സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മരണത്തിന്റെ മണം

വിമന്‍ പോയിന്റ് ടീം



മകരത്തില്‍ മരംകോച്ചും. അമ്മിനിക്കാടന്‍മലയുടെ മുകളില്‍ രാത്രി മരച്ചുവട്ടില്‍ ``കടവിരിക്കുന്ന'' അവര്‍ തണുത്ത്‌ വിറയ്‌ക്കുന്നു. ഒരു പന്നിപോലും അരുവിയിലേക്ക്‌ വെള്ളം കുടിക്കാന്‍ വന്നില്ല തോക്കുമായി ഉന്നംപിടിച്ച്‌ നില്‍ക്കുന്ന നാരായണന്റെ കൈകള്‍ കുഴയാന്‍ തുടങ്ങി. ഗോപ്യേട്ടന്റെ ആവശ്യപ്രകാരം ക്ഷുരകന്‍നാണു വെള്ളം കൊണ്ടുവരാന്‍ മലയിറങ്ങി.
``കൊറച്ച്‌ വെള്ളം തര്വോ...?''
ക്ഷുരകന്‍നാണു ഞെട്ടിയെഴുന്നേറ്റ്‌ ക്ഷുരകക്കടയിലെ കിളിവാതിലിലേക്കു നോക്കി.
``ഗോപ്യേട്ടന്‍!''
വിളറി വെളുത്ത മുഖം!
പാറിപ്പറക്കുന്ന നരച്ച മുടി!
``ഗോപ്യേട്ടനതാ!''
അയാള്‍ തേക്കുബെഞ്ചിലിരിക്കുന്ന നാരായണനേയും കഥാകൃത്തിനേയും വിളിച്ച്‌ കിളിവാതിലിലേക്കു കൈചൂണ്ടി.
``ഇല്ല, അവിടെ ആരുമില്ല.'' കഥാകൃത്ത്‌ പറഞ്ഞു.
പുറത്ത്‌, ഇരുട്ടിലൂടെ കടന്നുപോവുന്ന കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന പഴുത്ത പ്ലാവിലകള്‍. ക്ഷുരകക്കടയില്‍ പ്രകാശംവിതറുന്ന ബള്‍ബിനു ചുറ്റും പറക്കുന്ന പ്രാണികള്‍. വലവിരിച്ച്‌ ഇരയെ കാത്തിരിക്കുന്ന എട്ടുകാലികള്‍.
കഥാകൃത്ത്‌ മിണ്ടാതെ പുറത്തേക്കു നടന്നു. അവര്‍ അയാളെ നോക്കി.
``ഞാന്‍ പോവാണ്‌''
അയാള്‍ റോഡിലൂടെ നടന്നു.
...അപകടത്തില്‍ കഴുത്തിന്‌ പരിക്കുപറ്റി ലഖ്‌നോ മിലിറ്ററി ഹോസ്‌പിറ്റലിലെത്തിയ ലാന്‍സ്‌നായിക്‌ ഗോപി അവളുമായി അടുക്കുകയായിരുന്നു. അവള്‍ - ശുഭ്രവസ്‌ത്രധാരിയായ പരിചാരിക. പ്രണയം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അയാള്‍ ഡയറിയില്‍ അതിന്റെ മാധുര്യങ്ങള്‍ കുറിച്ചിട്ടു. അസുഖം പൂര്‍ണ്ണമായി ഭേദമാകാത്തതിനാല്‍ മിലിറ്ററിയോട്‌ വിടപറഞ്ഞു, ഒപ്പം അവളോടും. പ്രണയം അസ്‌തമിക്കുന്ന വേളയില്‍ കുറിച്ചിട്ട അനുഭവങ്ങള്‍ക്ക്‌ അയാള്‍ ഒരു തലക്കെട്ട്‌ കൊടുത്തു. ``ലഖ്‌നോവിലെ ഇണപ്രാവുകള്‍.'' ഇന്നും പെട്ടിയില്‍ സൂക്ഷിക്കുന്ന ആ പ്രണയകഥ. ഗോപ്യേട്ടന്‍ തരാമെന്നു പറഞ്ഞിരുന്നു.
അയാളെ ആരോ പിറകില്‍നിന്ന്‌ തോണ്ടി.
``ഇതാ, ഞാനെഴുതിയ ആ പ്രണയകഥ. തനിക്കുപകാരപ്പെടും''
കഥാകൃത്ത്‌ നിശ്ചലനായി.
``ഇതാ, ലഖ്‌നോവിലെ ഇണപ്രാവുകള്‍''
അയാള്‍ തിരിഞ്ഞുനോക്കി.
ദൂരെ, വെളുത്ത ജുബ്ബയും തുണിയുമുടുത്ത്‌ പുസ്‌തകം മുന്‍പിലേക്കുനീട്ടി ഗോപ്യേട്ടന്‍ നില്‍ക്കുന്നു. പുഞ്ചിരിക്കുന്ന മുഖത്തെ ചുവന്ന ചുണ്ടുകളില്‍ നിന്ന്‌ രക്തം കിനിയുന്നു!
ഏതൊക്കയൊ വഴികളിലൂടെ ഓടിയോടി, അയാള്‍ ക്ഷുരകക്കടയില്‍ തന്നെയെത്തി.
അയാള്‍ അകത്തു കയറി കിതച്ചു. അവര്‍ ആശ്ചര്യപ്പെട്ടു.
``അതാ! അതാ...ഗോപ്യേട്ടന്‍''
അവര്‍ പുറത്തേക്കുനോക്കി.
തെരുവ്‌ ശൂന്യം...
....പലിശക്കാരുടെ കെണിയിലകപ്പെട്ട്‌ തീര്‍ത്താല്‍ തീരാത്ത കടബാധ്യത കാരണമാണ്‌ ഗോപ്യേട്ടന്‍ കീടനാശിനിക്കടയില്‍നിന്ന്‌ ഫുരുഡാന്‍ സ്വന്തമാക്കിയത്‌. പണത്തിനായി സഹപ്രവര്‍ത്തകരെയും, സമ്പന്നരായ ബന്ധുക്കളെയും സമീപിച്ചിരുന്നു. ഫലം നിരാശ.
അന്ന്‌, ഒരു മുയലിനെപ്പോലും കിട്ടാതെ നായാട്ടിനുപോയി തിരിച്ചുവന്ന രാത്രി നാരായണന്റെ വീട്ടിലാണ്‌ ഗോപ്യേട്ടന്‍ അന്തിയുറങ്ങിയത്‌. ഒരേ പായയില്‍, കെട്ടിപ്പിടിച്ച്‌. പ്രഭാതത്തില്‍, സ്‌കൂളിലേക്കുപോവുന്ന നാരായണന്റെ കുട്ടികള്‍ക്കെല്ലാം അയാള്‍ പൈസകൊടുത്ത്‌ കവിളില്‍ സ്‌നേഹവാല്‍സല്യത്തോടെ ചുംബിച്ചു. നാരായണന്റെ ഭാര്യ അയാള്‍ക്കിഷ്ടമുള്ള പ്രാതല്‍, പുട്ടും കടലയും തയ്യാറാക്കുന്നതിനിടയില്‍ അയാള്‍, എനിക്കൊന്നു മുങ്ങിക്കുളിക്കണമെന്ന്‌ പറഞ്ഞു.
``നാരായണാ, നിയ്‌ക്കൊന്ന്‌ മുങ്ങിക്കുളിക്കണം. പുറത്തിറങ്ങിയാല്‍ കാതില്‍ ഈ വാക്കുകളാ...''
നാരായണന്‍ പറഞ്ഞു.
കഥാകൃത്തും നാണുവും നാരായണന്റെ അരികിലേക്കു ചേര്‍ന്നിരുന്നു.
``അതാ നാണ്വോ... ഞാന്‍ പുറത്തിറങ്ങാതെ ഈ ബെഞ്ചില്‍ തന്നെ ഇരിക്കുന്നത്‌.''
അവരുടെ വിറയ്‌ക്കുന്ന കൈകള്‍ കെട്ടുപിണഞ്ഞു.
ദൂരെ നിന്ന്‌ ആ കപടഭാഷണങ്ങളുടെ മുഴക്കം വീണ്ടും കേട്ടപ്പോള്‍ അവര്‍ പുറത്തേക്ക്‌ എത്തിവലിഞ്ഞു നോക്കി.
മൃതദേഹം പൊതുദര്‍ശനത്തിനായി വീട്ടുമുറ്റത്തിട്ട കട്ടിലില്‍ കിടത്തിയിരിക്കുകയാണ്‌. മരണത്തില്‍നിന്ന്‌ അയാളെ രക്ഷിക്കാമായിരുന്നു. സഹായിക്കാമെന്നേറ്റവര്‍ പോലും ഒഴിഞ്ഞു മാറി. എന്നിട്ടെല്ലാം അവസാനിച്ചപ്പോള്‍...
``എന്ത്‌ പണ്യാ ഗോപി കാട്ട്യേ... ഓന്‌ ഇന്നോട്‌ പറഞ്ഞൂടായ്‌ര്‌ന്നില്ലേ. പണത്തിനാണോ പഞ്ഞം.''- സഹപ്രവര്‍ത്തകന്‍.
``പണം ബാങ്കിന്നെടുത്ത്‌ വീട്ടില്‍ വെച്ചിരിയ്‌ക്കാ...ഇന്ന്‌ ഗോപിക്ക്‌ കൊടുക്കാമെന്ന്‌ കരുതി അപ്പോഴേക്കും...''- ബന്ധു.
ഗോപ്യേട്ടന്‍ മുട്ടിയിട്ടും മുട്ടിയിട്ടും തുറക്കാത്ത വാതിലുകള്‍.
``മൊതലും പലിശീം വേണ്ട, ആ സ്‌നേഹം മാത്രംമത്യെന്ന്‌ ഞാന്‍ ഗോപ്യേട്ടനോട്‌ പറഞ്ഞതാ. പക്ഷേ ഗോപ്യേട്ടന്‍''- പലിശക്കാരന്‍.
ഗോപ്യേട്ടന്റെ കാലില്‍ പിണഞ്ഞ ഊരാക്കുടുക്കുകളിലൊന്ന്‌.
പെട്ടെന്ന്‌, നിശ്ചലനായി കിടക്കുന്ന ഗോപ്യേട്ടന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.
കണ്ണുകള്‍ പതിയെ തുറന്നു.
വിരലുകള്‍ ചലിച്ചുകൊണ്ടിരുന്നു. ഗോപ്യേട്ടന്‍ എഴുന്നേറ്റിരുന്ന്‌ ചുറ്റും നോക്കി.
ആള്‍ക്കൂട്ടത്തിലെങ്ങും കപടമുഖങ്ങളെ കണ്ടില്ല. പലരും തലതാഴ്‌ത്തി നടന്നു നീങ്ങുന്നു.
ഭയചിത്തരായി ക്ഷുരകക്കടയിലെ തേക്കുബെഞ്ചില്‍ കോറിപ്പിടിച്ചിരിക്കുന്ന മൂവരും പറഞ്ഞു.
``ഗോപ്യേട്ടന്‍ എഴുന്നേല്‍ക്കരുത്‌''- ക്ഷുരകന്‍ നാണു.
``ഗോപ്യേട്ടാ, ഇത്‌ ശവംതീനികളുടെ ലോകം''- നാരായണന്‍
``മരിച്ചവരാരും ഉയര്‍ത്തെഴുന്നേല്‍ക്കാതിരിക്കട്ടെ''- കഥാകൃത്ത്‌.
ക്ഷുരകക്കടക്ക്‌ മുന്‍പിലെ മച്ചിപ്ലാവില്‍ കൂടണഞ്ഞ കുരുവികള്‍ ചിലയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും