കേരളത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇപ്പോള്‍ ഒന്നേയുള്ളുവെന്നാണ് പത്രങ്ങള്‍ നമ്മോടു പറയുന്നത്. പ്രശ്‌നപരിഹാരമാര്‍ഗ്ഗവും ഒന്നു മാത്രമേയുള്ളൂ. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുക എന്നത്. അതിനുവേണ്ടി മതസംഘടനകളും സമുദായസംഘങ്ങളും നിരന്തരം സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും പ്രസ്‌താവനകള്‍ ഇറക്കുകയും ചെയ്യുന്നു. ഭരണമുന്നണിയിലാണെങ്കില്‍ ഇക്കാര്യത്തിന്മേല്‍ രണ്ടുതരം ധൃവീകരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഈ വിരുദ്ധാഭിപ്രായ കലഹങ്ങള്‍ക്കിടയിലിരിക്കുന്ന ശരാശരി മലയാളിയായ ഞാനും ആലോചിച്ചു പോകുന്നു. മദ്യമാണോ സകല പ്രശ്‌നങ്ങള്‍ക്കും കാരണം. മദ്യം നിരോധിച്ചാല്‍ മദ്യാസക്തരായ മലയാളികള്‍ അടങ്ങിയൊതുങ്ങി കലഹവും അക്രമവും കൂടാതെ ജീവിക്കുമോ. മദ്യമെന്നത് ഇക്കാലത്തിന്റെ മാത്രം പ്രശ്‌നമോ എന്ന ചോദ്യം പലവട്ടം ഞാന്‍ എന്നോടു ചോദിച്ചിട്ടുണ്ട്. ലോക സംസ്‌കാരത്തോളം പഴക്കമുള്ളതാണ് മദ്യോല്‍പാദനവും മദ്യവില്‌പനയും മദ്യാപാനവും. ബൈബിളിലെ ഏറ്റവും പ്രമാദിയായ പഴയ മദ്യപാനി നോഹയാണ്. ബൈബിള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മുന്തിരിത്തോട്ടം നിര്‍മ്മിച്ച്, അതിലെ മുന്തിരികൊണ്ട് മദ്യം നിര്‍മ്മിച്ച് കുടിച്ച് കുന്തം മറിഞ്ഞു കിടന്ന ചരിത്രമുള്ളയാളാണ് നോഹ. കുടിച്ചു കോണ്‍ തിരിഞ്ഞുകിടന്ന പിതാവിന്റെ നഗ്നത മറയാക്കാന്‍ വസ്‌ത്രം ദേഹത്തിട്ട പുത്രനെ അദ്ദേഹം പുറത്താക്കുകയും ചെയ്‌തിട്ടുണ്ട്. ഇതേ നോഹയെത്തന്നെയാണ് ഭൂമിയിലെ മഹാപ്രളയകാലത്ത് ഭൂമിയുടെ സംരക്ഷണത്തിനായി ദൈവം തിരഞ്ഞെടുത്തത് എന്നതും ബൈബിള്‍ പറയുന്നുണ്ട്. കാനായിലെ കല്യാണവും അവിടെ വീഞ്ഞു തീര്‍ന്നു പോയതും യേശു അത്ഭുതം പ്രവര്‍ത്തിച്ച് വെള്ളം വീഞ്ഞാക്കിയതും നാം വായിക്കുന്നതാണ്. വിവാഹവേളകളില്‍ മുന്തിയ ഇനം വീഞ്ഞു വിളമ്പുന്നത് സാധാരണ പതിവായിരുന്നുവെന്ന് സ്‌പഷ്‌ടമാകുന്നുവല്ലോ. സോമലതയുടെ നീരു വാറ്റിയെടുക്കുന്ന സോമരസപാനം നടത്തുന്നവരാണല്ലോ ഭാരതത്തിലെ ദേവന്മാര്‍. മദ്യപിച്ച് കണ്ണുംചുവപ്പിച്ച് പൗരുഷം നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നയാളാണ് ബലരാമന്‍. അദ്ദേഹം ഹലായുധനായതിനാല്‍ നല്ല കൃഷിക്കാരനും ആയിരുന്നിരിക്കണം. കാളിന്ദിയെ ഹലം കൊണ്ട് പിടിച്ചുവലിച്ച് ഗതിമാറ്റിച്ചതും ഇദ്ദേഹംതന്നെ. ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും മദ്യപിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമായ നാടുകള്‍ ഇതിഹാസകാലത്തുണ്ടായിരിക്കണം. മഹാഭാരതം കര്‍ണ്ണപര്‍വ്വതത്തില്‍ ശല്യരും കര്‍ണ്ണരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുമ്പോള്‍ കര്‍ണ്ണന്‍ മാദ്രദേശത്തെ പെണ്ണുങ്ങളെ കളിയാക്കുന്നതില്‍ ഒരു കാര്യം അന്നാട്ടിലെ സ്‌ത്രീകളുടെ മദ്യപാനശീലമാണ്. കിഷ്‌ക്കിന്ധയിലെ സുഗ്രീവ ഭാര്യയായ രുമയും ഇക്കാര്യത്തില്‍ വ്യത്യസ്‌തയല്ല. യാദവരുടെ നാശത്തിലേയ്‌ക്ക് അവരെത്തിച്ചേരുന്നത് മദ്യപാനാനന്തരമുള്ള കലഹത്തിലൂടെയാണ്. ഗ്രീക്കു പുരാണത്തിലാണെങ്കില്‍ ബാക്കസ് ദേവന്റെ ജോലിതന്നെ മദ്യവില്‍പനയാണ്. ഡയനിഷ്യസ് ദേവന്റെ ഉത്സവമാകട്ടെ മദ്യം നേദിച്ചും പാനം ചെയ്‌തും നടത്തുന്ന ചടങ്ങുകള്‍കൊണ്ടാണ് സമ്പുഷ്‌ടമായിരുന്നത്. 3000 വര്‍ഷമെങ്കിലും പഴക്കമുള്ള അസീറിയന്‍ മഹാകാവ്യമായ ഗില്‍ഗമേഷില്‍ മദ്യവില്‌പനക്കാരിയായ സ്‌ത്രീയെക്കുറിച്ച് പറയുന്നുണ്ട്. പുരാതന ബാബിലോണിയന്‍ സംസ്‌കാരത്തില്‍ ബാല്‍ദേവനെപ്പോലുള്ള ദേവന്മാരെ പൂജിച്ചിരുന്നത് മദ്യം നേദിച്ചായിരുന്നു. ഇങ്ങനെ വ്യത്യസ്‌തങ്ങളായ സാംസ്‌കാരിക പാരമ്പര്യങ്ങളിലുടനീളം മദ്യം നുരഞ്ഞും പതഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. പാരമ്പര്യത്തിന്റെ അനിവാര്യതയായി അതു നില്‍ക്കുന്നു. ഇക്കാര്യത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്‌തുകൊണ്ട് മദ്യത്തോടടുക്കുന്നതു നല്ലതാണ്. പാരമ്പര്യത്തില്‍ മദ്യം മണക്കുന്നതുകൊണ്ട് ഇന്നും അവയെല്ലാം അതേപടി പിന്‍തുടരണമെന്ന ശാഠ്യമൊന്നും എനിക്കില്ല. പക്ഷേ, മദ്യത്തിന്റെ വേരുകള്‍ മനുഷ്യരുടെ ഗോത്രജീവിതകാലത്തോളം വേരുകളാഴ്‌ത്തി നില്‍ക്കുന്നുണ്ട്. ആയതിനാല്‍ നിരോധിച്ചതുകൊണ്ടുമാത്രം മനുഷ്യരുടെ മദ്യത്തിന്റെ ഉപഭോഗം കുറയുമോ? മനുഷ്യര്‍ മദ്യപാനശീലത്തില്‍നിന്ന് പൂര്‍ണ്ണമായി പിന്മാറുമോ. അതോ പുതിയ ഇനം വാറ്റുരീതികള്‍ രഹസ്യമായി ആരംഭിക്കുമോ. മുന്‍പ് ചാരായം നിരോധിച്ചിരുന്നു. തല്‍ഫലമായി ചാരായപാനം നിന്നുവന്നു എന്നതല്ലാതെ മദ്യപാനം ഇല്ലാതായോ? പുതിയ ഇനം മദ്യങ്ങളും ലഹരിപാനീയങ്ങളും കൊണ്ട് ആ അഭാവത്തെ മലയാളി പരിഹരിച്ചു. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കാത്തതും മദ്യം സുലഭമായതുമായ സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലനില്‍ക്കുന്നു. അവിടങ്ങളിലൊക്കെ മദ്യവിപത്ത് എന്നുപറയുന്ന ഈ പ്രശ്‌നം നിലനില്‍ക്കുന്നില്ലേ! കണ്ണൂരില്‍ നിന്ന് തെക്കോട്ടു സഞ്ചരിച്ചു വരുമ്പോള്‍ മാഹിയിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. മാഹിയില്‍ മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും പ്രശ്‌നമില്ല. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേയ്‌ക്ക് എത്തുമ്പോഴും മദ്യം സുലഭമാണ്. വൃത്തികെട്ട ക്യൂനില്‍പ്പും `മുറി'ച്ചു വില്‍പനയുടെ കോലാഹലവും മദ്യപന്മാരുടെ ആക്രോശവും ചീത്തവിളിയും അത്രകാര്യമായി കാണാനില്ല. മദ്യലഭ്യതയും മദ്യത്തിന്റെ ഉപഭോഗവും അതിന്മേലുള്ള ആക്രാന്തവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന് ഇവിടങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ തോന്നാറുണ്ട്. മലയാളി മദ്യത്തോട് പുലര്‍ത്തുന്നത് ഒരുതരം ഉന്മാദം കലര്‍ന്ന സമീപനമാണ്. ഒരുതരം ഭ്രാന്ത് എന്നു പച്ച മലയാളത്തില്‍ പറയാം. സാമൂഹ്യമായ കൂട്ടുചേരലുകളിലും സ്വയമൊരു ലാഘവം കണ്ടെത്തുന്നതിലും മിതമായ തോതില്‍ മദ്യത്തിന്റെ ഉപയോഗം നടത്തുന്നതാണ് സാധാരണ ലോകസംസ്‌കാരത്തില്‍ കണ്ടുവരുന്നത്. പരിഷ്‌ക്കാരിയ നാഗരിക മനുഷ്യരുടെ ഇത്തരം ഒരു മദ്യപാനപ്രകൃതത്തെക്കുറിച്ച് ശരാശരി മലയാളി അജ്ഞത പാലിക്കുകയോ അകലം നിലനിര്‍ത്തുകയോ ചെയ്യുന്നു. അതിനുപകരം തന്റെ ജന്മസിദ്ധമായ ഭ്രാന്തിന്റെ തൃപ്‌തിപ്പെടലിന് ഉകതും വിധം കുടിച്ചു കൂത്താടുന്നു. പെരുവഴിയില്‍ അസഭ്യം പറയുന്നു.വീടുമുടിക്കുന്നു. ഭാര്യയെ മര്‍ദ്ദിക്കുന്നു. കുട്ടികളെ പട്ടിണിക്കിടുന്നു. ചങ്ങലപൊട്ടിച്ച ഭ്രാന്തന്‍ മനസ്സ് മലയാളിയിലുണ്ട്. അതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് കാര്യമില്ല. ചികിത്സയാണു വേണ്ടത്. മദ്യത്തോടു മാത്രമാണോ ഭ്രാന്തും അഡിക്ഷനും മലയാളി, വിശേഷിച്ച് മലയാളി പുരുഷന്‍ പുലര്‍ത്തുന്നുത്. കാമത്തെ സംബന്ധിച്ചും ഇതു ശരിയല്ലേ? അക്രമോത്സുകവും പീഡകപ്രകൃതം ഉള്ളതുമായ ലൈംഗികവ്യവഹാരം കേരളത്തില്‍ ചിരപരിചിതമായിരിക്കുന്നു. ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള സ്‌ത്രീശരീരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. കാമോന്മാദമെന്നതും മലയാളിയുടെ പ്രകൃതത്തില്‍ പെടുന്നുവെന്ന് സാരം. സരളമായും മാന്യമായും ഇടപെടേണ്ട വ്യവഹാരമാണ് ലൈംഗികതയെന്നത് ഇനിയും ശീലിക്കേണ്ടതായിരിക്കുന്നു. പ്രണയപൂര്‍വ്വം ലൈംഗികാനുഭൂതികളെ ആവിഷ്‌ക്കരിക്കേണ്ടുന്നതിനുള്ളതാണ് ശരീരങ്ങള്‍ എന്നത് എവിടെയോ മറന്നുവച്ച പാഠമാകുന്നു. തൃപ്‌തിവരാത്തവിധം കാമത്തെയും ഒരുന്മാദമായി കൊണ്ടു നടക്കുന്നതിനാല്‍ ലൈംഗികത അതിക്രമത്തിന്റെ സാധ്യതയായി തീരുന്നു. വര്‍ദ്ധിച്ചുവരുന്ന ലൈംഗികപീഡനകേസുകളില്‍ ഈയൊരു പ്രശ്‌നം കൂടി ഉള്ളടങ്ങിയിട്ടുണ്ട്. ഈ പീഡകരെ സംബന്ധിച്ച് തങ്ങളുടെ ഭ്രാന്തിന് താല്‍ക്കാലിക ശമനം ലഭിക്കുന്നു എന്നതല്ലാതെ ലൈംഗികതയുടെ അനുഭൂതിപരമായ ആനന്ദം സാധിക്കുന്നില്ല. ഭക്ഷണവും നമ്മുടെ ഭ്രാന്തിന്റെ മറ്റൊരു മണ്‌ഡലമാണ്. മിതമായും ആനന്ദകരമായും ഭക്ഷണം കഴിക്കുക എന്നതും സാമൂഹ്യാരോഗ്യത്തിന്റെ ലക്ഷണമാണ്. ആരോടോ പക തീര്‍ക്കുന്നതുപോലെയാണ് ചിലര്‍ ഭക്ഷണം കഴിക്കുന്നത്. ഭോജനശാലകളില്‍ കുറച്ചുനേരം വെറുതെയിരുന്നു ഒന്ന് നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. തങ്ങളുടെ ശരീരത്തിന് താങ്ങാവുന്നതില്‍ അപ്പുറമാണ് പലപ്പോഴും ആഹരിക്കുന്നത്. യാതൊരു തത്വദീക്ഷയുമില്ലാത്ത വിധം അകത്താക്കുന്ന മാംസാഹാരങ്ങള്‍ ശരീരത്തെ കെടുത്തിക്കളയുന്നു. എത്രയോ ഇനം വിഭവങ്ങള്‍ നിരന്നാലാണ് പലപ്പോഴും ഭക്ഷണമേശയ്‌ക്കു പിന്നിലിരിക്കുന്നവര്‍ തൃപ്‌തരാകുക. ആഹരിക്കുന്നതിലും അനുഭൂതിപരമായ തലമുണ്ട്. മിതമായും ലളിതമായും വൃത്തിയോടും ഭക്ഷിക്കുമ്പോള്‍ ഹൃദയങ്ങള്‍ സന്തോഷിക്കപ്പെടുന്നു. സാവധാനത്തിലും സന്തോഷത്തിലും പ്രിയപ്പെട്ടവരോടൊപ്പം ആഹരിക്കുമ്പോള്‍ രുചി രസനയുടേതു മാത്രമല്ല, ആത്മശരീരങ്ങളുടേതുകൂടി ആകുന്നുണ്ട്. വീടുവയ്‌ക്കുന്നതിലും ഈ ഉന്മാദം പ്രകടമാണ്. പത്തുകാശു കയ്യില്‍ വന്നാല്‍ പിന്നെ സൗധങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ ഉറക്കം വരില്ല. അതിനുള്ള പണമുണ്ടാക്കാന്‍ വേണ്ടിയാണ് പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ശ്രമിക്കുന്നത്, ആരുടെയൊക്കെയോ അസൂയയ്‌ക്കുവേണ്ടി എടുപ്പുകള്‍ ചമച്ച് എടുത്താല്‍ പൊങ്ങാത്ത ഭാരത്തില്‍ പെട്ടുഴലുള്ള ജനുസ്സിനെ മലയാളിയെന്നും വിളിക്കേണ്ടിവരുന്നു. ഈ ആറ്റിറ്റിയൂഡ് തന്നെയാണ് പള്ളികളും മറ്റ് ആരാധനാലയങ്ങളും നിര്‍മ്മിക്കുന്നിടത്തും സംഭവിക്കുന്നത്. പ്രശമ്യമായ ലയത്തെയും ആനന്ദത്തെയും പ്രദാനം ചെയ്‌തിരുന്ന ആരാധനാലയങ്ങളുടെ പരിസരം കോണ്‍ക്രീറ്റും കമ്പിയുംകൊണ്ട് ചുട്ടുപെള്ളുന്നതാകുന്നു. അലറിവിളിക്കുന്ന ഉച്ചഭാഷിണികളും അട്ടഹാസം പോലുള്ള പ്രാര്‍ത്ഥനകളും കൊണ്ട് ആരാധനാലയങ്ങള്‍ ചുറ്റുപാടുകളെ മലിനമാക്കുന്നു. മനസ്സിനെ ധ്യാനാത്മകഭാവത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഈശ്വരാനുഭൂതിയുടെ ആനന്ദം അനുഭവിക്കുന്നതിന് സാധിക്കാതെ വരുന്നു. പ്രാര്‍ത്ഥനകള്‍ ഉന്മാദത്തിന്റെ ലഹരി കൊടുക്കുന്നതായി മാറുന്നു. നമ്മള്‍ മറുന്നു പോകുന്നത് ധ്യാനാത്മകമായ ആനന്ദാനുഭൂതിയുടെ സാധ്യതകളാണ്. വീടും, ആരാധനാലയവും ഭോജനശാലകളും ലൈംഗികവ്യവഹാരങ്ങളും നമുക്ക് നല്‍കേണ്ടത് ആനന്ദമാണ്. ആനന്ദാനുശീലനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മറന്നുപോയ ഒരു സമൂഹത്തിന്റെ ആര്‍ഭാടമായി മദ്യം അവതരിപ്പിക്കപ്പെടുന്നു. അപ്പോള്‍ അതിലേയ്‌ക്ക് മൂക്കും കുത്തി വീഴുന്നു. അതിന്റെ ലഹരിയെ വാരിപ്പിടിച്ച് മറ്റ് അഭാവങ്ങളെ മറക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ മദ്യാപനപ്രകൃതത്തിലാണ് കാതലായ മാറ്റം വരേണ്ടത്. സുഹൃത്തുക്കളും മറ്റും ചേരുന്ന ആഹ്ലാദവേളകളില്‍ സൗഹൃദമാണ് നുരയേണ്ടത്. അതിന്റെ കൂടെ പകരേണ്ടതു മാത്രമാണ് പാനപാത്രങ്ങള്‍.