സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചക്രവാകപ്പക്ഷി

വിമന്‍ പോയിന്റ് ടീം



അന്തിച്ചോപ്പ്‌ പരന്ന നിളാതീരം. സീതാമുടിപ്പുല്ലുകള്‍ കാറ്റിലാടുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രകഴിഞ്ഞ്‌ പൂതം മടങ്ങുകയാണ്‌. പൂരം അടുക്കാറായിരിക്കുന്നു.
മയില്‍പ്പീലി ആട്ടിക്കൊണ്ട്‌ നടക്കുന്ന പൂതത്തിന്റെ പിറകില്‍ തുള്ളിച്ചാടി നടക്കുന്ന വള്ളിട്രൗസറിട്ട കുട്ടികള്‍. 
``കുട്ടിരാമാ, അത്‌ വെപ്പാ. ശരിക്ക്‌ള്ള പൂതൊന്ന്വല്ല.''
``ഈ എടേക്കൂടി നോക്ക്യോക്കുണ്ണീ...ഒരാളെ മോറ്‌ കണ്ടോ.''
നൊട്ടന്‍ കുട്ടികളെ ആട്ടിയോടിച്ചു. കുട്ടികള്‍ കൊഞ്ഞനംകുത്തിക്കൊണ്ട്‌ പുഴയിലൂടെ ഓടി.
``പോയിന്‍. പോയിന്‍ ചെക്കമ്മാരെ. സൈ്വരം തരൂല അസ്സത്തെള്‌...''
മണലിന്‍ കിടക്കുന്ന തോണിയിലിരുന്ന്‌, നിളയിലെ കൊച്ചോളങ്ങളെ നോക്കുന്ന അയാളുടെ അരികിലെത്തിയപ്പോള്‍, നൊട്ടന്‍ തുടി കൊട്ടിക്കൊണ്ട്‌ നിന്നു.
``വാസ്വാ ഇക്കുറി പൂതം കെട്ട്യേ. നല്ലോം കളിക്കും. വീട്ടില്‌ വന്നപ്പോ ആരേം കണ്ട്‌ല്ലാ...''
അയാള്‍ ഒന്നും മിണ്ടിയില്ല. നൊട്ടന്‍ തലചൊറിഞ്ഞു.
``ഇങ്ങള്‌ പായ്യാരം പറാതെ പോര്‌ന്‌ണ്ടോ ഈ കോപ്പൊക്കൊന്ന്‌ അഴ്‌ച്ചിടണം, വെന്ത്‌ മറ്യാണ്‌...'' `തഴ ' പൊന്തിച്ച്‌, വാസുവിന്റെ അലമുറയിടല്‍ കേട്ടപ്പോള്‍ നൊട്ടന്‍ പിന്നെ നിന്നില്ല.
പുഴയ്‌ക്കക്കരെയുള്ള റെയില്‍പാളത്തിലൂടെ ചൂളം വിളിച്ചുകൊണ്ടുപായുന്ന തീവണ്ടിയുടെ ചുവന്നബോഗികള്‍ മരങ്ങള്‍ക്കിടയിലൂടെ കാണാം. ഐവര്‍മഠത്തില്‍ നിന്നുയരുന്ന പുകച്ചുരുളുകളെ അയാള്‍ നോക്കി.
``ഭാഗീ... ഭാഗീ!'' അയാള്‍ കണ്ണുകള്‍ ചിമ്മി.
``അയ്യ്യേ, എന്താത്‌ കൃഷ്‌ണേട്ടന്‍ കരയ്യേ..''
അയാള്‍ ചുറ്റും നോക്കി. ആരുമില്ല.
കൈക്കുമ്പിളില്‍ വെള്ളമെടുത്ത്‌ മുഖം കഴുകി. മണലുകള്‍ക്കിടയിലൂടെ ഒഴുകുന്ന തെളിനീരിന്‌ നല്ല തണുപ്പുണ്ട്‌. ജലകണങ്ങള്‍ കവിളില്‍ പറ്റിപ്പിടിച്ചു നിന്നു. മുണ്ടിന്‍തലപ്പുകൊണ്ട്‌ മുഖം തുടച്ച്‌, അയാള്‍ നടന്നു. 
