സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വിശ്വാസത്തിന്റെ ഉടല്‍ഭാഷ്യങ്ങള്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



``ഞാനാണ്‌ പ്രപഞ്ചമാതാവ്‌
പഞ്ചഭൂതങ്ങള്‍ക്കു നാഥ
കാലത്തിന്റെ പ്രാക്തനസന്താനം
ഉടലിതരമായ
എന്തിനും തമ്പുരാട്ടി.
മൃതരുടെ മഹാറാണി
മരണമേയില്ലാത്തവര്‍ക്കും റാണി
ആയിരിക്കുന്നത്രയും ദേവന്മാര്‍ക്കും
ദേവതമാര്‍ക്കും വേണ്ടിയുള്ള
ഏക ആള്‍രൂപം
പരലോകത്തിന്റെ പ്രഭാപൂരിതമായ
ഔന്നത്യങ്ങളെയും
കരുത്തന്‍ കടല്‍ക്കാറ്റുകളെയും
ഇഹലോകത്തിന്റെ നെടുവീര്‍പ്പു
കളുണര്‍ത്തുന്ന മൂകതയെയും
ഭരിക്കുന്നത്‌ എന്റെ അംഗചലനങ്ങളാണ്‌.''
ഈജിപ്‌ഷ്യന്‍ ധാന്യദേവതയായ ഐസിസിനുള്ള സ്‌തുതിയാണിത്‌. നല്ല ഭാര്യയും അമ്മയുമായി കരുതി ഈജിപ്‌തുകാര്‍ ആരാധിച്ചുപോന്ന ദേവതയാണവര്‍. ലോകത്തിലെല്ലാ യിടത്തും ഉര്‍വരതയുടെയും ഉല്‌പാദനത്തിന്റെയും അധിദേവതമാരായി സ്‌ത്രീദൈവങ്ങളെയാണ്‌ കരുതിയിരുന്നത്‌. ഈജിപ്‌തിലെ ഐസിസും ബാബിലോണിലെ ഇഷ്ടാറും ഗ്രീസിലെ ഗേയയും ഭാരതത്തിലെ ഭൂമിദേവതയും ഇത്തരത്തിലുള്ള ഈശ്വരിമാരാണ്‌. ഈ ദേവതമാര്‍ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയ്‌ക്കും സസ്യജന്തുജാലങ്ങളുടെ വളര്‍ച്ചയ്‌ക്കും കാരണമെന്ന്‌ വിശ്വസിക്കപ്പെട്ടി രുന്നു. ലോകത്തെല്ലായിടത്തും ഭൂമി ദേവതയും പ്രധാനകാര്‍ഷികദേവതമാരും സ്‌ത്രീയായി കരുതപ്പെട്ടിരുന്നു. ഉര്‍വ്വരതയും പ്രത്യുല്‌പാദനവും സ്‌ത്രീയുമായി ബന്ധപ്പെട്ടതാണ്‌. (നരേന്ദ്രനാഥ്‌ ഭട്ടാചാര്യ, 1975-113). ശരീരപരമായ മൂല്യങ്ങളാണ്‌ ഇത്തരമൊരു സാമ്യകല്‌പനയ്‌ക്ക്‌ അടിസ്ഥാനം. ബീജസ്വീകരണവും ഗര്‍ഭധാരണവും ജനനവും സംഭവിക്കുന്ന സ്‌ത്രീശരീരവും വിത്തിനെ ചെറുചെടിയാക്കിയും മരമാക്കിയും വളര്‍ത്തുന്ന മണ്ണും തമ്മില്‍ സംസ്‌കാരത്തിന്റെ ആദ്യപടവുകളില്‍ത്തന്നെ സാമ്യം കണ്ടെത്തിയിരുന്നു. അതിന്റെ അനന്തരഫലമാണ്‌ സ്‌ത്രീദേവതമാരായ ധാന്യദേവതമാര്‍ സംസ്‌കാരത്തില്‍ ഉടനീളം ദേശഭേദമെന്യേ അടിസ്ഥാന മാക്കിയ ഈശ്വരസ്‌ങ്കല്‌പം അങ്ങനെ പ്രചരിച്ചത്‌. സിബലെ സിറെസ്‌, ഇനാന്ന, ഇഷ്ടാര്‍, ഡിമേറ്റര്‍ ഗയ, ഭൂമിദേവി എന്നിങ്ങനെ ധാന്യദേവതമാര്‍ നിരവധിയാണ്‌. ദൈവവിശ്വാസ പരമായ ഉടല്‍ ഭാഷ്യത്തിന്റെ ആദ്യപടിയാണിത്‌.
അഥര്‍വവേദത്തിലെ ഭൂമിസൂക്തം ഭൂമിക്ക്‌ ശരീരപരമായ മൂല്യം കൊടുത്തുകൊണ്ട്‌ നടത്തുന്ന പ്രാര്‍ത്ഥനയാണ്‌. ``ഹേ പൃഥ്വി നിന്റെ മധ്യഭാഗത്താല്‍ (നാഭിയുടെ ഭാഗം) ശരീരം പൃഷ്ടിപ്പെടുത്തുന്ന ഏതൊരു പദാര്‍ത്ഥം ഉണ്ടാകുന്നുവോ അതില്‍ എന്നെയും പ്രതിഷ്‌ഠിക്കുക. എന്റെ അമ്മ ഭൂമിയും പിതാവ്‌ മേഘവും ഞങ്ങളെ വിശുദ്ധരായി പരിപോഷിപ്പിക്കട്ടെ (ഡി.ശ്രീമാന്‍ നമ്പൂതിരി (വിവ. 2004 അഥര്‍വ്വ വേദം പന്ത്രണ്ടാം കാണ്ഡം സൂക്തം മുഴുവനും സപ്‌തമ കാണ്ഡം സൂക്തം 6 മുഴുവനും ഭൂമിസ്‌തുതിയാണ്‌. ആദ്യം കൊടുത്തിരിക്കുന്ന ഈജിപ്‌ഷ്യന്‍ ദേവതയായ ഐസിസിനു നല്‍കുന്ന സ്‌തുതിയും അഥര്‍വ്വവേദത്തിലെ പ്രാര്‍ത്ഥനയും ഒരേ വര്‍ഗ്ഗത്തിലുള്‍പ്പെട്ടവയാണ്‌. ഋഗ്വേദത്തില്‍ ഒരമ്മ മകനെ പുതപ്പുകൊണ്ടുന്ന പോലെ എറെപുതപ്പിച്ചാലും'' എന്ന്‌ ഭൂമിയോടു പ്രാര്‍ത്ഥിക്കുന്നിടത്തും ശക്തിസൂക്തത്തി ലുമൊക്കെ സ്‌ത്രീശരീരമൂല്യത്തെഅടിസ്ഥാനമാക്കിയ വിശ്വാസപ്രമാണങ്ങളെ വായിച്ചെടുക്കാ നാകുന്ന ഇത്തരം വിശ്വാസരേഖകളിലൊക്കെ സ്‌ത്രീശരീരത്തിന്റെ ജീവശാസ്‌ത്രപരമായ സവിശേഷതകളെ അടിസ്ഥാനമാക്കി പരിപാലനം, കരുതല്‍, ജീവനെ പുലര്‍ത്തല്‍ തുടങ്ങിയ സാംസ്‌കാരിക മൂല്യങ്ങളുടെ ഉടമകളായ ഇത്തരം ദേവതാസ്വരൂപങ്ങളോട്‌ പ്രാര്‍ത്ഥിക്കുന്ന തായി കണ്ടെത്താം.
ശരീരത്തിന്‌ ചില സാംസ്‌കാരികമൂല്യങ്ങള്‍ കല്‌പിക്കുമ്പോഴാണ്‌ ജീവശാസ്‌ത്ര പരമായ സവിശേഷതകള്‍ക്ക്‌ ലൈംഗികവും സാംസ്‌കാരികവുമായ അര്‍ത്ഥമുണ്ടാകുന്നത്‌. അപ്പോള്‍ ആത്മീയതയ്‌ക്കു ശരീരസംബന്ധിയായ അര്‍ത്ഥങ്ങള്‍ ലഭിക്കുന്നു. അപ്പോള്‍ ആത്മീയത ലിംഗനിരപേക്ഷവും നിഷ്‌പക്ഷവുമായ ഒന്നല്ലാതെയാകുന്നു. അപരങ്ങളുടെ ദ്വന്ദ്വാത്മകതയിലൂടെ നിലനില്‍ക്കുന്ന യാഥാസ്ഥിതികജ്ഞാനപദ്ധതികളുടെയും ശരീര നിഷേധിയായ ആത്മീയതയുടെയും ബദല്‍രേഖകളായി ശരീരസംബന്ധിയായ അര്‍ത്ഥകല്‌പനകളോടുകൂടിയ ആത്മീയത വ്യാഖ്യാനിക്കപ്പെടുന്നു.
സ്‌ത്രൈണആത്മീയതയുടെ മുഖവുരയായി ഇക്കാര്യങ്ങള്‍ പരിഗണിക്ക പ്പെടേണ്ടിയിരിക്കുന്നു. ആണ്‍കോയ്‌മാപരമായ ആത്മീയവിചാരങ്ങളുടെ നീക്കിയിരുപ്പുകളാണ്‌ ഇന്നത്തെ മതാത്മിക ആത്മീയതകള്‍ക്ക്‌ ആധാരമായിട്ടുള്ളത്‌. ലോകത്തെ വിട്ടുയര്‍ന്നു നില്‍ക്കുന്ന സ്വര്‍ഗ്ഗനരകങ്ങളും ശരീരത്തെ നിഷേധിച്ചുകൊണ്ട്‌ പ്രത്യക്ഷപ്പെടുന്ന ആത്മാവും സ്‌ത്രീയെ കര്‍തൃത്വസ്ഥാനത്തുനിന്ന്‌ മാറ്റിനിര്‍ത്തുന്ന ആരാധനാരീതികളും സ്‌ത്രൈണ ആത്മീയതാ വ്യവഹാരങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. ആവിഷ്‌കാരപരമായ സ്‌ത്രീകര്‍തൃത്വങ്ങള്‍ വിശ്വാസരംഗത്ത്‌ കണ്ടെത്തുകയും പ്രകടിപ്പിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത്‌ ഒരു ബദല്‍ ജ്ഞാനപദ്ധതിയും അന്യവല്‍ക്കരണത്തിലധിഷ്‌ഠിതമായ വിശ്വാസജീവിതത്തിന്റെയും പുനര്‍വായനയും ആയിത്തീരുന്നു. സ്‌ത്രീവാദപരമായ ആത്മീയതയുടെ നടപ്പുവഴികളെ സ്വീകരിച്ചുകൊണ്ടുള്ള ആത്മീയമായ സ്‌ത്രീകര്‍തൃത്വാന്വേ ഷണമാണ്‌ സ്‌ത്രൈണആത്മീയത മുന്നോട്ടുവയ്‌ക്കുന്നത്‌. സ്‌ത്രീശരീരപരമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, ശരീരത്തെ നിഷേധിക്കാത്ത ആത്മീയാന്വേഷണമായും വിശ്വാസപരമായ സ്‌ത്രീകര്‍തൃത്വങ്ങളായും വിശ്വാസത്തിന്റെ ഉടല്‍ഭാഷ്യങ്ങള്‍ വളരുന്നു. പോറ്റമ്മമാരും സര്‍വ്വശക്തകളുമായ ദേവതമാരുടെ രൂപപ്പെടലും ആരാധനാവിധികളും എന്നതില്‍നിന്നും ആശയത്തിലും ആവിഷ്‌കാരത്തിലും സംഭവിക്കുന്ന വളര്‍ച്ചയാണ്‌ ഇത്തരം ഉടല്‍ഭാഷ്യങ്ങളില്‍ കാണാനാവുക. അതിനാല്‍ത്തന്നെ സ്‌ത്രീയുടെ ലൈംഗികതയിലും ഭൂമിയുടെ ജൈവികത യിലും കടന്നുകയറ്റം നടത്തുന്ന ആണ്‍കോയ്‌മയുടെ ആത്മീയതയോടും വികസനസങ്കല്‌പങ്ങ ളോടും സാംസ്‌കാരികമുന്നേറ്റങ്ങളോടുമുള്ള വിമര്‍ശനമായി സ്‌ത്രൈണാത്മീയത വായിക്കപ്പെ ടുന്നു.
ഇന്ത്യയിലെ ഭക്തകവയിത്രികളുടെ ഗീതങ്ങളില്‍ ആത്മീയതയുടെ മുഖ്യധാരയെ തകര്‍ക്കുന്ന ശരീരഭാഷയുടെ ആഘോഷം കാണാനാവും. യാഗം, പൗരോഹിത്യകര്‍തൃകമായ ആരാധനാവിധികള്‍ എന്നിവയ്‌ക്കു പകരം ശരീരം കൊണ്ടും മനസ്സുകൊണ്ടും നിര്‍മ്മിച്ച ഈശ്വരാനുഭവങ്ങളുടെ സുഗാഥകളാണ്‌ ഭക്തകളായ സ്‌ത്രീകള്‍ രചിച്ചത്‌. അക്കാദേവി, മീരാബായി, ആണ്ടാള്‍ എന്നിവരുടെ ശരീരവും ആത്മാവും ലയപൂര്‍ണ്ണമായി പ്രത്യക്ഷപ്പെടുന്ന പ്രണയഗീതങ്ങള്‍ മുന്നോടുവയ്‌ക്കുന്നത്‌ വിശ്വാസത്തിന്റെ പെണ്ണുടല്‍ ഭാഷ്യങ്ങളാണ്‌. ചെന്നമല്ലികാര്‍ജ്ജുനന്റെ ദീപ്‌തി ഉടുത്തുനഷ്ടപ്പെട്ട ഇവള്‍ക്ക്‌ വസ്‌ത്രങ്ങളെന്തിന്‌ എന്ന്‌ അക്കമഹാദേവി ചോദിക്കുന്നു. ഈ കൊങ്കകളെ കൃഷ്‌ണനല്ല മറ്റാര്‍ക്കും കൊടുക്കില്ലെന്നും ഇതിനു വിപരീതം സംഭവിച്ചാല്‍ തന്റെ തല കഴുത്തിലുണ്ടായെന്നും ആണ്ടാള്‍ സത്യം ചെയ്യുന്നു. മീരാബായി പ്രേമത്തിന്റെയും ഭക്തിയുടെയും ഗാഥകള്‍ രചിക്കുന്നു. ഇതെല്ലാം ഇന്ത്യയില്‍ നിന്ന്‌ ഉയര്‍ന്നുകേട്ട വിശ്വാസത്തിന്റെ ശരീരഭാഷ്യങ്ങളാണ്‌. പ്രേമവും രതിയും ഭക്തിയും ചേരുന്ന ആത്മീയാനുഭവം ഇവരുടെ ഗീതങ്ങളില്‍ നിന്ന്‌ പ്രകടമാണ്‌. പുരുഷാധി പത്യ മൂല്യങ്ങള്‍ മേല്‍ക്കൈ ഭരിക്കുന്ന ഭാരതീയമായ ആത്മീയാന്വേഷണ വഴികളില്‍ ഈ സ്‌ത്രീകള്‍ സൃഷ്ടിച്ച സ്‌ത്രൈണവൈദ്യുതകാന്തിക പ്രഭാവം ഇന്നും ശക്തമാണ്‌. 
പരിപാലനം, ശുശ്രൂഷ, കരുതല്‍, ജീവനെ പരിപോഷിപ്പിക്കല്‍ തുടങ്ങിയ ശാരീരികമായ മൂല്യങ്ങളോടു കൂടി ലോകത്തെയും ജീവിതത്തെയും സമീപിക്കുന്ന വിശ്വാസങ്ങളാണ്‌ ആത്മീയതയുടെ വ്യാഖ്യാനവഴികളില്‍ പ്രധാനം. ഇത്‌ സ്‌ത്രീയുടെ ജൈവമൂല്യങ്ങളാണെങ്കിലും സ്‌ത്രീക്കുമാത്രം പ്രായോഗിക്കാനാവുന്നഒന്നായി ഇതിനെ കരുതാന്‍ വയ്യ. സ്‌ത്രീക്കും പരുഷനും ആവിഷ്‌കാരിക്കാവുന്ന ഒന്നാണിത്‌. മനുഷ്യരെയും പ്രകൃതിയെയും ദൈവത്തേയും അപരസ്വത്വങ്ങളായി കാണാതിരിക്കുക എന്നിടത്ത്‌ ഇത്തരം മൂല്യങ്ങള്‍ പ്രയോഗിച്ചുതുടങ്ങുന്നു. ജീവനെ പോഷിപ്പിച്ചുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളിലുടെ ഇത്തരം ആത്മീയാനുഭവങ്ങള്‍ വളരുന്നു. ഇവടെ പോഷിപ്പിക്കുന്ന മാനസികഭാവങ്ങളിലൂടെ ശരീരത്തെ നിഷേധിക്കാതെ ആത്മീയാവ്യവഹാരങ്ങള്‍ ഇഹലോകത്തില്‍ പരലോകത്തിന്റെ ആഹ്ലാദാനുഭവങ്ങളിലെ വിശ്വാസിയെ നയിക്കുന്നു. തന്റേതല്ലാത്ത അനാഥപ്പെണ്‍കിടാങ്ങളെ പോറ്റിവളര്‍ത്തുന്ന ജനകമഹാരാജാവിനെയും കണ്വമഹര്‍ഷിയുമൊക്കെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീശരീരമൂല്യങ്ങള്‍ ലിംഗാടിസ്ഥാനത്തിലല്ലാതെ പ്രായോഗികമായി വന്ന സ്‌ത്രൈണ മൂല്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. മാതൃത്വത്തിന്റേതായ സാംസ്‌കാരികമൂല്യങ്ങള്‍ ഇവിടെ പുരുഷനിലും പ്രവര്‍ത്തിക്കുന്നു. ആണ്‍ശരീരത്തിനകത്തുള്ള അമ്മത്തം ഇവിടെ പ്രകടമാണ്‌. ബൈബിളിലും ഇതിന്‌ ഉദാഹരണങ്ങള്‍ ഉണ്ട്‌. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‌തുശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം സുവിശേഷത്തിലുണ്ട്‌. ഒരു രാത്രി മുഴുവന്‍ നീണ്ട മത്സ്യബന്ധനം കൊണ്ട്‌ തളര്‍ന്നെത്തുന്ന ശിഷ്യന്മാര്‍ക്ക്‌ അപ്പവും കനലില്‍ ചുട്ടെടുത്ത മത്സ്യവും ഒരുക്കിയിട്ട്‌ കുഞ്ഞുങ്ങളെ വല്ലതും വന്നുകഴിക്കൂ എന്നാവശ്യപ്പെടുന്ന ക്രിസ്‌തുവില്‍ വിശപ്പിനെ തിരിച്ചറിയുന്ന അമ്മയെ കണ്ടെത്താം. പക്ഷേ, സ്ഥാപനസ്വഭാവിയായ ക്രിസ്‌തുമതത്തിന്റെ ഔപചാരികമായ ചട്ടക്കൂട്ടില്‍ ഇത്തരം ക്രിസ്‌തുഭാവങ്ങള്‍ ദമനം ചെയ്യപ്പെട്ടിരിക്കുന്നു
ആവിഷ്‌കാരപരമായ സ്‌ത്രീകര്‍തൃത്വം സ്‌ത്രൈണ ആത്മീയതയുടെ ഒരു പ്രധാന വഴിയായി ഞാന്‍ കരുതുന്നു.വിധേയയോ, നിശബ്ദശ്രോതാവോ, അനുഷ്‌ഠാനങ്ങളെ അനുസരിക്കുന്നവളോ ആയി സ്‌ത്രീയെ കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നിടത്തു നിന്ന്‌ സ്‌ത്രീകള്‍ കര്‍തൃത്വ നിര്‍മ്മിതി നടത്തുന്ന രംഗങ്ങള്‍ ബൈബിളിലുണ്ട്‌. അത്‌ മിശിഹാരഹസ്യത്തില്‍ത്തന്നെ തുടങ്ങുന്നു. മറിയം എന്ന കന്യക ഗര്‍ഭിണിയാകുന്നിടത്തു നിന്ന്‌ ഇത്‌ തുടങ്ങുന്നു. മറിയം ഗര്‍ഭിണിയായി ജീവിച്ചത്‌ ഈ ഭൂമിയിലാണ്‌. പുരുഷാധിപത്യം കൊമ്പുകുത്തി നില്‍കുന്നത യഹൂദസമൂഹത്തിനുള്ളില്‍ അവള്‍ ജീവിച്ചു. അവള്‍ ശരീരം കൊണ്ട്‌ ദൈവപദ്ധതിയില്‍ കര്‍തൃത്വം അനുഭവിച്ചു. ഗര്‍ഭിണിയായിരിക്കെ അവള്‍ ഇളയമ്മയും വാര്‍ദ്ധക്യത്തില്‍ ഗര്‍ഭിണിയായവളുമായ എലിസബത്തിനെ കാണാന്‍ പോകുന്നു. സ്‌ത്രീ - സ്‌ത്രീ സൗഹാര്‍ദ്ദത്തിന്റെഏറ്റം മിഴിവുറ്റ ചിത്രമാണ്‌ അവരുടെ കണ്ടുമുട്ടല്‍. രണ്ടുപേരും പരസ്‌പരം പ്രകീര്‍ത്തിച്ച്‌ സംസാരിക്കുന്നു. പാട്ടുപാടുന്നു. അതില്‍ മറിയത്തിന്റെ ഗീതം (വിശുദ്ധബൈബിള്‍ ലൂക്കോസിന്റെ സുവിശേഷം) അധികാരരൂപങ്ങളുടെ ബദല്‍ ഭാഷ്യമാണ്‌. പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്ന്‌ ഇറക്കി താണവരെ ഉയര്‍ത്തി. വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു. സമ്പന്നരെ ഒന്നും കൊടുക്കാതെ പറഞ്ഞയച്ചു എന്ന്‌ മറിയം പാടുമ്പോള്‍ ചരിത്രത്തെയും ദൈവപദ്ധതിയെയും സ്‌ത്രീയുടെ കര്‍തൃത്വപദവിയില്‍ നിന്നുകൊണ്ട്‌ വ്യാഖ്യാനിക്കുകയാണ്‌.
സ്‌ത്രീയുടെ കര്‍തൃത്വം ദൈവപുത്രനുമായുള്ള സൗഹാര്‍ദ്ദത്തിന്റെയും പിന്‍ചെല്ലലിന്റെ യും തലം കൂടിയാണ്‌. നിരവധി ശിഷ്യകളെ സുവിശേഷത്തിലുടനീളം കാണാം. കൂടെ നടക്കുകയും പഠിക്കുകയും ചെയ്‌ത ശിഷ്യകള്‍ ഒരു പുതുകാഴ്‌ചയാണ്‌. ആ നടത്തം കുരിശില്‍ ചുവട്ടിലും അതിനു ശേഷവും തുടര്‍ന്നു ഏത്‌ അധികാരസ്ഥാപനത്തിനെയും ഭയപ്പെടാത്ത പെണ്ണങ്ങളെ അവിടെ കാണാം. ശീമോന്റെ പൂമേടയിലും കിണറ്റില്‍കരയിലും അവര്‍ സധൈര്യം കടന്നുചെല്ലുകയും ഇടപെടുകടും ചെയ്‌തു. ലോകം മുഴുവന്‍ തിരസ്‌കരിച്ചിട്ടും ഭരണകൂടം കുറ്റവാളിയായി വിധിയെഴുതി മര്‍ദ്ദിച്ച്‌ അവശനാക്കിയെങ്കിലും പൗരോഹിത്യവര്‍ഗ്ഗം വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും സ്‌ത്രീകള്‍ ആ മനുഷ്യപുത്രനെ കൈവിട്ടില്ല. അവര്‍ കരഞ്ഞുകൊണ്ട്‌ അവനെ പിന്‍ചെന്നു. സധൈര്യം കുരിശിന്‍ ചുവട്ടില്‍ നിന്നു. ഈ മൂന്നു മറിയാമാരെ സുവിശേഷത്തില്‍ കാണാം. കുരിശില്‍ കിടക്കുന്നവനെ ഉറ്റുനോക്കി നില്‍ക്കുന്ന ആ അമ്മയും സുഹൃത്തും കൂട്ടുകാരന്റെ അമ്മയും വിശ്വാസത്തിലെ സ്‌ത്രീകര്‍തൃത്വത്തിന്റെ ജ്വലിക്കുന്ന ചിത്രമാണ്‌. മരിച്ചിട്ടും അവള്‍ അവനെ ഉപേക്ഷിച്ചില്ല. അതുകൊണ്ടാണ്‌ കല്ലറയില്‍ അവനില്ലെന്ന കാര്യം അവള്‍ ആദ്യം അറിഞ്ഞത്‌. ഉയിര്‍ത്തെഴുന്നേറ്റവന്‍ ആദ്യം ദര്‍ശനം കൊടുത്തതും അവള്‍ക്കാണ്‌. അവളാണ്‌ അവന്റെ പ്രധാനശിഷ്യന്‍മാരെ ഉയിര്‍പ്പിന്റെ വാര്‍ത്ത അറിയിച്ചത്‌ അവള്‍ ആദ്യത്തെ പ്രേഷിതയായി. ഇങ്ങനെ സ്‌ത്രീയനുഭവകര്‍തൃത്വത്തിന്റെ നിരവധി രേഖകള്‍ ഉണ്ട്‌. ഇവിടെ സ്‌ത്രീയുടെ വിശ്വാസകര്‍തൃത്വത്തിന്റെ മാതൃകകള്‍ കൊണ്ട്‌ സമ്പന്നമാണ്‌.
ക്രിസ്‌തീയ വിശ്വാസത്തിന്റെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ചരിത്രം ഇത്തരം സജീവസാക്ഷികളുടെ പരമ്പരയ്‌ക്കു പിന്നീട്‌ തടയിടുന്നു. മഗ്‌ദ്ദലക്കാരത്തി മറിയയക്ക്‌ പിന്നീടെന്ത്‌ സംഭവിച്ചു എന്ന ഔദ്യോഗികചരിത്രം പറയുന്നില്ല. ആണുങ്ങളുടെ കര്‍തൃത്വം മേല്‍ക്കൈനേടി. അപ്പസ്‌തോല പ്രവര്‍ത്തികളും ലേഖനങ്ങളും (സെന്റെ്‌ പോള്‍, സെന്റ്‌ പീറ്റര്‍ ഇതിനു തെളിവാണ്‌. വിശ്വാസപരമായ കര്‍തൃത്വം പ്രകടിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടുകയോ വിശുദ്ധകളാക്കപ്പടുകയോ ചെയ്‌തു. രണ്ടും രണ്ടു തരത്തില്‍ കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി. ശിക്ഷ തിരസ്‌കരണവും വിശുദ്ധപദവി വിഗ്രഹവല്‍ക്കരണവും സാധിച്ചു. രണ്ടാമത്‌ മധ്യസ്ഥപ്രാര്‍ത്ഥനകളുടെ ഉപഭോഗപരവും വസ്‌തുവല്‍കൃതവുമായ നിലകളെ പോഷിപ്പിച്ചു. സ്‌ത്രൈണആത്മീയത മുഖാമുഖം നിര്‍ത്തേണ്ടതും വിശ്വാസപരമായി കര്‍തൃത്വപാഠങ്ങള്‍ രൂപപ്പെടുത്തേണ്ടതും ഇത്തരം പാഠങ്ങളിന്മേലാണ്‌. സ്വതന്ത്രവും വ്യാഖ്യാനത്മകവുമായ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഷ്യങ്ങള്‍ അവള്‍ രചിക്കേണ്ടിയിരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും