സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കടല്‍ഭിത്തികള്‍ക്കും ആകാശച്ചുവരുകള്‍ക്കും നടുവില്‍

മ്യൂസ്‌ മേരി ജോര്‍ജ്ജ്‌



പ്രണയം ആത്മഹത്യയാണ്‌, എന്‍.എസ്‌.മാധവന്റെ `ആയിരത്തൊന്നാമത്തെ രാവ്‌' എന്ന കഥയില്‍ പ്രണയത്തിന്റെ ആത്മഹത്യാപ്രവണതയെക്കുറിച്ച്‌ പറയുന്നുണ്ട്‌. എന്നിലെ ഞാന്‍ മരിക്കുകയും സ്‌നേഹിക്കപ്പെടുന്ന നീ ജീവിക്കുകയും ചെയ്യുന്നതായ പുതുജനനത്തെയാണ്‌ ഇതര്‍ത്ഥമാക്കുന്നത്‌. ബ്ലസിയുടെ `പ്രണയം' സിനിമയെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഈ വരികള്‍ ഞാനോര്‍മ്മിച്ചുപോകുന്നു. അനുരാഗത്തില്‍ നിന്ന്‌ പ്രണയത്തിലേയ്‌ക്കെത്ര ദൂരമുണ്ടെന്നും അത്‌ മനുഷ്യപ്രകൃതിയും പ്രാപഞ്ചിക പ്രകൃതിയും തമ്മിലുള്ള അകലങ്ങളില്ലായ്‌മയാണെന്നും ശരീരത്തിന്റെ ഘര്‍ഷണങ്ങള്‍ക്കപ്പുറം ആത്മാക്കളുടെ ലയഹര്‍ഷങ്ങളാണതു സാക്ഷാല്‍ക്കരിക്കുന്നതെന്നും `ഓര്‍മ്മിപ്പിച്ചു കൊണ്ടിരുക്കുമ്പോള്‍'�പ്രണയത്തെക്കുറിച്ച്‌ രണ്ടു വരി കുറിക്കുന്നു.
ഇന്ദ്രിയാമോദകരവും ഉടമസ്ഥതാഭാവത്തിലുള്ളതുമായ സ്‌നേഹപാശത്താല്‍ ബന്ധിതമായ സ്‌ത്രീപുരുഷാനുരാഗത്തില്‍ അധിഷ്‌ഠിതമായ ഒരു സ്ഥാപനമായാണ്‌ ദാമ്പത്യം പൊതുവെ വ്യവഹരിക്കപ്പെടുന്നത്‌. ശാരീരികമായ തൃഷ്‌ണാശമനവും, അയാളുടേത്‌/അവളുടേത്‌ എന്ന തരം പൊസസ്സീവ്‌ ആയ സ്‌നേഹവും ദാമ്പത്യത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കു ന്നുവെന്ന്‌ പരസ്‌പരം ധരിച്ചുകൊണ്ടാണ്‌ ഒരു ശരാശരി മലയാളി ദാമ്പത്യത്തെയും അതിലെ പ്രണയവും തിരിച്ചറിയുന്നത്‌. ഈ തിരിച്ചറിവിന്‌ പുതിയതായി ഒന്ന്‌ അപഗ്രഥിക്കാന്‍ ബ്ലസിയുടെ `പ്രണയം' ശ്രമിക്കുന്നു. സ്‌നേഹിക്കപ്പെടുക എന്നത്‌ ഏറ്റം ആനന്ദകരമായ ഒരു കാര്യമാണ്‌. പക്ഷേ, അത്‌ ആഴങ്ങളിലേക്ക്‌ - ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ കൊടുക്കുന്നതിന്റെ ആനന്ദവും വേദനയും സംവഹിക്കുന്ന ഒന്നായിരിക്കും. ഓരോ തന്മാത്രയെയും തൊട്ടുതൊട്ടു പകര്‍ന്നുപോകുന്ന സ്‌നേഹം സംവഹനത്തിന്റെ നല്ല മാതൃകയാണ്‌. പക്ഷേ, ഇത്തരം ഒരു മാനസികാവസ്ഥ നേടുന്നതിലല്ല നേട്ടം കണ്ടെത്തുന്നത്‌; കൊടുക്കുന്നതിലാണ്‌. വകതിരിവുകളെയും തരതമങ്ങളെയും അട്ടിമറിക്കുന്ന സ്‌നേഹത്തെ `പ്രണയം' പകര്‍ന്നുവയ്‌ക്കാന്‍ ശ്രമിക്കുന്നു.
എല്ലാത്തരം അധികാരരൂപങ്ങളെയും വാര്‍പ്പുമാതൃകകളെയും അട്ടിമറിക്കുന്നതും വളരെ ജൈവികവുമായ ഒരു പ്രണയാനുഭവം നമുക്കത്ര പരിചിതമല്ല. ഭാര്യ/ഭര്‍ത്താവ്‌, അവരുടെ sensous love എന്നിവയാലൊക്കെ പരിചിതമായ ദാമ്പത്യത്തിന്റെ ചുറ്റുവട്ടത്തു നിന്നുകൊണ്ടാണ്‌ ബ്ലസിയും പ്രണയത്തെ സമീപിക്കുന്നത്‌. പക്ഷേ, അത്‌ നിലവിലുള്ള ദാമ്പത്യപ്രേമത്തിന്റെ കുടവട്ടത്തുനിന്ന്‌ പുറത്തിറങ്ങി കടലിന്റെയും ആകാശത്തിന്റെ അപരിമേയ സാന്നിധ്യങ്ങളില്‍ വച്ച്‌ നിവരുകയും നീളുകയും ചെയ്യുന്നു. ഫ്‌ളാറ്റിന്റെ മുറിയടുക്കുകളില്‍നിന്നുള്ള ഇത്തരം ഇറങ്ങിച്ചെല്ലലുകള്‍ - വഴിനടത്തങ്ങള്‍ ശലഭനൃത്തങ്ങള്‍ സ്‌നേഹത്തെ - പ്രണയത്തെ അളവുനൂലുകളുടെ പരിമിതികളില്‍നിന്ന്‌ പുറത്തുകൊണ്ടുവരുന്നു. അതേ, ഇടങ്ങള്‍ - സ്ഥലങ്ങള്‍ ഇതള്‍ നീര്‍ത്തുന്നതോ വിടര്‍ത്തുന്നതോ ആയ ബന്ധങ്ങളുടെ പുഷ്‌പിക്കല്‍ ഈ സിനിമയുടെ ദൃശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. അച്യുതമേനോന്റെയും ഗ്രേസിന്റെയും യൗവനകാലസ്‌നേഹങ്ങളുടെ പരിമിതികളെ ജയിക്കാന്‍ പില്‍ക്കാല ജീവിതത്തിലെ (അച്യുതമേനോന്‍, ഗ്രേസ്‌, മാത്യൂസ്‌ എന്നിവരുടെ ജീവിതരംഗങ്ങള്‍) പ്രകൃതി സാന്നിധ്യം വലിയ പങ്കുവഹിക്കുന്നത്‌ വീടിന്റെയും നിയമിതചര്യകളുടെയും ഇടുക്കങ്ങള്‍ക്കും പിടുത്തങ്ങള്‍ക്കും അപ്പുറത്തേയ്‌ക്കു വളരുന്ന സ്‌നേഹത്തെ ആഖ്യാനം ചെയ്യുന്നതില്‍ തുറസ്സായ പ്രകൃതിയും വഴികളും, കടലും തീരവും യാത്രകളും പശ്ചാത്തലമാക്കുന്നത്‌ ഒരു നല്ല തിരിച്ചറിവാണ്‌. ആകാശച്ചുവരുകളും കടല്‍ഭിത്തികളുമുള്ള പുതിയ പാര്‍പ്പിടമാണ്‌ `പ്രണയ'ത്തിന്റെ ഭൂമികയായി മാറുന്നത്‌. ഭൂമിയെന്ന സമഗ്രഗൃഹത്തിലെ പാര്‍പ്പുകാരായ അച്ചുവിനും ഗ്രേസിനും മാത്യൂസിനും സാംസ്‌കാരികമായ സ്ഥിതപാഠങ്ങളുടെ കാവല്‍ക്കാരായി തങ്ങളെ പരിമിതപ്പെടുത്തേണ്ടതില്ല. അതുകൊണ്ടാണ്‌, അന്യന്റെ ജീവിതത്തിലേയ്‌ക്കു തുറന്നുവച്ച നോട്ടങ്ങളെ അവര്‍ ഭയപ്പെടുന്നുമില്ല. 
തന്റെ ഭാര്യയായിരിക്കുന്ന സ്‌ത്രീയെ മറ്റൊരാള്‍ പ്രേമിക്കുകയും വിവാഹം കഴിക്കുകുയം ചെയ്‌തിട്ടുണ്ട്‌ എന്ന അറിവ്‌ നമ്മുടെ ദാമ്പത്യവ്യവസ്ഥയില്‍ പൂര്‍ണ്ണാമോദത്തോടെ സ്വീകരിക്കപ്പെടുന്ന ഒന്നല്ല. പോരാത്തതിന്‌ ഭര്‍ത്താവെന്ന ആള്‍ രോഗിയായി കിടക്കയിലാണെങ്കില്‍ അതു കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ പഴയ കാമുകനും ഭര്‍ത്താവുമായ ആളിനെ തന്റെ ഭാര്യ സന്ദര്‍ശിക്കുന്നതും ഇടപെടുന്നതും അത്ര കരണീയമായ കാര്യമായി പരിഗണിക്കപ്പെടാറില്ല. അവിടെയാണ്‌ ബ്ലസിയുടെ `പ്രണയം' പുതിയ ചില പാഠങ്ങളെ പങ്കുവയ്‌ക്കുന്നത്‌. തന്റെ ഭാര്യയും അവള്‍ സ്‌നേഹിച്ചിരുന്നവനുമൊപ്പം സമയം ചെലവിടാന്‍ മാത്യൂസ്‌ തയ്യാറാകുന്നു. ഉണ്ടായിരുന്ന സ്‌നേഹബന്ധത്തെ അതിന്റെ ശക്തിയിലും ദാര്‍ഢ്യത്തിലും അയാള്‍ ഉള്‍ക്കൊള്ളുന്നു. തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും അയാള്‍ എതിര്‍ക്കുന്നില്ല. ദാമ്പത്യത്തെയും പ്രണയത്തെയും കുറിച്ചുള്ള വിമര്‍ശാത്മകമായ ഒരു സാധ്യതയെ അവതരിപ്പിക്കാന്‍ `പ്രണയ'ത്തിനു സാധിച്ചിട്ടുണ്ട്‌. പിന്നെ, ഗ്രേസ്‌ അപ്പോള്‍ മരിച്ചതിനാല്‍ പിന്നീട്‌ സംഭവിക്കാവുന്ന സങ്കീര്‍ണ്ണരംഗങ്ങളില്‍നിന്ന്‌ രക്ഷപെടുകയും ചെയ്‌തു. 
സ്‌നേഹിക്കുന്നയാളിന്റെ ഇഷ്ടമാണ്‌ തന്റെ ഇഷ്ടമെന്ന അറിവിലാണ്‌ പ്രണയം സഫലമാകുന്നത്‌. നമ്മള്‍ പലപ്പോഴും മറന്നുപോകുന്ന ഈ കാര്യം `പ്രണയം' ഓര്‍മ്മി പ്പിക്കുന്നുണ്ട്‌. പരിചിതങ്ങളായ പാറ്റേണുകള്‍ അതിനാല്‍ ലംഘിക്കപ്പെടുന്നു. അഗാപ്പേ സ്‌നേഹത്തിന്റെ ഉദാത്തസാധ്യതയായി സ്‌നേഹസൈദ്ധാന്തികര്‍ പറഞ്ഞു വച്ചിട്ടുണ്ട്‌. സമര്‍പ്പിതമായ ഇത്തരമൊരു സ്‌നേഹാനുഭവം ബ്ലസി പറയാന്‍ ശ്രമിക്കുന്നു. സിനിമ തീരുമ്പോള്‍ - അച്ചുവിനെ ആശ്ലേഷിക്കുന്ന നിമിഷം ഗ്രേസിനു മരണം സംഭവി ച്ചില്ലായിരുന്നെങ്കില്‍? ഞാന്‍ ആലോചിച്ചുപോകുന്നു. കോംപ്രമൈസുകളുടെ ഒടുവിലത്തെ കൈവരിയായി ആ മരണത്തെ ഞാന്‍ കാണുന്നു. നാം ജീവിക്കുന്ന ജീവിതത്തെയും - വ്യവസ്ഥയെയും സ്‌നേഹകാമനകളെയും വീണ്ടുവിചാരങ്ങള്‍ക്കു വിധേയമാക്കാന്‍ ഈ സിനിമ ഒരു നിമിത്തമാകുന്നുണ്ട്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും