്യലക്ഷ്‌മിക്കായി മാത്രം ഒരുക്കിയ ഇരിപ്പിടത്തിലാണ്‌. പുതുതലമുറയ്‌ക്ക്‌ എന്നും പ്രചോദനമാകുന്ന ഭാഗ്യത്തിന്റെ കലാജീവിതം തുടങ്ങുന്നത്‌ 11 - 10 വയസ്സില്‍ `അപരാധി' എന്ന സിനിമയില്‍ ഒരു കുട്ടിക്ക്‌ ശബ്‌ദം കൊടുത്തു കൊണ്ടായിരുന്നു. അനാഥ ബാല്യമേല്‍പ്പിച്ച മുറിവുകളാണ്‌ സ്വന്തമായി നാല്‌ കാശ്‌ സമ്പാദിക്കാന്‍ അവര്‍ക്ക്‌ പ്രേരണയായത്‌. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ലോകത്ത്‌ നിന്ന്‌ സിനിമയുടെ മായാലോകത്ത്‌ ഇടം കണ്ടെത്തിയത്‌. കഠിനപ്രയത്‌നത്തിലൂടെയും. 1962ല്‍ പൂവാട്ട്‌ കുമാരന്‍നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി കോഴിക്കോട്‌ ജനിച്ചു. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അച്ഛനമ്മമാരുടെ വിരല്‍തുമ്പില്‍ ഊഞ്ഞാലാടേണ്ട പ്രായത്തില്‍ അനാഥമന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പിടഞ്ഞുലഞ്ഞു. ആ വിതുമ്പലുകളില്‍ പുറംലോകം അറിഞ്ഞത്‌ അരനൂറ്റാണ്ടുകള്‍ക്ക്‌ ശേഷം! അപ്പോഴേയ്‌ക്കും ഭാഗ്യവും ലക്ഷ്‌മിയും അവരെത്തേടിയെത്തിയിരുന്നു. `സ്വരഭേദങ്ങള്‍' എന്ന ജീവിതകഥയില്‍ എല്ലാം ലളിതവും തീവ്രവുമായും കലര്‍പ്പില്ലാതെയും വിവരിച്ചിരിക്കുന്നു.

ജീവിത വിജയം നേടിയെന്ന്‌ തോന്നുന്നുണ്ടോ? ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയി. ഒടുവില്‍ നല്ലൊരു പേരും പ്രശസ്‌തിയും സമ്പാദിക്കാനായില്ലേ?
നമ്മള്‍ നമ്മളായി ജീവിക്കുക എന്നതിലാണ്‌ കാര്യം. ആരെയെങ്കിലും പരാജയപ്പെടുത്താന്‍ ഉദ്ദേശമുണ്ടെങ്കിലേ വിജയിച്ചു എന്ന്‌ തോന്നേണ്ടതുള്ളൂ. സ്വതന്ത്രരായി ജീവിച്ചാല്‍ ഈ പ്രശ്‌നമില്ല. ഓരോരുത്തരേയും പരസ്‌പരം മനസ്സിലാക്കി ജീവിക്കാന്‍ കഴിയുന്നതിലാണ്‌ കാര്യം.

ജീവിതകഥ - `സ്വരഭേദങ്ങള്‍' വന്നശേഷം ജീവിതത്തില്‍ വന്ന മാറ്റം? ഒരു സാംസ്‌കാരിക നായികയായി മാറിയോ?
പുസ്‌തകം ഇറങ്ങിയശേഷം ഒരുപാട്‌ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്‌. ഒരു തുറന്ന്‌ പറച്ചില്‍ വേറൊരു ഇമേജ്‌ ഉണ്ടാക്കി തന്നു. ഒരുപാട്‌ സങ്കടമുള്ള സ്‌ത്രീകള്‍ വിളിക്കും. അവരുടെ പ്രശ്‌നങ്ങള്‍ പറയും. ജീവിതത്തെ ധീരമായി നേരിട്ട ഒരു സ്‌ത്രീ എന്ന നിലയിലാവണം അവരെന്നെ കാണുന്നത്‌. അതുപോലെ ഭാര്യാഭര്‍ത്താക്കന്‍മാരും വിളിക്കും. പരസ്‌പരമുള്ള പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കും. അതിനെ ഒക്കെ കൂടുതല്‍ ഗൗരവമായി കാണാന്‍ ഇപ്പോള്‍ എനിക്ക്‌ കഴിയുന്നുണ്ട്‌. അങ്ങനെ ഒരു ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ എന്നതിലുപരി കാര്യങ്ങള്‍ ഗൗരവമായി കാണാന്‍ കഴിയുന്നൊരാളായി ഞാനും മാറി എന്ന്‌ തോന്നുന്നു.

സിനിമാ ലോകത്ത്‌ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നം എന്താണ്‌?
നന്നായി വിദ്യാഭ്യാസം ഉള്ള കുട്ടികളാണ്‌ ഇപ്പോള്‍ സിനിമയിലേയ്‌ക്ക്‌ വരുന്നത്‌. പ്രത്യേകിച്ച്‌ അഭിനയിക്കാന്‍. നല്ല ആത്മവിശ്വാസവും ഉള്ളവരാണ്‌. പണ്ടൊക്കെ അഭിനയത്തിലേയ്‌ക്ക്‌ വരുന്നവര്‍ക്ക്‌ കുടുംബം പോറ്റുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക്‌ കാലങ്ങളോളം സിനിമയില്‍ കഴിയേണ്ടിവരും. കിട്ടുന്ന റോളുകള്‍ എല്ലാം ചെയ്യേണ്ടിവരും. സിനിമ ജീവിതോപാധിയാണെന്ന തോന്നല്‍ മാറി. പുതിയ കുട്ടികള്‍ വരുന്നത്‌ സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ്‌. ആദ്യ സിനിമ കഴിയുമ്പോള്‍ തന്നെ ചാനല്‍ ചര്‍ച്ചകള്‍ക്ക്‌ പ്രാപ്‌തരായിരിക്കും. ചെയ്‌ത റോളിനെ കുറിച്ചും ഏറ്റെടുക്കാന്‍ പോകുന്ന പ്രോജക്‌ടുകളെ പറ്റിയും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്‌ കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകും. ഷൂട്ടിങ്ങിന്‌ ഒറ്റയ്‌ക്കുവരും. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഥാപാത്രത്തെകുറിച്ച്‌ കൃത്യമായി തിരക്കും, ഇതൊക്കെ വിദ്യാഭ്യാസംകൊണ്ട്‌ മാത്രം കിട്ടിയ കഴിവുകളാണ്‌. നല്ല പ്രവണതയായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റുകളുടെ കാര്യമോ?
ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റുകളുടെ വേതനത്തിലാണ്‌ പ്രശ്‌നം. വേതനത്തിന്റെ കാര്യത്തില്‍ നടിമാര്‍ക്ക്‌ കാര്യമായ പ്രശ്‌നങ്ങളില്ല. എന്നാല്‍ ഞങ്ങളുടെ കാര്യങ്ങള്‍ അങ്ങനെയല്ല. പുതുതായി വരുന്ന കുട്ടികള്‍ നിലനില്‍പ്പ്‌ നോക്കി ശമ്പളത്തില്‍ പല വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകുന്നു. ഒരു സിനിമയ്‌ക്ക്‌ 5000 രൂപ കിട്ടുമെങ്കില്‍ ചിലര്‍ 1000 രൂപയേ വാങ്ങൂ. പുതുതായി വരുന്നവര്‍ക്ക്‌ വേണ്ടി ഓഡീഷന്‍ ടെസ്റ്റ്‌ നടത്തും. എന്നിട്ട്‌ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നാണ്‌ ഡബ്ബിങ്ങിന്‌ ആളുകളെ തെരഞ്ഞെടുക്കുന്നത്‌. അവരുമായി സംഘടന ചില ധാരണകളില്‍ എത്തിയിട്ടുണ്ടെങ്കിലും പലരും അത്‌ പാലിക്കാറില്ല.

ഒരു പുരുഷന്റെ പിന്തുണയില്ലാതെ സ്‌ത്രീയ്‌ക്ക്‌ സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയുമോ?
ജോലിയും നല്ല വരുമാനവും ഉള്ളതുകൊണ്ട്‌ എനിക്ക്‌ പ്രശ്‌നമില്ല. അതില്ലാത്തവര്‍ക്ക്‌ പുരുഷനെ ആശ്രയിച്ചേ പറ്റൂ. 50 വര്‍ഷം ഒന്നിച്ചു കഴിയുന്നവര്‍ പിരിയുന്നില്ലേ? സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ സ്‌ത്രീക്ക്‌ മാത്രമല്ല പുരുഷനും ഒറ്റയ്‌ക്ക്‌ ജീവിക്കാനാകും. പിന്നെ പുരുഷനും സ്‌ത്രീയും തമ്മിലുള്ളത്‌ ഒരു ശാരീരിക ആവശ്യമായി മാറും.

ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച അനുഭവം അനാഥത്വമാണോ? പ്രണയ നൈരാശ്യമാണോ? ദാമ്പത്യത്തിലെ വേര്‍പിരിയലാണോ? 
ഓരോ പ്രായത്തിലും അത്‌ ഓരോന്നാണ്‌. ചെറുപ്പത്തില്‍ സൗഹൃദവും പ്രണയവും ഒക്കെ ആവാം. മധ്യവയസ്സില്‍ അത്‌ ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്‌മ ആകാം. ഒന്നിനെ കുറിച്ചും വേവലാതിപ്പെടാതെ മുന്നോട്ട്‌ മാത്രം പോകുക. ലക്ഷ്യബോധത്തോടെ പോയാല്‍, അതിലെ ശരികള്‍ മാത്രം കാണാം. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട. ആ ശരി ചിലപ്പോള്‍ നന്മയാകാം, ഭക്തി ആകാം, സാമൂഹ്യ സേവനമാകാം.

സാമൂഹ്യ സേവനത്തില്‍ താത്‌പര്യമുണ്ടോ?
ഉണ്ട്‌. പക്ഷേ അതിലേയ്‌ക്ക്‌ ഇറങ്ങണമെങ്കില്‍ ചില കടമ്പകള്‍ ഉണ്ട്‌. എനിയ്‌ക്ക്‌ എന്റെ മക്കളെ ഉപേക്ഷിച്ച്‌ സാമൂഹ്യസേവനത്തിലേയ്‌ക്ക്‌ പൂര്‍ണമായി ഇറങ്ങാനാകില്ല. അവര്‍ക്ക്‌ സാമ്പത്തികമായും മാനസികമായും എന്റെ പിന്തുണ ഇനിയും ആവശ്യമാണ്‌. മൂത്തമകന്‍ എഞ്ചിനീയറാണ്‌. രണ്ടാമനും എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ്‌ നില്‍ക്കുന്നു. ഇനി രണ്ടാളും ഒന്ന്‌ സെറ്റില്‍ ചെയ്യണം. ഇപ്പോ ചില രോഗികള്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്‌. ചിലര്‍ക്ക്‌ എന്റെ സാമീപ്യമാണ്‌ ആവശ്യം. വൃദ്ധരോ അനാഥരോ ഉണ്ടെന്ന്‌ അറിഞ്ഞാല്‍ എന്നെ കൊണ്ടാവും വിധം സഹായിക്കും. ഇപ്പോ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുന്നത്‌ വൃദ്ധരാണല്ലോ. അതുകൊണ്ട്‌ വയസ്സായവരെ നന്നായി നോക്കുന്ന ഒരു സ്ഥാപനം തുടങ്ങണമെന്നുണ്ട്‌. പിന്നെ സ്‌ത്രീ സുരക്ഷയായി എന്തെങ്കിലും ഒക്കെ ചെയ്യണം. പക്ഷേ എല്ലാത്തിനുമായി സമയം മാറ്റി വയ്‌ക്കാന്‍ കുറച്ചുകൂടി കഴിയും.

ഇനിയേത്‌ കഥാപാത്രത്തിന്‌ ശബ്‌ദം നല്‍കാനാണ്‌ ആഗ്രഹം?
ഇതുവരെ ഏതാണ്ട്‌ ....... ത്തിലധികം സിനിമകള്‍ ചെയ്‌തു. എന്നും എല്ലാവരും ഓര്‍ക്കുന്ന ഒരു കഥാപാത്രം ചെയ്യണം എന്ന്‌ ആഗ്രഹമുണ്ട്‌. അത്‌ കിട്ടണമെന്നില്ല. ഇല്ലെങ്കിലും എനിക്ക്‌ വിഷമമില്ല. പ്രായം കൂടുകയല്ലേ. പഴയത്‌പോലെ നായികമാരുടെ ശബ്‌ദം ചെയ്യാന്‍ എന്നെ വിളിക്കുമോ എന്നറിയില്ല. ശബ്‌ദം മാറുന്നത്‌ നമ്മള്‍ മനസ്സിലാക്കണമല്ലോ? പിന്നെ മലയാള സിനിമയില്‍ ശക്തമായ ഒരു സ്‌ത്രീ കഥാപാത്രം - ഒരമ്മ, സഹോദരി, കാമുകി ഇതൊക്കെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്‌. പത്തും ഇരുപതും വര്‍ഷത്തിനിടയില്‍ മാത്രം. അത്‌ എനിക്ക്‌ കിട്ടണമെന്നുമില്ല. ഞാന്‍ അതിന്‌ വേണ്ടി ശ്രമിക്കുന്നുമില്ല. ആഗ്രഹിച്ചത്‌ കിട്ടാതെ പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ ആഗ്രഹിക്കാതിരിക്കുന്നത്‌.

ബാക്കിയായ ഈ സ്വരഭേദം കൂടി എത്രയും വേഗം ഈ വലിയ കലാകാരിയെ തേടിയെത്തും. തീര്‍ച്ച.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും