സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഉമ്മകള്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



ആലുങ്കലമ്മൂമ്മയുടെ ഉമ്മകള്‍ ഒരു കാലത്ത്‌ എന്നെ രാജകുമാരിയാക്കിയിരുന്നു. സ്‌കൂളുപൂട്ടി വേനലവധി വന്നാല്‍ വൈകാതെ വല്യമ്മച്ചി വീട്ടിലെത്തും. ഒന്നുരണ്ടു ദിവസത്തിനകം അമ്മ വീട്ടിലേയ്‌ക്ക്‌ യാത്ര തിരിക്കും. അവിടെയെത്തുന്നതിന്റെ പിറ്റേന്നുതന്നെ ആലുങ്കലമ്മൂമ്മ വീട്ടിലെത്തും. എന്റെ വല്ല്യമ്മച്ചിയേക്കാള്‍ പ്രായമുള്ള ഈ അമ്മൂമ്മയ്‌ക്ക്‌ ഒരഞ്ചടി പൊക്കം കഷ്ടിച്ച്‌ കാണും. നീട്ടിവളര്‍ത്തി തോളറ്റമെത്തുന്ന കാതുകള്‍ നഗ്നമാണ്‌. വല്യ ഒരു ദ്വാരം മാത്രം കാതിലുണ്ട്‌. കാതിന്റെ തട്ട്‌ ഊഞ്ഞാലുപോലെ തൂങ്ങിക്കിടക്കും. ചട്ടയിടാറേയില്ല. ഒരു തോര്‍ത്തുമുണ്ടു കൊണ്ട്‌ ഏത്താപ്പു കെട്ടും. തോര്‍ത്തുമുണ്ട്‌ ഒരു തോളിന്റെ മുകളില്‍നിന്ന്‌ മറ്റേ കയ്യിന്റെ കക്ഷത്തിന്റെ വശത്തേയ്‌ക്ക്‌ ചരിച്ചുകെട്ടിയിടുന്നതാണ്‌ ഏത്താപ്പ്‌. ചെറിയ ഒറ്റമുണ്ട്‌ അങ്കവാലു ഞൊറിഞ്ഞ്‌ ഇടും. അല്‌പം കൂനിയാണ്‌ നടത്തം. നന്നേ മെലിഞ്ഞതാണ്‌ ദേഹം. അമ്മൂമ്മയ്‌ക്ക്‌ പഴകിയ ഒരു പുളിമണമുണ്ട്‌. മുറുക്കാനും എണ്ണയും വിയര്‍പ്പുമൊക്കെ കലര്‍ന്ന മണമാണത്‌. വീട്ടിലെത്തിയാല്‍ പിന്നെ ലാളനയുടെ ഒരു ധാരയങ്ങനെ കുറച്ചു നേരത്തേയ്‌ക്ക്‌ ഇടമുറിയാതെ ഒഴുകും. മോളേന്നല്ല, മോനേന്നാണ്‌ വിളിക്കുക. ഒരു അമ്പതു പ്രാവശ്യമെങ്കിലും മോനേവിളി വരും. ``അയ്യോ, എന്റെ മോന്‍ മെലിഞ്ഞു പോയല്ലോ, മോന്റെ പല്ല്‌ ഇച്ചിര പൊന്തിയല്ലോ ആ പുഴുപ്പല്ലൊക്കെ എന്തിയേ? മോന്റെ പുത്തനുടുപ്പ്‌ ആരു വാങ്ങിച്ചു തന്നതാ?'' ഇങ്ങനെയെന്തെല്ലാം കുശലങ്ങള്‍. ഓരോ ചോദ്യത്തിനുമൊപ്പം ഉമ്മകള്‍ നിരവധിയുണ്ടാകും. കടവായില്‍ ചെറുതായി പറ്റി നില്‍ക്കുന്ന മുറുക്കാന്‍ നീരു കലര്‍ന്ന ഉമ്മകള്‍ കൈവിരലില്‍, കൈത്തണ്ടയില്‍, കാലില്‍, മാറില്‍, മുഖത്ത്‌, തലയില്‍ എത്രയെത്ര ഉമ്മകള്‍. പിന്നെ, ചേര്‍ത്തുനിര്‍ത്തി, ആ ചുക്കിച്ചുളിഞ്ഞ മാറിടത്തില്‍ ചേര്‍ത്തുപിടിച്ച്‌ പൂണ്ടടക്കം ഒരുമ്മയാണ്‌. ലാളനയുടെ ഈ സവിശേഷവിധം എന്നെ വല്യ പുള്ളിയാക്കി മാറ്റും. ഞാനേതോ വല്യ ബഹുമാനിത വ്യക്തിയായി തോന്നാനിതെന്നെ സഹായിച്ചിരുന്നു. നാട്ടിലെ പള്ളിക്കുടത്തില്‍ അധ്യാപകരായിരുന്ന മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയുള്ള വീടുവിട്ട്‌ അമ്മവീട്ടിലെത്താനെനിക്കൊത്തിരി ഇഷ്ടമായിരുന്നു. ആലുങ്കലമ്മൂമ്മയുമായി യാതൊരു രക്തബന്ധവും എന്റെ അമ്മവീട്ടുകാര്‍ക്കില്ലായിരുന്നു. പക്ഷേ, അദൃശ്യമായൊരു സ്‌നേഹബന്ധത്തിന്റെ ദാര്‍ഢ്യം എന്റെ വല്യമ്മച്ചി (മുത്തശ്ശി)യും അവരും തമ്മിലുണ്ടായിരുന്നിരിക്കണം. അതിലെല്ലാമുപരി സാധാരണ ജീവിത വൃത്തത്തിനിടയില്‍ കിടന്ന്‌ തിരിഞ്ഞിരുന്ന ഒരു പെണ്‍കുട്ടിക്ക്‌ അതു നല്‍കിയ അംഗീകാരവും സാന്ത്വനവും അളവറ്റതായിരുന്നു. ആ സ്‌നേഹവും ഉമ്മകളും എന്റെ ആത്മനിന്ദയെ തുടച്ചുമാറ്റി. എന്നെ സമ്പന്നയാക്കി മാറ്റിയ ആ ഉമ്മകളുടെ ദാതാവിനെ ഒരിക്കലും മറക്കാനാവില്ല.
ആശ്ലേഷിക്കുകയും ഉമ്മ വയ്‌ക്കുകയും ചെയ്യുന്നത്‌ അത്ര നല്ല ഒരു പരിപാടിയായി കേരളത്തില്‍ കരുതുന്നുണ്ടോയെന്ന്‌ എനിക്ക്‌ സംശയ മുണ്ട്‌. നമ്മള്‍ പലപ്പോഴും അടുപ്പങ്ങളെ അകലെ നിര്‍ത്തി വണങ്ങിപ്പോവു കയാണ്‌ പതിവ്‌. ഒരു ഔപചാരികവഴിയുണ്ട്‌ അതിനും. ചൈതന്യവത്തായ അടുപ്പങ്ങളെ കനലൂതി തെളിക്കാന്‍ സ്‌പര്‍ശത്തിനും ആശ്ലേഷത്തിനും സാധിക്കും. അതോടൊപ്പം കാമാര്‍ത്തമായ അനാവശ്യ സ്‌പര്‍ശങ്ങള്‍ അസഹ്യവുമാണ്‌. സ്‌കൂളില്‍നിന്ന്‌ ഒരു മത്സരത്തിന്‌, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എറണാകുളത്തു വന്നപ്പോള്‍, ഒരപരിചിതന്‍ അനവസരത്തില്‍ ചെയ്‌ത സ്‌പര്‍ശവും ചുംബനശ്രമവും ദീര്‍ഘകാലം പേടിയും അലോസരവും പ്രദാനം ചെയ്‌തുകൊണ്ടിരുന്നു. ഒറ്റപ്പെട്ട വഴികളെ പേടിക്കാന്‍ ആ കൗമാരകാലാനുഭവം ഇടയാക്കി. ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ മത്സരവിജയത്തില്‍ ആഹ്ലാദിച്ച്‌ ഞങ്ങള്‍ക്ക്‌ അലോട്ട്‌ ചെയ്‌ത മുറിയിലേക്ക്‌ നടന്നുപോകു മ്പോഴാണ്‌ വരാന്തയിലെ വലിയ തൂണിന്റെ മറവില്‍ നിന്നൊരാള്‍ കടന്നുവന്ന്‌ ശരീരത്തില്‍ പിടിച്ച്‌ അടുപ്പിച്ച്‌ ഉമ്മ വയ്‌ക്കാന്‍ ശ്രമിച്ചത്‌. ഞങ്ങള്‍ കുതറിയോടിയെങ്കിലും അപൂര്‍ണ്ണമായ ആ ചുംബനം ഒരു പാടുനാള്‍ - കൗമാരകാലത്തുടനീളം വിടാതെ പിന്തുടര്‍ന്നു. നീളമേറിയ വിജന വരാന്തകള്‍, ട്രെയിനിന്റെ ടോയ്‌ലറ്റിനരികിലെ വെളിച്ചം മങ്ങിയ ഇടം, ആളൊഴിഞ്ഞ ഒറ്റപ്പെട്ട വഴികള്‍ എന്നിവയെല്ലാം വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്‌. അപരിചിതമായ ഒരു കയ്യിന്റെ അടുപ്പം ഇന്നും അബോധ ത്തിലെവിടെയോ പൂര്‍ണ്ണമായി മങ്ങാതെ കിടക്കുന്നു.
നമ്മുടെ ശരീരം വളരെ ജാഗ്രതയോടെ കൊണ്ടുനടക്കേണ്ട ഒരു ഭാരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കാന്‍ അനവസരത്തിലെ അസമ്പൂര്‍ണ്ണമായ ആ ഉമ്മയ്‌ക്കു കഴിഞ്ഞു. മുള്ളും മുനയും നിവര്‍ത്തിവച്ച്‌, സ്‌പര്‍ശങ്ങളെയോ അടുപ്പങ്ങളെയോ അഗോചരമായ ഒരു സൂക്ഷ്‌മദര്‍ശിനി കൊണ്ട്‌ നിരന്തരം പരിശോധിച്ച്‌ പ്രതിരോധസജ്ജമായ ഒരു പ്രദേശമായി ശരീരത്തെ നിലനിര്‍ത്താന്‍ ആ സംഭവം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സ്വതന്ത്രമായും ആനന്ദകാരിയായും കൊണ്ടുനടക്കേണ്ട ഈ ശരീരം (കൗമാരത്തിലെ ശരീരം) പലപ്പോഴും ഒരു നനഞ്ഞ തുണിക്കെട്ടുപോലെ ഞാന്‍ ചുമന്നുനടന്നു. ആരെയും ഒന്നവിശ്വസിക്കാനും, വിട്ടുമാറി നടക്കാനും ഇന്ദ്രിയങ്ങളെ പ്രേരിപ്പിക്കുന്ന മനസ്സ്‌ ഒരുപാട്‌ അസ്വസ്ഥയാക്കിയിട്ടുണ്ട്‌. അടുപ്പിച്ച്‌ നിര്‍ത്താവുന്ന ആണ്‍കൂട്ടുകാരെപ്പോലും അഞ്ചടി ആറിഞ്ച്‌ അകറ്റിയേ നിര്‍ത്തു. ആള്‍ക്കൂട്ടത്തിലും വിജനതയിലും പ്രാചീനമായ ഭയങ്ങള്‍ കുടിയിരിക്കാന്‍ മനസ്സിന്‌ ഇഷ്ടം തോന്നി. പുരുഷന്മാര്‍ എന്ന അപരിചിതഭൂപ്രദേശത്തിന്റെ വരമ്പില്‍കൂടിപ്പോലും നടക്കാതിരിക്കാന്‍ 9-ാം ക്ലാസ്സു മുതല്‍ ഞാന്‍ ശീലിച്ചുതുടങ്ങി. നമ്മുടെ ശരീരാവബോധത്തിന്റെ ചരിത്രത്തില്‍ ഇത്തരം അതിക്രമ ചുംബനങ്ങള്‍ കിടക്കുന്നുണ്ടാകാം. അവ നമ്മെ പൊള്ളിക്കും. നാളേറെ ചെല്ലുമ്പോള്‍ ആ വടുക്കള്‍ അവിടെ ശേഷിക്കും. സുന്ദരവും സ്വതന്ത്രവുമായി വ്യവഹരിക്കേണ്ടുന്ന ശരീരത്തെ പ്രതിരോധ സജ്ജമായ ആയുധ ശാലയാക്കി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച അക്രമിയെ മറന്നുകളയുന്നു.
ഉമ്മകള്‍ എപ്പോഴും ഊഷ്‌മാവിന്റെ കയ്യൊപ്പു ചാര്‍ത്തിയതായിരിക്കും. എന്നാല്‍ ഒരിക്കല്‍ ഉമ്മ ഹിമസാഗരത്തിന്റെ അലയൊലിയായി എന്നെ വന്നു തഴുകി. എനിക്കേറ്റം പ്രിയപ്പെട്ട എന്റെ വല്യമ്മച്ചി മരിച്ചു. അന്നേയ്‌ക്ക്‌ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന എന്റെ വിവാഹത്തില്‍ പങ്കെടുക്കാതെ അവര്‍ ഈ ലോകജീവിതം വിട്ടുപോയി. വിവരമറിഞ്ഞ്‌, തിരുവനന്തപുരത്തു നിന്നെത്തിയ ഞാന്‍ വല്യമ്മച്ചിയുടെ ശരീരത്തിനടു ത്തേയ്‌ക്ക്‌ ഓടിയെത്തി. സങ്കടത്തോടെ, വല്യമ്മച്ചിയെ ഉമ്മ വച്ചു. ഹോ! ഒരു ശവശരീരത്തെയാണ്‌ ഞാന്‍ ഉമ്മ വയ്‌ക്കുന്നതെന്നു തിരിച്ചറിഞ്ഞു. എന്റെ മൂക്കിന്‍തുമ്പില്‍ നിന്ന്‌ തണുപ്പിന്റെ സാന്നിധ്യം മനസ്സിലേയ്‌ക്ക്‌ വ്യാപിച്ചു. ജീവനറ്റ ശരീരത്തിന്റെ ആ തണുപ്പ്‌ ഒരുപാട്‌ കരുതലിന്റെ ഒടുക്കമാണന്ന്‌ ആരോ ഉള്ളിലിരുന്ന്‌ പതുക്കെ പറഞ്ഞു. മരണത്തിലൊടുങ്ങുന്ന ജീവന്റെ ചൂടും പിടച്ചിലും എത്ര വലുതാണെന്ന്‌ ആ തണുത്ത ഉമ്മ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ഇടപെടലുകളില്‍ സൂക്ഷിക്കേണ്ട ഊഷ്‌മളതകളുടെയും സ്വതന്ത്ര വിനിമയത്തിന്റെയും ആദ്യത്തെ പേര്‌ ഉമ്മകളെന്നായിരിക്കു മെന്നു തോന്നുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും