അച്ഛന്റെ തിരോധാനത്തെക്കുറിച്ചുള്ള അവന്റെ അന്വേഷണത്തിന് മുത്തശ്ശി പറഞ്ഞ കഥ തിരശ്ശീല വീഴ്‌ത്തി. കഥയ്‌ക്കിടയിലൂടെ പാല്‍ക്കഞ്ഞി കോരിക്കുടിപ്പിച്ച മുത്തശ്ശി ഒഴിഞ്ഞ പാത്രവുമായി അകത്തേക്കു നടന്നു പോവുന്നതും, തേങ്ങിക്കരയുന്ന അമ്മയെ സാന്ത്വനിപ്പിക്കുന്നതും അകത്തളത്തില്‍നിന്നു കേള്‍ക്കാം. കഥ മനസ്സിനെ കലുഷമാക്കുന്നു. കൊടിതോരണങ്ങള്‍കൊണ്ട് അലങ്കൃതമായ നിളാതീരം. നിലപാടുതറയില്‍ നിന്ന് അട്ടഹസിക്കുന്ന ക്രൂരനായ സാമൂതിരി. നിളാതീരത്തിലൂടെ ഖിന്നനായി നടന്നുപോവുന്ന വെള്ളാട്ടിരി. സാമൂതിരിയുടെ പരമാധികാരത്തെ അംഗീകരിച്ചിരുന്ന രാജാക്കന്മാരും നാട്ടുപ്രമാണികളും തങ്ങളുടെ കൂറ് പ്രകടിപ്പിക്കാന്‍ മാമാങ്കത്തട്ടില്‍ കൊടിനാട്ടുമ്പോള്‍, സാമൂതിരിയുടെ തല അറുത്തുമാറ്റാന്‍ അങ്കക്കലിയോടെ പാഞ്ഞടുക്കുന്ന ചാവേറുകള്‍...മരിച്ചുവീഴുന്ന ചാവേര്‍പ്പടയാളികളെ ചവിട്ടിയരച്ച് മണിക്കിണറിലേക്ക് വലിച്ചെറിയന്ന ഗജവീരന്റെ ചിന്നം വിളി. ``അച്ഛാ...!'' രാവെളിച്ചത്തിലൂടെ പാറിപ്പറന്ന് ഓട്ടിന്‍പുറത്തും നടുമുറ്റത്തും വീഴുന്ന കരിയിലകളുടെ ശബ്ദം. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ പാഞ്ഞുകളിക്കുന്ന കൊച്ചുനക്ഷത്രം. അവന്‍ എഴുന്നേറ്റു. ആ കൊച്ചുവിരലുകള്‍ വാതിലിന്റെ സാക്ഷവലിച്ചുനീക്കാന്‍ പാടുപെട്ടു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നപ്പോള്‍ ചന്ദ്രപ്രകാശവും ഇളംകാറ്റും അകത്തേക്ക് കടന്നുവന്നു. രാവെളിച്ചത്തിലൂടെ പാറിപ്പറക്കുന്ന ഈയാംപാറ്റകള്‍. മണ്ണില്‍നിന്ന് പൊടിഞ്ഞ്, ചിറകുകള്‍ കരിഞ്ഞ്, മണ്ണിലേക്കു വീഴുന്ന അവയുടെ പ്രാണവെപ്രാളം അവന്റെ ചിന്തകളെ ഉലയ്‌ക്കുന്നു. ഈയാംപാറ്റകള്‍ പാറിക്കളിക്കുന്ന ഇരുട്ടിലൂടെ അവന്‍ നടന്നു. കളരിയുടെ മതില്‍ക്കെട്ടിനുള്ളില്‍നിന്നുയരുന്ന ധൂളി. ആരുടെയോ കൈകളില്‍ കിടന്നുകറങ്ങുന്ന ഉറുമിയുടെ തിളക്കവും ശബ്ദവും. അവന്‍ മതില്‍ക്കെട്ടിന് മുകളിലേക്ക് ചാടിക്കയറി. ധൂളീപടലത്തിനുള്ളില്‍ അവ്യക്തമായ അച്ഛന്റെ രൂപം. വര്‍ദ്ധിച്ച വീറോടെ അഭ്യാസം തുടരുമ്പോള്‍, ഉറുമി ശരീരത്തെ കീറിമുറിച്ച് കൈകളില്‍ നിന്ന് തെറിച്ചു. കൈത്തണ്ടയില്‍ നിന്ന് കിനിയുന്ന രക്തവുമായി നിലത്തിരിക്കുമ്പോള്‍ ഈയാംപാറ്റകള്‍ അച്ഛനിലേക്കാകര്‍ഷിക്കപ്പെട്ടു. ``അച്ഛാ...'' അവന്‍ കളരിയിലേക്കു ചാടി. അച്ഛനില്ലാത്ത, ആയുധങ്ങളുടെ മുഴക്കമില്ലാത്ത, ധൂളിയില്ലാത്ത, അണഞ്ഞ കളരിവിളക്കുകളുമായി ശ്‌മശാനമൂകമായ കളരി. ഈര്‍പ്പമില്ലാത്ത മണ്ണില്‍ കുന്തിച്ചിരിക്കുമ്പോള്‍ അകലങ്ങളില്‍ നിന്നു കേള്‍ക്കുന്ന കാലന്‍കോഴിയുടെ കൂവല്‍ അവനെ പേടിപ്പെടുത്തുന്നു. ഇടതൂര്‍ന്ന വൃക്ഷലതാദികളിലൂടെ ഊര്‍ന്നിറങ്ങി, അരണിപുഷ്‌പങ്ങള്‍ വീണ കാവിലെ നാഗബിംബങ്ങളെ തഴുകിയെത്തിയ സൂര്യപ്രകാശം പാലമരച്ചുവട്ടില്‍ ഉറങ്ങുന്ന അവനെ ഉണര്‍ത്തിയില്ല. ചന്തുണ്ണീ - അമ്മയുടെ വിളികള്‍ കാതുകളില്‍ തടഞ്ഞില്ല. അവസാനം തണുത്ത വിരല്‍സ്‌പര്‍ശത്താല്‍ കണ്ണുകള്‍ തുറക്കപ്പെട്ടു. അവന്‍ എഴുന്നേറ്റ് മുത്തശ്ശിയുടെ കൈകളില്‍ പിടിച്ചു. ``അച്ഛന്‌ന്നോട് പറയാതെ പോയി.'' ``ആര് പറഞ്ഞു ഈ നൊണ. അച്ഛന്‍ ചന്തുണ്ണിന്റെ നെറ്റിയില്‍ മുത്തിയിട്ടാ പോയത്. നീ ഒറങ്ങ്വായ്‌രുന്നു.'' ``നിയ്‌ക്ക് കാണണം...അച്ഛനെ കാണണം.'' ഒന്നും മിണ്ടാതെ, കാവിലെ കുളത്തിലെ ആമ്പല്‍പൂക്കളെ നോക്കിനില്‍ക്കുന്ന മുത്തശ്ശി പറഞ്ഞു. ``ഒര് വട്ടം...ഒരൊറ്റ വട്ടം മാത്രം...'' ചില്ലകളില്‍നിന്ന് ഇറ്റിവീഴുന്ന തുഷാരങ്ങള്‍ കുളത്തില്‍ വൃത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പിന്നിടുന്ന പാതയിലേക്കു നോക്കി മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് കിടന്നു. ചാട്ടവാറടിയൊച്ച ഉയരുമ്പോള്‍ കാളവണ്ടിയുടെ വേഗം വര്‍ദ്ധിക്കുന്നു. വണ്ടിക്കുള്ളില്‍ ആടിക്കളിക്കുന്ന റാന്തല്‍. മുത്തശ്ശി അവന്റെ ശിരസ്സില്‍ തലോടിക്കാണ്ടിരുന്നു. ``തിരുനെല്ലിപ്പുഴയില്‍ ഇരിക്കപ്പിണ്ഡം വെച്ച്, തിരുമാന്ധാംകുന്നമ്പലത്തില്‍ ഭജനമിരുന്ന ചാവേറുകള്‍, അതാ... ആ വഴിയാണ് പുതുമനക്കളരിയിലേക്ക് പോവ്വാ...'' അവന്റെ കണ്ണുകള്‍ കുറ്റിപ്പൊന്തകള്‍ നിറഞ്ഞ ഊടുവഴിയിലേക്കു നീങ്ങി. ``കളരിയിലെ എട്ട് ദേവതമാരെയും ഘളൂരികദേവിയെയും തൊഴുത്, പുതമനഅമ്മ ഉരുട്ടിക്കൊടുക്കുന്ന പടച്ചോറുരുള തിന്ന് സാമൂതിരിയുടെ ശിരസ്സ് അരിഞ്ഞ് വീഴ്‌ത്താന്‍ അവര്‍ യാത്രയാവും...'' മനസ്സില്‍ പതിഞ്ഞ ഊടുവഴിയിലൂടെ നടന്നുനീങ്ങുന്ന കുറെ ആള്‍രൂപങ്ങള്‍. ഒന്നും മിണ്ടാതെ ദുരേക്ക് കണ്ണുംനട്ട്, തിളങ്ങുന്ന ചുരികയും പരിചയും പിടിച്ച്... ``മാമാങ്കത്തട്ടില്‍ വെച്ച് വീരമൃത്യുവരിക്കുന്ന അവര്‍ക്കായി സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടും...'' ഊടുവഴിയില്‍ ആയുധങ്ങളുടെ സംഘട്ടനനാദം. ദീനരോദനം. ചിതറുന്ന രക്തത്തുള്ളികളില്‍ അട്ടഹാസം. നീണ്ട നിശ്ശബ്ദതക്ക് ശേഷം ആകാശത്തേക്കുയര്‍ന്ന വെള്ളരിപ്രാവുകള്‍. ``അച്ഛാ...'' അവര്‍ മുത്തശ്ശിയുടെ മടിയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു. കിതപ്പോടെ ചുറ്റും നോക്കി. കാളവണ്ടി വെള്ളാട്ടങ്ങാടിയിലൂടെ *തിരുമാന്ധാംകുന്ന് ക്ഷേത്രകവാടത്തിനരികിലെത്തിയിരുന്നു. ക്ഷേത്രത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ പെരുമ്പറ മുഴങ്ങുന്നു. ചാവേര്‍ത്തറയില്‍ നിന്ന് രാജസേവകര്‍ എന്തോ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. ചുറ്റും നിറഞ്ഞ ആള്‍ക്കൂട്ടം. വെള്ളാട്ടിരിയും സ്വരൂപികളും ക്ഷേത്രദര്‍ശനം കഴിഞ്ഞ് കരിങ്കല്‍തിണ്ടുകളിറങ്ങി ചാവേര്‍ത്തറയിലേക്ക് എഴുന്നെള്ളി. `അല്‍പാകുളത്തിലെ' അവസാനകുളിയും കഴിഞ്ഞ്, ചുവന്ന കച്ചകെട്ടി, മുണ്ഡനം ചെയ്‌ത്, ശരീരമാസകലം മഞ്ഞള്‍ തേച്ച്, നീട്ടി കണ്ണെഴുതിയ ചാവേറുകള്‍ക്ക് വെള്ളാട്ടിരി ചുരികയും പരിചയും കൊടുത്ത് കഴുത്തില്‍ കാട്ടിതെച്ചിമാലയണിയിച്ചു. ചാവേര്‍ത്തറയില്‍ വിളക്കുവെച്ച്, അവര്‍ ഉടവാളൂരി ചാവേര്‍ വിളിച്ചു. അവന്റെ വിഭ്രാന്തമായ കണ്ണുകള്‍ ചാവേറുകളുടെ മുഖങ്ങള്‍ ശ്രദ്ധിച്ചു. അവര്‍ വെള്ളാട്ടിരിയെയും സ്വരൂപികളെയും വണങ്ങി തിരുമാന്ധാംകുന്നമ്മയുടെ അനുഗ്രഹത്തിനായി കരിങ്കല്‍തിണ്ടുകള്‍ കയറുന്നു. എല്ലാവരും നീട്ടികണ്ണെഴുതി, മഞ്ഞള്‍ തേച്ച്, മുണ്ഡനം ചെയ്‌ത്.... അവന്‍ മുത്തശ്ശിയുടെ കൈകള്‍ പിടിച്ചുവലിച്ചു. ``ന്റെ അച്ഛന്‍...ന്റെ അച്ഛനേതാ...'' അവരെ നോക്കി നിര്‍ന്നിമേഷയായ മുത്തശ്ശി നീണ്ട മൗനം ഭഞ്‌ജിച്ചു. ``അതെല്ലാം ന്റെ മക്കളാ...ന്റെ മക്കളതാ പോണ്.'' അവന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ കുന്നിന്‍മുകളിലേക്ക് ഓടി. കാഞ്ഞിരക്കാട്ടിലൂടെ ഓടുമ്പോള്‍ കാലുകള്‍ കീറിമുറിഞ്ഞു. വടക്കേനടയുടെ അരികിലെത്തിയപ്പോള്‍ അവിടെയും ആള്‍ക്കൂട്ടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വടക്കേനടയിലെ കരിങ്കല്‍തിണ്ടുകള്‍ ഇറങ്ങിവരുന്ന ചാവേറുകളെ കണ്ണുകള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചു. അച്ഛനെ തിരിച്ചറിയാത്ത ദേഷ്യത്താല്‍, കല്ലുപാലത്തിലൂടെ നീങ്ങുന്ന ചാവേറുകളെ നോക്കി ഉച്ചത്തില്‍ `അച്ഛാ..' എന്നു വിളിക്കാന്‍ ഒരുങ്ങിയപ്പോള്‍ ആരോ വായപൊത്തി. ``കുട്ട്യേ...ചാവേറ് പോണോരെ പിറകില്‍ നിന്ന് വിളിക്കരുത്.'' ആളുകളോരോന്നായി പൊയ്‌ക്കൊണ്ടിരുന്നു. പാദങ്ങളില്‍ നിന്നൊലിക്കുന്ന രക്തവുമായി കരിങ്കല്‍ തിണ്ടിലിരുന്ന് കരയുമ്പോള്‍ ശരീരത്തിലൊരു തണുത്ത വിരല്‍സ്‌പര്‍ശം... പുഞ്ചിരിക്കുന്ന മുത്തശ്ശി.