സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മലമുകളിലെ ശിവസന്നിധിയില്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



എന്തുകൊണ്ടാണ്‌ ശിവസാന്നിധ്യം എന്നെ വിടാതെ പിന്‍തുടരുന്നത്‌ എന്നു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്‌. അതു സ്ഥലമായും മനുഷ്യരായും കൂടെയുണ്ടായിരിക്കുന്നതിനാല്‍ എന്നില്‍നിന്നും അന്യമായ ഒന്നായി തോന്നാറുമില്ല. ആകാശത്തെയും മണ്ണിനെയും മലയെയും മരത്തെയും മനുഷ്യരെയും ഉറ്റുനോക്കി സൂക്ഷ്‌മാധരങ്ങള്‍ പലപ്പോഴും മന്ത്രിക്കുന്നു `ശിവന്‍', `ശിവന്‍' എന്ന്‌. കാരണമെന്തെന്നറിയാത്തതായ കാര്യങ്ങളില്‍ ഇതിനെയും പെടുത്തുന്നു. ശിവപുരാണമോ ശിവാനന്ദലഹരിയോ ഡാന്‍സ്‌ ഓഫ്‌ ശിവയോ ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ, അകക്കാതില്‍ ഉയരുന്ന ശ്വാസമായി ഞാനറിയുന്ന ശിവന്‍ അപാരമായ ധ്യാനാനുഭവമാണ്‌. 
പ്രത്യേകിച്ചൊരു കാരണവുമില്ലാതെയാവും പലപ്പോഴും കുട്ടിക്കാനത്തേക്കു യാത്രയാകുന്നത്‌. കാരണം, അതെന്റെ കൈലാസമാണ്‌. പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെയുള്ള വഴിയുടെ ഇടതുവശം മുഴുവന്‍ വ്യത്യസ്‌ത വലുപ്പത്തിലുള്ള മലനിരകളാണ്‌. ഒന്നിനുശേഷം ഒന്നായി നമ്മെ വിസ്‌മയിപ്പിക്കുന്ന ധ്യാനഭാവത്തിലുള്ള ശിവരൂപികള്‍. എന്റെ ശിവാനുഭവത്തിന്റെ മൂര്‍ത്തസാന്നിധ്യമായ ഈ മലകളുടെ തിരുസന്നിധിയിലേക്ക്‌ പിന്നെയും പിന്നെയും ഞാന്‍ യാത്ര ചെയ്‌തുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ മറ്റുപല മലമ്പ്രദേശങ്ങളിലേക്കും യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും കുട്ടിക്കാനത്തേക്കുള്ള യാത്രയും ആ വഴികളും മലകളുടെ സാന്നിധ്യവും ഒരു തീര്‍ത്ഥാടനം പോലെ സമാധാനിപ്പിക്കാറുണ്ട്‌. നമുക്കു നമ്മുടേതായ സമയം തരുന്ന ഓരോ സാന്നിധ്യവും ഏറ്റവും പ്രിയപ്പെട്ടതല്ലേ? കൂടെയുള്ളവരോടുപോലും തീരെ മിണ്ടാതെ ഓരോ മലയിലും ധ്യാനസ്ഥനായി ഇരിക്കുന്ന പ്രിയങ്കരനെ ഉറ്റുനോക്കിക്കൊണ്ട്‌ വണ്ടിയിലിരിക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ അദ്ദേഹം ദൂരെയല്ല എന്നു ഞാന്‍ തിരിച്ചറിയും. ദൂരെനിന്നു നോക്കുമ്പോള്‍ കിട്ടുന്ന ഇമ്പവും ഹര്‍ഷവും അപാരമാണ്‌.
ഒരു പ്രാപഞ്ചികനായ ഈശ്വരനെ എന്നും ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നു. ശിവനും ജീസസ്സും ഇത്തരം പ്രാപഞ്ചികഭാവം മുറ്റിനില്‍ക്കുന്ന ഉടല്‍രൂപങ്ങളാണ്‌. ഒന്ന്‌ ആനന്ദത്തിന്റെയും മറ്റൊന്ന്‌ വ്യഥയുടെയും ധ്യാനശരീരങ്ങള്‍. ഇത്തരത്തിലുള്ള അനുഭവത്തിന്‌ ഒരു സ്ഥലം ജൈവമണ്‌ഡലമായിത്തീരുന്ന കാഴ്‌ചയാണ്‌ കുട്ടിക്കാനം മലകള്‍ നല്‍കുക. ഓരോ മലയും ശിവനാണ്‌. പത്മാസനത്തിലിരിക്കുകയും നൃത്തനിലകളുമായി നിവര്‍ന്നുനില്‍ക്കുകയുമൊക്കെ ചെയ്യുന്നയാള്‍. സെപ്‌റ്റംബര്‍ മാസത്തിലാണ്‌ ഏറ്റവും പൂര്‍ണരൂപനായി അദ്ദേഹം എനിക്കു മുന്‍പില്‍ പ്രത്യക്ഷനാകുന്നത്‌. ഏതു മലയുടെയും ഉച്ചിയിലും കഴുത്തിലും മാറിലും വെണ്‍ഗംഗയായി നീര്‍ച്ചാലുകള്‍ ഉണ്ടാകും. മഴമഞ്ഞില്‍ പുകഞ്ഞു നില്‍ക്കുന്ന മൂന്നാം കണ്ണും നീലനിറമേറി വരുന്ന ശരീരവും ചില്ലകളും കൊമ്പുകളും കൊണ്ട്‌ നേര്‍ത്തു ചലിക്കുകയും മിക്കപ്പോവും നിശ്ചലമായിരിക്കുകയും ചെയ്യുന്ന മുടിയിഴകളും കൊണ്ട്‌ നിശ്ശബ്‌ദഗംഭീരനായി അദ്ദേഹം എന്നെ നോക്കുമ്പോള്‍ എത്രയോ നേരം ഞാന്‍ ആ മുഖത്തേയ്‌ക്ക്‌ ഉറ്റുനോക്കി നിന്നിട്ടുണ്ട്‌. ഒരു പുരുഷന്റെ ശക്തിയും വികാരവാഹിത്വവും കന്നിമാസത്തിലെ (സെപ്‌റ്റംബര്‍) കുട്ടിക്കാനം മലനിരകള്‍ക്കുണ്ട്‌. കന്നിമഴ നനഞ്ഞ്‌ മൂടല്‍മഞ്ഞിനെ ഉടുത്തും ഉരിഞ്ഞും നമ്മള്‍ നടക്കുമ്പോള്‍ ആദിമമായ ഒരുതരം ഊര്‍ജ്ജം ഞരമ്പുകളില്‍ നിറയും. നഗരജീവിതത്തില്‍ മുറിഞ്ഞും മുനയൊടിഞ്ഞും തകര്‍ന്നുപോകുന്ന ജീവശക്തിയെ ഉണര്‍ത്തിയെടുക്കാന്‍ പറ്റുന്നത്രയും കരുത്തു നല്‍കാന്‍ ആ ജൈവമണ്‌ഡലത്തിനു കഴിയും. 
ഒരിക്കലൊരു സന്ധ്യയില്‍ കുട്ടിക്കാനത്തെ ഒരു മൊട്ടക്കുന്നിന്റെ മുകളിലേക്ക്‌ ഞങ്ങള്‍ സകുടുംബം കയറിപ്പോയി. സഹോദരങ്ങളും കുടുംബവും ഒപ്പമുണ്ടായിരുന്നു. പാതിരാത്രിയാകും വരെ ഞാന്‍ ആ മലയുടെ നെഞ്ചില്‍ ചാരിയിരുന്നു. മലമുകളിലെ മണ്ണില്‍, കന്നുകാലികള്‍ പകല്‍ മേഞ്ഞുനടന്ന പുല്ലിന്റെ കട മാത്രം ശേഷിക്കുന്ന മണ്ണില്‍ നിശബ്‌ദരായി എല്ലാവരും ഇരുന്നു. ഞാന്‍ ആകാശത്തേക്ക്‌ നോക്കി ചന്ദ്രനോ നിറയെ നക്ഷത്രങ്ങളോ ഇല്ലാത്ത നിശ്ചലമായ ആകാശരാത്രി. മലവെളിച്ചത്തിന്റെ മങ്ങിയ കണ്ണുകള്‍ ഞങ്ങളെ പിന്‍തുടരുന്നു. ആകാശത്തിന്റെ പരമമായ നിശ്ശബ്‌ദതയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ശിവനോടു മന്ത്രിച്ചു:
`വഴിയമ്പലത്തില്‍ ഇടമില്ലായ്‌കയാലല്ല
നിന്റെ നെഞ്ചിലേക്കു
ഞാന്‍ തിരികെ വന്നത്‌
കാലം കടലായി 
അലയൊതുക്കുന്ന
കടല്‍ശംഖ്‌
വിലങ്ങിനില്‌പതവിടെയല്ലേ
നെഞ്ചില്‍ തല ചായ്‌ച്ച്‌
കടലിരമ്പം കേട്ടിരിക്കുമ്പോള്‍
തുറന്ന ആകാശത്തിനുചുവട്ടില്‍
നാമിരുവര്‍
തുറക്കുവാനിനിയൊന്നുമില്ലാത്തവര്‍'
കടതൂര്‍ന്ന പുല്ലിന്റെ ചോട്ടില്‍ മിടിക്കുന്ന മണ്ണടരുകള്‍ പ്രാപഞ്ചികജീവിതത്തിന്റെ നിരാശകളെ മറികടക്കുന്ന കാലശക്തിയെക്കുറിച്ചു പറഞ്ഞു. മണ്ണിനെ പുണര്‍ന്നുകൊണ്ട്‌ ഞാന്‍ നിശ്ശബ്‌ദം കരഞ്ഞുകൊണ്ടേയിരുന്നു. ദേവാലയത്തില്‍ ഈശ്വരന്റെ മുന്‍പില്‍ തുളുമ്പിവീണിട്ടും ഉറവുകളൊന്നും വറ്റാതിരുന്ന വിഷാദം അണമുറിഞ്ഞ്‌ കണ്ണുനീരായി പരക്കുമ്പോള്‍ മനസ്സ്‌ സാന്ത്വനത്തിന്റെ സൂക്ഷ്‌മസ്വരത്തെ തിരിച്ചറിഞ്ഞു. ശിവസാന്നിധ്യം നിബിഡവും ശക്തവുമായി എന്നോടു ചേര്‍ന്നു. ജന്മപരമ്പരകളില്‍നിന്നുപോലും ശേഷിപ്പായി കിട്ടിയ വിഷാദം കരകവിഞ്ഞ്‌ പ്രണയമായി രൂപാന്തരപ്പെട്ട രാത്രിയായിരുന്നു അത്‌. കൂടെയുണ്ടായിരുന്ന എല്ലാവരും നിശ്ശബ്‌ദരായിരുന്നു. ഓരോരുത്തരുടെയും കരുതല്‍ധനമായിരുന്ന വിഷാദത്തില്‍നിന്ന്‌ പ്രണയത്തിലേക്കുള്ള രൂപാന്തരണം അവരറിയുന്നുണ്ടാവണം. ആകാശത്തിന്റെയും മലയുടെയും നിശബ്‌ദവും ധ്യാനാത്മകവുമായ ആ സന്നിധിയെ കൈലാസംഎന്നല്ലാതെ എങ്ങനെയാണ്‌ വിശേഷിപ്പിക്കുക. 
വലിയ ഒറ്റ മരങ്ങള്‍ ശിവനെ ഓര്‍മ്മപ്പിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ഓരോ മരവും ശിവനാണ്‌; നീലകണ്‌ഠന്മാര്‍. ഇംഗാലവിഷത്തെ വിഴുങ്ങി പ്രാണവായുവിനെ നല്‍കുന്നവന്‍. കുന്നിന്റെയരികില്‍ ഒറ്റയായങ്ങനെ നില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ മഴ നനഞ്ഞു നിന്നിട്ടുണ്ടെങ്കില്‍ നമുക്ക്‌ ശിവാനുഭവത്തിലെ ഹര്‍ഷം അറിയാന്‍ പറ്റും. ഒറ്റയ്‌ക്കങ്ങ്‌ ശക്തിയായി കൊള്ളയിട്ടുവരുന്ന മഴയോ തോരാമഴയോ അല്ല അത്‌. കാറ്റിന്റെ കുട പിടിച്ചെത്തി നമ്മെ കുടഞ്ഞിടുന്ന ഒരു മഴയാണത്‌. ഒരുതരം `വിന്‍ഡ്‌ ഡാന്‍സ്‌'. മഴത്തുള്ളിയും കാറ്റും ചേര്‍ന്ന്‌ ഉയര്‍ന്നും താഴ്‌ന്നും നൃത്തം വയ്‌ക്കുമ്പോള്‍ ശിവനടനത്തിന്റെ ഒറ്റയും പെരുക്കവും അറിയുന്നു. നടക്കുമ്പോള്‍ നമ്മെ ഉലയ്‌ക്കുകയും ഓടുമ്പോള്‍ വീഴ്‌ത്തിക്കളയുകയും ചെയ്യുന്ന കരുത്തും തമാശയും ഇഴചേര്‍ന്ന ശിവചലനങ്ങള്‍. നമ്മള്‍ വെറുതെ നമ്മളെ ഒന്നു വിട്ടുകൊടുത്താല്‍ മതി. നഗരബോധത്തിന്റെ ഇരുമ്പുവാതിലുകള്‍ താഴു തകര്‍ന്നു വീഴുന്നതു കേള്‍ക്കാം. ശൈശവത്തിന്റെയും കരുത്തിന്റെയും ആദിബോധത്തിന്റെ പിന്നാലെ ചുവടുവച്ചു നീങ്ങുക ശരിക്കും ആനന്ദമാണ്‌. ആനന്ദമാണ്‌ ശരിയായ വാക്ക്‌. അതു കേവലസന്തോഷത്തിന്റെയോ രത്യാദിര്‍ഹര്‍ഷത്തിന്റെയോ അപ്പുറമാണ്‌. മനുഷ്യന്റെ ആഹ്ലാദശേഷിക്ക്‌ എത്തിച്ചേരാവുന്ന പരമമായ ഇടം നല്‍കുന്നത്‌ ആനന്ദത്തിന്റെ ആത്മീയമായ അനുഭവമാണ്‌. ഒരിക്കലെങ്കിലും അതറിഞ്ഞവര്‍ ക്ഷുദ്രമായ ആഹ്ലാദങ്ങളില്‍ അസ്വസ്‌ഥരായിപ്പോകും.
ശരിക്കും പറഞ്ഞാല്‍ സന്ധ്യകളാണ്‌ ശിവാനുഭവത്തിന്റെ ഉച്ചനേരം. മലകളിലെ സന്ധ്യാസമയം ഒരുപാട്‌ ഉള്‍ക്കനമേറിയതാണ്‌. മൂടല്‍മഞ്ഞ്‌ വീഴുന്നതിനു മുന്‍പ്‌ ചിങ്ങം, കന്നി മാസങ്ങളിലെ വൈകുന്നേരങ്ങള്‍ അപാരമായ ഒരനുഭവമാണ്‌. സന്ധ്യതന്നെ ശിവാകാരം എടുത്തായി തോന്നും. വിശാലമെന്നോ നിബിഡമെന്നോ പറയാവുന്ന ഉള്‍ക്കനമുള്ള നിശ്ശബ്‌ദത നമ്മള്‍ അറിയുന്നത്‌ മലകളിലെ സന്ധ്യകളിലാണ്‌. കുട്ടിക്കാനത്തെ സന്ധ്യ മുഴുവനായിത്തന്നെ ശിവസന്നിധിയാണ്‌. ഒരിക്കല്‍, നമ്മള്‍ നമ്മളെ അങ്ങോട്ടു വിട്ടുകൊടുത്താല്‍ പിന്നെ നമ്മളതിന്റെ ഭാഗമായിരിക്കും. അധികമൊന്നും മിണ്ടാതെ ഒരു മലയിലെ സന്ധ്യയുടെ ഭാഗമായിരിക്കുമ്പോള്‍ ശിവന്റെ നേര്‍പാതിയാണ്‌ ഞാന്‍. പിന്നെ, ഒരു സന്ധ്യമുഴുവനായിത്തന്നെ ശിവനായി മുന്‍പില്‍ നിറഞ്ഞുനിന്ന അനുഭവം തന്നത്‌ പെരുവാരം അമ്പലത്തിന്റെ മുന്‍പിലുള്ള വഴിയാണ്‌. അതിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല സന്ധ്യയാണ്‌. ക്ഷേത്രത്തിന്റെ വാതിലടച്ചിരുന്നില്ല. കാറ്റില്‍, അല്‍പ്പമൊന്ന്‌ ഉലഞ്ഞുനില്‍ക്കുന്ന ദീപനാളങ്ങള്‍. വാതിലിനുള്ളില്‍ ഒരു സന്ധ്യതന്നെ ശിവനായി നില്‍ക്കുന്നതു ഞാന്‍ കണ്ടു(ക്ഷേത്രവാതിലിനു വെളിയില്‍ നിന്നുകൊണ്ടു തന്നെയാണ്‌ കണ്ടത്‌).
ശിവന്‍ പ്രാപഞ്ചികഭാവത്തിന്റെയും കാമനകളുടെയും ഏറ്റവും സ്വതന്ത്രമായ വഴിയാണ്‌. ഇടം തുടയില്‍ തന്റെ സ്‌ത്രീയെ ഇരുത്തുമ്പോള്‍ ജീവിതോത്സവത്തിന്റെ ഏടുകളാണ്‌ വായിക്കപ്പെടുന്നത്‌. ഒരു പകുതി ശരീരത്തില്‍ സ്‌ത്രീത്വത്തിന്റെ ഇമ്പങ്ങളും ഹര്‍ഷങ്ങളും തിരിച്ചറിയുന്ന പുരുഷനില്‍ പരസ്‌പരസമ്മതിയുടെ നേര്‍വഴികള്‍ തിരിച്ചറിയുന്ന ഒരാണുണ്ട്‌. അങ്ങനെ ഹൃദയാലുവായ പുരുഷനെ ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കുന്ന അറിവായും മലകളിലെ ശിവന്‍ എന്നെ വളര്‍ത്തുന്നുണ്ട്‌.
സര്‍ഗാത്മകമായ എന്തിലും ശൈവാനുഭവത്തിന്റെ സൂക്ഷ്‌മനൃത്തങ്ങളുണ്ട്‌. പ്രേമത്തില്‍ - ഹര്‍ഷത്തില്‍ - രചനയില്‍ - രതിയില്‍ - പുരുഷശരീരത്തില്‍ ഒക്കെ ശൈവമായ എന്തോ മിടിക്കുന്നുണ്ട്‌; ജീവന്‍ നല്‍കുന്നുണ്ട്‌. ലോകത്തിലെ ഇമ്പവും ഇഴുക്കവുമുള്ള എല്ലാ ചലനങ്ങളിലും ശിവസാന്നിധ്യമുണ്ട്‌. സ്ഥലരാശികളുമായുള്ള ഇയക്കങ്ങളില്‍, ആനന്ദം നല്‍കുന്ന ഒറ്റമഴപ്പെരുക്കങ്ങളില്‍ (തോരാമഴയല്ല) പ്രസാദാത്മകമായ സാന്നിധ്യങ്ങളില്‍, എന്തിനെയും ചിരികൊണ്ടു നേരിടുന്ന കരുത്തിന്റെ പുരുഷഭാവങ്ങളിലൊക്കെ ഞാന്‍ ശിവനെ കാണുന്നു. കാറ്റില്‍ മുടിയിഴകള്‍ പറത്തി, കടലിന്‍മീതേ നടന്നുവരുന്ന യേശുവിന്റെ ശരീരം ഭാവന ചെയ്യുമ്പോഴും മരുക്കാറ്റില്‍ തളര്‍ന്നുവീഴാതെ രാപകലുകള്‍ ധ്യാനിക്കുന്ന യേശുവിനെ ആലോചിക്കുമ്പോഴുമൊക്കെ ശിവനും യേശുവും അഭേദത്തിലാണെന്ന്‌ തോന്നും. ഭാവനയുടെയും സൗന്ദര്യത്തിന്റെയും സൂക്ഷ്‌മശരീരങ്ങളോടെ ജീവിതത്തെയും വിശ്വാസത്തെയും സ്‌പര്‍ശിക്കാന്‍ എന്നെ പഠിപ്പിച്ചതില്‍ പെരുവന്താനം - കുട്ടിക്കാനം വഴിയിലെ എന്റെ കൈലാസത്തിന്‌ ഒരു വലിയ പങ്കുണ്ട്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും