സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മണ്ണോര്‍

വിമന്‍ പോയിന്റ് ടീം



ഒന്ന്‌:
വെള്ളിലകള്‍ ജലപ്പരപ്പിലേക്കു ചാഞ്ഞുനില്‍ക്കുന്ന കടലുണ്ടിപ്പുഴയിലൂടെ തോണി നീങ്ങുകായാണ്‌. തോളോടുതോള്‍ ചേര്‍ന്നിരിക്കുന്ന അവരുടെ നരച്ചതും കഷണ്ടികയറിയതുമായ തലകള്‍ക്കിടയിലൂടെ തുഴകുത്തുന്ന തോണിക്കാരന്റെ വെറ്റില ചവക്കുന്ന മുഖം കാണാം. ഒരാള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ വെള്ളത്തില്‍ തലോടുമ്പോള്‍ മറ്റെയാള്‍ തോണിയുടെ മരപ്പലകയില്‍ വിരലുകള്‍കൊണ്ടു കൊട്ടുന്നു. തോണിക്കാരന്‍ അവരെ നോക്കി ചിരിച്ചുകൊണ്ട്‌ വെറ്റിലച്ചണ്ടി പുഴയിലേക്കുതുപ്പി, തുഴ ആഞ്ഞുകുത്തി.


തളര്‍ന്നവശനായ അയാള്‍ കഴല്‍ കടക്കാന്‍ വിഷമിച്ചു. കോലായിലേക്ക്‌ കയറി നിലത്തു മലര്‍ന്നു കിടന്നു. പുലരുമ്പോള്‍ തുടങ്ങി, നട്ടുച്ചസൂര്യന്റെ തറയ്‌ക്കുന്ന രശ്‌മികളേറ്റ്‌ തുടര്‍ന്നുകൊണ്ടിരുന്ന നടത്തം ഫലപ്രാപ്‌തിയില്ലാതെ അവസാനിച്ചിരിക്കുന്നു. കണ്ണുകള്‍ മാറാല നിറഞ്ഞ ഓടുകളിലാണെങ്കിലും മനസ്സ്‌ ഇനിയെന്തെങ്കിലും പഴുതുകള്‍ അവശേഷിക്കുന്നുണ്ടോ എന്നാരായുകയാണ്‌.
കുഞ്ഞിന്റെ കരച്ചില്‍... ഇരുട്ടറയില്‍ നിന്നുവരുന്ന കരച്ചില്‍ കേട്ട്‌ അയാള്‍ എഴുന്നേറ്റ്‌ അകത്തേക്കു നടന്നു. ഇരുട്ടറയുടെ വാതില്‍ ശബ്ദമുണ്ടാക്കാതെ തുറന്നു. ``*കുരുപ്പ്‌പൊന്തി'' ക്ഷീണിതനായ കുഞ്ഞിന്റെ അരികിലേക്കു നീങ്ങുമ്പോള്‍...
``വാപ്പാ...വാപ്പാ...''
കുഞ്ഞിന്റെ ദീനസ്വരം കഴുത്തിലേക്കു നീങ്ങുന്ന കൈകളെ പിറകോട്ടു ചലിപ്പിച്ചു. കണ്ണടച്ചശേഷം, അയാള്‍ അവന്റെ കഴുത്തിലെ മാല അഴിച്ചെടുത്ത്‌ വാതിലിനിടയിലേക്ക്‌ മറഞ്ഞു.
ഭാര്യയുടെ കാലൊച്ചകള്‍...അവര്‍ കുഞ്ഞിന്റെ അരികിലെത്തി.
``ന്റെ റബ്ബേ..! പൊള്ള്‌ണ പന്യാണല്ലോ..! ഞ്ഞി എവ്‌ട്‌ക്കാ കൊണ്ടോവ്വ?''
വേദനകൊണ്ടു പുളയുന്ന അവനെ ആശ്വസിപ്പിക്കുമ്പോള്‍, അയാള്‍ മുറിയില്‍ നിന്ന്‌ പുറത്തുകടന്നു. ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി, തൊടിയിലൂടെ നടന്നു നീങ്ങുമ്പോല്‍ അവരുടെ കരച്ചില്‍കേട്ട്‌ അയാള്‍ നിശ്ചലനായി.
``അതും അറ്‌ത്തെട്‌ത്തല്ലേ..! അഞ്ചാറീസായി കുട്ടിക്ക്‌ പനി തൊടങ്ങീട്ട്‌...ഒന്ന്‌ തൊട്ട്‌ നോക്ക്യോ ങ്ങള്‌..! ങ്ങള്‌ മന്‌സനാണോ?''
അയാള്‍ തിരിഞ്ഞുനോക്കിയില്ല...മിണ്ടിയില്ല...
തെങ്ങിന്‍തോട്ടത്തിലൂടെ ഓടിയോടി, അയാള്‍ കടലുണ്ടിപ്പുഴയോരത്തെത്തി. കോഴിയുടെ പിറകെ പായുന്ന കൊലവന്‍, കോഴി പുഴയിലേക്കു കൊക്കിപ്പാറിയപ്പോള്‍ പുഴയിലേക്കു ചാടി. പുഴയിലിട്ട്‌ കോഴിയെ പിടിച്ച്‌ ഞെരിച്ചു കൊന്നു.
തൂവല്‍ പറിച്ചു നീക്കി നടന്നുവരുമ്പോള്‍ അയാളെ കണ്ടു.
``ആരതാ കോയി'' അയാള്‍ പുഴയിലേക്കിറങ്ങി ചോദിച്ചു.
``ആരതോ...ഇത്യോനെ വന്നൂ, ഞാം പുടിച്ചു..ഒര്‌ കോയീനീംകുടി കൊട്‌ക്കാതെ ഈറ്റേളെ എന്തിനാ പുട്ട്‌ന്‌ കൊണ്ടാണോ?''
അയാള്‍ പുഴയില്‍ കിടക്കുന്ന പോത്തുകളെ നോക്കി, തടിച്ചുകൊഴുത്തിരുന്ന പോത്തുകള്‍ ക്ഷീണിച്ചിരിക്കുന്നു. എല്ലുകള്‍ മിക്കതും ഉന്തിനില്‍ക്കുന്നു.
``മൊലാളി, പോയ കാര്യന്തായി? ആര്‍ക്കാനും കൂക്കാനും ആരും വന്ന്‌ല്ലേ?''
``പണല്ലെങ്കീ ആര്‍ക്കാനും കൂക്കാനും ഞമ്മളേണ്ടാവൂ. എല്ലാരോടും എരന്നു... കടം വീട്ടീട്ട്‌ ങ്ങട്ട്‌ വന്നാംമതീന്നാ എല്ലാരും പറഞ്ഞെ....''
``ന്ന്‌ പോക്ക്‌ നടക്കൂലേ...'' കൊലവന്‍ പുഴയില്‍ കുന്തിച്ചിരുന്നു. അയാള്‍ കോന്തലക്കെട്ടഴിച്ച്‌ മാല പുറത്തെടുത്തു...
``ഇത്‌ കുട്ടിന്റല്ലേ...?''
കൊലവന്റെ കൈയിലെ കോഴി പുഴയിലേക്കുവീണു...
``വേറെ വയില്ലാ. ജ്‌ത്‌ കൊണ്ടോയി വിറ്റ്‌ വാ'' പുഴയിലിരുന്ന്‌, അയാള്‍ മാല കൊലവന്റെ കൈകളില്‍ വെച്ചു.
``ചെല്ല്‌...വെക്കം ചെല്ല്‌ കൊലവാ...''അയാള്‍ വെള്ളത്തില്‍ കിടക്കുന്ന കോഴിയെ എടുത്തു.
``മൊലാളീ...''
ഗത്യന്തരമില്ലാതെ കൊലവന്‍ നടന്നു, കൈയിലെ മാലയിലേക്കും നോക്കി.
കടവിലെ, പാറക്കൂട്ടത്തിലെ കുഴിയുള്ള കല്ലില്‍ അയാള്‍ കോഴിയെ വെച്ച്‌, കൊലവന്‍ തന്ന പൊതിയിലെ ഉള്ളി, ജീരകം, അയമോദകം, ചതുകുപ്പ, ഉലുവ, കടുക്‌ എന്നിവ ചേര്‍ത്ത്‌ ഉരുണ്ട കല്ലുകൊണ്ട്‌ ഇടിക്കാന്‍ തുടങ്ങി. എല്ലാം ഇഴുകിചേര്‍ന്ന്‌ കുഴമ്പുപോലെയായപ്പോള്‍ അതിന്റെ ഗന്ധമാസ്വദിച്ച്‌ സഹികെട്ട പോത്തുകള്‍ വെള്ളത്തില്‍ നിന്നെഴുന്നേറ്റ്‌ അയാളുടെ അരികിലെത്തി. അയാള്‍ ചിരട്ടയില്‍ കോരിയെടുത്ത്‌ രണ്ടു പോത്തുകള്‍ക്കും കൊടുത്തു. മുഴുവന്‍ ആര്‍ത്തിയോടെ തിന്ന പോത്തുകള്‍ കല്ല്‌ നക്കിത്തുടച്ച്‌, പുഴയിലെ വെള്ളം കുടിക്കുമ്പോള്‍ ദൂരെ നിന്ന്‌ കുറെയാളുകള്‍ വരുന്നു.
മുന്‍പില്‍ നടക്കുന്ന കൊലവന്‍, പിറകില്‍ നുകവും ഈര്‍ച്ചപ്പലകയും മണ്‍കലവുമേറ്റി ആര്‍ക്കാനും കൂക്കാനുമുള്ള ആളുകള്‍.
``പൈസ കണ്ടപ്പോ എല്ലാരും പോന്നു.''
അയാള്‍ അവരെയെല്ലാം ദേഷ്യത്തോടെ നോക്കി, പോത്തിന്റെ പുറത്തുകയറി തെളിച്ചു. പുഴയരികിലൂടെ പോകുന്ന സംഘം. പോത്തുപൂട്ടേ കാളപൂട്ടേ പോത്തപൂട്ട്‌ മത്സരത്തിന്‌, കണ്ടത്തിന്റെ നാല്‌മൂല `*പൊന്ത്‌കുത്തി' പോയേ...യേ...യേ... ഞാങ്ങളെ ചെമ്പനും കാരീം ഈതാ വരുന്നേ...ന്നേ...ന്നേ... സമ്മാനം കയ്യിലാക്കാന്‍ ഓടിപ്പാഞ്ഞ്‌ വരുന്നേ...ന്നേ...ന്നേ... ഞാങ്ങളെ പോത്തേള്‌ ഉസിരോടെപായും... ഈങ്ങളെ പോത്തേള്‌ പൊന്ത്‌തട്ടിപ്പായോ...യോ... പോത്തുപൂട്ടേ കാളപൂട്ടേ... പുഴവക്കത്തെ തൊടിയില്‍നിന്നുള്ള കരച്ചില്‍കേട്ട്‌ എല്ലാവരും തിരിഞ്ഞുനോക്കി. കൊലവന്റെ പാട്ട്‌ എവിടെയോ കൊളുത്തി നിന്നു. അയാള്‍ പോത്തിന്റെ ശിരസ്സിലേക്ക്‌ കൈക്കുമ്പിളില്‍ വെള്ളം കോരിയൊഴിച്ച്‌ അതിനെ തലോടി. ``ഞ്ഞിങ്ങള്‌ എന്നാവര്വാ...? ന്റെ കുട്ടിക്ക്‌ വല്ലതും പറ്റിയാ...ഞാനേത്യെങ്കിലും പോവും..!'' അയാള്‍ തിരിഞ്ഞുനോക്കാതെ പോത്തിന്റെ പുറത്ത്‌ സവാരി തുടരുന്നു, സംഘം അയാളെ പിന്‍തുടരുന്നു.


രണ്ട്‌
പുഴയരുകിലേക്കടുപ്പിച്ച തോണിയില്‍ നിന്നവര്‍ വെള്ളത്തിലേക്കിറങ്ങി. കൊന്തലയില്‍ നിന്നെടുത്ത നാണയങ്ങള്‍ തോണിക്കാരനു കൊടുത്തു. പുഴയിലൂടെ നടന്ന്‌, അവര്‍ ചെങ്കുത്തായ കയറ്റം കയറാന്‍ തുടങ്ങി. കയറ്റം കയറാന്‍ വിഷമിച്ച അവര്‍, കവുങ്ങുകള്‍ നിറഞ്ഞ സമതലത്തിലെത്തിയപ്പോള്‍ നെടുവീര്‍പ്പുകളോടെ കുനിഞ്ഞു നിന്നു. കൈകള്‍ കോര്‍ത്തുപിടിച്ച്‌, ആട്ടിയാട്ടി, അവര്‍ കവുങ്ങുകള്‍ക്കിടയിലൂടെ നടന്നുപോവുന്നു.


മുണ്ടകന്‍ കൊയ്‌ത്തുകഴിഞ്‌ പാടങ്ങളുടെ വിദൂരതയില്‍ ഇരുണ്ട രൂപങ്ങള്‍ കണ്ടു, പണിക്കിടയില്‍ കൊലവന്‌ പിന്നീടത്‌ ശ്രദ്ധിക്കാനായില്ല. കൊലവനും കൊറ്റിച്ചിയും മുറ്റം ചാണകം മെഴുകുകയാണ്‌. ചാളക്കുള്ളില്‍ കുട്ടികള്‍ ചക്കക്ക്‌ തല്ലുകൂടുന്നുണ്ട്‌. തിണ്ണയിലിരിക്കുന്ന ചക്ക മടവാളാല്‍ വെട്ടി പ്പൊളിച്ച്‌ കൊറ്റിച്ചി അകത്തേക്കു കൊണ്ടുപോയി.
``തല്ല്‌ കൂടേണ്ട കുഞ്ഞമ്മാരെ, ഇതാ അനക്ക്‌, ഓന്റെ മാന്തിപ്പറിക്കണ്ട. ഇന്നാ...''
ചാണകവെള്ളം ചൂലുകൊണ്ടു വീശിയടിക്കുമ്പോള്‍, മുള്ളുവേലിക്കിടയിലൂടെ ഇരുണ്ടരൂപങ്ങള്‍ വീണ്ടും കൊലവന്റെ കണ്ണുകളില്‍ തടഞ്ഞു. അത്‌ രണ്ടു പോത്തുകളാണ്‌, കൂടെയൊരാളുമുണ്ട്‌, കൊലവന്‍ കിണറ്റില്‍ കരയിലേക്കോടി. വെള്ളം കോരി, കൈയും കാലും കഴുകി. കഴലിനരികില്‍ നിന്ന്‌ ഒന്നുകൂടി നോക്കി, ചാളയുടെ വാതില്‍ക്കലേക്കോടി.
``കൊറ്റിച്ച്യേ...ടീ...മൊലാളീ..''
പാടം കടന്ന്‌, അയാള്‍ പോത്തുകളുമായി കഴലിനരികിലെത്തി.
``മൊലാളി''
``കൊലവാ...''
``മൊലാളി, കേറിന്‍''
``കൊലവാ, ഇക്കുറി പൂട്ടിന്‌ പോണം''
``അയിന്‌ പണം...''
``ഞാണ്ടാക്കും. എങ്ങനേങ്കിലും''
``മൊലാളി...കേറിന്‍...'' കൊറ്റിച്ചി വിളിച്ചു.
``ഇല്ലെടി. കേറ്‌ന്‌ല്ല. പോത്തേളെ കൊലവനെ ഏല്‍പ്പിക്കാം വന്നതാ. ഇക്കുറി ഞമ്മക്ക്‌ സമ്മാനം വാങ്ങണം. ഈറ്റേളെജ്‌ പായിച്ച്‌ ഉസാറാക്കണം കൊലവാ...''
``മൊലാളീ...'' കൊലവന്‍ ഇരുകൈകളും മാറോടു ചേര്‍ത്തു.
പോത്തുകള്‍ കഴള്‍ കടന്ന്‌ തൊടിയിലേക്കു നടന്നു.
``ചാവ്‌ണീനെ മുന്നെ ഞമ്മക്കൊന്നും കൂടി സമ്മാനം വാങ്ങണം.'' കൊറ്റിച്ചി മണ്‍പാത്രത്തില്‍ ചക്കച്ചുളകളുമായി വന്നു. അയാള്‍ അതില്‍ നിന്ന്‌ കുറേയെണ്ണം വാരിയെടുത്തു.
``ഞാം പോണ്‌...''
അയാള്‍ വരമ്പത്തുകൂടെ നടന്നു പോവുന്നു. പോത്തുകള്‍ തലയുയര്‍ത്തി അയാളെ നോക്കി.
മണ്ണെണ്ണ വിളക്ക്‌ ഊതിക്കെടുത്തിയ കൊറ്റിച്ചി, കൊലവന്റെ നെഞ്ചിലേക്കിഴയുമ്പോള്‍ ചന്ദ്രപ്രകാശം പനയോലകള്‍ക്കിടയിലൂടെ ചാളക്കുള്ളിലേക്കരിച്ചിറങ്ങുന്നു. കൊലവന്‍ പുല്‍പ്പായയില്‍ മലര്‍ന്നു കിടന്ന്‌ നക്ഷത്രത്തിളക്കങ്ങളിലേക്കു കണ്‍തുറന്നു. കൊലവന്റെ കൈകളും കാലുകളും മണ്‍നിലത്തേക്കു വിടര്‍ത്തി വെച്ച്‌ കൊറ്റിച്ചി തണുത്ത ശരീരവുമായി ഒഴുകി മറിയുന്നു. തന്റെ ശരീരത്തിനു മുകളില്‍ കൊറ്റിച്ചിയുടെ വിയര്‍പ്പൊലിക്കുന്ന ശരീരം ഉയരുകയും താഴുകയും ചെയ്യുന്ന നിമിഷങ്ങളില്‍ കൊലവന്‍ ഉച്ചത്തില്‍ പാടി.
ഞാങ്ങളെ പോത്തേള്‌ ഉസിരോടെ പായും
ഈങ്ങളെ പോത്തേള്‌ പൊന്ത്‌ തട്ടി പായും
ഞാങ്ങളെ പോത്തേള്‌ സമ്മാനം വാങ്ങും
ഈങ്ങളെ പോത്തേള്‌ *മോന്തകുത്തി മറിയും
ഒടുവില്‍, അറ്റുവീണ കൊള്ളിയാന്‍ കണക്കെ കൊറ്റിച്ചി മണ്‍നിലത്തേക്കു ചെരിഞ്ഞു, മണ്ണില്‍ വിറയാര്‍ന്ന ശരീരവുമായി ചുരുണ്ടുകൂടി. നിമിഷങ്ങള്‍ക്കുശേഷം ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കരികിലേക്ക്‌ ഇഴഞ്ഞു നീങ്ങി.
കൊലവന്‍ പിടഞ്ഞെഴുന്നേറ്റ്‌, ഉടുതുണിയുടുത്ത്‌ പുറത്തിറങ്ങി. എറയത്തുവെച്ച മുടിങ്കോലെടുത്ത്‌, ഇരുട്ടിലൂടെ, പോത്തുകള്‍ക്കരികിലേക്കു നടന്നു. മുടിങ്കോലു നീട്ടി പോത്തുകളെ ശിരസ്സിനു ചുറ്റും മൂന്നുവട്ടം ചുറ്റി, കഴല്‍ കടന്ന്‌ പാടവരമ്പത്തുകൂടെ നടന്നു.
ഊടുവഴികളും വയലുകളും കടന്ന്‌, തോടും കുന്നും കയറിയിറങ്ങി, കിതച്ചുപായുന്ന കൊലവന്‍ ചേര്യന്‍മലയുടെ അടിവാരത്തെ മന്ത്രവാദിയുടെ കുടിലിലെത്തി, വാതില്‍ മുട്ടിയപ്പോള്‍ അകത്തു നിന്നു ശബ്ദം കേട്ടു.
``ആര്‌?''
``ഏന്‍ കൊലവന്‍''
``എന്ന വേണം''
``മുടിങ്കൊലുമ്മെ **പുലിമന്ത്രമെഴ്‌തി കെട്ടിത്തരണം.''
``ഇങ്ങട്ട്‌ തന്നൊ''
നീണ്ടുവന്ന്‌ കൈയില്‍ കൊലവന്‍ മുടിങ്കോല്‍ വെച്ചു. കൈ അകത്തേക്കു മറഞ്ഞു.
``ആ കാഞ്ഞിരച്ചോട്ടിലിര്‌ന്നൊ''
കൊലവന്‍ കാഞ്ഞിരത്തിനരികിലേക്കു നടന്നു, പഴുത്ത കാഞ്ഞിരക്കായകള്‍ നിലാവിലൂടെ താഴേക്കു വീണു പൊട്ടുന്നത്‌ കൊലവന്‍ കണ്ടു.


മൂന്ന്‌
പറങ്ങിമാവുകള്‍ പടര്‍ന്നുപന്തലിച്ച കുന്നിന്‍ചെരുവിലൂടെ അവര്‍ നടന്നുപോവുന്നു. കാളപൂണ്ട്‌ കണ്ടത്തിലെ ഹര്‍ഷാരവങ്ങള്‍ വിദൂരതയില്‍ നിന്നു കേള്‍ക്കുന്നുണ്ട്‌. ചെമ്മണ്‍പാതയുടെ ഇറക്കത്തില്‍ വെച്ച്‌ പറങ്ങിമാവിന്‍ച്ചോട്ടില്‍ തമ്പടിച്ച കാളപൂട്ട്‌സംഘത്തെ കണ്ടു. എല്ലാവരും കഞ്ഞികുടിക്കുകയാണ്‌, ഒരാള്‍ പോത്തുകള്‍ക്ക്‌ തീറ്റകൊടുക്കുന്നു. കലത്തിലെ ആവി ഉയരുന്ന കഞ്ഞിവിളമ്പി കൊടുക്കുന്നയാള്‍ അവരെ നോക്കി.
``കഞ്ഞി കുടിച്ച്‌ പൊയ്‌ക്കോളിന്‍. വരിന്‍. നല്ല ചക്കക്കൂട്ടാനുണ്ട്‌.''
അവര്‍ മിണ്ടാതെ തലതാഴ്‌ത്തി നടന്നുപോവുന്നു.


മുളങ്കാലുകളില്‍ ചവിട്ടി, പുരയുടെ മുകളിലിരിക്കുന്ന കൊലവന്‌ അയാള്‍ തടുക്കുകള്‍ എറിഞ്ഞുകൊടുക്കുന്നു. തടുക്കുകള്‍കൊണ്ട്‌ പുരമേഞ്ഞ്‌ കൊലവന്‍ മേല്‍ക്കൂരയുടെ മുകള്‍ഭാഗത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.
``കൊലവാ, കാല്‌ വെക്കണത്‌ നോക്കണം. മറിഞ്ഞ്‌ വീഴര്‌ത്‌...''
``മൊലാളി ഇതിപ്പൊ ഏന്‍ മേഞ്ഞറങ്ങും. തട്‌ക്ക്‌ കൈയാറായോ?
``ഇതെന്നൊള്ളൂ''
``തെകീല മൊലാളി. കൊറ്റിച്ചി എട്‌ത്തൂ? കൊറ്റിച്ച്യേ..''
``കൊലവാ, ഓള്‌ പൊഴവക്കത്തിര്‌ന്ന്‌ തട്‌ക്ക്‌ മെടയാ...''
കൈകളുടെ ധ്രുതചലനത്തില്‍, കൊറ്റിച്ചി ഓലമെടഞ്ഞ്‌ തടുക്കുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ ശീമക്കൊന്നവടികൊണ്ട്‌ പൂയാന്‍മീനുകളെ പിടിക്കുകയാണ്‌. പുഴവക്കത്തെ തെങ്ങില്‍ ചാരിയിരുന്ന്‌ കുട്ടികളെ നോക്കുകയാണ്‌ അയാളുടെ ഭാര്യ.
``പാത്തുത്താത്ത, ഈടെ വര്‍ഷത്തിന്‌ വള്ളം കേറും. പൊഴ പരന്നൊഴ്‌കും.''
``കൊറ്റിച്ച്യേ, വള്ളം കേറാത്ത നല്ല പറമ്പ്‌ണ്ടായീന്നു. ഓട്ട്‌ട നല്ല കുടീം, രണ്ടു കുട്ട്യോളും, എല്ലാം ആ മന്‌സന്‍ മുടിപ്പിച്ചില്ലെ!''
``ചെക്കന്‌പ്പൊ എവെടെ?'' ``ഓം പോയി. പട്ട്‌ണി കടന്ന്‌ മട്‌ത്തപ്പൊ എങ്ങട്ടോ നാട്ട്‌വിട്ടു. ഇന്റെ ചെറ്യേത്‌ണ്ടെങ്കി...അതാ...അത്രവരും, അന്റെ മൂത്ത ചെക്കന്റെ അത്ര... കുര്‌പ്പ്‌ വന്ന അതിനൊന്ന്‌ തിരിഞ്ഞ്‌ നോക്ക്യോ ആ മന്‌സന്‍''
``തട്‌ക്ക്‌ കഴിഞ്ഞൊ ആവോ?''
``ഇല്ല കൊറ്റിച്ച്യേ. അതാ, തട്‌ക്ക്‌ എറിഞ്ഞ്‌ കൊട്‌ക്ക്‌ണ്‌ എല്ലാം മുടിപ്പിച്ചോന്‍''
അയാള്‍ തടുക്ക്‌ എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ എന്തൊ ശബ്ദം കേട്ട്‌ പുഴയിലേക്കു നോക്കി. കൊലവന്‍ മേല്‍ക്കൂരയില്‍ എഴുന്നേറ്റു നിന്നു നോക്കുന്നു. പുഴയിലൂടെ പോവുന്ന തോണികള്‍. ഒരു തോണിയില്‍ രണ്ട്‌ പോത്തുകള്‍. മറ്റു തോണികളിലെ ആളുകളാണ്‌ പാട്ട്‌ പാടുന്നത്‌. കൊലവന്‍ പുരപ്പുറത്തുനിന്ന്‌ താഴ്‌ക്കു ചാടി,...പുഴയിലേക്കു പായുന്ന അയാള്‍ക്കൊപ്പം പാഞ്ഞു. പുഴയോരത്ത്‌ കിതച്ചുകൊണ്ടുനില്‍ക്കുന്ന അവര്‍ തോണികളെ നോക്കി.
``ഉസിരന്‍ മട്ടപ്പോത്തേളാണല്ലോ, മൊലാളീ.''
``കൊലവാ; എവടേണാവോ പൂട്ട്‌? പോയാലൊ...?''
അവര്‍ക്കരികിലൂടെ പോവുന്ന തോണിയിലെ ദഫുകൊട്ടുന്ന വൃദ്ധന്‍ ചോദിച്ചു.
``എന്തേ, പൊരണോ? ആര്‍ക്കാനും കൂക്കാനും ആള്‌ വേണം.''
``കൊലവാ... കേറ്വെല്ലെ?''
അയാള്‍ തോണിക്കരികിലേക്കു നടന്നു.
``മൊലാളീ..! പൊര മേഞ്ഞില്ലെങ്കി..!'' അയാള്‍ തിരിഞ്ഞു നോക്കി, കൊലവന്റെ അരികിലേക്കു നടന്നു.
``പൊക്വാ...വെക്കം പൊക്വാ...പൊരമേയാന്‍ പൊക്വാ'' അയാള്‍ കൊലവന്റെ തോളില്‍ കൈയിട്ട്‌ നടക്കുമ്പോള്‍ പറഞ്ഞു. ``തിരിഞ്ഞ്‌ നോക്കാതെ പൊക്വാ, ഇബടെ നിന്നാ ഞാനാ തോണിക്കേറും...''
അവര്‍ തൊടിക്കുള്ളിലേക്കു നടന്നു പോവുന്നു.


നാല്‌
കുന്നിന്‍ താഴ്‌വരയിലെ വിശാലമായ വയലുകള്‍. കാളപൂട്ടുകണ്ടത്തിലെ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെ അവര്‍ കണ്ടു. വയല്‍വരമ്പിലൂടെ അവര്‍ പാഞ്ഞു. ആള്‍ക്കൂട്ടത്തിനുള്ളിലേക്കു നൂഴ്‌ന്നു കയറി. ചുറ്റുവരമ്പത്തേക്ക്‌ കടക്കാന്‍ അവര്‍ക്കായില്ല; കുനിഞ്ഞിരുന്ന്‌; ആളുകളുടെ കാലുകള്‍ക്കിടയിലൂടെ, ചേറ്‌ തെറിപ്പിച്ചുകൊണ്ടു പായുന്ന പോത്തുകളെ അവര്‍ കണ്ടു.


ഊര്‍ച്ചപ്പലകയില്‍ കാലുറപ്പിച്ച്‌, *കാരിപ്പോത്തിന്റെ വാലില്‍ കടിച്ച്‌, **ചെമ്പന്‍പോത്തിനെ മുടിങ്കോലുകൊണ്ട്‌ വീശിയടിച്ച്‌ പായിപ്പിക്കുന്ന കൊലവന്‍. ചേറ്‌ തെറിപ്പിച്ച്‌ പോത്തുകള്‍ കുതിച്ചുപായുന്നു. ചുറ്റുവരമ്പത്തുനിന്ന്‌ കണ്ടത്തിലേക്കു ചാടി, കണ്ടത്തിന്റെ നടുക്കലേക്കോടുന്ന അയാള്‍ അലറുന്നു.
``ആര്‍ക്കാനും കൂക്കാനും വന്നോര്‍ക്ക്‌ മുണ്ടാട്ടം മുട്ട്യോ?'' ആര്‍ക്കടാ, കൂക്കടാ, കള്ള സുബറ്‌കളെ...''
പോത്തുകളെ പായിപ്പിക്കുന്ന കൊലവന്‍ ഊര്‍ച്ചപ്പലകയില്‍നിന്നും തെന്നുന്നു. ചെമ്പന്‍ പോത്തിന്റെ വാലില്‍ തൂങ്ങി വീണ്ടും ഊര്‍ച്ചപ്പലകയില്‍ കയറിപ്പറ്റുന്നു. അയാള്‍ ചേറുപുരണ്ട ഉടുമുണ്ടൂരി വട്ടംവീശി വലിച്ചെറിയുന്നു. നനഞ്ഞ ട്രൗസറുമായി പോത്തുകള്‍ക്കു പിറകെ പായുന്നു.
``കൊലവാ, വലം പോത്തിന്റെ...മൂലത്തില്‍ വെരല്‌താത്തടാ...''
ഓട്ടം പൂര്‍ത്തിയാക്കി, കൊലവന്‍ ചേറിലേക്കു മറിയുമ്പോള്‍ പാഞ്ഞുപോവുന്ന പോത്തുകളെ പിടിക്കാന്‍ ആളുകള്‍ ഓടിച്ചെല്ലുന്നു. അയാള്‍ ഓടി ച്ചെന്ന്‌, കൊലവന്റെ ചെളിയൊലിക്കുന്ന ദേഹത്തേക്കു ചാടുന്നു. കെട്ടിപ്പിണഞ്ഞു ഇരുവരും ചേറില്‍ ഉരുളുമ്പോള്‍ *ചുറ്റുവരമ്പത്തെ ഓലപ്പുരയില്‍നിന്ന്‌ കഷണ്ടിക്കാരന്‍ കാളത്തിലൂടെ വിളിച്ചുപറയുന്നു.
``ഒന്നാം സമ്മാനം മഞ്ഞളാംകൂഴി മൊയ്‌തൂന്റെ കന്ന്വേള്‍ക്ക്‌.''
കൊലവനും അയാളും പിടഞ്ഞെഴുന്നേറ്റ്‌, നുകത്തില്‍ നിന്നഴിച്ചുമാറ്റിയ പോത്തുകള്‍ക്കരികിലേക്ക്‌ പായുന്നു. അവയുടെ ദേഹത്തേക്ക്‌ ചെളിവെള്ളം കാലുകൊണ്ട്‌ തെറിപ്പിച്ച്‌, കൊമ്പുകളില്‍ പിടിച്ച്‌ നെറ്റിയില്‍ ചുംബിക്കുന്നു. അയാള്‍ പോത്തിന്റെ പുറത്തേക്ക്‌ ചാടിക്കയറിയപ്പോള്‍ കൊലവനും കയറി. ഇരുവരും പോത്തുകളുടെ പുറത്തിരുന്ന്‌ കണ്ടത്തിലൂടെ നടക്കുമ്പോള്‍ ആളുകളുടെ ആര്‍പ്പുവിളികളുയരുന്നു.


അഞ്ച്‌
പൂട്ട്‌ കഴിഞ്ഞിട്ടും അവര്‍ ചുറ്റുവരമ്പത്തു തന്നെയിരുന്നു. ആളുകള്‍ പൊയ്‌ക്കൊണ്ടിരുന്നു. പോത്തുകളുമായി പൂട്ട്‌ സംഘങ്ങള്‍ കുന്നുകയറി മറയുന്നു. മാവിന്‍ച്ചോട്ടിലിരുന്ന്‌ **കുലാവി വില്‍ക്കുന്നയാളുടെ ശബ്ദം കേട്ട്‌ അവര്‍ തിരിഞ്ഞു നോക്കി. അങ്ങോട്ടു നടന്നു. ഓരോ ഗ്ലാസ്‌ കുിലാവി വാങ്ങി. കുടിക്കാന്‍ തുടങ്ങി.
`കുഞ്ഞാക്കാ, ആടെ ***കാട്ടിപ്പോത്തിന്‌ വെല പറീണ്‌ണ്ട്‌.''
``ഏത്‌ കാട്ടി? ഒന്നാം സമ്മാനം കിട്ട്യോ കാട്ട്യോ?''
``ങും. അയിമ്പീനായിരം വരെ എത്തി വെല. ഞാനൊന്നുകൂടി നോക്കീട്ട്‌ വരാം.''
``ഇജ്ജ്‌ കുലാവി കുടിച്ചിന്റെ പൈസ തന്നിട്ട്‌ പോ...''
``ഇന്നാ ഇങ്ങളെ പൈസ''
പൈസ കൊടുത്ത്‌ അവരും അങ്ങോട്ടു നടന്നു. വട്ടംകൂടി നില്‍ക്കുന്നവരില്‍ അവരും കൂടി.
``അയിമ്പീനായിരം ഒര്‌ വട്ടം...അയിമ്പീനായിരം രണ്ട്‌ വട്ടം... അറുവീനായി...''
അവര്‍ പോത്തിന്റെ ശരീരത്തിലൂടെ കണ്ണോടിച്ചു.
``ഈ കാട്ടിക്ക്‌ എഴ്‌വീനായിരം'' അവരിലൊരാള്‍ കൈയുയര്‍ത്തി പറഞ്ഞു. മറ്റേയാള്‍ അയാളെ നോക്കി, പിന്നെ ഉയര്‍ത്തിയ കൈയിലേക്കും. മുണ്ടു മടക്കിക്കുത്തി, കാട്ടിപ്പോത്തിന്റെ അരികിലെത്തി, അതിനുചുറ്റും നടന്ന്‌, കൊമ്പും മേനിയും തലോടി, കാലുകളില്‍ പതിയെ അടിച്ച്‌ അയാള്‍ ആവര്‍ത്തിച്ചു.
``ഈ കാട്ടിക്ക്‌ എഴ്‌വീനായിരം...''
``എഴ്‌വീനായിരം ഒര്‌ വട്ടം...എഴ്‌വീനായിരം...''
കാട്ടിപ്പോത്തിന്റെ മൂക്കയര്‍ പിടിച്ചു നില്‍ക്കുന്ന അയാളുടെ ചുമലില്‍ ആരുടെയോ വിറയാര്‍ന്ന കൈകളമര്‍ന്നു. അയാള്‍ തിരിഞ്ഞുനോക്കി.
``മൊലാളീ...''
അയാളുടെ കൈയിലെ മൂക്കയര്‍ താഴെ വീണു.
``കൊലവാ!''
അയാള്‍ തലയില്‍ കൈകള്‍ വെച്ച്‌ നിലത്തു കുന്തിച്ചിരുന്നു. കൊലവനും അയാള്‍ക്കരികിലിരുന്നു. വാര്‍ദ്ധക്യത്തിന്റെ കലപ്പ ആഴ്‌ന്നിറങ്ങിപ്പാഞ്ഞുപോയ ആ മുഖങ്ങള്‍ നിശ്ചേഷ്ടമായ്‌ പരസ്‌പരം നോക്കുമ്പോള്‍ അവര്‍ക്കിടയിലേക്ക്‌ മൂക്കയര്‍ തൂങ്ങി വന്നു.
``എഴ്‌വീനായിരത്തിന്‌ കച്ചോടം ഒറപ്പിച്ചു. ഇതാ മൂക്കയര്‍.''
``കൊലവാ..''
``മൊലാളീ...''
അവര്‍ മണ്ണില്‍ ശിരസ്സു നമിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും