`മോളേ, കറുത്ത വയറുള്ള ഈയലുകള്‍ വന്നു. ഉടനേ മഴയുണ്ട്'. പാപ്പിയമ്മ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാനാദ്യം ഒന്ന് അവിശ്വസിച്ചു. കാരണം, അപ്പോള്‍ നല്ല വേനല്‍ക്കാലമായി രുന്നു. ഒരൊറ്റ വര്‍ഷം മാത്രം സ്‌കൂളില്‍ പോയ ആ എണ്‍പതുകാരി പറഞ്ഞതു ശരിയായി രിക്കുമോ? ഏതായാലും പിറ്റേ ദിവസം നല്ല മഴ പെയ്‌തു. അപ്പോള്‍ മറ്റൊരു ചോദ്യം എന്റെ മനസ്സിലുയര്‍ന്നു. മണ്ണില്‍ ഒളിച്ചിരുന്ന ഈയലുകള്‍ മഴയെത്തും മുന്‍പേ മഴയുടെ കാലൊച്ച കേട്ടതെങ്ങനെ? അവരീദൂതുമായി ഓടിയെത്താന്‍ കാരണമെന്താവാം. മെലിഞ്ഞ ഈയലുകള്‍ വേനലുമായി വരുന്നതും കറുത്ത വയറുള്ള ഈയലുകള്‍ മഴയെ ഗര്‍ഭം ധരിച്ചുവരുന്നതും വലിയൊരു അറിവടയാളമാണ്. അറിവിന്റെ ഔപചാരികവഴികളിലൂടെ നിത്യവും കൂടുതല്‍ സമയം നടക്കുന്നതിനിടയില്‍ ഇങ്ങനെയുള്ള അറിവടയാളങ്ങള്‍ വിസ്‌മയിപ്പിച്ചുതുടങ്ങിയിട്ട് കുറച്ചുനാളായി. ഞാന്‍ ചെറുപ്പത്തിലേ കണ്ട ഒരു കാഴ്‌ച ഇന്നും എന്റെ കൂടെയുണ്ട്. ഈസ്റ്ററിനടുത്ത ദിവസമായിരുന്നു അപ്പോള്‍. മുറ്റത്തൊരു കോണില്‍ ഒരു ദിവസം ഒരു തണ്ടും അതില്‍ വിടര്‍ന്നുനില്‍ക്കുന്ന ഒറ്റപ്പൂവും പ്രത്യക്ഷപ്പെട്ടു. അത്രയും നാള്‍ ഈ തണ്ടും പൂവുമൊക്കെ എവിടെയായിരുന്നു? മണ്ണിനടിയില്‍ ഈസ്റ്റര്‍ദിനവും കാത്ത് ഈ ലില്ലിച്ചെടി ഒളിച്ചിരിക്കുകയായിരുന്നോ? താനുണ്ടെന്നതിന്റെ ഒരു ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന ആ ചെടിയെ ഞങ്ങള്‍ ഈസ്റ്റര്‍ ലില്ലി എന്ന പേരിട്ടുവിളിച്ചു. അതിന്റെ യഥാര്‍ത്ഥ പേര് മറ്റെന്തെങ്കിലും ആയിരിക്കാം. ആ ചെടി എങ്ങനെയായിരിക്കാം ഈസ്റ്റര്‍ദിനം വന്നെത്തുന്നത് അറിയുന്നത്? ഒറ്റത്തണ്ടിലുയര്‍ന്ന ആ കണി കണ്ടിരിക്കുന്തോറും അറിവിന്റെ ചില സാധ്യതകളുടെ വിസ്‌മയം വീണ്ടുമെത്തുന്നു. മേടമാസം കാത്ത് പച്ചിലക്കുപ്പായമിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ അതെല്ലാം ഊരിക്കളഞ്ഞ് അര്‍ദ്ധനഗ്നമേനികളായി മഞ്ഞത്തൊങ്ങലുമിട്ട്‌് നില്‍ക്കുമ്പോള്‍ വേനലിന്റെ ആ സുന്ദരമുദ്ര കണ്ട് ആരും ആരാധിച്ചുപോകും. കുമരകത്തേയ്‌ക്ക് ഒരു സഞ്ചാരിയായി ആദ്യം എത്തിയപ്പോള്‍ അറിവിന്റെ മറ്റൊരു മുദ്ര ഞാനവിടെ കണ്ടു. അനേകായിരം മൈലുകള്‍ പറന്നുപറന്ന് ശീതകാലത്തെ പിന്നില്‍ ഉപേക്ഷിച്ച് പ്രേമിക്കാനും കുഞ്ഞുപിറക്കാനും ഉഷ്‌ണകാലത്തേയ്‌ക്കും ദേശത്തേയ്‌ക്കും എത്തുന്ന പക്ഷികളെ ഞാനവിടെ കണ്ടു. പ്രേമത്തിന്റെ ചൂടിലും ദേശകാലങ്ങളുടെ ചൂടിലും കുഞ്ഞുവീടുകള്‍ കെട്ടി മുട്ടയിട്ട്, വിരിയിച്ച് സ്വന്തം നാട്ടിലേയ്‌ക്ക് മടങ്ങിയിരുന്ന പക്ഷികള്‍ പകരുന്നത് അറിവിന്റെ മഹത്തായ പാഠമാണ്. ഈയിടെ ഇന്ത്യാവിഷന്‍ ചാനലില്‍, അലാസ്‌കയില്‍നിന്നും മറ്റും കണ്ണൂരിലെത്തിയ പക്ഷികളെ കണ്ടു. വഴി തെറ്റാതെ, യാത്ര മുടങ്ങാതെ എത്തുന്ന ഈ പക്ഷികള്‍ വച്ചുനീട്ടുന്നതും അറിവുതന്നെയാണ്. പൂര്‍വ്വ-പശ്ചിമ അര്‍ദ്ധഗോളങ്ങള്‍ക്കിടയില്‍ ചേരിപ്പോരുകളോ ദേശീയബോധവൈജാത്യങ്ങളോ ബാധിക്കാതെ പറക്കുകയും കൃത്യമായ സമയത്ത് കൃത്യമായ ഇടത്തില്‍ പ്രേമിക്കുകയും പുഷ്‌പിക്കുകയും ജനിക്കുകയും ജനിപ്പിക്കുകയും ചെയ്യുന്നതോര്‍ത്ത് നോക്കിയാല്‍ വിസ്‌മയ വിമുക്തരാകില്ല. ~ഒരിക്കല്‍ ഒരു മഴക്കാലത്ത്-നനഞ്ഞുവിറച്ച് ഒരു പൂച്ചക്കുഞ്ഞ് വീട്ടിലെത്തി. ചാവാറായ മട്ടിലായിരുന്നു അവന്റെ വരവ്. മക്കള്‍ അവനെ പാലുകൊടുത്തും പുന്നാരിച്ചും സ്വീകരിച്ചു. ചിക്കു എന്ന് പേരുമിട്ടു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അവന്‍ നല്ല മിടുക്കനായി. ചോക്ലേറ്റുനിറത്തിലുള്ള നീളന്‍രോമങ്ങള്‍ തിങ്ങിയ വാലും പൊക്കിപ്പിടിച്ച് വല്യ ഞാന്‍ ഭാവത്തില്‍ അവന്‍ നടക്കും. ഒരു ദിവസം, വാടകവീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ അവന്‍ വീണു. വെള്ളത്തില്‍ നിന്ന് ചാടി കിണറിന്റെ അടിയിലുള്ള ഒരു പൊത്തില്‍ അവന്‍ ഇരുന്നു. പേടിച്ചരണ്ടിരുന്ന അവനെ കിണറ്റില്‍നിന്നെടുപ്പിച്ചെങ്കിലും അവനു പനി പിടിച്ചിരുന്നു. പാലും മരുന്നുമൊന്നും അവന്‍ തൊട്ടില്ല. കുറച്ചുകഴിഞ്ഞ് ഞാന്‍ പുറത്തേയ്‌ക്കു പോകാനിറങ്ങിയപ്പോള്‍ വഴിയില്‍ അവന്‍ മരിച്ചുകിടക്കുന്നു. ഏറ്റവും വിചിത്രമായ ഒരു കാര്യം, ഒരു കിടക്കപോലെ പച്ചപ്പുല്ല് മുറിച്ച് വിരിച്ചിട്ടതിന്റെ മുകളിലാണ് അവന്‍ ജീവനില്ലാതെ കിടന്നിരുന്നത്. കുറച്ചപ്പുറത്ത് മുറിച്ചെടുത്ത പോലെ നില്‍ക്കുന്ന പുല്‍ക്കൂട്ടവും കണ്ടു. ദേഹം തണുപ്പിക്കാനും രോഗം മാറ്റാനും പുല്ലു വേണമെന്ന് ആ പൂച്ചയ്‌ക്കറിയാമായിരുന്നു. വയറുവേദനവരുമ്പോള്‍ കരഞ്ഞുകൊണ്ട് ചിലയിനം പുല്ലുകള്‍ തപ്പിനടക്കുന്ന ചിക്കുവിനെ ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ഔഷധങ്ങള്‍ ഫലിച്ചില്ലെങ്കിലും ആ പുല്‍ക്കിടക്കയില്‍ മരിച്ചുകിടന്നിരുന്ന ചിക്കുവും അറിവിന്റെ അനൗപചാരികവഴിയിലൂടെയാണ് നടന്നത്. ആലുവായില്‍ പല പല വാടകവീടുകളില്‍ താരസിച്ചപ്പോഴൊക്കെ അവിടെയെല്ലാം വിരുന്നിനുവന്നിരുന്ന ഒരു ഒറ്റക്കാലന്‍ കാക്കയുണ്ടായിരുന്നു. ഏതു വീട്ടിലാണെങ്കിലും ഊണിന്റെ ബാക്കി കളയാന്‍ മുറ്റത്തിറങ്ങുമ്പോള്‍ ആ കാക്ക അടുത്തുവരുമായിരുന്നു. ഇപ്പോള്‍ കാണാറില്ല. എങ്കിലും അതിന്റെ വരവുകള്‍ അടുത്ത ഒരു ബന്ധുവിന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. ഏതെല്ലാം അറിവുവഴികള്‍ നമുക്കു സമാന്തരമായി സഞ്ചരിക്കുന്നുണ്ട് എന്നാലോചി ക്കുന്നത് നമ്മുടെ അറിവുവഴികളുടെ പരിമിതിയെ ഓര്‍മ്മപ്പെടുത്തും. ഈയിടെ പാതാളഹോമം എന്ന അനുഷ്‌ഠാനം കാണാനിടയായി. ആറടിപ്പോന്ന കുഴിയില്‍ ആളെ മൂടി മുകളില്‍ തീ കത്തിച്ചിട്ടും അയാള്‍ ഒരു പരിക്കും കൂടാതെ ഇറങ്ങി വരുന്നതുകണ്ടപ്പോള്‍ നമ്മുടെ പരമ്പരാഗതമായ അറിവിന്റെ വഴികള്‍ എത്ര ശക്തമാണെന്ന് ഞാനോര്‍ത്തു. അടച്ചിട്ട ആ കുഴിയില്‍ ഓക്‌സിജന്‍ കിട്ടുന്ന വിദ്യ അവര്‍ക്കറിയാമായിരുന്നു. അടുക്കളയില്‍ ഓരോ ഭക്ഷ്യ വസ്‌തുവും പാചകം ചെയ്യാനെടുക്കുമ്പോള്‍, അരിയുമ്പോള്‍ കറിക്കൂട്ടുകള്‍ ചേര്‍ക്കുമ്പോള്‍, പാകം നോക്കുമ്പോള്‍ അറിവിന്റെ അകവഴികളാണ് നമ്മെ നയിക്കുന്നത്. ഓരോ ഇനവും ഭക്ഷ്യയോഗ്യമായത്, അല്ലാത്തത് എന്ന തരംതിരിവ് തുടങ്ങി, എങ്ങനെ അരിയണം? എന്തൊക്കെ ചേര്‍ക്കണം/ എന്നു തുടങ്ങി അമ്മയമ്മൂമ്മമാരുടെ പരമ്പര നേടിയെടുത്ത അറിവിന്റെ എത്ര രുചിഭേദങ്ങളാണുള്ളത്. അനുഭവങ്ങള്‍ അടയാളമിട്ട ഇത്തരം സമാന്തരപാതകളെ മറക്കാതിരിക്കാം. പുതിയ കാലത്തിന്റെ, സാങ്കേതികജ്ഞാനത്തിന്റെ അക്രമാത്മകമായ അട്ടഹാസങ്ങള്‍ക്കിടയില്‍ നേരറിവിന്റെ ഒരുപാട് തെളിനീരുകള്‍ ഉണ്ട്. അവ തിരസ്‌കാരത്തില്‍ തിരസ്‌കരണിയില്‍ മറയാതിരിക്കട്ടെ.