വൈദ്യുതിയുടെ വരവ്. എങ്ങും വൈദ്യുതക്കാലുകള്‍ ഉയര്‍ന്നു. കാലുകളിലൂടെ കമ്പികള്‍ കെട്ടിവലിക്കുന്ന മനുഷ്യര്‍. മനുഷ്യന്റെ ക്രൂരമായ മുഖം ആദ്യമായി കണ്ട നിമിഷം...! അവര്‍ എന്റെ ശിരസ്സ് വെട്ടിമുറിച്ചു. ഒലിച്ചിറങ്ങുന്ന വെളുത്തരക്തത്തെ വകവെയ്‌ക്കാതെ പണി തുടര്‍ന്നു. എന്നെ നട്ടുവളര്‍ത്തിയ ക്ഷുരകക്കുടുംബം നിസ്സഹായരായി നോക്കി നിന്നു. എന്നിലെ ആദ്യത്തെ പൂവും കായും കരിഞ്ഞു വീണു. ഞാന്‍ മച്ചിയായി.... കത്രിബീഡിക്കമ്പനിയുടെ ഉദയം. നിരാശയോടെ, എന്തിനീ ജീവിതം എനിക്ക് തന്നൂ എന്നു വിലപിക്കുമ്പോള്‍, കത്രിബീഡിക്കമ്പനിയില്‍ നിന്ന് കൂര്‍ത്ത നഖങ്ങളുള്ള ചോരപുരണ്ട കൈകളുയര്‍ന്നു. മുരടില്‍ അവര്‍ നിക്ഷേപിച്ച പുകയിലത്തുണ്ടുകള്‍ ചീഞ്ഞ്, ഉയര്‍ന്ന വാതകം ശരീരത്തിലാകെ വ്രണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. വേദനകൊണ്ടു പുളയുമ്പോല്‍ തലയ്‌ക്കുമീതെ കമ്പികളിലൂടെ കുതിച്ചു പായുന്ന വൈദ്യുതി. കത്രിബീഡിക്കമ്പനി തകര്‍ന്ന്, മദ്യശാലയുടെ ബഹുനിലക്കെട്ടിമുയര്‍ന്നു. മദ്യശാലക്കാര്‍ സ്‌ത്രീത്വത്തെ വസ്‌ത്രാക്ഷേപം ചെയ്‌ത് മുന്‍പിലേക്കെഴുന്നെള്ളിച്ച് നിര്‍ത്തി, യുവത്വത്തെ മദതരളിതരാക്കി. ഉടുതുണിയില്ലാത്ത സ്‌ത്രീപ്രതിമയെ കാണാന്‍ ശക്തിയില്ലാതെ തലകുനിച്ചു നില്‍ക്കുമ്പോള്‍ പരസ്‌പരം കലഹിച്ച് മദോന്മത്തരായി മനുഷ്യര്‍ രക്തം ചിന്തി എന്റെ കടയ്‌ക്കലേക്കു വീണു. ശരീരത്തിനു വിലപേശി രാത്രിയില്‍ കൂടണയുന്ന വേശ്യകള്‍. മദ്യശാലക്കു മുന്‍പില്‍ പുതിയ തണല്‍മരണങ്ങള്‍ നട്ടുവളര്‍ത്തി, ചില്ലകളും ഇലകളും വെട്ടിപരിചരിക്കുന്നവന്‍ എന്നെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നു, അവരുടെ രക്തം കിനിയുന്ന ദംഷ്ട്ര...! മരണസിംഹാസനത്തില്‍. ഇലകള്‍ കൊഴിഞ്ഞു. ചില്ലകള്‍ ഉണങ്ങി. കൂടണയാന്‍ കുരുവിക്കൂട്ടങ്ങള്‍ വരാതായി. വിഷം പടരുന്നു. അവയവങ്ങളെ നിശ്ചലമാക്കുന്നു. പ്രാണന്‍ വിട്ടകലുന്ന അന്ത്യനിമിഷങ്ങളില്‍, സ്‌മരണകളിലെ വിഹ്വലമായ രാത്രി. ഇരുളിലൂടെ വന്ന മനുഷ്യാ, നിന്റെ ക്രൂരത. ഹൃദയത്തിലേക്കടിച്ചിറക്കിയ ആണിയില്‍, നീ പുരട്ടിയ വിഷം. നഭസിലേക്കുയരുന്ന ആത്മാവിന്‍ രോദനം, ഇരുണ്ട സഹസ്രാബ്ദത്തിലേക്കു ഞാനില്ല.