ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ആ മണ്ണില്‍ കാലുകുത്തി. അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം. വിജനമായ അങ്ങാടി. അടുത്ത പൂരസ്ഥലത്തേക്കു യാത്രയാവുന്ന ആനകളും പാപ്പാന്‍മാരും. പനമ്പട്ടകൊണ്ടു മേഞ്ഞ വാണിഭശാലകള്‍ ശൂന്യമാണ്, പലതും പൊളിച്ചുമാറ്റിക്കഴിഞ്ഞു. പൂരം അവസാനിച്ചിരിക്കുന്നു... മീനത്തിലെ മകീര്യം പിറക്കുമ്പോഴാണ് മനസ്സില്‍ ഘനീഭവിച്ചുകിടക്കുന്ന വ്യഥ ഉരുള്‍പൊട്ടുന്നത്. മേലുദ്യോഗസ്ഥരുടെ മുറികള്‍ കയറിയിറങ്ങിയിട്ടും ലീവ് കിട്ടാത്തതിന്റെ നിരാശ ഇരട്ടിക്കുന്നു. തിരുമാന്ധാംകുന്നമ്പലത്തിലെ പൂരമഹോത്സവത്തിന് ഗ്രാമീണരെല്ലാം സാക്ഷികളാവുമ്പോള്‍, താന്‍, തിരുമാന്ധാംകുന്നമ്മയുടെ തട്ടകത്തിലെ ഒരംഗം, അതിര്‍ത്തിയില്‍ രാജ്യസുരക്ഷയ്‌ക്കായി തോക്കും പിടിച്ചുനില്‍ക്കാന്‍ വിധിക്കപ്പെടുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമാവുന്നു. ആ ദേഷ്യമെല്ലാം തീര്‍ക്കുന്നത് പട്ടാളബാരക്കിലെ സുഹൃത്തുക്കളോടാണ്. ലക്കുകെട്ട് മദ്യപിച്ച് റഫിയുടെ പാട്ടുകളും പാടി ലക്ഷ്യമില്ലാതെ അലയും... വിഭ്രാന്തമായ മനസ്സുമായി പതിനൊന്ന് ദിവസങ്ങള്‍ തള്ളി നീക്കും. വര്‍ഷങ്ങളോളം മനസ്സില്‍ ആശ്ലേഷിച്ച് നടന്ന ആഗ്രഹം ഇന്ന് കൈകളില്‍ നിന്ന് വഴുതിവീണിരിക്കുന്നു. ലീവുലഭിച്ച സന്തോഷത്തില്‍ ബാരക്കിനോടു വിടപറഞ്ഞിറങ്ങുമ്പോഴാണ് മലമ്പാത ഇടിഞ്ഞുവീണ വിവരം അറിയുന്നത്. പൂരപ്പുറപ്പാടിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചാംപൂരത്തിനെങ്കിലും എത്താം എന്ന പ്രതീക്ഷയുണ്ടായിരുന്നു. വൈകി ഓടിക്കൊണ്ടിരുന്ന തീവണ്ടി എല്ലാ പ്രതീക്ഷയും ഊതിക്കെടുത്തി. അയാള്‍ ക്ഷേത്രകവാടത്തിനരികില്‍ നിന്നു. ദൂരെ ആശാഗോപുരംപോലെ കുന്നിന്‍മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം, മുന്‍പില്‍ വീട്ടിലേക്കുള്ള വഴി. ക്ഷേത്രത്തിലേക്കുള്ള പാത അയാളെ ആകര്‍ഷിക്കുകയായിരുന്നു. തുടിയുടെ താളത്തില്‍ കളിച്ച്, പൂരാഗമനം വിളംബരം ചെയ്‌ത് നാടുചുറ്റുന്ന മണ്ണാന്‍മാരുടെ പൂതം... പാണരുടെ ആണ്ടിപ്പൂതം... നായാടികളുടെ കൊട്ടുംപാട്ടും... പറയരുടെ കാള... ജീവിതത്തിലെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് നിറകണ്ണുകളോടെ അയാള്‍ ഇറങ്ങിച്ചെല്ലുന്നു... പൂരപ്പറമ്പിലെ ചെറുമക്കളി അവസാനിച്ചിട്ടില്ല. നിമിഷനേരംകൊണ്ടു പാട്ടുകള്‍ സൃഷ്ടിച്ച് വൃത്താകൃതിയില്‍ നിരന്ന്, മണ്ണില്‍ ആഞ്ഞുചവിട്ടി വീറുംവാശിയോടെയും അവര്‍ കളി തുടരുന്നു. ക്ഷേത്രത്തിലേക്കുള്ള കരിങ്കല്‍തിണ്ടുകള്‍ കയറുമ്പോള്‍ മനസ്സില്‍ അരൂപികളായ പൂര്‍വ്വികരുടെ അദ്ധ്വാനത്തിന്റെ ആരവം. അവരുടെ വിയര്‍പ്പുതുള്ളികള്‍ വീണ കരിങ്കല്‍തിണ്ടുകള്‍... ആല്‍മരങ്ങളില്‍ നിന്നുവരുന്ന തണുത്തകാറ്റ്. കൈകൂപ്പി ശ്രീമൂലസ്ഥാനത്തെ വന്ദിക്കുമ്പോള്‍ കാഞ്ഞിരക്കാട്ടില്‍ നിന്ന് ചങ്ങലക്കിലുക്കം കേട്ടു. തളച്ചിട്ട ആനകള്‍. വെളുത്തകൊമ്പുകള്‍ ഇരുട്ടത്തു കാണാം. പള്ളിവേട്ടകഴിഞ്ഞ്, ഇരുപത്തൊന്നാമത്തെ ആറാട്ടിന്‌ശേഷം തിരുമാന്ധാംകുന്നിലമ്മ മാതൃക്കളോടുകൂടി മാതൃശാലയില്‍ സുഖനിദ്രയിലാണ്. പുറപ്പാടുപൂജയ്‌ക്കുശേഷം അമ്മയുടെ മനോഹരമായ തിടമ്പ് മാതൃശാലയില്‍ നിന്നു പുറത്തേക്കെഴുന്നെള്ളിക്കുമ്പോള്‍ ഭക്തജനങ്ങളില്‍ നിന്നുയരുന്ന ``അമ്മേ''വിളികള്‍ കാതുകളില്‍ നിറയുന്നു. വാദ്യഘോഷങ്ങളുടെ താളപ്പൊലിമയില്‍ തിടമ്പുമായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ ക്ഷേത്രത്തെ വലംവെച്ച് ആറാട്ടിനായി വടക്കേ നടയിറങ്ങി, പറക്കടവിലേക്കു യാത്രയാവുന്ന ദൃശ്യം കണ്ണുകള്‍ക്കു കുളിര്‍മയേകുന്നു. പാറിപ്പറന്ന മുടിയുമായി പള്ളിവാളും കാല്‍ച്ചിലമ്പും കിലുക്കിക്കൊണ്ട് ``ഇയ്യോ'' എന്നാര്‍ത്ത് കരിങ്കല്‍തിണ്ടുകളിറങ്ങി വരുന്ന വെളിച്ചപ്പാടുകള്‍ ഉണ്ണികളെ കരയിപ്പിക്കാറുണ്ട്. പുഴയിലെ ആറാട്ടിനുശേഷം മാതൃശാലയിലേക്കുള്ള അമ്മയുടെ മടക്കയാത്ര. ബാല്യമനസ്സില്‍ പടര്‍ന്നുപന്തലിച്ച് ഭക്തിസാന്ദ്രമായ ദൃശ്യങ്ങള്‍. കരിങ്കല്‍തിണ്ടിലേക്ക് ഇറ്റുവീണ കണ്ണുനീര്‍. അയാള്‍ കണ്ണുകള്‍ തുടച്ചു. വടക്കേനടയിലെ വേതാളാങ്കിതമായ ഓടുകൊണ്ടുള്ള കൊടിമരത്തിനരികില്‍ അയാള്‍ നിന്നു. നിശീഥിനിയുടെ നിശ്ശബ്ദത. കാറ്റിലാടുന്ന ആല്‍മരങ്ങളുടെ മര്‍മ്മരം. പൂരാഘോഷത്തിന്റെ അവസാന നിമിഷം, നേരം പുലരുന്ന വേളയില്‍, തണ്ടേറി പൂരപ്പറമ്പിലെത്തുന്ന പാണസമുദായത്തിലെ മൂപ്പന്‍ മലയന്‍കുട്ടി. ആ അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ദുഃഖത്തിലും ആഹ്ലാദത്തിലും പങ്കുചേരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന *വെള്ളാട്ടിരി. അവരുടെ സൗഹൃദപരമായ കൂടിക്കാഴ്‌ച അവസാനിക്കുന്നതോടെ അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിക്കുന്ന വെടിക്കെട്ട്. തട്ടകത്തില്‍ അരങ്ങേറിക്കഴിഞ്ഞ അസുലഭനിമിഷങ്ങള്‍....! അയാള്‍ വടക്കേ നടയിറങ്ങി കല്ലുപാലത്തിനരികിലെത്തി. പുഴയിലെ പൂര്‍ണ്ണചന്ദ്രനെ നോക്കി കല്ലുപാലത്തിലിരുന്നു. ദാരിദ്ര്യത്തോടു മല്ലടിച്ച് ജീവിതം തള്ളിനീക്കുമ്പോള്‍ ആത്മാവിനെ സാന്ത്വനിപ്പിച്ചിരുന്ന അന്തരീക്ഷം... പാറക്കെട്ടുകള്‍ക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന പുഴയും പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന ആല്‍മരങ്ങളും ശ്രീകോവിലില്‍നിന്നുയരുന്ന പൂജാമണിനാദങ്ങളും മനസ്സിനെ മറ്റേതോ ലോകത്തേക്കു കൊണ്ടുപോവുകയായിരുന്നു. അമ്മയുടെ ഭൂതഗണങ്ങള്‍ ഒരു രാത്രികൊണ്ടു നിര്‍മ്മിച്ച ഈ കല്ലുപാലത്തിലിരുന്നു കഥകള്‍ പറഞ്ഞുതന്ന വല്യച്ഛന്‍ രാമന്‍മൂസ്സത്, മനസ്സിനെ കഥകള്‍ നെയ്‌തെടുക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ വിളഭൂമിയാക്കി മാറ്റുകയായിരുന്നു. പട്ടാളക്കാരന്റെ കരിപുരണ്ട ജീവിതത്തിനുള്ളില്‍ നിന്ന് ഒരു കഥാകൃത്തായി മാറുമ്പോഴും, അനുഗ്രഹാശിസ്സുകളായി പിന്‍തുടര്‍ന്ന ആത്മാവ് മറ്റാരുടേതുമായിരുന്നില്ല.... മീനച്ചൂടില്‍ വരണ്ടുണങ്ങിയ ഭഗവതിക്കണ്ടം. അകലെയുള്ള കുടിലുകളില്‍ വിളക്കുകത്തുന്നു. അയാള്‍ കരിങ്കല്‍തിണ്ടുകള്‍ കയറി... ഭാര്യയും മക്കളും തന്നെ പ്രതീക്ഷിച്ച് ഉറക്കമൊഴിച്ചിരിക്കുന്നുണ്ടാവും. അച്ഛനെ ആദ്യം തൊടാന്‍ ഉണ്ണിക്കുട്ടന്‍ പടിപ്പുര വാതിലിന്റെ മുരള്‍ച്ചക്കായി കാതുംകൂര്‍പ്പിച്ചിരിക്കുന്നുണ്ടാവും. അന്തരീക്ഷത്തില്‍ നിറഞ്ഞ ചെമ്മണ്‍ധൂളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ `**പൊലിപ്പാട്ട്' പാടി കളി അവസാനിപ്പിക്കുന്ന ചെറുമക്കള്‍. തിരുമാന്ധാംകുന്നമ്മ അമ്മ കാളിയമ്മ. കളംപാടികുട്ട്യേ ഞങ്ങള് പോകല്ലണേ...ണേ...ണേ... ഞങ്ങളെ പാട്ടുംപെട്ടി ഞങ്ങള് പാടിപൂട്ടി. ഞങ്ങളെ ചോടുംപെട്ടി ഞങ്ങള് ചോടിപൂട്ടി. ഞങ്ങള് പോകല്ലാണേ ഞങ്ങളെ വീടരികേ,,,കേ...കേ... മീനമാസത്തിലെ മകീരംനാള്‌ക്ക് പൂരപ്പൊറപ്പടാണ്, ഇല്ലിക്കോല്‌മേല് നൂലുംചെലമ്പും കെട്ടി, ഞാനും വരണ്ട്‌മാനേ പൂരക്കളികാണനേ...നേ...നേ.. ഈറ കരുതരുതേ...പോര് കരുതരുതേ... ഇരിക്കാം വിധിയിണ്ടെങ്കി കാണാം യോഗണ്ടെങ്കി, വീണ്ടും കാണാം മാനേ പൂരക്കളീലേ വെച്ചേ...ച്ചേ... ഇന്ദ്രിയങ്ങള്‍ക്ക് സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്ന് മനസ്സിലെ നോവുകളെ സാന്ത്വനിപ്പിക്കുന്ന പാട്ടുകേട്ട്, അല്‍പാക്കുളത്തിനരികിലൂടെ നടന്നുനീങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഉണ്ണിക്കുട്ടന്റെലോകം പീലിവിടര്‍ത്തിക്കഴിഞ്ഞിരുന്നു.