``അച്ഛാ...പത്തായത്തിന്റെ താക്കോല്‌...''
ശരീരമാകെ വിറച്ചു.
അയാള്‍ വെള്ളത്തില്‍ വീണു കിടക്കുന്ന താക്കോലെടുത്തു. തോണിയില്‍ പിടിച്ചപ്പോള്‍ ശരീരത്തിന്റെ വിറയലിന്‌ തെല്ലൊരു ശമനം ലഭിച്ചു.
``ഭാഗീ...അവനെ കണ്ണെടുക്കാതെ നോക്കണം...അന്ന്‌ മ്മളെ അശ്രദ്ധയാ...''
അയാള്‍ ഓളങ്ങളെ നോക്കി പറഞ്ഞു.
പുഴയിലെ വെണ്‍ചാമരംപോലുള്ള `കൊറ്റിപ്പുല്ലുകള്‍'ക്കിടയിലൂടെ വരുന്ന താറാവുകൂട്ടം.
വടിയുമായി ചൂളമടിച്ചുകൊണ്ട്‌ അവയെ നിയന്ത്രിക്കുന്ന വൃദ്ധനെ നോക്കി അയാള്‍ കണ്ണടവെച്ചു. പെട്ടെന്ന്‌ തോണിയുടെ പിറകിലേക്കു മറഞ്ഞ അയാള്‍ പതുങ്ങിക്കൊണ്ട്‌ എത്തിനോക്കി. വൃദ്ധനും താറാവുകളും പുഴയുടെ മദ്ധ്യത്തിലെത്തിക്കഴിഞ്ഞു. അയാള്‍ കുനിഞ്ഞു കുനിഞ്ഞ്‌ കൊയ്‌ത്തു കഴിഞ്ഞ കണ്ടത്തിലൂടെ ഓടി പടിപ്പുരയുടെ വാതില്‍ തുറന്ന്‌ അകത്തു കടന്നു. വാതിലടച്ച്‌ അതിന്റെ വിള്ളലിലൂടെ നോക്കി. തോണിയുടെ അരികിലെത്തിയ വൃദ്ധന്‍ കൊയ്‌ത്തു കഴിഞ്ഞ കണ്ടത്തിലേക്ക്‌ താറാവുകളെ ആട്ടി.
കൂവളത്തറയില്‍ വിളക്ക്‌ കത്തുന്നു.
രണ്ടിന്റെ ഗുണനം ചൊല്ലിപ്പഠിക്കുന്ന ഗോപിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌. കാലൊച്ചകള്‍ അരികിലെത്തിയപ്പോള്‍ അയാള്‍ വാതില്‍ വലിച്ചു തുറന്നു. ഭയംകൊണ്ടുവിറച്ച അയാളെ കണ്ട്‌ വൃദ്ധന്‍ ആശ്ചര്യഭരിതനായി.
``നിങ്ങളെന്തിന്‌ പിന്നെയും വന്നു...! ഇവടെന്ന്‌ പൊയ്‌ക്കോളൂ...പൊയ്‌ക്കോളൂ...''
``നിങ്ങക്കാളെ മാറിയിരിക്കുന്നു. ഞാനീ ദേശത്ത്‌ ആദ്യാ''
മൂര്‍ദ്ധാവില്‍ നിന്ന്‌ വിയര്‍പ്പുതുള്ളികള്‍ ഒലിച്ചിറങ്ങുമ്പോഴും, അയാള്‍ വൃദ്ധനെ സശ്രദ്ധം നോക്കുകയായിരുന്നു.
``അടുത്തമാസം പാലക്കാട്‌ കൊയ്‌ത്ത്‌ കഴിയും. അതുവരെ താറാവുകളെ ഞാനീ കണ്ടത്തിലിറക്കട്ടെ...
``ഈ പാടം എന്റേതാണ്‌. ഇവടെന്ന്‌ പോവാനാണ്‌ പറഞ്ഞത്‌.''
അയാള്‍ വാതില്‍ ശക്തിയോടെ അടച്ചു.
ഇരുട്ടിലൂടെ വീട്ടിലേക്കു നടന്നുനീങ്ങുമ്പോഴാണ്‌ ആരോ കൈകളില്‍ പിടിച്ചത്‌.
``എന്താ അച്ഛാ.. ആരാ അച്ഛാ അത്‌..'' അയാള്‍ ഗോപിയെ ശരീരത്തോടു ചേര്‍ത്തു
``ഒന്നൂല്ല മോനേ. വേഗം...വേഗം അകത്ത്‌ കയറ്‌.'' അയാള്‍ ഗോപിയേയും വലിച്ചുകൊണ്ട്‌ വീട്ടിനുള്ളിലേക്കുകയറി വാതിലടച്ചു. ജനല്‍പഴുതിലൂടെ പുറത്തേക്കു നോക്കി.
താറാവുകളുടെ ശബ്ദം കേള്‍ക്കുന്നു.
റാന്തല്‍ കത്തിച്ച്‌ കോവണി കയറി മുകളിലെത്തിയ അയാള്‍, തുരുമ്പിച്ച ഓടാമ്പലുകള്‍ തുറന്ന്‌ അകത്തു കടന്നു. നിറച്ചും മാറാല. വലിയ എട്ടുകാലികള്‍. എലികള്‍ പരക്കംപായുന്നു. ഭാര്യ മരിച്ചതില്‍ പിന്നെ ഈ മുറിയിലേക്ക്‌ ആരും കയറിയിട്ടില്ല. കിളിവാതില്‍ തള്ളിത്തുറന്നു.
പടിപ്പുരയുടെ അരികില്‍ വൃദ്ധനും താറാവുകളുമുണ്ട്‌.
``കൃഷ്‌ണേട്ടാ എന്താത്‌ ഈ മുറിയില്‍''
അയാള്‍ ഞെട്ടിത്തിരിഞ്ഞ്‌, റാന്തല്‍ പൊന്തിച്ച്‌ ചുറ്റും നോക്കി.
അരയാലിലിരുന്ന്‌ ചക്രവാകപ്പക്ഷി കരയാന്‍ തുടങ്ങി. എന്നും രാത്രി, ദൂരെയുള്ള ആ മരത്തിലിരുന്ന്‌ കരയാറുള്ള പക്ഷിയുടെ ശബ്ദം കേട്ടപ്പോള്‍ അയാള്‍ പൊടിമണ്ണിലിരുന്ന്‌ കരഞ്ഞു.
``ഭാഗീ അതയാള്‍ തന്നെ... അയാള്‍ വന്നിരിക്കുന്നു''.
ആ പൊടിമണ്ണില്‍ കൊച്ചുകാല്‍പ്പാടുകള്‍. അയാള്‍ റാന്തല്‍ നിലത്തുവെച്ച്‌ കാല്‍പ്പാടുകള്‍ ശ്രദ്ധിച്ചു. വിരലുകള്‍കൊണ്ട്‌ സ്‌പര്‍ശിച്ചു. 
``അച്ഛനിന്നെ മറന്നോ! ഞാനെന്നേണ്‌ അപ്പൂ...''
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കര്‍ക്കടകമാസത്തിലെ ഇളകിമറിഞ്ഞൊഴുകുന്ന നിള.
അപ്പൂ എന്നാര്‍ത്തു വിളിച്ചുകൊണ്ട്‌ പുഴയുടെ തീരത്തിലൂടെ ഓടിത്തളര്‍ന്ന അവര്‍ മണലിലിരുന്നു; അയാളും ഭാര്യയും.
``അപ്പൂ...ന്റപ്പൂ...'' ഭാര്യ അയാളുടെ മടിയിലേക്കു വീണു.
``ഭാഗീ, അവന്‍ വരും...മ്മളപ്പു വരും.'' അയാള്‍ ഭാര്യയെ സമാശ്വസിപ്പിച്ചെങ്കിലും, നിള അപ്പുവിനെ തിരിച്ചുതന്നില്ല.
നിള ശാന്തമായി.
ആശ്വാസവാക്കുകളുമായി ബന്ധുമിത്രാദികള്‍ പടിപ്പുര കടന്ന്‌ മറഞ്ഞപ്പോള്‍ അവര്‍ തനിച്ചായി. രാത്രികളില്‍ പുഴയിലെ ഓളങ്ങളെ നോക്കി അവര്‍ കടവിലിരുന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടില്‍ അവര്‍ ഉറങ്ങാതെ അപ്പുവിനെ പ്രതീക്ഷിച്ചിരുന്നു.
പടിപ്പുരവാതിലിന്റെ വിള്ളലിലൂടെ വരുന്ന കുഞ്ഞിന്റെ കരച്ചില്‍ വീടിനെ ഉണര്‍ത്തി. ഒരാകര്‍ഷണവലയിലകപ്പെട്ടപോലെ കരച്ചിലിന്റെ ലക്ഷ്യസ്ഥാനത്തേക്കുനടന്നു നീങ്ങുന്ന ഭാര്യയുടെ കൂടെ അയാളും നടന്നു. പടിപ്പുരവാതില്‍ തുറന്നപ്പോള്‍ കണ്ടത്തില്‍ നിറയെ താറാവുകളെ കണ്ടു. വരമ്പത്തിരിക്കുന്ന വൃദ്ധന്റെ മടിയില്‍ കിടന്നു കരയുന്ന കുഞ്ഞ്‌.
``ഈ കണ്ടത്തില്‌ `*വത്തുകളെ ഇറക്കട്ടെ' '' അയാള്‍ കുഞ്ഞിനെ തോളിലിട്ട്‌ ചോദിച്ചു.
താറാവുകള്‍ക്കായി വലകൊണ്ട്‌ വൃത്താകൃതിയിലൊരു കൂടുണ്ടാക്കി, അയാള്‍ കണ്ടത്തിനരികിലൊരു ചാളകെട്ടി.
അപ്പുവിന്റെ കുസൃതികള്‍ കണ്ട്‌ ഞെട്ടിയെഴുന്നേല്‍ക്കുന്ന രാത്രികളില്‍, കരയുന്ന കുഞ്ഞിനെ താലോലിക്കാന്‍ കൊതിച്ച്‌ ഉറങ്ങാതെ കിളിവാതിലിനരികില്‍ നില്‍ക്കുന്ന ഭാര്യയെ അയാള്‍ കണ്ടു.
അയാളുടെ വിലക്കുകളെ അവഗണിച്ച്‌ ഭാര്യ കുഞ്ഞിനേയുംകൊണ്ട്‌ വീട്ടിലേക്കു വന്നു. സ്‌മൃതിപഥത്തിലെ അപ്പുവിന്റെ ഓര്‍മ്മകളെ മായ്‌ച്ചുകൊണ്ട്‌, ഭാഗിയുടെ പരിചരണവും ചൂടും ഏറ്റ്‌ കുഞ്ഞ്‌ വളരാന്‍ തുടങ്ങി.
ഭാഗി അവന്‌ പേരിട്ടു - ഗോപി.
അവന്‌ ഉടുപ്പുകള്‍ തുന്നിയും, കഴിക്കാന്‍ കോറ വെരകിയും അച്ചിങ്ങകൊണ്ട്‌ കളിപ്പാട്ടങ്ങളുണ്ടാക്കിയും ദിവസങ്ങള്‍ അവരറിയാതെ ചടുലതയോടെ നീങ്ങി.
അവന്‍ ഭാഗിയെ അമ്മേ എന്നുവിളിച്ച ദിവസം, മണ്‍കുടം തോളിലിട്ട്‌ പുള്ളുവപ്പെണ്ണ്‌ നാവേറ്‌പാടി നടന്നു നീങ്ങുമ്പോഴാണ്‌ വൃദ്ധന്‍ കുറെ മുട്ടകളുമായി വന്നത്‌.
``ഞങ്ങളിന്ന്‌ പോവ്വാ. ഇനി കുട്ടനാട്ടിയ്‌ക്കാ. ഇത്‌ കുറച്ച്‌ മുട്ടയാണ്‌.''
വൃദ്ധന്‍ കുട്ടിയെ എടുക്കാനായി കൈകള്‍ നീട്ടി. ഭാഗി കുട്ടിയേയുംകൊണ്ട്‌ അകത്തേക്ക്‌ പാഞ്ഞു.
``അവള്‍ അത്രമാത്രം അടുത്തു. സ്വന്തം കുഞ്ഞിനെപ്പോലെ...''
വൃദ്ധന്‍ അമ്പരന്നു.
ഒന്നും മിണ്ടാതെ, പടിപ്പുര കടന്ന്‌ താറാവുകളേയുംകൊണ്ട്‌ നിളാതീരത്തിലൂടെ നടന്നു...
``എന്താത്‌ കൃഷ്‌ണേട്ടാ. വെയിലുദിച്ചു. ണീക്ക്‌ണില്ലേ. ഗോപ്യതാ തെരഞ്ഞ്‌ നടക്ക്‌ണ്‌..''
അയാള്‍ പൊടിമണ്ണില്‍ നിന്ന്‌ പിടഞ്ഞെഴുന്നേറ്റു.
``ഭാഗീ...! അവന്‍ കൂടി പോയാല്‍...''
അയാള്‍ റാന്തല്‍ കെടുത്തി. ഗോവണിയിറങ്ങി പൂമുഖത്തെത്തി. ഗോപി ഓടി വന്ന്‌ അയാളെ കെട്ടിപ്പിടിച്ചു.
``അച്ഛനെവിടെയായിരുന്നു. ഞാന്‍ പേടിച്ചു...'' അവന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ അവനെ വാരിപ്പുണര്‍ന്നു.
``കൊടുക്കില്ല്യാ...ഞാന്‍ വിട്ട്‌കൊടുക്കില്ല്യാ''
പുഴയ്‌ക്കരികില്‍ നിന്ന്‌ താറാവുകളുടെ ശബ്ദം കേള്‍ക്കുന്നു. ഗോപി ആ ദിശയിലേക്ക്‌ നോക്കി. പരിഭ്രാന്തനായ അയാള്‍ അവന്റെ കണ്ണുകള്‍ പൊത്തി, അവനെ വീട്ടിനുള്ളിലാക്കി വാതില്‍ കുറ്റിയിട്ടു.
അയാള്‍ പടിപ്പുരയുടെ അരികിലെത്തി. വാതില്‍ ശക്തിയോടെ വലിച്ചുതുറന്നു.
``തരില്ല്യാ...ന്റെ ജീവന്‍പോയാലും തരില്ല്യാ...'' അയാള്‍ പൊട്ടിക്കരഞ്ഞ്‌ തിണ്ണയിലിരുന്നു.
വൃദ്ധന്‍ താറാവുകളുമായി പുഴയുടെ മദ്ധ്യത്തിലെത്തിക്കഴിഞ്ഞിരുന്നു.
നിളയുടെ വിരിമാറിലൂടെ നടന്നുനീങ്ങുന്ന താറാവുകൂട്ടം, കാറ്റിലാടിക്കളിക്കുന്ന കൊറ്റിപ്പുല്ലുകള്‍ക്കിടയില്‍ മറയുന്നതും നോക്കി അയാളിരുന്നു.
``അതയാള്‍ തന്നെയാണോ...! അതോ...!''  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും