സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഒരു മിന്നല്‍ വന്നു പിളര്‍ത്തുമ്പോഴൊക്കെ

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



കുറച്ചുനാള്‍മുമ്പ്‌ നവാസിനെ കണ്ടു. അയാളുടെ കണ്ണില്‍ ഒരു ടാജ്‌മഹല്‍ തകര്‍ന്നുവീണുകിടക്കുന്നു. സ്‌നേഹത്തിന്റെ ചിരന്തനഭാഷ്യമായി ഒരു സ്‌മാരകം നിര്‍മ്മിക്കാമെന്ന്‌ വ്യാമോഹിച്ചയാളല്ല നവാസ്‌. പക്ഷേ, അയാള്‍ തന്നെ സ്‌നേഹത്തിന്റെ ശവകുടീരമായി മാറിക്കഴിഞ്ഞിരുന്നു.
അജിച്ചായന്റെ കൂട്ടുകാരനാണ്‌ നവാസ്‌. ചെറുപ്പത്തിലെ ഉള്ള കൂട്ടാണ്‌. ഒരു ഹ്രസ്വകാലത്തെ അനുരാഗ കാലത്തിനുശേഷം വിവാഹിതയായി അജിച്ചായന്റെ നാട്ടിലെത്തിയ കാലത്താണ്‌ അദ്ദേഹം എനിക്ക്‌ നവാസിനെ പരിചയപ്പെടുത്തിയത്‌. നോട്ടത്തിലും ചലനത്തിലും ആംഗ്യവിക്ഷേപത്തിലും ചിരിയിലുമൊക്കെ പ്രത്യേക ഭംഗിയുള്ള ഒരാള്‍. അവര്‍ കൂട്ടുകാര്‍ വഴിയരികില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടുനിന്നു. ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാ തിരുന്നതിനാല്‍ റോഡിലൂടെ ഓടുന്ന വണ്ടികളെ നോക്കി നില്‍ക്കുന്നതിനിടയില്‍ അവരെ രണ്ടുപേരെയും ശ്രദ്ധിച്ചു. വര്‍ത്തമാനം അത്രകണ്ട്‌ എനിക്ക്‌ മനസ്സിലായില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു. അയാള്‍ ഹൃദ്യമായി ചിരിച്ച്‌ എന്നെയും യാത്രയാക്കി.
ഞങ്ങള്‍ നടത്തം തുടര്‍ന്നു. അതിനിടയില്‍ അജിച്ചായന്‍ നവാസിന്റെ പ്രേമത്തെക്കുറിച്ച്‌ പറഞ്ഞു. സഹോദരഭാര്യയുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ അവന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും വീട്ടില്‍ നല്ല എതിര്‍പ്പുണ്ടെന്നും പറഞ്ഞു. സാമ്പത്തികമാണ്‌ പ്രശ്‌നം. അവള്‍ക്കാണെങ്കില്‍ ഏതു പ്രതിസന്ധിയേയും മറികടന്ന്‌ ഇയാളുടെകൂടെ ജീവിക്കനിഷ്‌ടവുമാണ്‌. ഈ പ്രണയപ്രതിസന്ധിയാണ്‌ അവര്‍ ചര്‍ച്ച ചെയ്‌തത്‌. ഏതായാലും വൈകാതെ അവര്‍ വിവാഹിതരായി. നിറവും സന്തോഷവുമുള്ള ചില നാളുകള്‍ അവരെക്കടന്നുപോയി. വിവാഹക്കാര്യത്തില്‍ സാമ്പത്തികം പ്രശ്‌നമായിരുന്നതിനാല്‍ നവാസ്‌ ജോലിക്കായി ഗള്‍ഫിലേയ്‌ക്കുപോയി. കുറച്ചുനാള്‍ അവിടെ ജോലി ചെയ്‌തു. ഹൃദയത്തിന്റെ നേര്‍പാതി മുറിച്ചുനല്‍കിയ ആള്‍ നാട്ടില്‍ ജീവിക്കുന്നതിനാല്‍ സ്‌നേഹം അയാള്‍ക്ക്‌ പൊറുതികേടായി മാറി. വിരഹം വിട്ടുമാറാതെ ഓരോ ചുവടുവെയ്‌പ്പിനെയും പൊള്ളിച്ചു. മരുഭൂമിയിലെ ജോലിയും താമസവും വൈകാതെ വിട്ട്‌ നാട്ടിലേയ്‌ക്ക്‌ പോന്നു. പ്രിയപ്പെട്ടവള്‍ ഗര്‍ഭിണിയായി. എന്നാല്‍ ആദ്യപ്രസവത്തോടെ ഒരു പുന്നാരമുത്തിനെ അവനുകൊടുത്ത്‌ അവള്‍ നാഥന്റെ നാട്ടിലേയ്‌ക്കു യാത്രയായി. സ്‌നേഹം അതിന്റെ തീവ്രശോഭയോടെ നില്‍ക്കുന്ന കാലത്തുതന്നെ ഇനിയൊരിക്കലും കാണാത്തവിധം പിരിഞ്ഞുപോയ ജീവിതം മിന്നല്‍ പിളര്‍ന്നുമാറിയ മരപ്പാത്തി പോലുള്ളതാണ്‌. ചേട്ടത്തിയമ്മമാരുടെ കൈകളിലൂടെ കുഞ്ഞ്‌ വളര്‍ന്നുവെങ്കിലും നവാസിന്‌ പുതിയ ദിവസങ്ങളിലേയ്‌ക്ക്‌ ഒട്ടും നടന്നെത്താനായില്ല. പഴയ ദിവസങ്ങളില്‍ മാത്രം. പഴയ ഇഷ്‌ടത്തിന്റെ ഇരമ്പങ്ങള്‍ മാത്രമറിഞ്ഞ്‌ ജീവിച്ചു. നാട്ടില്‍ തുടങ്ങിയിരുന്ന കട ശ്രദ്ധ കിട്ടാതെ മുരടിച്ചുനിന്നു. സ്‌നേഹം ആത്മഘാതകമായ ആയുധമായി അയാളെ മുറിപ്പെടുത്തി. സദാ രക്തം പൊടിയുന്നു മുറിവ്‌. പിളര്‍ന്നുനില്‍ക്കുന്ന ഒന്നായി പ്രേമത്തെ നെഞ്ചിലയാള്‍ കൊണ്ടുനടന്നു. സുബോധത്തിന്റെ തെളിനിലങ്ങളെ മദ്യം ഒന്നൊന്നായി മൂടി. ജീവന്റെ തിരി കെടാത്തതിനാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന തൊണ്ടായി ശരീരം മാറിക്കഴിഞ്ഞു.
മാരകമായ വിഷം പുരട്ടിയ ചുണ്ടുകള്‍ കൊണ്ടുള്ള ചുംബനംപോലെ ആത്മാവിനേയും ശരീരത്തെയും ബാധിക്കുന്ന സ്‌നേഹത്തെ എങ്ങനെയാ ണ്‌ പ്രേമമെന്ന്‌ വിളിക്കുക. ഒരു ബാധയായി ആവേശിച്ചുകഴിഞ്ഞ ചില സ്‌നേഹത്തില്‍നിന്നും പുറത്തുകടക്കാനാവാതെ വിറകൊള്ളുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ചിലപ്പോഴൊക്കെ അവരാല്‍ സ്‌നേഹിക്കപ്പെട്ടവര്‍ എത്ര ഭാഗ്യശാലികളാണെന്ന്‌ ചിന്തിച്ചിട്ടുമുണ്ട്‌. മരിച്ചിട്ടും പിന്നെയും പിന്നെയും അവളില്‍ത്തന്നെ ജീവിച്ചുമടുക്കാത്തവര്‍ ഉടലിമ്പങ്ങളില്‍നിന്ന്‌ ഭോഗത്തിന്റെ ലയഹര്‍ഷങ്ങളില്‍നിന്നും ശരീരത്തെ വീണ്ടെടുത്തവരാണെന്ന്‌ ചിന്തിക്കാറുണ്ട്‌. പ്രണയം ആത്മഹത്യയാണെന്ന്‌ എന്‍.എസ്‌.മാധവന്റെ കഥയില്‍ പറയുന്നുണ്ട്‌. എന്നിലെ ഞാന്‍ മരിക്കുകയും നീ വളരുകയും ചെയ്യുന്ന ആത്മഹത്യ. വായനയ്‌ക്കപ്പുറത്തേയ്‌ക്ക്‌ പലപ്പോഴും ഈ വരികളെന്നെ നയിച്ചിട്ടുണ്ട്‌. ജീവിതത്തിന്റെ നേര്‍ക്ക്‌ നടത്തുന്ന ചൂഴ്‌ന്ന നോട്ടങ്ങളില്‍ ഇത്തരം ആത്മഹത്യയുടെ സാന്ദ്രതയും ഘനവും തിരയുന്നതിനിടയിലൊക്കെ ഈ വാക്യങ്ങള്‍ അളവുമാപിനിയായി മാറാറുണ്ട്‌. 
ആത്മാഘാതകമായ ഒന്നിനെ സ്‌നേഹമെന്ന്‌ വിളിക്കാമോ എന്ന്‌ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. സ്വയം നശിപ്പിക്കുകയും അവനവനെത്തന്നെ പുനഃവ്യാഖ്യനക്ഷമമല്ലാത്ത ഒന്നായി നിശ്ചലമാക്കുകയും ചെയ്യുന്ന അവസ്ഥയാണോ സ്‌നേഹം, അതോ അകക്കാതലിനെ കൂടുതല്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്ന നിരന്തരപ്രക്രിയയാണോ ലോകപ്രസിദ്ധങ്ങളായ അനുരാഗകഥകളിലൊക്കെ ദുരന്തങ്ങളില്‍ ചെന്നുമുട്ടി തകര്‍ന്ന്‌ നിലവിളിക്കുന്നതെന്തേ? ലൈലയും മജുനുവും റോമിയോയും ജൂലിയാറ്റും സംസ്‌കാരപാഠങ്ങളില്‍ പ്രണയദുരന്തത്തിന്റെ കനലുകള്‍ പേറുന്നവരാണ്‌. അധികമധികം സ്‌നേഹിക്കുന്തോറും അധികമധികം ഉള്ളിലേയ്‌ക്ക്‌ മടങ്ങുന്ന ചില അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാവാം. നിലവിലുള്ള ജീവിതവ്യവസ്ഥകള്‍ സാമ്പത്തികശ്രേണീനിലകള്‍ ജാതിമതദേശപരമായ വിഭാഗീയതകള്‍ എന്നിവയെല്ലാം സ്‌നേഹത്തിന്റെ വഴികളില്‍ കല്ലും തടിയും ഇട്ട്‌ തടസ്സം തീര്‍ക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ സിംഹാസനങ്ങള്‍ വെണ്ടെന്ന്‌ വയ്‌ക്കുന്നതിലേയ്‌ക്കുപോലും സ്‌നേഹിക്കപ്പെടുന്നവര്‍ എത്തിച്ചിട്ടുമുണ്ട്‌. എല്ലാ ഭാഗ്യങ്ങളേയും പുറംകൈകൊണ്ട്‌ തട്ടിക്കളഞ്ഞ്‌ സ്‌നേഹിക്കുന്നവന്റെ - സ്‌നേഹിക്കുന്നവളുടെ കയ്യും പിടിച്ച്‌ ഇറങ്ങിപ്പോകുന്നതിന്റെ ചരിത്രപാഠമാണ്‌ ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ്‌ എട്ടാമനും അമേരിക്കക്കാരിയായ വാലീസ്‌ സിംസനുമൊത്തുള്ള പ്രേമജീവിതം. ഇതിന്റെ പ്രതിഫലം സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ കിരീടനഷ്‌ടമായിരുന്നു.
പിന്‍വിളികളുടെ സങ്കീര്‍ണ്ണതയേയും പ്രലോഭനങ്ങളേയും മറികടന്ന്‌ ഒരാള്‍ പ്രണയത്തിന്റെ രത്‌നകിരീടം ചാര്‍ത്തിയാലും അയാള്‍ക്ക്‌ എത്രകാലം സന്തുഷ്‌ടനായിരിക്കാന്‍ കഴിയും. കൊഴിഞ്ഞുപോകുന്ന മുടിയിഴകളും ചുളിവീഴുന്ന കണ്‍തടങ്ങളും കേടുവീഴുന്ന മന്ദഹാസങ്ങളും ശരീരത്തിന്റെ ആകര്‍ഷതകളെ പതുക്കെപ്പതുക്കെ മായിച്ചുകളയുന്നു. ഇങ്ങനെ മാഞ്ഞുപോകുന്ന ആകര്‍ഷതകള്‍ കൂടുതല്‍ സുന്ദരമായി തെളിയിച്ചുകാണിക്കുന്നത്‌ ഇന്ദ്രിയാകര്‍ഷണങ്ങള്‍ക്ക്‌ അതീതമായ പ്രണയത്തിന്റെ ഓറയെ പ്രകാശരൂപിയായ ശരീരത്തെ ആണെങ്കില്‍ മറ്റൊന്നുമിനി അയാള്‍ക്കുവേണ്ട എന്ന പരമപദത്തെ അവര്‍ പ്രാപിക്കുന്നു. എത്രപേര്‍ ഈ പരമപദത്തിലെത്താറുണ്ട്‌. ഭവഭൂതി ആയിരത്തിലധികം കൊല്ലം മുമ്പ്‌ സ്‌നേഹത്തെക്കുറിച്ചു പറഞ്ഞത്‌ വായിച്ച്‌ അതിന്റെ പിന്നാലെയും കുറേനാള്‍ ധ്യാനിച്ചിട്ടുണ്ട്‌. അരികില്‍ മരുവിയൊന്നും ചെയ്‌തില്ലെങ്കിലും കൂടെയുണ്ടായിരുന്നാല്‍ മാത്രം മതിയെന്നാണ്‌ ഭവഭൂതി പറയുന്നത്‌. 
ഒന്നുംവേണ്ട അടുത്തൊന്നുണ്ടായിരുന്നാല്‍മതിയെന്ന അവസ്ഥ കാല്‌പനിക മാത്രമായി പുച്ഛിക്കേണ്ടതില്ല. സൂഫികളും മിസ്റ്റിക്‌ സന്യാസിമാരും ശരീരത്തിന്റെ വിലോഭനീയതകളെയും ക്ഷണങ്ങളേയും മറികടന്ന്‌ ആത്മപ്രകാശനപരവും ആനന്ദകതരവുമായ ഒരവസ്‌ഥയായി പ്രേമത്തെ കൊണ്ടാടുന്നുണ്ട്‌. ശരീരം അവിടെയുണ്ട്‌. രതി അവിടെയുണ്ട്‌. അതൊക്കെ സ്വാര്‍ത്ഥപരമായ ആഹ്‌ളാദത്തിന്റെ തിരകളില്‍പ്പെട്ടുഴലുന്ന ഒരാളുടേതല്ലാതാകുന്നു അവര്‍. പരസ്‌പരതയുടെ തെളിമുഖം കാട്ടിക്കൊടുക്കുന്ന കണ്ണാടികളായി ശരീരത്തെ പുനര്‍വ്യാഖ്യാനിച്ചവരുടെ ആനന്ദാനുഭവങ്ങളായതിനാലാണ്‌ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരുടെ വരികള്‍ നമ്മെ പിന്തുടരുന്നത്‌. 
എറിക്‌ ഫ്രോം സ്‌നേഹത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന പുസ്‌തകം എഴുതിയിട്ട്‌ ദശകങ്ങള്‍ പിന്നിട്ടു. അതു വായിച്ചിട്ടുള്ള എത്രപേര്‍ക്ക്‌ സൈദ്ധാന്തികതയുടെ പ്രയോഗമായി സ്‌നേഹത്തെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌നേഹം പലപ്പോഴും സാമാന്യനിയമത്തിന്റെ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നവാസിന്റെ വഴി തന്നെത്തന്നെ നശിപ്പിക്കുന്നതാണെന്നും കുഞ്ഞിനുവേണ്ടിയും അയാള്‍ക്കുവേണ്ടിയും ചിട്ടയിലും ക്രമത്തിലും ജീവിക്കണമെന്ന്‌ പറയുന്നതാണ്‌ ശരി എന്നു തോന്നുന്നുവെങ്കിലും എന്നിലെ സന്ദേഹി ചോദിക്കുന്നു, അത്രമാത്രം മാരകമായ വിഷം പുരട്ടിയ ചുംബനമായ ഒന്നായി ചിലര്‍ സ്‌നേഹത്തെ അറിയുന്നുവെങ്കില്‍ അതിന്റെ നശീകരണശേഷിയെ മറികടക്കാന്‍ കഴിയാത്തവരോട്‌ എന്തുപറയും. ദൈവവിശ്വാസത്തെപ്പോലും അതു മറികടന്നുപോകുന്നുവല്ലോ ദൈവമേ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും